ഹിജാബും മറ്റുള്ളവയെ പോലെ ആധുനിക വസ്ത്രം തന്നെ: നദാല്‍ സോയ

ഹിജാബ് പ്രാചീന കാലത്തെ വസ്ത്രമാണെന്നും അപരിഷ്‌കൃത സമൂഹത്തിന്റേതാണെന്നും പറയുന്നവരുടെ വായടപ്പിക്കുകയാണ് 27ഉകാരിയായ നദാല്‍ സോയ.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഡല്‍ഹിയിലെ ഒരു അനാഥശാലയില്‍ ജോലി നിഷേധിക്കപ്പെട്ടവളാണ് സോയ. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഇവരെ 'ഹിജാബ് ധരിച്ച് ഒരു കിലോമീറ്റര്‍ അകലെ നിന്നും കണ്ടാല്‍ മുസ്‌ലിമിനെ പോലുണ്ടെന്ന്' പറഞ്ഞാണ് അധികൃതര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. സോഹ അലിയുമായി 'മുസ്‌ലിം മിറര്‍' ലേഖിക കുശ്ബൂ ഖാന്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.


ഇസ്‌ലാമോഫോബിയയുടെ ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുമ്പോഴാണ് ജനാധിപത്യ ഇന്ത്യയുടെ തലസ്ഥാനത്തും സമാന സംഭവം അരങ്ങേറുന്നത്. തെക്കന്‍ ഡല്‍ഹിയിലെ കോട്‌ല മുബാറക്പൂരിലെ അനാഥശാല അധികൃതരില്‍ നിന്നാണ് സോയക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടത്. 'മനുഷ്യത്വമല്ല, യാഥാസ്ഥിക ഇസ്‌ലാമാണ് നീ മുന്നോട്ടു വെക്കുന്നതെന്നും, നിന്റെ ഉന്നത വിദ്യാഭ്യാസമെല്ലാം ചോര്‍ന്നു പോയെന്നുമാണ്' ശര്‍മ റിക്രൂട്ടര്‍ സോയയോട് പറഞ്ഞത്.

'തങ്ങള്‍ മത-വിമോചനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഹിജാബ് ധരിച്ചാല്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നും കണ്ടാല്‍ പോലും നിങ്ങളെ മുസ്‌ലിമിനെ പോലുണ്ടെന്നുമാണ് അഭിമുഖം നടത്തിയ ശര്‍മ എന്ന വ്യക്തി പറഞ്ഞത്.' സോയ പറയുന്നു.

ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ ബിരുദ പഠനത്തിന് ശേഷം മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് എം.എസ്.ഡബ്ല്യൂ പൂര്‍ത്തിയാക്കിയ നദാല്‍ സോയക്ക് ഇമെയിലിലൂടെയായിരുന്നു ഇത്തരത്തില്‍ മറുപടി ലഭിച്ചത്. ബിഹാറിലെ പറ്റ്‌നയില്‍ ജനിച്ച സോയ പിന്നീട് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

'നമ്മുടെ വിദ്യാഭ്യാസ യോഗ്യത മാത്രം നോക്കിയല്ല, മതപരമായ ചിഹ്നങ്ങളും നോക്കി ചില വിലക്കുകള്‍ ഇന്ന് നാം നേരിടുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ നമ്മള്‍ പ്രതികരിക്കേണ്ടതുണ്ട്. എന്നെ ഒരു ഇരയായി പരിഗണിക്കേണ്ടതില്ല, മറ്റൊരാളുടെ പദവിയെ അവഹേളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ എന്നെപ്പോലെ മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവമുണ്ടാവാതിരിക്കാനും ഞാന്‍ ശ്രമിക്കും. അതാണ് എന്റെ ലക്ഷ്യം.

നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലും ആര്‍ക്കും തങ്ങളിഷ്ടപ്പെടുന്ന ജോലി നഷ്ടപ്പെടാന്‍ പാടില്ല. നമ്മള്‍ ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നത്. ഇതിനെല്ലാം നമ്മുടെ ഭരണഘടന നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട് സോയ പറയുന്നു.

ഇതാദ്യമായല്ല സോയക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെടുന്നത്. നേരത്തെ പറ്റ്‌നയിലെ പ്രമുഖ സ്‌കൂളില്‍ ജോലിക്ക് അപേക്ഷിച്ച സമയത്തും ഇതേ കാരണം പറഞ്ഞ് ഇവര്‍ക്ക് ജോലി നിഷേധിച്ചിരുന്നു.

'ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ ആധുനികതയുടെ അടയാളമായി കാണുകയും അവര്‍ക്ക് അതിന് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മുഖമക്കന ധരിക്കാനും ഹിജാബ് ധരിക്കാനും എന്തുകൊണ്ട് സ്വാതന്ത്ര്യമില്ല' അല്‍പം സങ്കടത്തോടെ സോയ ചോദിക്കുന്നു.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics