ഭാരതീയനാവാന്‍ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല

ഇന്ത്യയിലെ  മുസ്‌ലിംകള്‍ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ വിശ്വാസത്തോട് പ്രതിബന്ധത പുലര്‍ത്തുന്നതോടൊപ്പം തന്നെ തങ്ങളെക്കുറിച്ചും തങ്ങളുടെ മതത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ അഭിപ്രായങ്ങളെയും വാര്‍പ്പുമാതൃകകളെയും കുറിച്ച് അവര്‍ ബോധവാന്‍മാരാകുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് മുസ്‌ലിംകളുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരുപാടു പേരുണ്ട്. അതുപോലെ മുസ്‌ലിംകളുടെ വിശ്വാസത്തെ തന്നെ അവഹേളിക്കാനും ഇസ്‌ലാം ഒരു ഹിംസാത്മക മതമാണെന്ന് പ്രചരിപ്പിക്കാനും താല്‍പര്യപ്പെടുന്ന ആളുകളുമുണ്ട്.

ഇന്ത്യയില്‍ ഒരു മുസ്‌ലിമായി ജീവിക്കുന്നതിന്റെ അര്‍ത്ഥമെന്താണ് എന്നതിനെക്കുറിച്ച ചര്‍ച്ചയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളോട് വിശാലവും സഹിഷ്ണുതാപരവുമായ സമീപനം സ്വീകരിക്കുന്ന ഒരിന്ത്യയെക്കുറിച്ചാണ് ഞാന്‍ എഴുതാനാഗ്രഹിക്കുന്നത്. കൂടാതെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഇന്ത്യന്‍ മൂല്യങ്ങളെക്കുറിച്ചും ഈ വിശാലമായ മൂല്യങ്ങളോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ പുലര്‍ത്തുന്ന സത്യസന്ധതയെക്കുറിച്ചും ഞാനിവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇസ്‌ലാമിനെ വികലമായി ആളുകള്‍ മനസ്സിലാക്കുന്നതിന്റെ ഒരുകാരണം അമുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയാണ്. മറ്റൊന്ന് തങ്ങളെ സ്വയം വിശദീകരിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച പരാജയമാണ്. മനുഷ്യര്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും രൂപപ്പെടുന്നു എന്നതാണ് അതിന്റെ അനന്തരഫലം.

മുസ്‌ലിംകള്‍ക്കിടയിലും അമുസ്‌ലിംകള്‍ക്കിടയിലും ഇസ്‌ലാമിനെക്കുറിച്ച അജ്ഞത നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കുന്ന മുസ്‌ലിംകളല്ലാത്തവര്‍ അതിനെ ഭയപ്പെടുകയാണ് ചെയ്യുന്നത്. തങ്ങളുടെ വളരെ അടിസ്ഥാനപരമായ മൂല്യങ്ങള്‍ക്ക് ഇസ്‌ലാം ഭീഷണിയാണ് എന്നാണവര്‍ കരുതുന്നത്. വസ്തുതക്കും യാഥാര്‍ത്ഥ്യത്തിനും പകരം ഭാവനയും ഊഹവും വാര്‍പ്പുമാതൃകകളുമാണ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.

അതുപോലെ മുസ്‌ലിംകളുടെ ഭാഗത്തും ചില പ്രശ്‌നങ്ങളുണ്ട്. വളരെ തീവ്രമായ ഭാഷയിലാണ് അവര്‍ വെറുപ്പോടെയും ഭയത്തോടെയും ഇസ്‌ലാമിനെ സമീപിക്കുന്ന അമുസ്‌ലിംകളോട് പ്രതികരിക്കുന്നത്. മതത്തെ മുറുകെപ്പിടിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. അതേസമയം മതേതര ആശയങ്ങളോടും നമ്മള്‍ പ്രതിബന്ധത പുലര്‍ത്തേണ്ടതുണ്ട്.

മുസ്‌ലിംകളിലും അമുസ്‌ലിംകളിലും പെട്ട തീവ്ര ആശയക്കാര്‍ മതേതര ഇടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെയുള്ള വിടവുകള്‍ അവരാണുണ്ടാക്കുന്നത്. രണ്ടുകൂട്ടരും സഹിഷ്ണുതയിലോ സമാധാനത്തിലോ വിശ്വസിക്കുന്നില്ല. 'തുല്യനാണയത്തില്‍ തിരിച്ചടിക്കുക' എന്ന പഴയ ആപ്തവാക്യത്തെ അക്ഷരംപ്രതി പിന്തുടരുകയാണ് അവര്‍ ചെയ്യുന്നത്. പരസ്പരമുള്ള ഈ വെറുപ്പിനും തെറ്റിദ്ധാരണക്കുമിടയില്‍ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ശബ്ദങ്ങള്‍ മുങ്ങിപ്പോയിരിക്കുകയാണ്. സത്യം വിജയിക്കണമെങ്കില്‍ നാം എല്ലാ നിലക്കും വിവേകത്തോടു കൂടി പെരുമാറേണ്ടതുണ്ട്.

്‌സാമൂഹികമോ രാഷ്ട്രീയമോ ആയ നിര്‍മിതി (social or political construct) എന്ന നിലക്കാണ് മതം പൊതുവെ ചിത്രീകരിക്കപ്പെടുന്നത്. അതേസമയം കോടിക്കണക്കിന് വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം മതം ഒരു ദൈനംദിന പ്രവര്‍ത്തനവും മനുഷ്യരെ ആത്മീയ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂടുമാണ്. ലോകത്തെ വീക്ഷിക്കുന്ന കണ്ണാടിയാണ് അവര്‍ക്ക് മതം.

മനുഷ്യരുടെ ജീവിതത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യത്തെ വര്‍ണ്ണിക്കുക പ്രയാസമാണ്. മിക്കപേരും സംഘര്‍ഷത്തിന് പകരം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതേസമയം, പത്രങ്ങളുടെയെല്ലാം മുന്‍പേജുകളില്‍ നാം വായിക്കുന്ന മതശബ്ദങ്ങളെല്ലാം വെറുപ്പിന്റെയും ഹിംസയുടെയും സന്ദേശമാണ് നമുക്ക് പകര്‍ന്നു നല്‍കുന്നത്. സംഘര്‍ഷങ്ങളെയും സാമൂഹ്യകലഹങ്ങളെയും കുറിച്ച വാര്‍ത്തകളിലെല്ലാം നാം അവരെയാണ് കേള്‍ക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായി, എല്ലാ മതങ്ങളും സമാധാനത്തെയും സഹിഷ്ണുതയെയും അനുകമ്പയെയുമാണ് മുറുകെപ്പിടിക്കുന്നത്.

മതങ്ങള്‍ക്കിടയില്‍ നാം നിര്‍മ്മിച്ചിട്ടുള്ള അതിര്‍വരമ്പുകളെയെല്ലാം തകര്‍ക്കാനുള്ള ഏറ്റവും നല്ല വഴി പരസ്പരമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇതൊരു വെറുംവര്‍ത്തമാനമല്ല. ഖുര്‍ആന്‍ പറയുന്നത് നമ്മള്‍ പരസ്പരം അറിയാന്‍ വേണ്ടിയാണ് അവന്‍ നമ്മെ വ്യത്യസ്തതയോടെ സൃഷ്ടിച്ചതെന്നാണ്.

ഈ ഖുര്‍ആനിക സന്ദേശത്തെ മുറുകെപ്പിടിച്ചു കൊണ്ട് നമ്മള്‍ പരസ്പരം അറിയാനും മനസ്സിലാക്കാനും പൊതുവായ പ്രശ്‌നങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും സന്നദ്ധമാകേണ്ടതുണ്ട്. അതിലൂടെ സൗഹൃദത്തിന്റേതായ പുതിയൊരന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. വിദ്യാഭ്യാസം, ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം നമ്മെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. അതിനാല്‍ തന്നെ ഈ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നമുക്കിടയില്‍ ഒരു പൊതുഭൂമിക സൃഷ്ടിക്കാനും മെച്ചപ്പെട്ട ഒരു ലോകത്തിനും പുതിയൊരു ഭാവിക്കും വേണ്ടി ഒത്തൊരുമയോടെ മുന്നോട്ടുപോകാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

നമ്മുടെ അടുത്ത കൂട്ടുകാര്‍ ഒന്നുകില്‍ നമ്മുടെ ഓഫീസിലെ സഹപ്രവര്‍ത്തകരോ അയല്‍വാസികളോ ആയിരിക്കും. നമ്മളവരുമായി ബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. നമുക്ക് വ്യക്തിപരമായി പരിചയമുള്ളവരെ വെറുക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്.

ആളുകള്‍ക്കിടയില്‍ പൊതുവായി നിലനില്‍ക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അവര്‍ക്കിടയിലുള്ള വ്യത്യസ്തതകളെ മാറ്റിവെച്ച് അവര്‍ പരസ്പരം പങ്കുവെക്കുന്ന ഈ പൊതുവായ കാര്യങ്ങളെയാണ് പരിഗണിക്കേണ്ടത്. ഒരാളെ കാണുമ്പോള്‍ നമുക്ക് ഇങ്ങനെ പറയാന്‍ സാധിക്കണം: 'നിങ്ങള്‍ വ്യത്യസ്തരാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതേസമയം ഈ വ്യത്യസ്തതയെയും ഞങ്ങള്‍ മനസ്സിലാക്കുന്നു'.

പരസ്പര സഹവര്‍ത്വിത്തത്തിനായി നമ്മുടെ മുമ്പിലുള്ള ഒരുപാട് അവസരങ്ങളെ നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ധാരാളം ഉപരിപ്ലവമായ വ്യത്യസ്തകകള്‍ നമുക്കു മുമ്പിലുണ്ടെങ്കിലും നാം മുറുകെപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളെല്ലാം സമാനമാണ്. നീതിയോടും വിദ്യാഭ്യാസത്തോടുമുള്ള ആദരവ്, സമൂഹത്തിലെ അശരണരരോടുള്ള അനുകമ്പ തുടങ്ങിയവയെല്ലാം നമ്മള്‍ പൊതുവായി പങ്കുവെക്കുന്ന മൂല്യങ്ങളാണ്.

ഒരു സാധാരണ മുസ്‌ലിമിന് ഒരുപാട് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. തന്റെ സമുദായത്തോടും ഇതര ഇന്ത്യക്കാരോടും അവന് ചില ബാധ്യതകളുണ്ട്. അവര്‍ക്കെല്ലാം ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖത്തെ പരിചയപ്പെടുത്തുക മാത്രമല്ല അവന്‍ ചെയ്യേണ്ടത്. മറിച്ച് സാമൂഹ്യനീതിയുടെയും സേവനത്തിന്റെയും ഇസ്‌ലാമികാധ്യാപനത്തെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്.

മറ്റുള്ളവര്‍ക്ക് മാതൃകയായ വ്യക്തിയായി നമ്മള്‍ മാറേണ്ടതുണ്ട്. ആളുകള്‍ നമ്മളുമായുള്ള സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതര മുസ്‌ലിംകളെ നോക്കിക്കാണുക. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച പൂര്‍ണ്ണമായ ബോധ്യം നമുക്കുണ്ടാകേണ്ടുണ്ട്. കാരണം നമ്മള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം നമ്മുടെ മതത്തിന്റെ പ്രതിനിധാനമായാണ് മനസ്സിലാക്കുക.

നമ്മുടെ വിശ്വാസത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രതിനിധികളാണ് നാം. വിശ്വാസത്തെ നാം മുറുകെപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലല്ല കാര്യം. നമ്മുടെ പ്രവര്‍ത്തനങ്ങളും ചിന്തകളുമാണ് നമ്മെ നിര്‍വ്വചിക്കുന്നത്. നമ്മുടെ വാക്കിലും പ്രവൃത്തിയിലുമുള്ള പൊരുത്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മെക്കുറിച്ചുള്ള പൊതുധാരണകളെല്ലാം രൂപപ്പെടുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള അന്തരം നമ്മുടെ വിശ്വാസ്ത്യതയെയാണ് ഇല്ലാതാക്കുക.

മതവിശ്വാസത്തോടുള്ള നമ്മുടെ അഭിനിവേശം ദേശീയ മൂല്യങ്ങളിലുള്ള അവിശ്വാസമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതേസമയം, നമ്മുടെ വിശ്വാസത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അടിസ്ഥാനമൂല്യങ്ങള്‍ ഒന്നുതന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം; നൈതികതയും ബഹുസ്വരതയുമാണവ.

മാധ്യമങ്ങളിലൂടെ ഇസ്‌ലാം വിരുദ്ധ ക്യാമ്പൈനുകള്‍ ശക്തിപ്പെടുന്ന ഈ കാലത്ത് നാം അതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇനിയുമിത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല എന്നുപറയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇസ്‌ലാം വിരുദ്ധമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. മുസ്‌ലിംകളെ ഒന്നടങ്കമാണ് മാധ്യമങ്ങള്‍ കുഴപ്പക്കാരായി മുദ്രകുത്തുന്നത്.

നമ്മള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പം തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ബോധവാന്‍മാരാകേണ്ടതുണ്ട്. ഇന്ത്യക്കാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങണമെന്നാണ് ഈ സന്ദര്‍ഭത്തില്‍ ഞാനാവശ്യപ്പെടുന്നത്. മതത്തെ ജീവിതത്തില്‍ പകര്‍ത്തുന്ന മുസ്‌ലിംകളോടാണവര്‍ സംസാരിക്കേണ്ടത്. അല്ലാതെ സ്വയംപ്രഖ്യാപിത സമുദായ നേതാക്കന്‍മാരോടല്ല. മതാചാര്യന്‍മാരല്ല മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നത്. ഓരോ മുസ്‌ലിമിന്റെയും ശബ്ദവും പ്രാധാന്യപൂര്‍വ്വം പരിഗണിക്കപ്പെടേണ്ടതുണ്ട്.

മുസ്‌ലിംകള്‍ തങ്ങളുടെ അയല്‍പക്കങ്ങളിലേക്ക് കടന്നുചെല്ലേണ്ടതുണ്ട്. ഇതര സമൂഹങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീങ്ങണമെങ്കില്‍ പരസ്പരമുള്ള സമ്പര്‍ക്കങ്ങള്‍ നാം അധികരിപ്പിക്കുകയാണ് ചെയ്യേണ്ടത്.

സഹിഷ്ണുതയുടെ ശത്രുവായാണ് മതവിശ്വാസം പൊതുവില്‍ ചിത്രീകരിക്കപ്പെടുന്നത്. എന്നാലിത് തെറ്റായ ധാരണയാണ്. മതപരവും ധാര്‍മ്മികവുമായ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ സഹിഷ്ണുത എന്ന മൂല്യം നമ്മിലുണ്ടാകൂ. മാത്രമല്ല, വൈവിധ്യമാര്‍ന്ന ഇതര ജനവിഭാഗങ്ങളോട് ആദരവ് പുലര്‍ത്താന്‍ കഴിയുന്ന ഒരു മനസ്സിന് മാത്രമാണ് സഹിഷ്ണുതയോടു കൂടി വര്‍ത്തിക്കാനാവുക.

വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളും മുറുകെപ്പിടിക്കുന്നവരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ സഹിഷ്ണുത എന്ന മൂല്യം നമ്മിലുണ്ടാകേണ്ടതുണ്ട്. അതിനായി ഇതരമതവിഭാഗങ്ങളുടെ വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങള്‍ വായിക്കാനും പഠിക്കാനുമെല്ലാം എല്ലാവരും സന്നദ്ധമാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മറ്റു മതസ്ഥരെ ഭീഷണിയും ഭാരവുമായി കാണുന്ന നമ്മുടെ പ്രവണതകളില്‍ മാറ്റം വരികയുള്ളൂ.

മതങ്ങള്‍ക്കിടയിലുള്ള ബഹുസ്വരതക്ക് തുരങ്കം വെക്കുന്ന രചനകള്‍ മതസഹിഷ്ണുതക്കും സാഹോദര്യത്തിനും ഭീഷണിയാണ്. അതിനാല്‍ തന്നെ അബ്രഹാമിക് മതങ്ങളായ ജൂതമതവും ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള സാമ്യതകളെ മുമ്പില്‍ വെച്ചുകൊണ്ട് മതസഹിഷ്ണുതയെ നാം മുറുകെപ്പിടിക്കേണ്ടതുണ്ട്. ഇതര മതസമൂഹങ്ങളും ഈ മാതൃകയെ പിന്തുടര്‍ന്നു കൊണ്ട് തങ്ങള്‍ക്കിടയിലുള്ള പൊതുവായ സത്തയെയും മൂല്യങ്ങളെയും കണ്ടെത്തേണ്ടതുണ്ട്.

തത്വചിന്തകനും ഇന്ത്യയുടെ പ്രസിഡണ്ടുമായിരുന്ന ഡോ. എസ് രാധാകൃഷ്ണനെ ഇവിടെ പരാമര്‍ശിക്കുന്നത് പ്രസക്തമാണെന്ന് തോന്നുന്നു: 'വിശ്വാസമല്ല, പ്രവൃത്തിയാണ് പ്രധാനം. അവര്‍ നല്‍കുന്ന പഴങ്ങളിലൂടെയാണ് നിങ്ങളവരെ അറിയുക. അവരുടെ വിശ്വാസങ്ങളിലൂടെയല്ല. മതം എന്നത് ഒരു വിശ്വാസമല്ല. മറിച്ച് ശരിയായ ജീവിതമാണ്. ആത്മീയ വളര്‍ച്ചക്കുള്ള എല്ലാ രീതികളും സത്യത്തിലേക്കുള്ള എല്ലാ വഴികളും ആദരണീയമാണ് എന്നതാണ് ഹിന്ദു കാഴ്ചപ്പാട് (The Hindu View of Life, 1962)

സഹിഷ്ണുതയുടെയും അനുകമ്പയുടെയും പ്രാധാന്യത്തെക്കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുകയും ഇതര മതവിശ്വാസങ്ങളെ ആദരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും ആരധനക്കുള്ള സ്വാതന്ത്ര്യം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'അല്ലയോ അവിശ്വാസികളേ, നിങ്ങള്‍ ഏതിനൊക്കെ ഇബാദത്ത് ചെയ്തുകൊണ്ടിരിക്കുന്നുവോ അതിനൊന്നും ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. നിങ്ങള്‍, ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല. ഞാന്‍, നിങ്ങള്‍ ഇബാദത്ത് ചെയ്തവയെ ഇബാദത്തു ചെയ്യുന്നവനുമല്ല. ഞാന്‍ ഇബാദത്ത് ചെയ്തുകൊണ്ടിരിക്കുന്നവന് നിങ്ങളും ഇബാദത്ത് ചെയ്യുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍. (ഖുര്‍ആന്‍ 109:6)

ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ എല്ലാ മതങ്ങളും ഒരു ദൈവത്തില്‍ നിന്നാണ് വരുന്നതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്: 'നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്‌റാഹീം, ഈസാ, മൂസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെ തന്നെ നിങ്ങള്‍ക്കു നിയമിച്ചു തന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി'. (ഖുര്‍ആന്‍ 42:13)

ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'മുസ്‌ലിംകളേ നിങ്ങള്‍ പ്രഖ്യാപിക്കുവിന്‍: ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിച്ചു കിട്ടിയ സന്‍മാര്‍ഗത്തിലും ഇബ്രാഹീം, ഇസ് മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്കൂബ് സന്തതികള്‍ എന്നിവര്‍ക്കവതീര്‍ണ്ണമായതിലും മൂസാക്കാം ഈസാക്കും നല്‍കപ്പെട്ടതിലും മറ്റെല്ലാ പ്രവാചകന്‍മാര്‍ക്കും അവരുടെ നാഥനില്‍ നിന്ന് നല്‍കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ അവരില്‍ ആരോടും വിവേചനം കാണിക്കുന്നില്ല. അല്ലാഹുവിന് സര്‍വ്വസ്വവും സമര്‍പ്പിച്ചവരാകുന്നു ഞങ്ങള്‍.' (ഖുര്‍ആന് 2: 136)

എല്ലാ പ്രവാചകന്‍മാരിലും വിശ്വസിക്കാന്‍ ഖുര്‍ആന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നുണ്ട്. മുഴുവന്‍ പ്രവാചകന്‍മാരും അവരുടെ അനുയായികളും ആദരിക്കപ്പെടേണ്ടതുണ്ട്.

തങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് എല്ലാ മുസ്‌ലിംകള്‍ക്കുമറിയാം. അതിനാല്‍ തന്നെ തങ്ങളുടേതായ സംഭാവനകള്‍ ഇന്ത്യക്ക് നല്‍കാനുള്ള അവസരം അവരുടെ മുമ്പിലുണ്ട്. അതേസമയം, മുസ്‌ലിംകളെക്കുറിച്ച് നിലനില്‍ക്കുന്ന പൊതുബോധം കാരണം അത് പ്രയാസകരമായ കാര്യം തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നമുക്കു സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എല്ലാ ദിവസവും മുസ്‌ലിംകളെക്കുറിച്ച വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ എനിക്കെന്റെ മുസ്‌ലിം സ്വത്വത്തില്‍ നിന്നും ഒളിച്ചുനില്‍ക്കാനാവില്ല. ഒന്നുകില്‍ എനിക്ക് സുരക്ഷിതമായ ഒരിടത്തേക്ക് ഉള്‍വലിയാം. അല്ലെങ്കില്‍ എനിക്ക് പ്രതികരിക്കാം. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ സംഭവങ്ങളെല്ലാം എന്നെ കാര്‍ക്കശ്യമുള്ള സ്വഭാവക്കാരനാക്കിയിട്ടുണ്ട്. അതോടൊപ്പം ഇതര സമുദായങ്ങളില്‍ പെട്ടവരുമായി സംവദിക്കാനും എനിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്കെന്നെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

എന്റെ സാന്നിധ്യം പുതിയ ജീവിതാനുഭവങ്ങള്‍ തങ്ങള്‍ക്ക് സാധ്യമാക്കുന്നുണ്ടെന്ന് അമുസ്‌ലിംകള്‍ കരുതുന്നുണ്ടെങ്കില്‍ അതെന്റെ വിജയം തന്നെയാണ്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാന്‍ ഇതുതന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം എന്നാണത് കാണിക്കുന്നത്. ഒരു മുസ്‌ലിം സുഹൃത്തുമായുള്ള സഹവാസത്തിലൂടെ തങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്ന് അമുസ്‌ലിംകള്‍ കരുതുന്നുണ്ടെങ്കില്‍ ഇസ്‌ലാമിക പ്രചാരണത്തിന് പറ്റിയ മാര്‍ഗ്ഗം ഇതുതന്നെയാണ്. പിന്നെ ഒരു പി.ആര്‍ ക്യാമ്പയിന്റെയും ആവശ്യവുമില്ല.

ആദ്യമായി നമ്മളൊരാളെ കാണുമ്പോള്‍ തീര്‍ച്ചയായും അയാള്‍ക്ക് നമ്മെക്കുറിച്ച് ചില മുന്‍ധാരണകളൊക്കെയുണ്ടാകും. വെറുമൊരു മുസ്‌ലിമായല്ലാതെ ഒരു ഇന്ത്യക്കാരനായും മതവിശ്വാസിയുമായൊക്കെ അമുസ്‌ലിംകള്‍ നമ്മെ കാണുന്ന വിധം അവരുമായുള്ള സമ്പര്‍ക്കങ്ങള്‍ വികസിപ്പിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രധാന വെല്ലുവിളി.

ഒരേസമയം മുസ്‌ലിമായും ഇന്ത്യക്കാരനായും നമുക്ക് നിലനില്‍ക്കാന്‍ സാധിക്കും. നമ്മുടെ രാജ്യസ്‌നേഹം തെളിയിക്കാന്‍ വേണ്ടി മതവിശ്വാസത്തില്‍ ഒത്തുതീര്‍പ്പിലെത്തേണ്ടതില്ല. നീതി, സഹിഷ്ണുത, സമത്വം, ബഹുസ്വരത തുടങ്ങിയ ഇന്ത്യന്‍ നാഗരികതയുടെ അനന്തമായ മൂല്യങ്ങളിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ദേശാഭിമാനം പ്രകടമാകേണ്ടത്.

എന്താണ് നമ്മുടെ മുമ്പിലുള്ള വഴി? പരസ്പരം വിവരങ്ങള്‍ കൈമാറുകയും സംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുക എന്നതു തന്നെയാണത്. ഒരുപാടു അമുസ്‌ലിംകള്‍ എന്നോടിങ്ങനെ പറഞ്ഞിട്ടുണ്ട്, ' എനിക്കൊരു മുസ്‌ലിമിനെയും അറിയില്ല. പക്ഷെ, ഇനി വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും'. ഇന്ത്യന്‍ മുസ്‌ലിംകള്‍ ദേശസ്‌നേഹികളാണെന്നും അവര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടെന്നും അമുസ്‌ലിംകള്‍ മനസ്സിലാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സ്വന്തം വീടുപോലെയാണ് ഞങ്ങള്‍ കാണുന്നത്.

പൊതുസേവന രംഗത്താണ് ഞാന്‍ എന്റെ ജീവിതം ചെലവഴിച്ചിട്ടുള്ളത്. കാരണം ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്നെപ്പോലെ തന്നെ ഈ രാജ്യത്തെ  മുസ്‌ലിംകളുടെ മനസ്സ് ഇന്ത്യക്കൊപ്പമാണ് എന്ന് അമുസ്‌ലിം സഹോദരങ്ങള്‍ മനസ്സിലാക്കുമെന്നാണ് എന്റെ ധാരണ. മുസ്‌ലിംകളെ വിശ്വസിക്കേണ്ടതുണ്ട്്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ അവര്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തെ കാത്തുസൂക്ഷിക്കുമെന്നത് തീര്‍ച്ചയാണ്.

മുസ്‌ലിംകള്‍ ഒരിക്കലും തങ്ങളുടെ മതവിശ്വാസത്തെയും ദേശാഭിമാനത്തെയും രണ്ടായി കാണരുത്. ഇന്ത്യയുടെ പ്രസിഡന്റും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സന്തത സഹചാരിയുമായിരുന്ന മൗലാന ആസാദാണ് നമുക്ക് പ്രചോദനമാകേണ്ടത്. അദ്ദേഹം പറയുന്നു: 'ഞാനൊരു മുസല്‍മാനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. 1300 വര്‍ഷത്തോളമുള്ള ഇസ്‌ലാമിന്റെ പാരമ്പര്യമാണ് എന്റെ അനന്തരസ്വത്ത്. ഈ അനന്തരസ്വത്തിന്റെ ഒരു ചെറിയ ഭാഗം പോലും നഷ്ടപ്പെടുത്താന്‍ ഞാനൊരുക്കമല്ല. ഇസ്‌ലാമിന്റെ ചരിത്രവും അധ്യാപനവും അതിന്റെ കലയും നാഗരികതയുമൊക്കെയാണ് എന്റെ സമ്പത്ത്. അവയെ സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.'

'ഒരു മുസല്‍മാനെന്ന നിലയില്‍ ഇസ്‌ലാമിലും ഇസ്‌ലാമിക സംസ്‌കാരത്തിലും എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. അതിന്റെ മേല്‍ കൈകടത്തുന്നതിനെ ഞാനംഗീകരിക്കുകയില്ല. എന്നാല്‍ അതോടൊപ്പം തന്നെ എന്റെ ജീവിതാവസ്ഥകളും ജീവിത യാഥാര്‍ത്ഥ്യങ്ങളും എന്റെ മേല്‍ നിര്‍ബന്ധിതമാക്കിയ വേറെയും ഒരുപാട് ബാധ്യതകളും ഉത്തരവാദിത്വങ്ങളും എനിക്കുണ്ട്. അവ നിറവേറ്റാന്‍ ഇസ്‌ലാം എനിക്കൊരു തടസ്സമാകാറില്ല. ഇസ് ലാമാണ് എനിക്ക് മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നത്.

ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാണ് ഞാന്‍. എന്നെക്കൂടാതെ ഉജ്ജ്വലമായ ഈ രാഷ്ട്രഘടന തന്നെ അപൂര്‍ണ്ണമാണ്. രാഷ്ട്രനിര്‍മ്മാണത്തില്‍ സവിശേഷമായ പങ്കാണ് ഞാന്‍ വഹിച്ചിട്ടുള്ളത്. ഈ അവകാശവാദത്തെ എനിക്കൊരിക്കലും അടിയറവു വെക്കാന്‍ കഴിയുകയില്ല.

ഒരുപാട് മനുഷ്യവിഭാഗങ്ങളും സംസ്‌കാരങ്ങളും മതങ്ങളും ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നുമെന്നതും അവയുടെയും ഒരുപാട് യാത്രാസംഘങ്ങളുടെയും അഭയസ്ഥാനമായി ഇന്ത്യ മാറുമെന്നതും ഒരു ചരിത്രവിധിയായിരുന്നു. ചരിത്രത്തിന്റെ ആരംഭത്തിന് മുമ്പ് തന്നെ ഒരുപാട് യാത്രാസംഘങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. എല്ലാവരെയും നമ്മുടെ രാജ്യം സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. തങ്ങളുടെ പൂര്‍വ്വികരുടെ കാല്‍പാദങ്ങളെ പിന്തുടര്‍ന്ന് വന്ന അവസാനത്തെ യാത്രാസംഘങ്ങളിലൊന്നായിരുന്നു മുസ്‌ലിംകള്‍. അവരിവിടെ വരികയും ഇന്ത്യക്ക് ഗുണപരമായ ഒരുപാട് സംഭാവനകളര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്'.

വിവ: സഅദ് സല്‍മി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics