ജീവിതത്തില്‍ വഴികാണിക്കുന്ന വചനങ്ങള്‍

വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട് എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും നമുക്കൊരു ജീവിതരേഖ വരച്ചുകാണിക്കുന്ന തരത്തില്‍ മനസ്സില്‍ തട്ടുന്ന ഉപദേശങ്ങളായി വാക്കുകള്‍ ചേര്‍ത്തുവെക്കപ്പെടുമ്പോള്‍. സംസാരിക്കുന്നയാളുടെ മഹത്വത്തിനും സ്ഥാനത്തിനുമനുസരിച്ച് അവരില്‍ നിന്നുള്ള വാക്കുകള്‍ക്കും മൂല്യവും മഹത്വവുമേറുന്നു. ഏറ്റവും ഉന്നതനായ ഗുരുനാഥന്‍ തിരുദൂതന്‍ മുഹമ്മദ് നബി(സ) ആണെന്നതില്‍ തര്‍ക്കമില്ല. പ്രവാചകന്റെ മൃദുലവും മധുരവും മനോഹരവുമായ രീതിയിലുള്ള ഇടപെടലും ഉദ്‌ബോധനവും ഉത്തമ മാതൃകയാണ്. അതില്‍ കാര്‍ക്കശ്യമോ പരുഷതയോ ഉണ്ടായിരുന്നില്ല. അതില്‍ നിറയെ സ്‌നേഹവും കുട്ടികളുടെ നന്മക്കായുള്ള ആഗ്രഹവും അവര്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടത്തെ കുറിച്ച ഭയമായിരുന്നു. കുട്ടികളിലേക്ക് എത്തിക്കാനുദ്ദേശിക്കുന്ന സംസ്‌കരണ മൂല്യങ്ങളെ എളുപ്പത്തില്‍ അവരിലേക്കെത്തിക്കാന്‍ ഇത്തരം രീതികള്‍ സഹായകരമാവും. ഉപദേശങ്ങള്‍ സ്വീകരിക്കാനും അവയെ മുറുകെ പിടിക്കാനും ജീവിതത്തിലുടനീളം നിലനിര്‍ത്താനും അതവരെ പ്രാപ്തരാക്കും.

പ്രവാചകന്റെ പിതൃവ്യ പുത്രന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് കുട്ടിയായിരുന്നപ്പോള്‍ ദൂതന്‍ അദ്ദേഹത്തിന് നല്‍കിയ ഉപദേശം പ്രവാചകന്റെ സംസ്‌കരണ ശൈലിയുടെ മികച്ചൊരു ഉദാഹരണമാണ്. ഹദീഥില്‍ വന്നത് പ്രകാരം, ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് പ്രവാചകന്റെ പിന്നിലായി നടക്കുകയായിരുന്നു. അല്ലാഹുവിന്റെ ദൂതന്‍ അദ്ദേഹത്തോട് പറഞ്ഞു: മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചു കേട്ടോളണം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക. നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല. നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.' (തിര്‍മിദി)

ഈ ഹദീഥ് മുന്നോട്ടുവെക്കുന്ന സംസ്‌കരണ പാഠങ്ങള്‍ ഇവയാണ്:

ശ്രദ്ധ ക്ഷണിക്കല്‍: മൂല്യവത്തായ ഒരു കാര്യമോ ഉപദേശമോ കൈമാറാന്‍ ഉദ്ദേശിച്ചാല്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ശ്രദ്ധിക്കുന്നതിനും സ്വീകരിക്കുന്നതിനും ആദ്യം അവരുടെ ശ്രദ്ധ തന്നിലേക്ക് തിരിക്കാന്‍ ഉദ്‌ബോധകന്‍ ശ്രദ്ധിക്കണം. അതിനാവശ്യമായ ശൈലികളും വാക്കുകളും ഗുരുനാഥന്‍ തിരഞ്ഞെടുക്കണം. അത് കുട്ടിയുടെ പേരോ അവന് പ്രിയപ്പെട്ട വിളിപ്പേരോ വിളിച്ചുകൊണ്ടാവാം. ഇവിടെ പ്രവാചകന്‍(സ) 'മോനെ' എന്ന് വിളിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

ആകര്‍ഷണീയ ശൈലി: ഒരാള്‍ മറ്റൊരാളിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിന്ത, ഉപദേശം തുടങ്ങി എന്തുമാവട്ടെ അത് പറഞ്ഞ് തുടങ്ങുന്നത് വ്യത്യസ്തമായ ശൈലികളിലായിരിക്കും. യോജിച്ച ശൈലി തിരഞ്ഞെടുക്കുന്നതില്‍ സ്ഥലകാലങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഹദീഥില്‍ ഉപദേശിക്കാന്‍ ഒരുങ്ങുന്ന പിതൃവ്യന്‍ സംസാരം തുടങ്ങുന്നതിന് മുമ്പ് കുട്ടിയെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ശൈലി ഉപയോഗിക്കുകയാണ്. അറിയിക്കാന്‍ ഉദ്ദേശിക്കുന്ന ഉപദേശങ്ങള്‍ പറഞ്ഞു തുടങ്ങുന്നതിന് മുമ്പ് ''നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്'' എന്ന് പറഞ്ഞുകൊണ്ടാണ് ദൂതന്‍ ആരംഭിക്കുന്നത്. കേള്‍വിയിലേക്കും കാഴ്ചയിലേക്കും ഹൃദയത്തിന്റെ ശ്രദ്ധ കൊണ്ടുവരാന്‍ ഇത് സഹായകമാവും.

അല്ലാഹു നിരീക്ഷണത്തിലാണെന്ന ബോധം വളര്‍ത്തുക: എല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് എന്ന ബോധം ഒരു പ്രധാനപ്പെട്ട സംസ്‌കരണ മൂല്യമാണ്. വളര്‍ന്നു വരുന്ന കുട്ടികളില്‍ നിര്‍ബന്ധമായും വളര്‍ത്തിയെടുക്കേണ്ട ഒന്നാണിത്. അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്നും തന്റെ വാക്കും പ്രവര്‍ത്തനങ്ങളും അല്ലാഹു പരിശോധിക്കുന്നുണ്ട് എന്നുമുളള ചിന്ത ജീവിതത്തിലുടനീളം നിലനിര്‍ത്താനാകുന്ന രൂപത്തിലായിരിക്കണമത്. അല്ലാഹുവിന്റെ കല്‍പനകള്‍ സൂക്ഷിച്ചും അവ നടപ്പാക്കിയും അവന്റെ വിലക്കുകളില്‍ നിന്ന് വിട്ടുനിന്നുമാണ് അത് നിലനിര്‍ത്താനാവുക. അല്ലാഹു തന്നോട് കല്‍പിച്ച കാര്യങ്ങള്‍ ചെയ്യുകയും വിലക്കിയവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത് അല്ലാഹുവിനെ സൂക്ഷിക്കുമ്പോള്‍ അവനും അവന്റെ കുടുംബവും ദീനും ഇഹപര ലോകങ്ങളും അല്ലാഹുവിന്റെ സംരക്ഷണത്തിന് അര്‍ഹമാകും.

അല്ലാഹു കൂടെയുണ്ടെന്ന ബോധം വളര്‍ത്തുക: മക്കളെ ചെറു പ്രായത്തില്‍ തന്നെ അല്ലാഹു കൂടെയുണ്ടെന്ന ബോധം മക്കളില്‍ വളര്‍ത്തിയാല്‍ തെറ്റുകളില്‍ അകപ്പെടുന്നതില്‍ നിന്നവര്‍ക്കത് സംരക്ഷണം നല്‍കും. അതായത് അനിയന്ത്രിതമായ ഇച്ഛകളില്‍ നിന്നും സന്ദേഹങ്ങളില്‍ നിന്നും അതവര്‍ക്ക് സംരക്ഷണം നല്‍കും. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മക്കളെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായും അവരിലുണ്ടാകുന്ന ഒന്നാണ് ഈ ബോധം. നന്മകള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും അതിലേക്ക് അവരെ അടുപ്പിക്കുകയും വഴിനടത്തുകയും പ്രയാസങ്ങളില്‍ അല്ലാഹു കൂടെയുണ്ടെന്ന ബോധം പകര്‍ന്നു നല്‍കുകയും ചെയ്യുമ്പോള്‍ ഈ മൂല്യം അവരിലും വളരും.

മക്കളില്‍ ശരിയായ വിശ്വാസം വളര്‍ത്തിയെടുക്കുക: എല്ലാം അല്ലാഹുവിന്റെ കൈകളിലാണ്, കാര്യങ്ങള്‍ നന്മയായാലും തിന്മയായാലും തീരുമാനിക്കുന്നത് അവനാണ്. നല്‍കുന്നതും തടയുന്നതും ഉപദ്രവവും ഉപകാരവും ഉണ്ടാക്കുന്നവനും സഹായിക്കുന്നവനും ഉത്തരം നല്‍കുന്നവനും എല്ലാം അവന്‍ തന്നെയാണെന്നത് ഊന്നിപ്പറഞ്ഞുകൊണ്ട് ഇക്കാര്യം വിശദമായി അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ അല്ലാഹുവോടല്ലാതെ മറ്റാരോടും ചോദിക്കേണ്ടതില്ലാത്തവരായി അവരെ പരിവര്‍ത്തിപ്പിക്കണം. അല്ലാഹുവോടല്ലാതെ അവന്റെ രഹസ്യങ്ങള്‍ പങ്കുവെക്കേണ്ട ആവശ്യം വരാത്ത എല്ലാം അവനില്‍ ഭരമേല്‍പിക്കുന്ന ശീലം അവനിലുണ്ടാക്കണം. നല്‍കാനും തടയാനും ഉപദ്രവം തടയാനും ഉപകാരം നല്‍കാനും കഴിവുള്ളവന്‍ അല്ലാഹുവാണല്ലോ.

അല്ലാഹുവിനോടല്ലാതെ സഹായമര്‍ത്ഥിക്കരുതെന്നും ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ മേല്‍ എല്ലാം ഭരമേല്‍പിക്കാനും അവരെ ഉദ്‌ബോധിപ്പിക്കേണ്ടതുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ അല്ലാഹു മുന്നേ കണക്കാക്കി വെച്ചിട്ടുള്ളതല്ലാതെ ഒന്നും മനുഷ്യനെ ഒരിക്കലും ബാധിക്കുകയില്ല. നിനക്ക് കണക്കാക്കപ്പെട്ടതെന്തോ അത് നിന്നെ ബാധിക്കും കാണക്കാക്കപ്പെടാത്തത് ബാധിക്കുകയുമില്ല എന്ന ബോധം കുട്ടിയുടെ ഹൃദയത്തില്‍ മുളപ്പിക്കേണ്ടതും വിശ്വാസപരമായി പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഈ ഹദീഥില്‍നിന്നും ലഭ്യമാകുന്ന ധാരാളം ഗുണപാഠങ്ങളില്‍ ചിലതാണിത്. നിങ്ങളുടെ മക്കള്‍ക്ക് അവരുടെ ഇഹപര ലോകങ്ങളില്‍ പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങളൊരിക്കലും പിശുക്ക് കാണിക്കരുത്. ജീവിത പദ്ധതി വരച്ചു കാണിക്കുന്ന ഈ വാക്കുകള്‍ അവരെ പഠിപ്പിക്കുക.

വിവ: ഉമര്‍ ഫാറൂഖ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics