ഖവാരിസ്മിയും ആധുനിക ഗണിതശാസ്ത്രവും

ആധുനിക ഗണിതശാസ്ത്രം വളരെ സങ്കീര്‍ണ്ണവും അമൂര്‍ത്തവുമായ ഒരു മേഖലയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണിത്. എന്നാല്‍ ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന സാങ്കേതികവിദ്യകളുടെയെല്ലാം അടിസ്ഥാനം ഗണിതശാസ്ത്രമാണ്. എന്നാല്‍ എട്ടാം നൂറ്റാണ്ടിലെ മുസ്‌ലിം ഗണിതശാസ്ത്രജ്ഞനായിരുന്ന ഖവാരിസ്മിയുടെ ഗണിതശാസ്ത്ര കാഴ്ചപ്പാടുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ ഗണിതലോകം.

പേര്‍ഷ്യയുടെ കിഴക്കുഭാഗത്തെ പ്രവിശ്യയായ ഖുറാസാനില്‍ എ.ഡി 780 ലാണ് മുഹമ്മദ് അല്‍ഖവാരിസ്മി ജനിക്കുന്നത്. ചൈനക്കും റോമിനുമിടയിലുള്ള പുരാതനമായ സില്‍ക്ക് പാത (Silk Road) ഖുറാസാനിലൂടെയും കടന്നുപോയിരുന്നു. സില്‍ക്ക് പാതയിലൂടെ കച്ചവടത്തിനായി കൊണ്ടുപോയിരുന്നത് കച്ചവടവസ്തുക്കള്‍ മാത്രമായിരുന്നില്ല. കിഴക്കിലെയും പടിഞ്ഞാറിലെയും വിജ്ഞാനവും ഈ വഴിയിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു. യുവാവായിരുന്ന ഖവാരിസ്മിക്കും അതിന്റെ ഗുണം ലഭിച്ചു. അബ്ബാസിയാ ഖലീഫയായിരുന്ന മഅ്മൂന്‍ ബഗ്ദാദില്‍ 832ല്‍ വിജ്ഞാനത്തിന്റെ ഭവനം (House of Knowledge) സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ഖവാരിസ്മി എന്നായിരുന്നു ബഗ്ദാദിനെ വിളിച്ചിരുന്നത്. യുക്തിപരതയിലായിരുന്നു മഅ്മൂന്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ ഗണിതശാസ്ത്രത്തിന്റെ സൗന്ദര്യവും സങ്കീര്‍ണ്ണതയും ഉപയോഗിച്ച് അല്ലാഹുവിന്റെ അസ്തിത്വം തെളിയിക്കുക എന്നത് ഖവാരിസ്മിയുടെ ഉത്തരവാദിത്വമായിരുന്നു.

പുരാതനമായ ഗ്രീക്ക്-ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ ഖവാരിസ്മി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൈതഗോറസ്, യൂക്ലിഡ്, ബ്രഹ്മഗുപ്ത തുടങ്ങിയ വിജ്ഞാന പ്രതിഭകളെയായിരുന്നു അന്നത്തെ ഗണിതശാസ്ത്ര പണ്ഡിതന്‍മാര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. അതേസമയം, ഗ്രീക്ക്, ഹിന്ദു ഗ്രന്ഥങ്ങളുടെ വിവര്‍ത്തനത്തോട് കൂടിയാണ് ഖവാരിസ്മിയുടെ സംഭാവനകള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തെക്കുറിച്ച ഒരു മഹത്തായ ഗ്രന്ഥമായ The Opening of the Universe ല്‍ നിന്നാണ് പൂജ്യം ഒരു സംഖ്യയാണ് എന്ന ആശയത്തെ ഖവാരിസ്മി സ്വീകരിക്കുന്നത്. ഗണിതശാസ്ത്രപരമായ സാധ്യതകളുടെയും സങ്കീര്‍ണ്ണതകളുടെയും ഒരു പുതിയ ലോകത്തെയാണ് അത് തുറന്നുതന്നത്.

പഴയ റോമന്‍ സംഖ്യാവ്യവസ്ഥയെ (Numeral System) ഉപയോഗിച്ചതിലൂടെ ഗണിതശാസ്ത്രം കൂടുതല്‍ വികസിക്കുകയുണ്ടായി. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യാവ്യവസ്ഥയിലൂടെ ആല്‍ജിബ്രയെപ്പോലുള്ള (Algebra) ഗണിതശാസ്ത്ര മേഖലകളെ വികസിപ്പിക്കാന്‍ ഖവാരിസ്മിക്ക് സാധിച്ചിട്ടുണ്ട്. ആല്‍ജിബ്ര ഉപയോഗിച്ചാണ് മുസ്‌ലിം അനന്തരാവകാശ നിയമങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. ഗ്രീക്കുകാരുടെ ജ്യാമിതിയെയും അദ്ദേഹം വികസിപ്പിക്കുകയുണ്ടായി. ഇന്ന് മിക്ക ഗണിതശാസ്ത്ര വിദ്യാര്‍ത്ഥികളും അദ്ദേഹം വികസിപ്പിച്ച ആശയങ്ങളെ അവലംബിക്കുന്നുണ്ട്.

അതേസമയം പൂജ്യം എന്ന സംഖ്യയായിരുന്നു ഖവാരിസ്മിയെ കുഴക്കിയിരുന്നത്. ഗണിതശാസ്ത്രം ഉപയോഗിച്ച് കൊണ്ട് അതിന്റെ നിലനില്‍പ്പിനെ തെളിയിക്കാനാകുമായിരുന്നില്ല. പ്രാചീനമായ ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ പറയുന്നത് പൂജ്യവും പൂജ്യവും തമ്മില്‍ ഭിന്നിച്ചാല്‍ പൂജ്യം തന്നെയാണ് ലഭിക്കുക എന്നാണ്. എന്നാല്‍ പൂജ്യം കൊണ്ട് ഭിന്നിക്കുക അസാധ്യമാണ് എന്നായിരുന്നു ഖവാരിസ്മിയുടെ പക്ഷം. എന്നാല്‍ തെളിയിക്കപ്പെടാതെ തന്നെ പൂജ്യത്തെ സ്വീകരിക്കണമെന്ന അഭിപ്രായത്തില്‍ ഒടുവില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. അല്ലാഹുവിലുള്ള വിശ്വാസവും അതുപോലെയാണ് എന്ന് ഖലീഫ മഅ്മൂന് അദ്ദേഹം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ശാസ്ത്രത്തിലൂടെ അല്ലാഹുവിനെ കണ്ടെത്താനാകില്ല, മറിച്ച്, വിശ്വാസത്തിലൂടെയാണ് അത് സാധ്യമാകുക. ഒരു ഗണിതശാസ്ത്രജ്ഞന്‍ എന്ന പോലെത്തന്നെ തത്വചിന്തകന്‍ കൂടിയായിരുന്നു ഖവാരിസ്മി.

ഗണിതശാസ്ത്രത്തെ കൂടാതെ ഭൂമിശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ലോകത്തുടനീളമുള്ള 2400 നഗരങ്ങളുടെ വ്യാപ്തിയും നീളവും അതില്‍ നമുക്ക് കാണാന്‍ സാധിക്കും. കൂടാതെ നക്ഷത്രദൂരമാപകയന്ത്രം (astrolabe), സൂര്യഘടികാരം (sundial), ജൂത കലണ്ടര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് 700 വര്‍ഷങ്ങള്‍ക്ക് ശേഷവും യൂറോപ്യന്‍ ഗണിതശാസ്ത്രജ്ഞര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ നാമം ഉദ്ധരിക്കാറുണ്ട്. അല്‍ഗോരിസ്മി എന്നാണവര്‍ ഖവാരിസ്മിയെ വിളിക്കുന്നത്. അല്‍ഗരിതം (algorithm) എന്ന വാക്ക് ഉണ്ടായത് അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ്. ആധുനിക ലോകം ഖവാരിസ്മിയുടെ സംഭാവനകളെ മറന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics