ഫാഷിസ്റ്റ് കവചങ്ങളെ തകര്‍ത്തെറിഞ്ഞ ഹാദിയ യുടെ വിധി പ്രഖ്യാപനം

അടിച്ചമര്‍ത്തപ്പെട്ട ആ ശബ്ദം അലയടിക്കുന്നു. അതിന്റെ അലയൊലികള്‍ ലോകത്തിനോട് .. കാലത്തിനോട് .. സര്‍വോപരി ഇന്ത്യനവസ്ഥയോട് സംവേദനാത്മക മുഴക്കങ്ങളായി അടയാളപ്പെടുന്നതാണ്. ഫാഷിസ്റ്റ് താല്‍പര്യങ്ങള്‍ താഴിട്ടുപൂട്ടിയ മുസ്ലിം നീതിയെയും സ്വാതന്ത്ര്യ രാഹിത്യത്തെയുമാണ് പൊതുമനസാക്ഷിയുടെ 'തുറന്ന കോടതി'യില്‍ ഹാദിയ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മുസ്ലിമിന്റെ നിസ്സഹായാവസ്ഥയുടെ നിലവിളിയും നീതിയോടുള്ള അടങ്ങാത്ത തേട്ടവുമാണത്. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കല്‍ സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിപ്പിച്ചില്ല. പ്രകോപനങ്ങള്‍.. പ്രലോഭനങ്ങള്‍., എന്നിട്ടും പതറാത്ത അപാരമായ മാനസിക ശേഷിയും ഇഛാശക്തിയും വിശ്വാസദാര്‍ഢ്യവും ഹാദിയയില്‍ പ്രകടമായി. എന്നിട്ടും അവര്‍ പറയുന്നു, ഹാദിയ മനോരോഗിയാണെന്ന്.  ഇത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം മാത്രം. ഭ്രാന്ത് ആരോപിക്കപ്പെട്ട പ്രവാചകന്റെ വഴിയിലാണവള്‍.
ഹാദിയയുടേത് സത്യത്തിന്റെ ദീര്‍ഘശ്വാസം കഴിക്കലാണ്. അത് ഗദ്ഗദപ്പെടുന്നത് ഇരട്ടനീതി അരങ്ങു വാഴുന്ന എല്ലാ അധികാര സ്ഥാപനങ്ങളുടെയും നേര്‍ക്കാണ്. അത് ആര്‍ജവപ്പെടുന്നത് വിശ്വാസ ബോധ്യത്തിന്റെ ദിവ്യതയാര്‍ന്ന കരുത്ത് കൊണ്ടാണ്. അത് നിര്‍ഭയപ്പെടുന്നത് പ്രതിസന്ധികളെ .. പാരതന്ത്ര്യങ്ങളെ അതിജയിക്കുന്നതിലാണ്. പ്രതികൂലാവസ്ഥകളുടെ ഇരുള്‍ മുറിയില്‍ നിന്ന് മതേതര ജനാധിപത്യ ഇന്ത്യയുടെ നീതി  നിയമ വ്യവസ്ഥയുടെ വിധി തീര്‍പ്പിലേക്കുള്ള വഴിമധ്യേ തന്റെ ജിഹ്വയെ വീണ്ടെടുത്തു അവള്‍. മൗനത്തിന്റെ നിലയില്ലാക്കയങ്ങളില്‍ നിന്ന് കേള്‍വിയുടെ കച്ചിത്തുരുമ്പിനായി അണു മാത്ര നിമിഷങ്ങളെ സ്വായത്തമാക്കിയ ആ പ്രഖ്യാപനം നിരവധി മാനങ്ങളുള്ളതാണ്. അത് തറയ്ക്കപ്പെടുന്നത് സവര്‍ണ ഫാഷിസ്റ്റുകളുടെയും അവരുടെ അധികാര വ്യൂഹങ്ങളെ സമ്മതിച്ചു കൊടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധ ഉപകരണങ്ങളുടെയും നേര്‍ക്കാണ്.
മനസാക്ഷിയുടെ കോടതിയില്‍ തന്റെ സ്വാതന്ത്ര്യത്തെ സ്വയം പ്രഖ്യാപിച്ച് സ്വന്തം ഭാഗധേയത്തെ നിര്‍ണയിച്ചു ഹാദിയ. സ്വന്തത്തിനായ വിധി പ്രഖ്യാപനം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഹാദിയ നടത്തി.
കുടുംബത്തിന്റെ..സാംസ്‌കാരികതയുടെ .. സ്‌റ്റേറ്റിന്റെ..എല്ലാ അധീശത്വത്തെയും അതിജയിച്ച് തന്റെ സ്വത്വത്തെ സ്വയം തീര്‍പ്പാക്കുന്ന ഹാദിയ നീ ഇരകളുടെ പ്രതീക്ഷയാണ്. സ്വന്തം നീതി തേടിയുള്ള നിന്റെ പ്രയാണത്തിന് ആത്മീയ പ്രതീക്ഷ സാഫല്യമേകട്ടെ.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics