സത്യസന്ധതയിലാണ് രക്ഷയെന്ന് മക്കളെ നാം പഠിപ്പിക്കുന്നുണ്ടോ?

ഒട്ടനവധി തിന്മകളിലേക്ക് വാതില്‍ തുറക്കുന്ന സ്വഭാവമാണ് കളവ്. ഒരാളത് തന്റെ സ്വാഭാവത്തിന്റെ ഭാഗമാക്കിയാല്‍ ഗുരുതരമായ അപകടത്തിന്റെ പടുകുഴിലേക്കാണത് അവനെ തള്ളിയിടുക. എല്ലാ ചീത്തകാര്യങ്ങളിലേക്കുമുള്ള മാര്‍ഗമാണതെന്നല്‍ സംശയമില്ല. കളവ് ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമായാല്‍ തെറ്റുകളും മ്ലേച്ഛകാര്യങ്ങളും ചെയ്യല്‍ അവന് വളരെ എളുപ്പമായിരിക്കും. ശിക്ഷയില്‍ തിന്ന് തന്നെ രക്ഷിക്കാന്‍ കളവ് തുണയാകുമെന്ന വിചാരത്തിന്റെ ഫലമാണത്.

മുനാഫിഖുകളുടെ ഗുണമായി പ്രവാചകന്‍(സ) പരിചയപ്പെടുത്തി തന്നിട്ടുള്ള ഒന്നാണ് കളവ് പറച്ചില്‍. ''മുനാഫിഖിന്റെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. അവന്‍ സംസാരിച്ചാല്‍ കളവ് പറയും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ വഞ്ചിക്കും.''

കളവെന്ന അപകടത്തിന് നേര്‍വിരുദ്ധമായ സ്വഭാവമാണ് സത്യസന്ധത. ഓരോ മുസ്‌ലിമും എടുത്തണിയേണ്ട ഗുണമാണത്. ചെറുപ്പം മുതല്‍ ജീവിതത്തില്‍ അതുണ്ടാവുകയും വളരുന്നതിനുസരിച്ച് ആ ഗുണവും വളര്‍ന്ന് അവന്റെ സ്ഥായിയായ വിശേഷണമായിട്ടത് മാറേണ്ടതുണ്ട്. ഒരു മുസ്‌ലിം സത്യസന്ധനായി വിശേഷിപ്പിക്കപ്പെടുന്നതും ആ ഗുണം എല്ലായ്‌പ്പോഴും അവന്‍ മുറുകെ പിടിക്കുന്നതും എത്ര മനോഹരമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ സത്യസന്ധനായി അറിയപ്പെടുന്നതിലുപരിയായി അല്ലാഹുവിന്റെ അടുക്കല്‍ അവന്‍ സത്യസന്ധനായി രേഖപ്പെടുത്തപ്പെടുന്നു.

പ്രവാചകന്‍(സ) പറയുന്നു: ''നിശ്ചയം, സത്യം നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ സത്യസന്ധനെന്ന് രേഖപ്പെടുത്തുമാറ് മനുഷ്യന്‍ സത്യം പറഞ്ഞുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നയിക്കുന്നു. അല്ലാഹുവിങ്കല്‍ കളളനെന്ന് മുദ്രകുത്തപ്പെടുമാറ് മനുഷ്യന്‍ കളവ് പറഞ്ഞുകൊണ്ടിരിക്കുന്നു.''

ജീവിതത്തെ ഒന്നടങ്കം വ്യവസ്ഥപ്പെടുത്തുന്ന സത്യസന്ധത പല വിധത്തിലാണ്. വിശ്വാസിയുടെ ജീവിതത്തെ ഒന്നടങ്കം അത് പ്രകാശപൂരിതമാക്കുന്നു. അല്ലാഹുവിനോടുള്ള അവന്റെ സത്യസന്ധത അവന്റെ ഏകത്വത്തിലും അവനുള്ള ഇബാദത്തുകളിലും ആത്മാര്‍ത്ഥതയിലുമാണ്. അതുപോലെ സ്വന്തത്തോടവന്‍ സത്യസന്ധനാവുമ്പോള്‍ അവന്റെ അകവും പുറവും പരസ്പരം യോജിപ്പുള്ളതാവുകയും കര്‍മങ്ങള്‍ വാക്കുകള്‍ക്കനുസരിച്ചാവുകയും ചെയ്യുന്നു. മറ്റുള്ളവരോട് അവന്‍ സത്യസന്ധനാവുമ്പോള്‍ അവരെയവന്‍ വഞ്ചിക്കുകയോ ചതിക്കുകയോ അവരോട് കളവ് പറയുകയോ ഇല്ല.

നമ്മിലും നമ്മുടെ മക്കളിലും വളര്‍ത്തിയെടുക്കേണ്ട മൂല്യമാണിത്. ഇക്കാര്യത്തില്‍ പ്രവാചകന്‍(സ)യായിരിക്കണം നാം മാതൃകയാക്കേണ്ടത്. ചെറുപ്പം മുതലേ അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമായിരുന്നു. തമാശക്ക് പോലും അദ്ദേഹം കളവു പറഞ്ഞിട്ടില്ല. ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. പരിപൂര്‍ണ സത്യസന്ധതയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.

നാം ജീവിക്കുന്ന സമൂഹത്തിലേക്ക് നോക്കുമ്പോള്‍ കളവെന്ന മാരക രോഗത്തെയാണ് നാമതില്‍ കാണുന്നത്. സത്യസന്ധത അത്യപൂര്‍വ ഗുണമായി മാറിയിരിക്കുന്നു. ഏതെങ്കിലും ദൈവ നിരാസത്തില്‍ ജീവിക്കുന്ന സമൂഹങ്ങളില്‍ മാത്രമല്ല, മുസ്‌ലിം സമൂഹങ്ങളുടെ പോലും അവസ്ഥ ഇതാണ്. താല്‍ക്കാലിക താല്‍പര്യങ്ങളോ ഭയമോ കാരണം കളവു പറയുന്ന ചില മാതാപിതാക്കളുണ്ട്. എന്നാല്‍ നാം അറിയാതെ അത് നമ്മെ സ്വാധീനിക്കുന്നു. തമാശയാണെന്ന ന്യായം ഉന്നയിച്ച് കളവു പറയുന്നവര്‍ നമ്മുടെ മക്കളുടെ കൂട്ടത്തിലുണ്ടാവാം. ആ കളവിനെ കുറിച്ച് ചോദിച്ചാല്‍ 'ഞാന്‍ തമാശക്ക് പറഞ്ഞതാണ്' എന്നു പറഞ്ഞ് അതിനെ നിസ്സാരമാക്കുന്നു.

മക്കളെ കളവ് പറയാന്‍ പഠിപ്പിക്കുന്നത് ചിലപ്പോഴെല്ലാം രക്ഷിതാക്കള്‍ തന്നെയാണ്. അവരില്‍ സത്യവും നന്മകളും നട്ടുവളര്‍ത്തുന്നതിന് പകരം പ്രായോഗിക നിലപാടുകളിലൂടെ അവരെ കളവ് പറയാന്‍ പഠിപ്പിക്കുകയാണ്. പലപ്പോഴും രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കുന്ന ശിക്ഷാ നടപടികളുടെ രീതി കളവ് പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒന്നാണ്. ഏറെ വൈദഗ്ദ്യം വേണ്ട ഒരു കലയാണ് ശിക്ഷിക്കല്‍. കുട്ടി തെറ്റ് സമ്മതിച്ചാലും അവനെ ശിക്ഷിക്കുന്നുവെങ്കില്‍ തെറ്റ് ചെയ്തതിന്റെ പേരിലാണ് സത്യം പറഞ്ഞതിന്റെ പേരിലല്ല ശിക്ഷിക്കപ്പെടുന്നത് എന്ന ബോധം അവനില്‍ ഉണ്ടാക്കണം. അല്ലാത്ത പക്ഷം അടുത്ത തവണ കുട്ടി തന്റെ തെറ്റ് മറച്ചുവെക്കാന്‍ കളവിനെയായിരിക്കും കൂട്ടുപിടിക്കുക. സത്യസന്ധതയുടെ പേരില്‍ ശിക്ഷ ഒഴിവാക്കുകയാണ് അതാണ് ഏറ്റവും നല്ലത്. ശിക്ഷയെ കുറിച്ച ഭയമാണ് പലപ്പോഴും കുട്ടികളെ കളവ് പറയാന്‍ പ്രേരിപ്പിക്കുന്നത്.

അപ്രകാരം ഭയം, അസ്വസ്ഥത, ദുരഭിമാനം, ചുറ്റുമുള്ളവരുടെ അനുകമ്പ പിടിച്ചുപറ്റല്‍, മുതിര്‍ന്നവരെ അനുകരിക്കല്‍, കളവ് പറയല്‍ ഒരു തമാശയായി കാണല്‍, തമാശക്കുള്ള കളവ് കുഴപ്പമില്ല എന്ന ചിന്ത തുടങ്ങിയവയും കളവ് പറയുന്നതിന് കാരണമാവാം. എന്നാല്‍ ശിക്ഷയെ കുറിച്ച ഭയം തന്നെയാണ് കുട്ടികളെ കളവു പറയുന്നവരാക്കി മാറ്റുന്ന പ്രധാന ഘടകം. അതിലൂടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാമെന്ന ചിന്തയാണ് അതിലേക്കവരെ നയിക്കുന്നത്. താല്‍ക്കാലികമായി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെങ്കിലും വലിയൊരു തെറ്റിലേക്കാണ് താന്‍ പതിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. കളവ് പറഞ്ഞ് വിജയിക്കുന്നതിനേക്കാള്‍ ഉത്തമം സത്യം പറഞ്ഞതിന്റെ പേരില്‍ ശിക്ഷിക്കപ്പെടലാണെന്ന ബോധമാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus