ഇസ്‌ലാം സ്വീകരണവും പേര് മാറ്റലും

അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) അക്കാലത്തെ രാജാക്കമാര്‍ക്കെല്ലാം ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം കത്തുകളെഴുതിയിരുന്നു. കൂട്ടത്തില്‍ എത്യോപ്യയിലെ (അബ്‌സീനിയ) നജ്ജാശി രാജാവിനും എഴുതി. കത്ത് ലഭിച്ച ചിലര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ തിരസ്‌കരിച്ചു. എന്നാല്‍ ഇസ്‌ലാം അംഗീകരിച്ചവരുടെ പട്ടികയില്‍ നജ്ജാശി രാജാവിന്റെ പേരില്ല. പക്ഷെനജ്ജാശി മരിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം (മരണാനന്തര പ്രാര്‍ത്ഥന) നടത്തി.

അത്യന്തം കൗതുകകരമായ സംഭവമാണിത്. കാരണം നജ്ജാശി രാജാവ് ഇസ്‌ലാം സ്വീകരിച്ച ഒരു ലക്ഷണവും പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നു. അദ്ദേഹം നമസ്‌കരിക്കുകയോ നോമ്പെടുക്കുകയോ ഇസ്‌ലാമിക ഭരണക്രമം നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. എന്താണ് ഇത് നല്‍കുന്ന പാഠം?

സാമൂഹികാവസ്ഥ അനുകൂലമല്ലെങ്കില്‍ വിശ്വാസം പരസ്യപ്പെടുത്തേണ്ടതില്ല. ഇത് പോലെ തന്നെയാണ് പേര് മാറ്റത്തിന്റെ കാര്യവും. ഇസ്‌ലാം ആശ്ലേഷിക്കുന്ന ഒരാള്‍ ശിര്‍ക് (ബഹുദൈവത്വം) കലര്‍ന്നതും മോശമായ അര്‍ത്ഥമുള്ളതുമായ പേരുകളല്ലാതെ മാന്യമായ ഒരു പേരും മാറ്റേണ്ടതില്ല. പ്രവാചകനായി എന്നതിന്റെ പേരില്‍ മുഹമ്മദ് എന്ന പൂര്‍വ്വനാമം നബി മാറ്റിയില്ല. ഉമര്‍, ബിലാല്‍, അമ്മാര്‍, സല്‍മാന്‍, സുമയ്യ... തുടങ്ങിയവരുടെയൊന്നും പേര് മാറ്റാന്‍ നബി കല്‍പ്പിച്ചിട്ടുമില്ല.

പേര് അറബിയില്‍ തന്നെ വേണമെന്ന തെറ്റിധാരണയും വേണ്ട. വിശുദ്ധ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്ഹാഖ്, ഇല്‍യാസ്, ഇദ്‌രീസ്, അയ്യൂബ്... ഒന്നും അറബിപ്പേരല്ല. നമ്മുടെ നാട്ടിലുമുണ്ട് ഇതിന് ഉദാഹരണങ്ങള്‍. പൂക്കോയ തങ്ങളും മുത്തുക്കോയ തങ്ങളും മുല്ലബിയും....

ചുരുക്കത്തില്‍ ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയെന്നാല്‍ സമൂഹത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കലാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് സംഘ് പരിവാര്‍ അജണ്ടയാണ്. അറിഞ്ഞും അറിയാതെയും ഇത്തരം വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ക്ക്‌നിന്നു കൊടുക്കുന്ന മുസ്‌ലിംകള്‍ക്കിടയിലെ ശക്തികളെ കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ഒരാളുടെ ആദര്‍ശ മാറ്റം തീര്‍ത്തും വ്യക്തിപരമാണ്. അല്ലാതെ സമുദായങ്ങള്‍ ചേരിതിരിഞ്ഞ് അങ്കം വെട്ടേണ്ടുന്ന സംഗതിയേ അല്ല.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus