'ചാറ്റിംഗ് മധുരം' വ്യഭിചാരത്തിന്റെ വഴിതുറക്കും

അന്യ സ്ത്രീ പുരുഷന്മാര്‍, വിശിഷ്യ യുവതലമുറ ഇപ്പോള്‍ ചാറ്റിംഗിന്റെ മാന്ത്രിക ലഹരിയിലാണ്. വളരെ നിര്‍ദ്ദോശമായി തുടങ്ങുകയും ഒടുവില്‍ വന്‍ വിപത്തിലേക്ക് നിപതിക്കുകയും ചെയ്യുന്ന നൂറുക്കണക്കിനു സംഭവങ്ങളാണ് ദിനേനയെന്നോണം ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ഓണ്‍ലൈനിന്റെ  'മധുര നെറ്റി'ല്‍ കുടുങ്ങി നിരവധി പേര്‍ വഴി തെറ്റുകയോ കബളിപ്പിക്കപ്പെടുകയോ ചെയ്യുന്നു. കുടുംബത്തകര്‍ച്ചകള്‍ വ്യാപകമാകുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും വരെ ഉണ്ടാകുന്നു.

എല്ലാ ചാറ്റിംഗുകളും അപകടകരമാണെന്നല്ല;അപകട സാധ്യത വളരെയേറെയാണെന്നേ ഉദ്ദേശിച്ചുള്ളൂ. ദൈവം നമുക്ക് ഒരു താക്കോല്‍ നല്‍കിയിട്ടുണ്ട്. അതിനെ നാം മന:സാക്ഷിയെന്നു വിളിക്കുന്നു. മന:സാക്ഷിയുടെ താക്കോല്‍ കൊണ്ട് നന്മയുടെ വാതിലുകള്‍ തുറക്കുകയും തിന്മയുടെ വാതായനങ്ങള്‍ ബന്ധിക്കുകയും വേണം. എന്നാല്‍ നമ്മില്‍ പലരും നന്മ തുറക്കാന്‍ കാട്ടുന്ന ആര്‍ജ്ജവം തിന്മയെ തളക്കുന്നതില്‍ കാണിക്കാറില്ല.

മുഹമ്മദ് നബി(സ) ഇതെ കുറിച്ച് കൃത്യമായ ലക്ഷ്യബോധം നല്‍കിയിട്ടുണ്ട്.പാപങ്ങള്‍ കടന്നു വരാനിടയുള്ള മുഴുവന്‍ വഴികളും അടച്ചു പൂട്ടണമെന്നു പഠിപ്പിച്ച പ്രവാചകന്‍ ഒരു മന:ശാസ്ത്ര വിശാരദനെപോലെ എന്താണ് പുണ്യമെന്നും, എന്താണ്  പാപങ്ങളെന്നും പഠിപ്പിച്ചിട്ടുണ്ട്.
അവിടുന്ന് പറയുന്നു: 'നിന്റെ മനസ്സില്‍ സംതൃപ്തിയുണ്ടാക്കുന്നതാണ് നന്മ. മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുന്നതും ജനം അറിയുന്നതിനെ നീ വെറുക്കുന്നതുമാണ് തിന്മ '

തിന്മകളില്‍ അതീവ മാരകശേഷിയുള്ളതത്രെ ലൈംഗിക തിന്മകള്‍. നിസ്സാരമായ ഒരു ദര്‍ശനത്തില്‍ നിന്നോ സ്പര്‍ശനത്തില്‍ നിന്നോ ആവും അത് ആരംഭിക്കുക. തുടര്‍ന്ന് ചെറുതീപ്പൊരിയില്‍ നിന്ന് വലിയ അഗ്‌നിയെന്നോന്നം കത്തിപ്പടരും.അതു കൊണ്ടാവാം അല്ലാഹു 'വ്യഭിചാരം കൊളെള അടുക്കരുത് ' (ഖുര്‍: 17:32) എന്നാജ്ഞാപിച്ചത്. മറ്റൊരു തിന്മയെയും ഇങ്ങനെ ഒറ്റയടിക്ക് ഖുര്‍ആന്‍ തകര്‍ത്തിട്ടില്ല (മദ്യം, അടിമത്വം തുടങ്ങിയവ ഘട്ടം ഘട്ടമായാണ് ഇസ്‌ലാം അവസാനിപ്പിച്ചത് )

ഈ ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനമെന്നോണം മുഹമ്മദ് (സ) അരുള്‍ ചെയ്യുന്നു: 'നോട്ടത്താല്‍ കണ്ണുകള്‍ വ്യഭിചരിക്കുന്നു. സ്പര്‍ശനത്താല്‍ കൈകള്‍ വ്യഭിചരിക്കുന്നു. അധര്‍മ്മമേഖലയിലേക്ക് നടന്നുകൊണ്ട് കാലുകള്‍ വ്യഭിചരിക്കുന്നു. ചുംബിച്ചു കൊണ്ട് വായ വ്യഭിചരിക്കുന്നു. ജനനേന്ദ്രിയങ്ങളെ പറ്റിയുള്ള ആലോചനകള്‍ക്കും അഭിലാഷങ്ങള്‍ക്കും രൂപം നല്‍കി ഹൃദയവും തെറ്റ് ചെയ്യുന്നു ' ( ബുഖാരി, മുസ്‌ലിം)

പ്രവാചകന്റെ പ്രശസ്തമായ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്: 'അല്ലാഹുവേ എന്റെ കാതുകളാലും കണ്ണുകളാലും എന്റെ ഹൃദയത്താലും ബീജത്താലും സംഭവിക്കുന്ന തിന്മകളെ തൊട്ട് ഞാന്‍ നിന്നില്‍ അഭയം തേടുന്നു' (അബൂദാവൂദ്) 'ഒരു പുരുഷനും സ്ത്രീയും തനിച്ചായാല്‍ മൂന്നാമനായി അവിടെ പിശാചുണ്ടാകും' എന്നതാണ് മറ്റൊരു നബി വചനം.

ഒരു ചെറു ചിരിയോ 'Hi 'ഓ പാപകൃത്യങ്ങള്‍ കടന്നു വരാനുള്ള വഴിയാവാം. അതിനാല്‍ തുറന്നാല്‍ അപകടമുണ്ടാക്കുന്ന 'പണ്ടോറയുടെ പെട്ടി ' കള്‍ മുഴുവന്‍ അടച്ചുപൂട്ടുക. അറിയുക! താക്കോലുകള്‍ തുറക്കാന്‍ മാത്രമുള്ളതല്ല, പൂട്ടാന്‍ കൂടി യുള്ളതാണ്. ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയുമാണ് ദൈവം വാഴ്ത്തിയത് (ഖുര്‍:24:3031) എന്നുകൂടി അറിയുക.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics