റാഫേലിന്റെ ചിത്രത്തിലെ ഇബ്‌നുറുശ്ദ്

ഇറ്റാലിയന്‍ നവോത്ഥാന ചിത്രകാരന്‍ റാഫേലിന്റെ പ്രശസ്ത ചുവര്‍ചിത്രമായ 'ദി സ്‌കൂള്‍ ഓഫ് ഏതന്‍സ്'-ല്‍ മുസ്‌ലിം തത്വചിന്തകനായ അവിറോസ് (ഇബ്‌നു റുശ്ദ്) എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? പാശ്ചാത്യലോകത്തെ സ്വാധീനിച്ച എല്ലാ ചിന്തകന്‍മാരെയും ശാസ്ത്രജ്ഞന്‍മാരെയും ചിത്രകാരന്‍ തന്റെ ചിത്രത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്. ആയതിനാല്‍, 16-ാം നൂറ്റാണ്ടിലെ ഈ ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്ലാറ്റോയും അരിസ്‌റ്റോട്ടിലും വന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സ്‌കൂളിന്റെ ഭാഗമായി രണ്ട് 'പൗരസ്ത്യ' ദേശക്കാര്‍ ഉണ്ടെന്നതാണ് ഏറെ ആശ്ചര്യമുണര്‍ത്തുന്നത്: സൊരാഷ്ട്രരും, അവിറോസുമാണ് ആ രണ്ടുപേര്‍. ഡാന്റെ അലിഘിയേരിയുടെ ഡിവൈന കൊമേഡിയ വായിക്കുന്നവര്‍ക്കും അതേ അളവിലുള്ള ആശ്ചര്യമുണ്ടാവാന്‍ ഇടയുണ്ട്. 14-ാം നൂറ്റാണ്ടിലെ ഈ നവോത്ഥാന മഹദ്കൃതിയില്‍ സ്വര്‍ഗം, മരണാനന്തര ശുദ്ധീകരണ സ്ഥലം, നരകം, നല്ലവരായ അക്രൈസ്തവര്‍ക്ക് മരണാനന്തരം സുഖജീവിതം സാധ്യമാകുന്ന ലിംബോ എന്നിവയെ സംബന്ധിച്ച് ഡാന്റെ വിവരിച്ചിട്ടുണ്ട്. ലിംബോയില്‍ ഗ്രീക്ക്, റോമന്‍ പൗരാണികരെ മാത്രമല്ല നമുക്ക് കാണാന്‍ കഴിയുക, മറിച്ച് മൂന്ന് മുസ്‌ലിംകളെയും നമുക്ക് കാണാം: ഇബ്‌നു റുശ്ദ് (അവിറോസ്), ഇബ്‌നു സീന (അവിസെന്ന), സലാഹുദ്ദീന്‍ എന്നിവരാണവര്‍.

പാശ്ചാത്യ നാഗരികതയുടെ അടിസ്ഥാനങ്ങള്‍ പ്രതിപാദിക്കുന്ന രണ്ട് നവോത്ഥാന മഹദ്കൃതികള്‍ അതിന്റെ കേന്ദ്രത്തില്‍ ഒരു മുസ്‌ലിമിനെ പ്രതിഷ്ഠിക്കുന്നു എന്ന വസ്തുത, ചുരുക്കി പറഞ്ഞാല്‍ വിചിത്രം തന്നെയാണ്. നവോത്ഥാനം, മാനുഷികത്വം, ജ്ഞാനോദയം എന്നിവ ശുദ്ധ യൂറോപ്യന്‍ നേട്ടങ്ങളായാണ് നാം പഠിച്ചുവരുന്നത്. ഈ വീക്ഷണമനുസരിച്ച്, പെട്രാര്‍ക്കിനെ പോലെയുള്ള മാനവികവാദികളാണ് നഷ്ടപ്പെട്ട ഗ്രീക്ക്, റോമന്‍ കൈയ്യെഴുത്ത്പ്രതികള്‍ പുരാതന അബയ് ലൈബ്രറികളില്‍ നിന്നും കണ്ടെത്തിയത്. ഇതാണ് ഇരുണ്ട മധ്യയുഗത്തിന്റെ അന്ത്യത്തിനും, ചര്‍ച്ച് മേലുള്ള മനുഷ്യന്റെ പുനരാലോചനക്കും, പ്രമാണങ്ങള്‍ക്ക് മേലുള്ള വിമര്‍ശന ചിന്തക്കും തിരികൊളുത്തിയത്.

ഈ ചരിത്രാഖ്യാനം തെറ്റാണ്. തീര്‍ച്ചയായും റോമന്‍ ഗ്രന്ഥങ്ങള്‍ വീണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൂടിയും, ഗ്രീക്ക് ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ ഇത് സത്യമല്ല. ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് തത്വചിന്തകന്‍മാരും, ശാസ്ത്രജ്ഞന്‍മാരും യൂറോപ്പിലേക്ക് കടന്നുവന്നത് അവരുടെയെല്ലാം കൃതികള്‍ അറബിയില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ടതു കൊണ്ടാണ്. 8-ാം നൂറ്റാണ്ടില്‍ ബാഗ്ദാദിലെ ഖലീഫമാര്‍ തുടക്കം കുറിച്ചതാണ് ഈ വിവര്‍ത്തന പ്രസ്ഥാനം. ടോളമിയുടെ ഗോളശാസ്ത്രവും, യൂക്ലിഡിന്റെ ക്ഷേത്രഗണിതവും, ഗാലന്റെ വൈദ്യവുമായിരുന്നു കേന്ദ്രസ്ഥാനത്ത് ഉണ്ടായിരുന്നത്. അതേസമയം തന്നെ, ഇന്ത്യന്‍, പേര്‍ഷ്യന്‍ ശാസ്ത്രരേഖകളും വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഈ ആശയങ്ങളെ പരസ്പരം കൂട്ടിയോജിപ്പിച്ചു, അതവരെ കൂടുതല്‍ ഉന്നതങ്ങളിലെത്തിക്കുകയും, രസതന്ത്രം, അല്‍ജിബ്ര പോലെയുള്ള പുതിയ ശാസ്ത്രശാഖകളുടെ പിറവിക്ക് കാരണമാവുകയും ചെയ്തു. അവരുടെ കണക്കുകൂട്ടലുകളായിരുന്നു കോപ്പര്‍നിക്കസിന്റെയും ന്യൂട്ടന്റെയും കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിച്ചത്.

തത്വശാസ്ത്രത്തിന് ബാഗ്ദാദില്‍ വളരെയധികം പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. പ്ലാറ്റോയും അരിസ്‌റ്റോട്ടിലും ജനകീയരായിരുന്നു. അവരുടെ കൃതികള്‍ വ്യാപകമായി പഠിക്കപ്പെടുകയും, ചര്‍ച്ചചെയ്യപ്പെടുകയും, സംവാദ വിഷയമാവുകയും ചെയ്തു. എന്നാല്‍, ക്രിസ്ത്യന്‍ മുന്‍ഗാമികള്‍ക്കും, അവരെ പിന്‍പറ്റിയവര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്ന അതേപ്രശ്‌നം ഇസ്‌ലാമിക തത്വചിന്തകര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നു:  ദൈവശാസ്ത്രം, പരിശുദ്ധ പ്രമാണങ്ങള്‍ എന്നിവയുമായി എങ്ങനെ തത്വശാസ്ത്രത്തെ കൂട്ടിയോജിപ്പിക്കാം എന്നതായിരുന്നു അവര്‍ അഭിമുഖീകരിച്ച പ്രശ്‌നം. യൂറോപ്പില്‍ സെന്റ് അഗസ്റ്റിന്‍ (മരണം എ.ഡി 430) ദൈവശാസ്ത്രത്തിന് അനുഗുണമായി പ്രസ്തുത സംവാദത്തിന് അന്ത്യം കുറിച്ചു, അന്നുമുതല്‍ക്ക് വിമര്‍ശന ചിന്ത നിരോധിക്കപ്പെട്ടു. പ്രസ്തുത സംവാദം പുനരാരംഭിക്കാന്‍ മുതിര്‍ന്നവരൊക്കെ ചര്‍ച്ചിനാല്‍ നിശബ്ദരാക്കപ്പെടുകയും, ബഹിഷ്‌കരിക്കപ്പെടുകയും ചെയ്തു. ചുരുങ്ങിയത് 12-ാം നൂറ്റാണ്ടിന്റെ അവസാനം വരേക്കെങ്കിലും അറബ് ലോകത്ത് അങ്ങനെയൊരു പ്രവണത ഉണ്ടായിരുന്നില്ല.

അവസാനത്തെയും, ഏറ്റവും പ്രശസ്തനുമായ മുസ്‌ലിം തത്വചിന്തകന്‍  ഇബ്‌നു റുശ്ദ് ആയിരുന്നു. അവിറോസ് എന്ന തന്റെ ലാറ്റിന്‍ നാമത്തിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. ബാഗ്ദാദിന്റെ പതനത്തിന് ശേഷം കെയ്‌റോയുടെ കൂടെ മുസ്‌ലിം ലോകത്തിന്റെ ബൗദ്ധിക കേന്ദ്രമായി മാറിയ അല്‍അന്ദലുസിന്റെ തലസ്ഥാനമായിരുന്ന കൊര്‍ദോവയില്‍ 1126-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യൂറോപ്പില്‍ ഇബ്‌നു റുശ്ദ് 'ദി കമന്റേറ്റര്‍' (വ്യാഖ്യാതാവ്) എന്ന് വിളിക്കപ്പെട്ടു. കാരണം മറ്റാരേക്കാളും കൂടുതല്‍ അരിസ്റ്റോട്ടിലിന്റെ കൃതികള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതിയത് ഇബ്‌നു റുശ്ദ് ആയിരുന്നു. അതിനേക്കാളുപരി, ഇബ്‌നു റുശ്ദിന്റെ വ്യാഖ്യാനങ്ങളുടെ ലാറ്റിന്‍ വിവര്‍ത്തനങ്ങള്‍ മുഖേനയാണ് അരിസ്‌റ്റോട്ടില്‍ യൂറോപ്പിന് പരിചിതനായി മാറിയത്.

ഇബ്‌നു റുശ്ദ് യൂറോപ്പില്‍ ഒരു ബൗദ്ധിക ഭൂചലനം തന്നെ സൃഷ്ടിച്ചു. 'സത്യം ഒന്നേയുള്ളു, അതിലേക്ക് രണ്ടുവഴികളിലൂടെ എത്തിച്ചേരാം: വിശ്വാസത്തിലൂടെയും കൂടാതെ തത്വശാസ്ത്രത്തിലൂടെയും' എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ രണ്ടു വഴികളും പരസ്പരം എതിരിടുമ്പോള്‍, അതിനര്‍ത്ഥം ദൈവികപാഠങ്ങള്‍ നാം അവയുടെ ആന്തരികാര്‍ത്ഥത്തില്‍ വായിക്കേണ്ടതുണ്ട് എന്നാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിശ്വാസത്തേക്കാള്‍ ഏറെ പ്രധാനം യഥാര്‍ത്ഥ തത്വശാസ്ത്രത്തിന്റെ (അഥവാ ശാസ്ത്രം) അന്വേഷണത്തിനാണ്. അത് കൂടാതെ, ആത്മാവിന്റെ അനശ്വരമാണ് എന്ന സങ്കല്‍പ്പത്തിനും, പ്രപഞ്ചത്തിന്റെ സൃഷ്ടിവാദത്തിനും എതിരെ ഇബ്‌നു റുശ്ദ് വാദിച്ചു.

പാരിസ്, ബൊലോഗ്ന, പാദുവ, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ പ്രഥമ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ഇബ്‌നു റുശ്ദിന്റെ വാദമുഖങ്ങള്‍ സ്വീകരിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു. ഇത് ചര്‍ച്ചിനുള്ളില്‍ പരിഭ്രാന്തിക്ക് കാരണമായി ഭവിച്ചു. അദ്ദേഹത്തിന്റെ വാദമുഖങ്ങളും, അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്ര ആശയങ്ങളും വളരെയധികം ശക്തമായിരുന്നു. 1277-ല്‍, പാരിസിലെ ബിഷപ്പ് ഇബ്‌നു റുശ്ദിന്റെ ആശയങ്ങളെ അപലപിക്കുകയും, നിരോധിക്കുകയും ചെയ്തു, അത് പക്ഷെ ബിഷപ്പിന്റെ സ്വന്തം വാക്കുകള്‍ കൊണ്ടായിരുന്നില്ല. ഇബ്‌നു റുശ്ദിന്റെ വാദമുഖങ്ങളെ നേരിടാന്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമിക ലോകത്തെ എതിരാളി ഇമാം ഗസാലിയുടെ വാക്കുകള്‍ ബിഷപ്പിന് പകര്‍ത്തേണ്ടി വന്നു. എന്നിരുന്നാലും, തോമസ് അക്വിനാസ് ഇബ്‌നുറുശ്ദിന്റെ വാദമുഖത്തെ തന്റെ 'Against Averroes' എന്ന ഗ്രന്ഥത്തില്‍ ഖണ്ഡിക്കുകയും, 'Summa Theologica' എന്ന ഗ്രന്ഥത്തില്‍ ദൈവശാസ്ത്രത്തെ തത്വശാസ്ത്രത്തിന് മുകളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നാല്‍ അതൊന്നും തന്നെ ഇബ്‌നുറുശ്ദിന്റെ ആശയങ്ങള്‍ക്കും, അദ്ദേഹത്തിന്റെ സ്വതന്ത്രചിന്തക്കും തടസ്സം സൃഷ്ടിച്ചില്ല. 17-ാം നൂറ്റാണ്ടിന്റെ അവസാനം വരേക്കും കത്തോലിക്കാ ചിന്തകന്‍മാര്‍ ആത്മാവിന്റെ അനശ്വരത എന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാന്‍ അക്ഷീണം എഴുതി. ഇബ്‌നുറുശ്ദിനെ തള്ളിപ്പറയുക അനിവാര്യമാണെന്ന് ദെക്കാത്തിന് വരെ തോന്നിയിരുന്നു, അതുപക്ഷെ പ്രതീക്ഷിച്ച പോലെ വിജയം കണ്ടില്ല. ജൂതചിന്തയുടെ പിന്‍വാതിലിലൂടെയാണ് യൂറോപ്യന്‍ തത്വശാസ്ത്രത്തിലേക്ക് ഇബ്‌നുറുശ്ദിന്റെ ആശയങ്ങള്‍ വീണ്ടും നുഴഞ്ഞുകയറിയത്. അത് വിശദീകരിക്കണമെങ്കില്‍ നമുക്ക് പിറകിലോട്ട് സഞ്ചരിക്കേണ്ടി വരും, അതായത് മോസസ് മൈമൊനൈഡിന്റെ കാലത്തിലേക്ക്. മോസസ് മൈമൊനൈഡ് എന്ന ജൂതചിന്തകന്‍ (സലാഹുദ്ദീന്‍ അയ്യൂബിയുടെ സ്വകാര്യ വൈദ്യനും കൂടിയായിരുന്നു) ഇബ്‌നുറുശ്ദിന്റെ സമകാലികനായിരുന്നു. ഇബ്‌നുറുശ്ദിന്റെ ഗ്രന്ഥങ്ങള്‍ വായിച്ച മൈമൊനൈഡ്, അദ്ദേഹത്തിന്റെ തത്വശാസ്ത്രം മൊത്തത്തില്‍ സ്വീകരിച്ചു. മൈമൊനൈഡിന്റെ ഗ്രന്ഥങ്ങള്‍ നൂറ്റാണ്ടുകളോളം ജൂതലോകത്ത് പ്രമാണികകൃതികളായി പരിഗണിക്കപ്പെട്ടു.

ഒരുപക്ഷേ, ഇഹലോകവാസം വെടിഞ്ഞ് 400 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇബ്‌നുറുശ്ദ് തന്റെ ഏറ്റവും പ്രധാനപ്പെട്ട വിജയം കരഗതമാക്കിയിട്ടുണ്ടാവുക. റികോണ്‍ക്വിസ്റ്റക്ക് ശേഷം സ്‌പെയ്‌നില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് രക്ഷപ്പെട്ടോണ്ടേണ്ടി വന്ന ഒരു ജൂതകുടുംബാംഗമാണ് ജ്ഞാനോദയത്തിന്റെ പിതാക്കന്‍മാരില്‍ ഒരാളായ ബറൂച്ച് ദെ സ്പിനോസ. ജൂത ബൗദ്ധിക പാരമ്പര്യം വഴി സ്പിനോസ അരിസ്‌റ്റോട്ടില്‍, ദെ മെദിഗോ, മൈമൊനൈഡ്‌സ്, ഇബ്‌നുറുശ്ദ് എന്നിവരെ കണ്ടെത്തി. ആത്മാവിന്റെ അനശ്വരതയെയും, ദൈവാസ്തിത്വത്തെയും നിഷേധിക്കുന്നവന്‍ എന്ന ആരോപണം സ്പിനോസക്ക് മേലും ഉണ്ടായിരുന്നു. വിമര്‍ശനാത്മക സ്വതന്ത്രചിന്തക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം ജ്ഞാനോദയ കാലഘട്ടത്തിലെ പ്രധാന സ്വാധീനശക്തിയായിരുന്നു.

യൂറോപ്യന്‍ ചിന്തയുടെ രൂപീകരണത്തില്‍ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ക്കും, തത്വചിന്തകര്‍ക്കും നിര്‍ണായമായ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഒരു ബൗദ്ധിക പ്രതിസന്ധി അറബ് ലോകം അഭിമുഖീകരിച്ചിരുന്നു എന്നതും സത്യമാണ്. ഏകാധിപത്യഭരണകൂടങ്ങളും, മതഭ്രാന്തും അറബ് ശാസ്ത്ര, തത്വശാസ്ത്ര മേഖലകളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാശ്ചാത്യലോകം പുരോഗതിയിലേക്ക് കുതിച്ചു. എന്നിരുന്നാലും, ചിന്തയുടെ ലോകചരിത്രത്തിലെ മുസ്‌ലിം ലോകത്തിന്റെ പങ്കിനെ തള്ളിപ്പറയുന്നത് ചരിത്രത്തെ വ്യഭിചരിക്കുന്നതിന് തുല്ല്യമാണ്. ചരിത്ര വിദ്യാഭ്യാസത്തില്‍ ചരിത്രസത്യങ്ങള്‍ക്ക് ഒരു പുതിയ ഇടം നല്‍കേണ്ട സമയമാണിത്.

അവലംബം: medium.com
മൊഴിമാറ്റം: irshad kalachal

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics