വിശ്വാസ ദൗര്‍ബല്യം ചികിത്സിച്ച് മാറ്റാം

ഇന്ന് നാം ഏറെ പരിഗണന നല്‍കേണ്ട വിഷയങ്ങളിലൊന്നാണ് വിശ്വാസ ദൗര്‍ബല്യം എന്ന് പറയുന്നത് അതിശയോക്തിയാവില്ല. അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചിക്തിസിക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹങ്ങളില്‍ അപകടകരമായ ഈ രോഗം മനസ്സുകളെയും ഹൃദയങ്ങളെയും കീഴടക്കി വ്യാപിക്കുന്ന കാഴ്ച്ചകളാണ് അനുദിനം നാം കാണുന്നത്.

മനസ്സിനെ ബാധിക്കുന്ന ഈ രോഗം സ്ഥിരീകരക്കുന്ന നിരവധി സൂചകങ്ങളും ലക്ഷണങ്ങളും അടയാളങ്ങളുമുണ്ട്. വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും അത് പ്രകടമാകുന്നു. അതിലൊന്നാണ് ഹൃദയത്തിന്റെ കാഠിന്യം. അതിനെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് ആവലാതിപ്പെടുന്ന മുസ്‌ലിംകള്‍ നിരവധിയാണ്. തെറ്റുകളും പാപങ്ങളും നിഷിദ്ധങ്ങളും ചെയ്ത് അതിനോട് സമരസപ്പെട്ടവരായി മാറി പരസ്യമായോ രഹസ്യമായോ യാതൊരു മടിയുമില്ലാതെ അത് ചെയ്യുന്ന അവസ്ഥയിലെത്തലും നിര്‍ബന്ധ ആരാധനാ അനുഷ്ഠാനങ്ങളില്‍ വരുത്തുന്ന വീഴ്ച്ചയും അലംഭാവവും, ഐഹികജീവിതത്തോടുള്ള അമിതാസക്തിയും അല്ലാഹുവിനെ കുറിച്ച അശ്രദ്ധയുമെല്ലാം അതിന്റെ ലക്ഷണങ്ങളാണ്.

അപകടകരമായ ഈ പ്രതിഭാസത്തിനുള്ള ചികിത്സാ നടപടികള്‍ നേരത്തെയുള്ളതും അഹ്‌ലുസ്സുന്ന വല്‍ജമാഅത്തിന്റെ ആളുകള്‍ക്ക് അഭിപ്രായയൈക്യമുള്ളതുമാണ്. വിശ്വാസമെന്നത് നാവു കൊണ്ടുള്ള ഉച്ചാരണവും മനസ്സുകൊണ്ട് അതിനെ സത്യപ്പെടുത്തലും അവയവങ്ങള്‍ കൊണ്ടത് പ്രാവര്‍ത്തികമാക്കലുമാണെന്ന വിശ്വാസമാണത്. ആരാധനാ കര്‍മങ്ങളും അനുസരണവും അതിനെ വര്‍ധിപ്പിക്കുന്നത് പോലെ തെറ്റുകളും അല്ലാഹുവിനെ കുറിച്ച അശ്രദ്ധയും അതില്‍ കുറവ് വരുത്തുന്നു. ഇമാം ബുഖാരി പറയുന്നു: 'പല പ്രദേശങ്ങളിലെയും ആയിരത്തിലേറെ പണ്ഡിതന്‍മാരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഈമാന്‍ വാക്കും പ്രവര്‍ത്തനവുമാണെന്നും അത് (ഈമാന്‍) വര്‍ധിക്കുകയും കുറയുകയും ചെയ്യുമെന്നതില്‍ അവരില്‍ ഒരാള്‍ക്ക് പോലും അഭിപ്രായ വ്യത്യാസമുള്ളതായി ഞാന്‍ കണ്ടില്ല.'

വിശ്വാസ ദൗര്‍ബല്യമെന്ന പ്രതിഭാസത്തിനുള്ള ചികിത്സയുടെ പ്രഥമ കാല്‍വെപ്പ് ഓരോ മുസ്‌ലിമിന്റെയും അല്ലാഹുവിനെ കുറിച്ച അറിവ് ശക്തിപ്പെടുത്തലും അവനുമായുള്ള ബന്ധം ഉറപ്പിക്കലുമാണ്. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച ആഴത്തിലുള്ള അറിവിലൂടെയാണത് സാധ്യമാകുക. അതുസംബന്ധിച്ച ധാരണക്കുറവാണ് വിശ്വാസ ദൗര്‍ബല്യത്തിന്റെയും കുറവിന്റെയും പ്രധാന കാരണമെന്നത് കൊണ്ട് അക്കാര്യത്തിലുള്ള അജ്ഞത നീക്കേണ്ടത് അനിവാര്യമാണ്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെയും ഖുര്‍ആനിനെയും പ്രവാചകചര്യയെയും കുറിച്ച അജ്ഞത തന്നെയാണ് വിശ്വാസ ദൗര്‍ബല്യം വ്യാപിക്കുന്നതിന്റെ പ്രധാന കാരണം. സ്വാഭാവികമായും അതുണ്ടാക്കുന്ന ദൗര്‍ബല്യം അവരുടെ കര്‍മങ്ങളിലും പെരുമാറ്റത്തിലും പ്രകടമാകും. പ്രസ്തുത ജ്ഞാനം നേടിയെടുക്കുക എന്നത് മാത്രമാണ് അതിന്നുള്ള മറുമരുന്ന്.

വിശ്വാസ ദൗര്‍ബല്യത്തെ ചികിത്സിക്കുന്നതിലെ രണ്ടാമത്തെ നടപടി പ്രാര്‍ഥന കൊണ്ടും ദിക്‌റുകള്‍ കൊണ്ടും അല്ലാഹുവില്‍ അഭയം പ്രാപിക്കലാണ്. അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രകാരം ഒരാള്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രം വിശ്വാസം പൂര്‍ണമാവില്ല. മറിച്ച് അതിനനുസൃതമായ കര്‍മം കൂടി ഉണ്ടാവേണ്ടതുണ്ട്. ഈമാന്റെ ഏറ്റവ്യത്യാസങ്ങളുടെ മാനദണ്ഡം കര്‍മങ്ങളാണ്.

മുസ്‌ലിമിന്റെ ഉള്ളിലുള്ള വിശ്വാസം വസ്ത്രം നുരുമ്പുന്നത് പോലെ നുരുമ്പുമെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അതിന്നുള്ള ചികിത്സയും പ്രവാചകന്‍(സ) നിര്‍ദേശിച്ചു തന്നിട്ടുണ്ട്. അംറ് ബിന്‍ അല്‍ആസ് പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ''നിശ്ചയം, വസ്ത്രം നുരുമ്പുന്നത് പോലെ നിങ്ങളുടെ ഉള്ളിലുള്ള ഈമാന്‍ നുരുമ്പും. അതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിലുള്ള വിശ്വാസത്തെ പുതുക്കാന്‍ അല്ലാഹുവോട് തേടുക.''

ദൈവസ്മരണയുണ്ടാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഖുര്‍ആന്‍ പാരായണം എന്നത് നിസ്തകര്‍ക്കമാണ്. ഇമാം നവവി അടക്കമുള്ള പണ്ഡിതന്‍മാര്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇമാം നവവി അദ്ദേഹത്തിന്റെ 'അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'ഖുര്‍ആന്‍ പാരായണം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. ചിന്തിച്ചുകൊണ്ട് പാരായണം ചെയ്യുകയാണ് വേണ്ടത്.' വിശ്വാസ ദൗര്‍ബല്യത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ആലോചനയോട് കൂടിയ ഖുര്‍ആന്‍ പാരായണം. അല്ലാഹു പറയുന്നു: ''ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു.'' (അല്‍ഇസ്‌റാഅ്: 82)

പ്രാര്‍ഥനക്കും ദൈവസ്മരണക്കും ഒപ്പം ഒരു മുസ്‌ലിം ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിക്കുകയും സുന്നത്തു നോമ്പുകളും രഹസ്യമായ ദാനധര്‍മങ്ങളും മറ്റ് സല്‍ക്കര്‍മങ്ങളും അധികരിപ്പിക്കുമ്പോള്‍ വിശ്വാസ ദൗര്‍ബല്യത്തെ ചികിത്സിക്കുന്നതിലെ മൂന്നാമത്തെ നടപടിയും അവന്‍ പൂര്‍ത്തീകരിക്കുന്നു.

ഈ മാര്‍ഗത്തിലെ അവസാന കാല്‍വെപ്പ് തെറ്റുകുറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ്. ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന അവ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. തെറ്റുകള്‍ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നതിന് വ്യക്തമാക്കുന്നതാണ് അബൂഹുറൈറ(റ)യില്‍ നിന്നുള്ള ഈ പ്രവാചകവചനം: ''വ്യഭിചാരി വിശ്വാസിയായി വ്യഭിചരിക്കുകയില്ല. മോഷ്ടാവ് വിശ്വാസിയായി മോഷ്ടിക്കുകയില്ല. മദ്യപന്‍ വിശ്വാസിയായി മദ്യപിക്കുകയില്ല.''

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus