സംഘ്പരിവാര്‍ വര്‍ഗീയതയും രാഷ്ട്രീയ അജണ്ടയും

ഇസ്‌ലാം, ഹിന്ദുമതം, സിക്കുമതം, ക്രൈസ്തവത തുടങ്ങിയ വ്യത്യസ്തങ്ങളായ മതസമുദായങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഈ മതങ്ങളെ പിന്തുടരുന്നവരെ തീവ്രവാദിയെന്നോ സാമുദായികവാദിയെന്നോ വിശേഷിപ്പിക്കുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ രാഷ്ട്രീയലാഭത്തിന് വേണ്ടി മതവികാരം ഇളക്കിവിടുന്ന പ്രവണത നിലവിലുണ്ട്. അയോധ്യയില്‍ പതിനായിരക്കണക്കിന് വിളക്കുകള്‍ കത്തിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം അതിനുദാഹരണമാണ്. രാജ്യത്തെ ഖജനാവില്‍ നിന്നുള്ള പണം കൊണ്ടാണ് അദ്ദേഹം ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ദീപാവലി ആഘോഷത്തിന് പോലും ആദിത്യനാഥിന്റെ പ്രസ്താവനക്ക് കിട്ടിയ പോലുള്ള ജനശ്രദ്ധ ലഭിച്ചിട്ടുണ്ടാവില്ല.

2014ല്‍ പാര്‍ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മതേതര മുഖംമൂടിയായിരുന്നു അണിഞ്ഞിരുന്നത്. വര്‍ഗീയമായ പ്രചാരണങ്ങള്‍ തെരെഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം അധികാരമേറ്റെടുത്ത ശേഷം ഗോവധത്തിന്റെ പേരിലുള്ള കൊലപാതകങ്ങളടക്കം വര്‍ഗീയമായ ആക്രമണങ്ങള്‍ അധികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ കരിക്കുലം കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍, യു.പിയുടെ ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ നിന്നും താജ്മഹല്‍ പോലെയുള്ള ചരിത്രസ്മാരകങ്ങളെ ഒഴിവാക്കല്‍, വര്‍ഗീയവാദത്തെ എതിര്‍ക്കുന്ന പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തല്‍, പ്രാചീന മുസ്‌ലിം ഭരണാധികാരികളെക്കുറിച്ച സിനിമകള്‍ക്കെതിരായ നടപടികള്‍ തുടങ്ങിയ മോദിഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ അതാണ് കാണിക്കുന്നത്.

ഹിന്ദുത്വത്തെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കാവിസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കരുതുന്നത് തങ്ങളുടെ വര്‍ഗീയനീക്കങ്ങള്‍ അവരുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയുടെയും പ്രാധാന്യം ഹിന്ദുവോട്ടര്‍മാര്‍ക്കിടയില്‍ വര്‍ധിപ്പിക്കുമെന്നാണ്. ഇപ്പോഴവര്‍ പദ്മാവതി എന്ന സിനിമക്കെതിരെ മുന്നോട്ടുവന്നിരിക്കുകയാണ്. മധ്യകാല മുസ്‌ലിം ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സംഘ്പരിവാര്‍ ഒരിക്കലും റിലീസ് ചെയ്യാനിരിക്കുന്ന ഈ സിനിമക്കെതിരെ നിലപാടെടുക്കുമായിരുന്നില്ല. രജ്പുത് സമുദായത്തില്‍ (ഹിന്ദുക്കളിലെ ഉന്നത ജാതി) നിന്നുള്ള ഭീഷണിയുടെ പേരിലും സിനിമ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. തങ്ങളുടെ ജാതിയില്‍ പെട്ട ചരിത്രബിബമായ പത്മാവതി രാജ്ഞിയെ സിനിമയില്‍ കാണിച്ചതിന്റെ പേരിലാണ് അവര്‍ സിനിമയെ എതിര്‍ക്കുന്നത്. അതേസമയം, സിനിമ കാണുന്നതിന്റെയും അതിന്റെ കഥ വായിക്കുന്നതിന്റെയും മുമ്പേ തന്നെ അവര്‍ സിനിമക്കെതിരെ പ്രതിഷേധിക്കാന്‍ തുടങ്ങിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ചരിത്രപരമായി ശരിയാണെങ്കിലും അല്ലെങ്കിലും അലാഉദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. അതിനാല്‍ തന്നെ ഈ സിനിമക്കെതിരെ സംഘ്പരിവാര്‍ ശബ്ദിക്കാനുള്ള കാരണം വളരെ വ്യക്തമാണ്. പ്രത്യകിച്ചും ഇന്ത്യയിലെ വിദ്യാഭ്യാസ സിലബസിനെയും ചരിത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് അവരിപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ജനമനസ്സുകളില്‍ വിഷം കുത്തിവെക്കാനുള്ള സംഘ്പരിവാര്‍ നീക്കം ഇതാദ്യത്തേതൊന്നുമല്ല. അതേസമയം, ഇന്ത്യയുടെ മധ്യകാല ചരിത്രം പ്രധാനമായും അടയാളപ്പെടുത്തുന്നത് മുസ്‌ലിം ഭരണത്തെയാണ്. മുസ്‌ലിം ഭരണാധികാരികളെ സംഘ്പരിവാര്‍ വിശേഷിപ്പിക്കുന്നത് ഹിന്ദുവിരുദ്ധര്‍ എന്നാണ്. എന്നാല്‍ ഈ മുസ്‌ലിം രാജാക്കന്‍മാര്‍ ഹിന്ദുവിരുദ്ധരായിരുന്നെങ്കില്‍ ഇന്ന് നമ്മുടെ രാജ്യത്ത് ആധിപത്യം ചെലുത്തുക മുസ്‌ലിംകളായേനേ. ഇനി ഹിന്ദു സമൂഹം മൊത്തത്തില്‍ മുസ്‌ലിം വിരുദ്ധമായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഘ്യ ഇന്ത്യയിലാകുമായിരുന്നില്ല.

സംഘ്പരിവാറിന് തങ്ങളുടെ വര്‍ഗീയ അജണ്ട വിജയിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ സംഘ്പരിവാറിനെതിരെ ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അമുസ്‌ലിംകള്‍ നിലകൊള്ളുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സംഘ്പരിവാര്‍ ഭീകരതക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. അതേസമയം, സംഘ്പരിവാര്‍ തങ്ങളുടെ വര്‍ഗീയ നിലപാടുകളില്‍ മാറ്റമൊന്നും വരുത്തില്ല എന്നത് തീര്‍ച്ചയാണ്. ഗോവധത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളടക്കം അവര്‍ നടപ്പിലാക്കുന്ന വര്‍ഗീയാക്രമണങ്ങള്‍ക്ക് നല്ല വാര്‍ത്താപ്രാധാന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ സംഘ്പരിവാറിന്റെ നിലപാടുകളെല്ലാം രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. അവക്കും വാര്‍ത്താപ്രാധാന്യം ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അനുകൂലമായും പ്രതികൂലമായും ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം തങ്ങളുടെ വിജയമായാണ് സംഘ്പരിവാര്‍ കണക്കാക്കുന്നത്.

തങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങള്‍ നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം വഴി ലഭ്യമാകുന്ന രാഷ്ട്രീയ ലാഭത്തെക്കുറിച്ച അധികാരികള്‍ ബോധവാന്‍മാരാണ്. ജനങ്ങളുടെ മതവികാരം ഇളക്കിവിടുന്നതിലൂടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാം എന്നാണ് ഭരണാധികാരികളുടെ കണക്കുകൂട്ടല്‍. ദീപാവലി ദിനത്തില്‍ യോഗി നടത്തിയ അഭിപ്രായപ്രകടനം അയോധ്യപ്രശ്‌നത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല. ഗോരഖ്പൂരിലെ ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരണപ്പെട്ടതടക്കമുള്ള സംഭവങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ കൂടിയായിരുന്നു അത്. അതുപോലെ ഇതര ബി.ജെ.പി നേതാക്കളും കരുതുന്നത് തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം ജനങ്ങളെ സാമ്പത്തിക പ്രതിസന്ധി പോലുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചു വിടുമെന്നാണ്. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ പിന്തുണക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics