നിന്നെ നീയറിയില്ല

നീയറിയും പലരെയും
നിന്നെ നീയറിയില്ല
നിന്നെ നീയറിയുമ്പോള്‍
നീയാകും മഹാജ്ഞാനി

നമ്മള്‍ പല നാടുകള്‍ സഞ്ചരിക്കുന്നവരാണ്. വര്‍ഷങ്ങളായി പല ഗ്രാമങ്ങളില്‍ പ്രസംഗിച്ചവര്‍. വേദികളില്‍ വെച്ച് പലരെയും ബന്ധപ്പെട്ടവര്‍. ആ ബന്ധം തുടരുന്നവര്‍. പക്ഷേ... പലരെയും അറിയുന്ന, പലരും അറിയുന്ന നാം നമ്മെ അറിയുന്നില്ലെങ്കില്‍ നമ്മള്‍ പാമരന്‍മാരാണ്.

മുകളില്‍ കുറിച്ച കവിത ജ്ഞാനിയെയും പാമരനെയും വേര്‍തിരിക്കുന്നു. അന്യരിലേക്ക് യാത്ര ചെയ്യാന്‍ എളുപ്പമാണ്. എന്നില്‍ നിന്ന് എന്നിലേക്ക് യാത്ര ചെയ്യേണ്ടവനാണ് ഞാനെന്നും ആ യാത്രയാണ് നീണ്ടതും ദുഷ്‌കരവുമെന്നും ഞാന്‍ അറിയുമ്പോഴേ എനിക്ക് ഒരു നല്ല മനുഷ്യനാവാന്‍ കഴിയുകയുള്ളൂ; നിങ്ങള്‍ക്കും.

മഹാന്‍മാരാകാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും. അതിന്നുമുണ്ട് ഒരു പാഠ്യപദ്ധതി. ഓരോ മനുഷ്യന്റെ സ്വഭാവത്തോടും സമീപനത്തോടും തനിക്കുള്ള പ്രതികരണമെന്ത് എന്ന് പരിശോധിക്കലാണ് ഈ പാഠ്യപദ്ധതിയിലെ ഒന്നാം ഖണ്ഡികയിലുള്ളത്. ഒരാളുടെ പ്രതികരണം ശ്രദ്ധിക്കുക. 'ഹോ, ഇക്കാലത്ത് ഒരു മനുഷ്യനെ കാണാന്‍ പ്രയാസമാണ്. വെറും ഇരുകാലികള്‍! പിന്നെയെങ്ങനെ സമൂഹം നന്നാവും?''

ഇങ്ങനെ പറയുന്ന ആളെ കുറിച്ച് അയല്‍പക്കക്കാര്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ അയാള്‍ അയാളെ പഠിച്ചിട്ടില്ല. ചീത്തയായി ഒന്നും പറയാനില്ലാതിരുന്നാല്‍ പോരാ, നല്ലത് പറയാനുണ്ടാകണം. അയാള്‍ പ്രയാസപ്പെട്ടു ചെല്ലുന്നവര്‍ക്ക് വല്ലതും തന്ന് സഹായിക്കും, തരാന്‍ ഇല്ലെങ്കില്‍ ഞാന്‍ എവിടെ നിന്നെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെയെന്ന് പറയും. അത് ആത്മാര്‍ഥതയുള്ള വാക്കാണെന്ന് മറ്റുള്ളവര്‍ക്ക് അനുഭവത്തില്‍ ബോധ്യപ്പെടും. ഈ വിധത്തിലാവണം അന്യരെക്കൊണ്ട് പറയിപ്പിക്കേണ്ടത്.

ഈ ഗുണങ്ങളെല്ലാമുണ്ടായാലും ഇക്കാലത്ത് ഒരു മനുഷ്യനെ കാണാന്‍ പ്രയാസമാണ് എന്നു പറയുന്നത് ശരിയല്ല. അയാള്‍ എല്ലാവരെയും പഠിച്ച ശേഷമല്ല അങ്ങനെ പ്രതികരിക്കുന്നത്. ആ പ്രതികരണത്തില്‍ സത്യമില്ല. ലോകത്ത് നല്ലവര്‍ വളരെയധികമുണ്ട്. ലോകത്ത് വ്യഭിചാരികള്‍ക്ക് ഭൂരിപക്ഷമില്ല. ലൈംഗിക സദാചാരക്കാര്‍ക്കാണ് ഭൂരിപക്ഷം. മോഷ്ടാക്കള്‍, ഘാതകന്‍മാര്‍, അസൂയാലുക്കള്‍, അന്യമതക്കാരെ അക്കാരണത്താല്‍ മാത്രം വെറുക്കുന്നവര്‍.. ഇവര്‍ക്കൊന്നും ഭൂരിപക്ഷമില്ല. യാചകന്‍മാര്‍ വരുമ്പോള്‍ അവരുടെ ജാതി നോക്കി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്നവരല്ല അധികം. ബസ് യാത്രക്കിടയില്‍ കൈ നീട്ടുന്ന എല്ലാവര്‍ക്കും നാം കൊടുത്തെന്നു വരില്ല. എന്നാല്‍ അവര്‍ വീട്ടില്‍ വന്ന് യാചിച്ചാലോ? ഒരു ചെറിയ തുകയെങ്കിലും നാം എല്ലാവര്‍ക്കും കൊടുക്കും. കൊടുക്കാതെ തിരിച്ചയക്കല്‍ മാന്യതയല്ല എന്ന വിചാരമാണ് അതിനു കാരണം. ഇങ്ങനെയുള്ള അനുകൂല ഘടകങ്ങളെ കണ്ടെത്താതെ, ഇക്കാലത്ത് ഒരു മനുഷ്യനെ കാണാന്‍ പ്രയാസമാണ് എന്ന് പറയുന്നവന്ന് സംഭവിച്ച തെറ്റെന്താണ്?

സമൂഹത്തിലെ ചെറിയ ന്യൂനപക്ഷമായ അധര്‍മകാരികളെ കണ്ട് അത് എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ സാമാന്യവല്‍കരിച്ചു എന്നതാണ്. ഇത് ചെറിയ തെറ്റല്ല. നാം ഇടപെടുന്ന ഒരു രംഗത്തും ഒറ്റപ്പെട്ട സംഭവത്തെ സാമാന്യവല്‍കരിക്കരുത്.

ഇതില്‍ ഏത് തരക്കാരനാണ് ഞാന്‍? ഇതാവട്ടെ ചിന്ത. ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് ആശ്വാസത്തിനാണ് വക എന്ന് ബോധ്യമാകും. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും നല്ല അയല്‍പക്കക്കാരായി കഴിയുന്ന ചുറ്റുപാടാണ് കേരളത്തിലുള്ളത്. പരസ്പരം സഹായിക്കുന്നു, വിവാഹ സദസ്സുകളില്‍ പങ്കെടുക്കുന്നു, പാരിതോഷികങ്ങള്‍ നല്‍കുന്നു. അധാര്‍മിക പ്രവര്‍ത്തനം നടത്തുന്നവരെ അവരുടെ സമുദായക്കാര്‍ തന്നെ വെറുക്കുന്നുണ്ടല്ലോ. അത് മനസ്സില്‍ നന്മയുള്ളതു കൊണ്ടാണ്. നാം നമ്മില്‍ നിന്ന് നമ്മിലേക്ക് തന്നെ തിരിച്ചുപോയി നമ്മിലെ നന്മ തിന്മകളെ രണ്ടു കള്ളികളിലാക്കുക. അതോടെയാണ് ജ്ഞാനം ജനിക്കുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus