പ്രവാചകനും ആയിശയും തമ്മില്‍ പ്രണയിക്കുകയായിരുന്നു

ഇസ്‌ലാം സ്ത്രീക്ക് കാര്യമായ യാതൊരു പരിഗണനയും നല്‍കിയിട്ടില്ല എന്നാണ്  അതിന്റെ വിരോധികള്‍ സാധാരണമായി പറഞ്ഞ് നടക്കാറുള്ളത്. ഇസ്‌ലാമും അതിന്റെ പ്രവാചകന്‍ മുഹമ്മദ് നബിയും  അറേബ്യന്‍ ഉപദ്വീപില്‍ സ്ത്രീ സമുഹത്തിന് നല്‍കിയ പരിഗണനയും വകവെച്ചുകൊടുത്ത അംഗീകാരവും എത്ര മഹത്തരമായിരുന്നു എന്നതിന്ന് ചരിത്രം സാക്ഷിയാണല്ലോ. ഇസ്‌ലാമിന് മുമ്പുള്ള മക്കാ നിവാസികള്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നുവെന്നതും അതിന്ന് അവരെ പ്രചോദിപ്പിച്ചിരുന്നത് എന്തായിരുന്നുവെന്നും അറിയാത്തവരല്ല നാമാരും. അത്തരമൊരു ജനസമൂഹത്തോടാണ് ' പെണ്‍കുഞ്ഞുങ്ങളെ മാന്യമായി പോറ്റി വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടന്ന് വാഗ്ദാനം''  ചെയ്യുന്ന  പ്രവാചകനെ ലോകം കാണുന്നത്.

അക്കാലത്ത് സ്ത്രീകള്‍ക്ക്  അടിമയുടേതോ ഒരു വില്‍പനച്ചരക്കിന്റേതോ ആയ പരിഗണന മാത്രമാണ് ലഭിച്ചിരുന്നത്.   വിവാഹത്തിന് പോലും അവരുടെ സമ്മതം പരിഗണിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നില്ല. അപ്പോഴാണ് തങ്ങള്‍ക്കിഷ്ഠമില്ലാത്തവരെ ഭര്‍ത്താവായി സ്വീകരിക്കേണ്ടതില്ല എന്ന് പ്രവാചകന്‍ കണിശമായ നിലപാടറിയിക്കുന്നത്.

മുസ് ലിം സ്ത്രീകള്‍ വിവാഹ ശേഷം തങ്ങളുടെ പേര് ഭര്‍ത്താവിലേക്ക് ചേര്‍ത്തി പറയേണ്ടതില്ലന്നതിലൂടെ സ്ത്രീയുടെ സ്വത്വം അംഗീകരിക്കുകയാണ് ഇസ് ലാം ചെയ്തത്. ഇങ്ങനെ സ്വയം നിര്‍ണയാവകാശം നല്‍കി സ്ത്രീ സമൂഹത്തെ ഒന്നാകെ കൈപിടിച്ചുയര്‍ത്തിയ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം.


നിങ്ങള്‍ക്ക് നല്ലൊരു പ്രണയ കഥ വായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ '' Romeo and Juliet'' അല്ല നിങ്ങള്‍ വായിക്കേണ്ടത്; പ്രവാചകന്റെയും പ്രിയ പത്‌നി ആയിശ ബീവിയുടെയും സംഭവ ബഹുലമായ വൈവാഹിക ജീവിത കഥയാണ് നിങ്ങളതിന് തെരഞ്ഞെടുക്കേണ്ടത്.

പ്രവാചകന്‍ ഏറെ സ്‌നേഹവും പ്രേമവുമുള്ള ഒരു ജീവിത പങ്കാളിയായിരുന്നു. പ്രവാചകനോടൊപ്പമുള്ള ഒരു ഭക്ഷണ സന്ദര്‍ഭം ആയിശ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്:  ഞാന്‍  നബിയുടെ തൊട്ടടുത്തിരുന്ന്  ഒന്നിച്ച്  ഭക്ഷണം കഴിക്കുമ്പോഴാണ് ഏറെ ആനന്ദമുണ്ടായിരുന്നത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വെള്ളം കുടിക്കാന്‍ ഒരു കോപ്പയാണുണ്ടാവുക. ഞാന്‍ കുടിച്ച് കഴിഞ്ഞാല്‍ പിന്നീട് പ്രവാചകനെടുക്കും ഞാന്‍ ചുണ്ടുവെച്ച അതേ സ്തലത്ത് പ്രവാചകനും ചുണ്ടുവെച്ച് കുടിക്കും. ഭക്ഷണ തളികയിലെ എല്ലോട് കൂടിയ വലിയ ഇറച്ചി കഷ്ണം ഞാന്‍ കടിച്ചെടുത്ത അതേ സ്തലത്തു നിന്നുതന്നെ നബിയും കടിച്ചെടുക്കും. അതു പോലെ ഭക്ഷണ ഉരുളകള്‍ എന്റെ വായിലേക്കും പകര്‍ന്ന് തരുമായിരുന്നു.

നബിയും ആയിശയും പരസ്പരം ആശയവിനിമയം നടത്തുന്നതിന് ഒരു കോഡ് ഭാഷതന്നെ ഉണ്ടാക്കിയിരുന്നുവെന്നതാണ് സത്യം. ഇതു പോലത്ത ധാരാളം ജീവിത നുറുങ്ങുകള്‍ പ്രവാചകന്റെ കുടുംബ ജീവിതത്തില്‍ നിന്ന് പെറുക്കിയെടുക്കാന്‍ സാധിക്കും.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics