പ്രതീക്ഷയാണ് ജീവിതം

ഈമാന്‍ എന്ന വിശ്വാസ കാര്യങ്ങള്‍, അടിസ്ഥാനപരമായി പ്രതീക്ഷയും പ്രത്യാശയുമുള്ള മനുഷ്യനെ സൃഷ്ടിക്കുന്നു (ഡോ :യൂസുഫുല്‍ ഖറദാവിയുടെ 'വിശ്വാസവും ജീവിതവും ' അല്‍ ഈമാനു വല്‍ ഹയാത്ത് എന്ന 'മാസ്റ്റര്‍പീസി'ന്റെ ഉള്ളടക്കം ഈ വസ്തുത സ്ഥാപിക്കലാണ്). നിത്യജീവിതത്തിലുടനീളം സത്യവിശ്വാസി / സത്യവിശ്വാസിനി സൂക്ഷിക്കേണ്ട ശുഭാപ്തിയുടെ നാരായവേരിനത്രെ ഈമാന്‍ എന്നു പറയുന്നത്. ഈമാന്‍ ഒരു 'നല്ല വൃക്ഷ 'മാകുന്നതും അതുകൊണ്ടാണ്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:'നിങ്ങളെ നാം ഭയം, വിശപ്പ് എന്നിവ കൊണ്ടും സ്വത്തുക്കളുടെയും ശരീരങ്ങളുടെയും ഉത്പന്നങ്ങളുടെയും നഷ്ടം കൊണ്ടും പരീക്ഷിക്കുന്നതാണ്. തീര്‍ച്ച! എന്നാല്‍ ആപത്ത് പിടിപെടുമ്പോള്‍, ഞങ്ങളെല്ലാം അല്ലാഹുവിന്റേതും അവങ്കലേക്കു തന്നെ മടങ്ങേണ്ട വരുമാണെന്നു പറഞ്ഞ് ക്ഷമ കൈക്കൊള്ളുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക. അവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവരത്രെ നേര്‍മാര്‍ഗികള്‍'(ഖുര്‍:2:155156)

വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, ഭരണകൂടം.. എല്ലായിടത്തു നിന്നും സത്യവിശ്വാസികള്‍ക്ക് സദാ പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടാവും. ഇരുട്ടും വെളിച്ചവും പോലെ സുഖ ദുഃഖങ്ങള്‍ മാറി മറിഞ്ഞു വരുന്നതാണ് മനുഷ്യ ജീവിതം. അന്തിമ വിശകലനത്തില്‍ അവയൊക്കെയും ദൈവിക പരീക്ഷണങ്ങളാണെന്ന ബോധവും ബോധ്യവും ഉണ്ടായിരിക്കണം.

'നന്മ തിന്മകള്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നാണ് ' എന്നവിധിവിശ്വാസത്തിന്റെ കാമ്പും കരുത്തും നമുക്ക് നല്‍കുന്നത് നിരാശയല്ല; പ്രത്യാശയാണ്. ഈ വസ്തുതകളെ വര്‍ത്തമാനകാല ഇന്ത്യയുമായി ചേര്‍ത്തുവെക്കുക. ഒരു ഭാഗത്ത് സംഘ് പരിവാര്‍ കൊലവിളികളും മറുഭാഗത്ത് മതേതര ശക്തികളുടെ ഛിദ്രതയും. ഈ സന്ദിഗ്ദാവസ്ഥയിലും പക്ഷെ നമുക്ക് നിരാശക്ക് വകയില്ല. നൈരാശ്യത്തെ ഇസ്‌ലാം നിരോധിച്ചിരിക്കുന്നു.'സത്യനിഷേധികളും കൃതഘ്‌നരും മാത്രമേ ദൈവകാരുണ്യത്തെ കുറിച്ച് നിരാശപ്പെടൂ' എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പ്രശ്‌നം ഏതായാലും ശുഭപ്രതീക്ഷയോടും സ്ഥിരോത്സാഹത്തോടും കൂടി ഉറച്ചു നില്‍ക്കുക. 'നിശ്ചയം പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്' (ഖുര്‍: 94:6)

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus