ഇലാഹീ പ്രണയസങ്കല്‍പ്പങ്ങള്‍ക്കൊരു പൊളിച്ചെഴുത്ത്

ഇലാഹീ പ്രണയമെന്നത് സൂഫികളുടെ ഇഷ്ടവിഷയവും പരികല്‍പനയുമാണ്. ഭക്തിമാര്‍ഗമെന്ന നിലയില്‍ ഇസ്‌ലാമിന്റെ ഉള്ളില്‍ നിന്നുതന്നെ വികസിച്ചുവന്ന ഒരു ആത്മീയധാരയെന്ന നിലക്ക് സൂഫിസത്തിന് ഇന്നും സ്വീകാര്യത വര്‍ധിച്ചുവരികയാണ് താനും. സാമൂഹികജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളിലും ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യാന്‍ കരുത്തും ശേഷിയുമുള്ള ഇസ്‌ലാമികവ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതില്‍ ചരിത്രപരമായ പങ്ക് വഹിക്കാനും സൂഫിസത്തിന് സാധിച്ചുവെന്നതാണ് വസ്തുത. എന്നാല്‍ ഒരു ഭക്തിമാര്‍ഗമെന്നതിലുപരി ഒരു വിജ്ഞാനശാഖയായി അത് വികസിച്ചപ്പോള്‍ അതില്‍ രൂപപ്പെട്ട പല സിദ്ധാന്തങ്ങളുും പരികല്‍പനകളും ഖുര്‍ആന്റെ അടിസ്ഥാനമതസങ്കല്‍പത്തോടും പരികല്‍പനകളോടുമുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഇസ്‌ലാമികദര്‍ശനത്തെ ആഴത്തില്‍ പഠനവിധേയമാക്കുന്ന നിരവധി കൃതികള്‍ രചിച്ചിട്ടുള്ള ഇന്ത്യന്‍ പണ്ഡിതന്‍ മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി തന്റെ ദീന്‍ കാ ഖുര്‍ആനി തസവ്വുര്‍ (സൂഫിമതസങ്കല്‍പവും ഖുര്‍ആനും) എന്ന ഉര്‍ദു ഗ്രന്ഥം രചിക്കപ്പെടുന്നത്. തന്റെ മാസ്റ്റര്‍പീസ് എന്ന് ഗ്രന്ഥക്കാരന്‍ സ്വയം തന്നെ അവകാശപ്പെടുന്ന ഒരു കൃതിയാണെന്ന വിശേഷണം കൂടി ഇതിനുണ്ട്.
   
സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം ഏതുതരത്തിലായിരിക്കണം എന്നതിനെ അടിസ്ഥാനമാക്കി ഖുര്‍ആന്‍ ഒരു മതസങ്കല്‍പമുണ്ടെന്നും, ഇസ്‌ലാമിക ചിന്താകര്‍മവ്യവസ്ഥയുടെ ഊടും പാവും നിര്‍ണയിക്കുന്നത് ഈ മതസങ്കല്‍പമാണെന്നും അതോടൊപ്പം ഈശ്വരപ്രണയമെന്നത് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു മതസങ്കല്‍പ്പമാണെന്നും സ്വാഭാവികമായും ഈ മതസങ്കല്‍പ്പം അതിന്റെ വക്താക്കളുടെ ചിന്താകര്‍മവ്യവസ്ഥയെ അടിമുടി സ്വാധീനിക്കുന്നുണ്ടെന്ന് ഗ്രന്ഥക്കാരന്‍ സമര്‍ത്ഥിക്കുന്നു. കൂടാതെ ഖുര്‍ആന്റെ മതസങ്കല്‍പ്പവും ഈശ്വരപ്രണയത്തിലധിഷ്ഠിതമായ മതസങ്കല്‍പ്പവും തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലൂടെ മുസ്‌ലിം സൂഫികളുടെ ഇഷ്ടവിഷയമായ ഇലാഹീ പ്രണയത്തിന്റെ വേരുകള്‍ ഖുര്‍ആനികവിരുദ്ധമായ മതസങ്കല്‍പത്തിലാണ് നിലകൊള്ളുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇസ്‌ലാമിനെകുറിച്ച സൂഫികളുടെ കാഴ്ചപ്പാടിനെ അത് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് കൂടി ഗ്രന്ഥക്കാരന്‍ പരിശോധനാവിധേയമാക്കുന്നുണ്ട്.

മതത്തെ കുറിച്ച അടിസ്ഥാനവിഭാവന, ദൈവസ്‌നേഹവും ഖുര്‍ആനും, ഖുര്‍ആനിക മതസങ്കല്‍പ്പത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങള്‍, പ്രണയാധിഷ്ഠിത മതസങ്കല്‍പം, ഖുര്‍ആന്റെ അനുയായികളില്‍ ദൈവികപ്രണയസങ്കല്‍പ്പത്തിന്റെ സ്വാധീനം എന്നീ തലക്കെട്ടുകളില്‍ ഊന്നികൊണ്ടാണ് ഇലാഹീ പ്രണയസങ്കല്‍പങ്ങളെ ഗ്രന്ഥക്കാരന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പൊളിച്ചെഴുതുന്നത്. കാലങ്ങളായി നാം കൊണ്ട് നടക്കുന്ന മിഥ്യാധാരണകളെ കൂടി തിരുത്തുന്നുണ്ട് ഈ കൃതി. മാത്രമല്ല, സൂഫി വിമര്‍ശനങ്ങള്‍ യഥേഷ്ടം ലഭ്യമായ മലയാളത്തില്‍ ഇത്തരമൊരു പഠനം ആദ്യത്തേത് കൂടിയാണ്. ഇലാഹീ പ്രണയത്തെകുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ഈ കൃതി പുതിയൊരു സംവാദമണ്ഡലം കൂടി തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത് പണ്ഡിതനായ കെ.ടി. അബ്ദുറഹ്മാന്‍ നദ്‌വിയാണ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics