നന്ദിഗ്രാമില്‍ നിന്ന് എരഞ്ഞിമാവിലേക്കുള്ള ദൂരം

''കേരളത്തിന്റെ ഊര്‍ജ വികസന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവൃവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യു.ഡി.എഫും കോണ്‍ഗ്രസ് ലീഗ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പോലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ എത്തിയെന്നത് ഗൗരതരമായ ഒരു പ്രശ്‌നമാണ്.' കേസരി വാരികയില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ എഴുതിയ ലേഖനത്തിലെ വരികളല്ല മുകളില്‍ ഉദ്ധരിച്ചത് മറിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കോഴിക്കോട് ജില്ലാ സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പാണിത്. ജനങ്ങള്‍ ഭയാശങ്കയോടെ നോക്കുന്ന നിര്‍ദ്ധിഷ്ട ഗെയില്‍ പദ്ധതിക്കെതിരെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത പ്രദേശവാസികളായ മനുഷ്യരെയാണ് ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം പേറുന്നവര്‍ എന്ന് സി.പി.എം അധിക്ഷേപിച്ചത്. ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ സമരം നടക്കുമ്പോള്‍ അതിനെതിരെ തീവൃവാദവും ഭീകരവാദവും ആരോപിച്ച് പോലീസിനെ കൊണ്ട് അടിച്ചമര്‍ത്തിക്കളയാം എന്നുള്ളത് സി.പി.എമ്മിനെ പോലുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന് യോജിച്ചതല്ല. പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്ന ഒറ്റക്കാരണത്താല്‍ ജനങ്ങള്‍ക്കെതിരെ നില്‍ക്കണം എന്നാണ് സി.പി.എം ആഗ്രഹിക്കുന്നതെങ്കില്‍ നന്ദിഗ്രാമില്‍ നിന്നും സിംഗൂരില്‍ നിന്നും പാര്‍ട്ടി ഒന്നും പഠിച്ചിട്ടില്ല എന്ന് ചുരുക്കം.

ചരിത്രപരമായ മണ്ടത്തരങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് ബംഗാളില്‍ പാര്‍ട്ടി തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഗതികേടിലാണ് അവര്‍ നില്‍ക്കുന്നത്. പക്ഷെ നന്ദിഗ്രാമില്‍ നിന്ന് എരഞ്ഞിമാവിലേക്ക് അധികം ദൂരമില്ല എന്ന് സി.പി.എം ഒരിക്കല്‍ കൂടി തെളിക്കുകയാണ്. അഥവാ നന്ദിഗ്രാം ആവര്‍ത്തിക്കാന്‍ പാര്‍ട്ടി എരഞ്ഞിമാവ് തിരഞ്ഞെടുത്താണൊ എന്ന് ന്യായമായും സംശയിക്കാം. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം പേറുന്ന തീവ്രവാദികളാണ് സമരത്തിന് പിന്നില്‍ എന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്ത് കൊണ്ട് ഏഴാം നൂറ്റാണ്ട് എന്നുള്ളത് വളരെ കൃത്യമായ ഒരു അടയാളപ്പെടുത്തലാണ് സി.പി.എം ഈ പ്രസ്ഥാവനയിലൂടെ നടത്തിയത്. വംശീയമായി വര്‍ഗീയമായി അധിക്ഷേപിച്ച് ജനകീയ സമരങ്ങളെ മൂലക്കിരുത്താം എന്നതിനുമപ്പുറം പാര്‍ട്ടി അബോധപരമായി പേറി നടക്കുന്ന വംശീയ ആഢ്യ ബോധത്തിന്റെ തികട്ടി വരവാണ് ഇത്തരം പ്രസ്ഥാവനയിലൂടെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂമി വിട്ട് കൊടുക്കേണ്ടി വരുന്ന പാവപ്പെട്ട ജനതയോടൊപ്പം നില്‍ക്കേണ്ടുന്ന പാര്‍ട്ടി നേതൃത്വം ഒരു ജനതയെ മുഴുവന്‍ ഭീകരവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ്. മാത്രമല്ല ഇത്തരം വംശീയമായ അധിക്ഷേപത്തിലൂടെ സവര്‍ണ ഫാസിസത്തിന്റെ ഭാഷയാണ് ഇവര്‍ കടം കൊണ്ടത്. കേരളം തീവ്രവാദികളുടെ വിളനിലമാണ് എന്ന് സംഘ്പരിവാര്‍ നിരന്തരം ആക്രോശിക്കുമ്പോള്‍ 'അതെ നിങ്ങള്‍ പറയുന്നത് ശരിയാണ്' എന്ന് അടിവരയിടുന്ന പണിയാണ് ഇപ്പോള്‍ സി.പി.എം ചെയതു കൊണ്ടിരിക്കുന്നത്.

ഏഴാം നൂറ്റാണ് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നത് പ്രവാചകന്‍ മുഹമ്മദിന്റെ യുഗപ്പിറവിയുമായിട്ടാണ്. തീര്‍ത്തും പ്രാകൃതാവസ്ഥയില്‍ ജീവിച്ച ഒരു ജനതയെ സാംസ്‌കാരികമായും നാഗരികമായും വളര്‍ത്തിയെടുത്ത ഒരു ജന നേതാവിന്റെ ആശയത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കാന്‍ സി.പി.എമ്മിനെ പ്രചോദിപ്പിച്ചത് നേരത്തെ പറഞ്ഞ സവര്‍ണ ആഢ്യ ബോധം തന്നെയാണ്. ഇത്തരം വര്‍ഗീയമായ ബോധങ്ങളെ പ്രസരണം ചെയ്യുന്ന ഏജന്‍സി പണി ചെയ്യുന്നതിന് പകരം ഇത്തരത്തിലുള്ള ആശയ ലോകത്ത് നിന്ന് കുതറി മാറുവാന്‍ സി.പി.എമ്മിനെ പോലുള്ള ഒരു പ്രസ്ഥാനം മുന്നോട്ട് വരികയായിരുന്ന ചെയ്യേണ്ടിയിരുന്നത് അതിന് സാധിക്കാതെ പോവുന്നത് അവര്‍ എത്തിപ്പെട്ട ആശയ ദാരിദ്ര്യത്തെയാണ് വിളിച്ചറിയിക്കുന്നത്. പുതിയ ഒരു നാഗരികതയെ കെട്ടിപ്പടുത്ത പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളെ ഇത്തരത്തില്‍ വംശീയമായി അധിക്ഷേപിക്കാറുള്ളതും അക്രമണങ്ങള്‍ അഴിച്ചുവിടുന്നതും സംഘ് പരിവാര്‍ കുടുംബമാണ്. ഈ പണി എന്ന് മുതലാണ് സി.പി.എം ഏറ്റെടുത്തത് എന്ന് വ്യക്തമാക്കണം. മാത്രമല്ല ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടിലൂടെ കാലപുരിക്കയച്ച പാര്‍ട്ടി ഏത് നൂറ്റാണ്ടിലെ പ്രാകൃത ബോധത്തെയാണ് പേറുന്നത് എന്നും വിശദമാക്കുന്നത് നന്നായിരിക്കും.

വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഇരകളാക്കപ്പെടുന്ന ജനതക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ മുതിരാതെ ഭരണ കൂടം കയ്യൂക്കിന്റെ ഭാഷയില്‍ സംസാരിക്കുകയാണ്. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റയും ഭാഷയില്‍ ഒരു സംഘടന സംസാരിക്കുന്നത് അതിന്റെ നാശത്തിന്റെ കുഴി തോണ്ടുകയാണെന്ന് അവര്‍ മനസ്സിലാക്കണം. പബ്ലിക് അക്കൗണ്ടബിലിറ്റിയുള്ള ഒരു സംഘടന ഒരു ജനതയുടെ ദുരിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം അടിച്ചമര്‍ത്തലിന്റെ രീതി സ്വീകരിക്കുന്നത് എത്ര വഞ്ചനാത്മകമാണ്. സി.പിഎമ്മിന്റെ ഔദ്യോഗിക കാര്‍മികത്തില്‍ നടക്കാത്ത സമരങ്ങളെല്ലാം തീവ്രവാദികള്‍ സൃഷ്ടിച്ചതാണ് എന്ന അബദ്ധ പ്രസ്ഥാവന ഇനിയും തിരുത്താന്‍ പാര്‍ട്ടി തയാറാവുന്നില്ലെങ്കില്‍ നന്ദിഗ്രാമിലൂടെ ബംഗാളില്‍ സംഭവിച്ചത് എരഞ്ഞിമാവിലൂടെ കേരളത്തിലും സംഭവിക്കും എന്ന് ഓര്‍മപ്പെടുത്തുവാന്‍ സാക്ഷാല്‍ വി.എസ് തന്നെ വേണ്ടി വരുമോ? അന്ന് നന്ദിഗ്രാമില്‍ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ 'മാവോയിസ്റ്റ് തീവ്രവാദികള്‍' എന്ന പ്രയോഗമാണ് നടത്തിയത്. തീവ്രവാദവും ഭീകരവാദവും സമരം ചെയ്യുന്നവരുടെ മേല്‍ ചാര്‍ത്തിയാല്‍ പിന്നെ ഭരണകൂടത്തിന് കാര്യം എളുപ്പമാണ്. പക്ഷെ ഇവിടെ കാര്യം അത്ര എളുപ്പമല്ല എന്ന് അവര്‍ എത്ര നേരത്തെ മനസ്സിലാക്കുന്നുവൊ അത്രയും നന്ന്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാര്‍ കലാപം എന്നത് വര്‍ഗീയ ഭ്രാന്ത് പിടിച്ച മാപ്പിളമാരുടെ ചുരുക്കപ്പേരല്ലാതെ മറ്റൊന്നുമല്ല എന്ന് കരുതുന്നവരാണൊ കേരളത്തിലെ കമ്യൂണിസ്റ്റുകള്‍? ഒരിക്കലുമല്ല, എന്ന് മാത്രമല്ല സാമ്രാജ്യത്വ വിരുദ്ധ ജന്മിത്ത വിരുദ്ധ സമരത്തിന്റെ ഊര്‍ജമാണ് അതെന്നും അവര്‍ വിശദീകരിക്കുന്നു. ആ പാര്‍ട്ടിയാണ് ഇത്തരത്തിലുള്ള പ്രസ്ഥാവന നടത്തിയത് എന്നത് നമ്മെ അല്‍ഭുതപ്പെടുത്തുന്നതോടൊപ്പം ചില ഓര്‍മപ്പെടുത്തലുകള്‍ അനിവാര്യമാണെന്നും മനസ്സിലാവുന്നു.

അധികാരത്തിന്റെ ദുരന്തപര്യവസാനത്തെ കുറിച്ച് അല്‍ബര്‍ട്ട് കമ്യു അദ്ദേഹത്തിന്റെ പതനം എന്ന പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിക്കുന്നു. ('അധികാരം എല്ലാറ്റിന്റെയും അവസാന വാക്കാണ്. അത് എല്ലാത്തിനെയും അപ്പപ്പോള്‍ത്തന്നെ ഒതുക്കുന്നു. കുറച്ചു കാലമെടുത്തെങ്കിലും നാം ഇപ്പോള്‍ അതു മനസ്സിലാക്കിയിരിക്കുന്നു. നമ്മുടെ യൂറോപ്പ് കണ്ടില്ലേ - ഇപ്പോള്‍ ശരിയായ രീതിയിലാണ് പ്രതികരിക്കുന്നത്. ക്ലിഷ്ടമില്ലാതിരുന്ന പഴയ കാലത്തെപ്പോലെ നമ്മള്‍ പറയുന്നേയില്ല. ഇതാണെന്റെ അഭിപ്രായം. എന്തൊക്കെയാണ് താങ്കളുടെ തടസ്സവാദങ്ങള്‍? ആ കാലം പോയി. നമുക്ക് കുറേക്കൂടി വ്യക്തത വന്നിരിക്കുന്നു. ഇപ്പോള്‍ സംഭാഷണങ്ങളും സംവാദങ്ങളുമില്ല. ഡയലോഗിനു പകരം അറിയിപ്പുകളാണ്. ഇതാണ് സത്യം .നമ്മള്‍ പറയുന്നു. നിങ്ങള്‍ക്ക് ആകാവുന്നിടത്തോളം അതേപ്പറ്റി ചര്‍ച്ച ചെയ്യാം. പക്ഷെ, ഞങ്ങള്‍ക്ക് അതില്‍ ഒരു താല്‍പര്യവുമില്ല. കുറച്ചുകാലം കൂടി കഴിഞ്ഞോട്ടെ . ഞാന്‍ പറയുന്നതാണ് ശരിയെന്ന് നിങ്ങളെ കാണിച്ചു തരാന്‍ പോലീസും ഉണ്ടാവും.'' (അല്‍ബേര്‍ കമ്യു - പതനം) നിലവിലെ കേരളത്തിലെ പിണറായി സര്‍ക്കാര്‍ മുകളില്‍ പറഞ്ഞ അധികാര ബോധത്തെയാണ് പേറുന്നത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കാര്യങ്ങള്‍ ആ വഴിക്ക് നീങ്ങുകയാണെന്ന് ജനത മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അതിനാല്‍ ഓര്‍മകള്‍ ചില മറവികളെ വീണ്ടെടുക്കാനുള്ള സമര പോരാട്ടമാണെന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതുന്നു. സംവാദത്തിന്റെ ചര്‍ച്ചയുടെ ഒരു സ്ഥലകാലത്തിലേക്ക് സി.പി.എം നേതൃത്വത്തിലുള്ള ഭരണകൂടം മുന്നോട്ട് വരുന്നില്ല എങ്കില്‍ കേരളം മറ്റൊരു ബംഗാളായി തീരാന്‍ അധിക കാലം വേണ്ടി വരില്ല.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics