ആഴത്തില്‍ മുറിവേല്‍ക്കുന്ന ജനാധിപത്യം

 വര്‍ത്തമാന ഇന്ത്യയില്‍ വളരെ നിര്‍ണായകമെന്നോണം സംഭവിക്കാനിരിക്കുന്ന ഒന്നായാണല്ലോ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.  കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ വളരെ ഗൗരവതരമായ സമീപനം ആവശ്യപ്പെടുന്നതുമാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 923 സ്ഥാനാര്‍ത്ഥികളില്‍ 137 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം,198 പേര്‍ കോടിപതികള്‍,കൊല,വധശ്രമം, തട്ടികൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തുടങ്ങി ഗുരുതര കുറ്റങ്ങളില്‍ പ്രതികളാണ് 78 പേര്‍. ഇത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവരെ മാത്രം ആപതിച്ച രോഗമല്ല. പൊതുവെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവരില്‍ ഏറിയ പങ്കും തല്‍സ്ഥിതിയാണ്.

  ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ മാറ്റിനിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിച്ചാലും നാം സ്തബ്ധരാവേണ്ട അവസ്ഥയാണ്. ജനാധിപത്യ വ്യവസ്ഥയുടെ കോവിലുകളായ പാര്‍ലമെന്റിലും നിയമനിര്‍മാണ സഭകളിലും അംഗങ്ങളായി ഇരിക്കുന്നവരില്‍ പലരും പലകേസുകളിലും പ്രതികളാണ്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകള്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല, നിലവില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട പതിമൂവായിരത്തില്‍പരം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടികിടക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായ ബെഞ്ച് മുമ്പ് പറഞ്ഞതുമാണ്. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി തീര്‍പ്പ് കല്‍പ്പിക്കണം. ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് തന്നെയാണ് പറഞ്ഞത്. എന്നാല്‍ ക്രിമിനല്‍ കുറ്റവാളിക്കോ,അതില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കോ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യത്തോട് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്തത് കുറ്റസമ്മതമോ,ഏറ്റുപറച്ചിലോ ആയിട്ട് വേണം കരുതാന്‍.

  ജനപ്രതിനിധികള്‍ ഒരുതരത്തില്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവേണ്ടവരാണ്.എന്നാല്‍ ജനാധിപത്യമെന്ന പ്രകിയക്ക് പരിക്കേല്‍പ്പിക്കും വിധമുള്ള ആപത്കരമായ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ സംരക്ഷകരെന്ന് നാം കരുതിപ്പോരുന്ന ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകുന്നത്.ഇതൊരുതരത്തിലുള്ള അപചയത്തിന്റെ ദുസൂചനകളാണ്. ഇതിന് ഭരണകൂടത്തിന്റെ അഴകൊഴമ്പന്‍ സമീപനങ്ങള്‍ സംഗതി കൂടുതല്‍ വഷളാക്കുന്നുണ്ട്. കോടതിയുടെയും,തെരഞ്ഞെടുപ്പ് കമീഷന്റെയും നിലപാടുകളോട് ഉദാസീന സമീപനം വെച്ച് പുലര്‍ത്തുന്ന ഭരണകൂടം കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിക്കുകയും ഇത്തരമൊരു നീചവൃത്തിയെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഏറെ സവിശേഷതകളുള്‍കൊള്ളുന്ന ജനാധിപത്യ സമ്പ്രദായം ഇനിയും അഴുക്ക് പുരളാന്‍ നാം അനുവദിച്ച് കൂടാ. പണവും സ്വാധീനവുമുപയോഗിച്ച് ഏത് നിയമക്കുരുക്കുകളില്‍നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ യഥേഷ്ടമുള്ള നിലവിലെ നിയമവ്യവസ്ഥകളും പുതുക്കിപ്പണിയണം. നിരപരാധികള്‍  ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥകളില്‍നിന്നും ഒരു രക്ഷയാണ് ഇനിയാവശ്യം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics