കയ്യിലുള്ള ആയുധങ്ങളുടെ ശക്തി തിരിച്ചറിയാത്തതാണ് പ്രശ്‌നം

അല്ലാഹു പറയുന്നു: 'പ്രവാചകരേ, താങ്കള്‍ക്ക് ദിവ്യബോധനത്തിലൂടെ ലഭിച്ച ഈ വേദം പാരായണം ചെയ്യുക. നമസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം നമസ്‌കാരം മ്ലേഛ കൃത്യങ്ങളില്‍ നിന്നും ദുര്‍വൃത്തികളില്‍ നിന്നും തടയുന്നതാകുന്നു. ദൈവ സ്മരണ ഇതിലുമേറെ മഹത്തരമത്രെ.' (അല്‍അന്‍കബൂത്ത്: 45)

വിശുദ്ധ ഖുര്‍ആന്‍ പഠനം, ഭയഭക്തിയുള്ള നമസ്‌കാരം, ദിക്‌റുല്ലാഹ് നിറഞ്ഞ ജീവിതം എന്നിങ്ങനെ മൂന്ന് ധാര്‍മ്മികായുധങ്ങള്‍ ഉണ്ടായാല്‍ ഹൃദയശുദ്ധി സാധ്യമാകും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവ മൂന്നും ധാരാളമായി നിര്‍വ്വഹിക്കുന്ന സമുദായം എന്തു കൊണ്ട് അനുദിനം ധാര്‍മ്മികമായി തകര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന ചോദ്യം ഏറെ പ്രസക്തമാണ്.

അനുഷ്ഠാനങ്ങളും ആരാധന-അനുസരണങ്ങളും ലക്ഷ്യം പിഴക്കുന്നുവെന്നതാണ് അതിന്റെ മൗലിക കാരണം. ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക:

1. നബി(സ) അരുള്‍ ചെയ്യുന്നു: 'അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷെ അത് അവരുടെ തൊണ്ടകള്‍ക്കപ്പുറം കടക്കില്ല. അസ്ത്രം വില്ലില്‍ നിന്നും തെറിച്ചു പോകുന്നതു പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ചു പോകുന്നു' (ബുഖാരി, മുസ്‌ലിം)
ഉപര്യുക്തനബി വചനത്തിന് വിശദീകരണത്തിന്റെ ആവശ്യമില്ല. നമ്മുടെ ചിന്തയുടെയും ബുദ്ധിയുടെയും ജീവിതത്തിന്റെയും അച്ചുതണ്ടായി ഇന്നും നാം ഖുര്‍ആനിനെ കരുതുന്നില്ല. കൂലിക്കു വേണ്ടിയുള്ള 'ഓത്തി'ന്നപ്പുറം പഠിച്ചു പകര്‍ത്താനുള്ള മാര്‍ഗ്ഗദര്‍ശകമായി ഖുര്‍ആനിനെ ഉള്‍ക്കൊള്ളുന്നില്ല.

2. നബി(സ) പറയുന്നു: 'നമസ്‌കാരത്തെ അനുസരിക്കാത്തവന് നമസ്‌കാരമില്ല' (ബൈഹഖി) ഈ പ്രവാചകവചനം വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിതന്റെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നമസ്‌കാരമെന്നത് 'കൃത്യമായ ശിക്ഷണശീലങ്ങളുടെ ഒരു വ്യവസ്ഥ'യാണ് എന്ന് സമര്‍ത്ഥിക്കുന്നു. (ഭാഗം: 3: പുറം: 669) നാം നമസ്‌കരിച്ചാല്‍ മാത്രം പോര, അഞ്ചുനേരം അല്ലാഹുവിന്റെ മുന്നില്‍ നിര്‍ബന്ധമായി കൈ കെട്ടി നിന്ന് 'നാഥാ എന്റെ മുഴുജീവിതവും നിനക്കു സമര്‍പ്പിച്ചിരിക്കുന്നു' എന്നപ്രതിജ്ഞ പുതുക്കേണ്ടവനാണെന്ന ബോധത്തോടെ ജീവിക്കുക കൂടി വേണം. അല്ലെങ്കില്‍ കഴിച്ച മരുന്ന് ഉടന്‍ തുപ്പിക്കളയുന്ന വിഡ്ഢിയായ രോഗിയെ പോലെയാവും നമ്മുടെ സ്ഥിതി. അപ്പോള്‍  പിന്നെ രോഗം മാറുന്ന പ്രശ്‌നം തന്നെയില്ല!

3. ദിക്‌റുല്ലാഹ് (ദൈവസ്മരണ) എന്നത് ഹൃദയത്തില്‍ വേരുപിടിച്ചു വളരേണ്ട ഒന്നാണ്. അല്ലാഹു തന്നെ വ്യക്തമാക്കിയതാണിത്. (ഖുര്‍ആന്‍ 10:24) മാത്രമല്ല, ചിന്താ മസ്തിഷ്‌കങ്ങളില്‍ ദിക്‌റ് നിറഞ്ഞു നിന്നാലേ മനശാന്തി കൈവരികയുള്ളൂ (ഖുര്‍: 13: 28). ആത്മാവ് ഇവ്വിധം ശാന്തിനുകര്‍ന്നു തുടങ്ങുന്നതോടെ തന്റെ നാഥനെ തേടിയുള്ള പ്രയാണം ആരംഭിക്കുകയും 'റാദിയത്തുന്‍ മര്‍ദിയ്യ' (ഖുര്‍: 89:28) എന്ന അതി മഹത്തായ പദവി പ്രാപിക്കുകയുംചെയ്യും. ഇമാം ഗസാലി(റ) യുടെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പോള്‍ നമ്മുടെ മനസ്സുകള്‍ കണ്ണാടി പോലെ തിളങ്ങും. നാഥന്റെ സന്തോഷ വര്‍ത്തമാനങ്ങള്‍ -ബുശ്‌റ- (ഖുര്‍:10: 64) അതില്‍ നിറയുകയും ചെയ്യും. അതോടെ തെറ്റ് ചെയ്യാന്‍ മനസ്സ് അശക്തമാവുന്നു. വല്ലതും സംഭവിച്ചാല്‍ തന്നെ ശക്തമായ പശ്ചാത്താപബോധത്താല്‍ മനസ്സ് പൂര്‍വ്വാധികം തിളങ്ങും.

ഖേദകരമെന്നു പറയട്ടെ, ഇവ്വിധം സമഗ്ര സംസ്‌കരണത്തിനുള്ള അതുല്യമായഉപാധിയായി  ദിക്‌റുല്ലയെ സമുദായം മനസ്സിലാക്കുന്നില്ല. പകരം പ്രത്യേക സമയങ്ങളില്‍ ഒത്തുകൂടി ഉച്ചത്തില്‍ വിളിച്ചു പറയേണ്ടുന്ന ഒന്നാണ് ദിക്‌റ് എന്ന് നമ്മുടെ പണ്ഡിതന്‍മാര്‍ പോലും ധരിച്ചു വശായിരിക്കുന്നു. ഒതുക്കിപ്പറഞ്ഞാല്‍ കയ്യിലുള്ള ആയുധങ്ങളുടെ മഹത്വം വേണ്ട വിധം അറിയാത്തതാണ് നമ്മുടെ പരാജയ നിമിത്തം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus