ജറുസലേം എന്തുകൊണ്ട് ഇസ്രായേല്‍ തലസ്ഥാനമല്ല?

1967 ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം പിടിച്ചെടുത്തത് മുതല്‍ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഇസ്രായേല്‍ 'ജറുസലേം ദിനം' ആചരിക്കാറുണ്ട്.

ഇസ്രായേല്‍ പതാകയേന്തിയ വലതു പക്ഷ ചിന്താഗതിക്കാരായ ജൂത യുവാക്കള്‍,  ഫലസ്റ്റീന്‍ അറബ്മുസ്ലിം വിരുദ്ധ വംശീയ മുദ്രാവാക്യങ്ങള്‍  മുഴക്കി കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തിനു ചുറ്റും കലിതുള്ളി നടക്കുന്ന ദിനമാണത്.
''അറബികള്‍ക്ക് മരണം'' തുടങ്ങി ജറുസലേമിലെ ഫലസ്റ്റീനികളെ കൊല്ലാനും,ഉന്മൂലനം ചെയ്യാനുമുള്ള ആഹ്വാനങ്ങളാണ് മുഴങ്ങി കേള്‍ക്കുക. അവര്‍ ചിലപ്പോള്‍ ഫലസ്തീനികള്‍ താമസിക്കുന്ന പ്രദേശങ്ങളിലൂടെ പരേഡ് നടത്തുകയും, കടകള്‍ക്കും ,വീടുകള്‍ക്കും നേരെ അക്രമവും,ആക്രോശവും നടത്തി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യും.1948 ല്‍  അറബികളുമായുള്ള  യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജറുസലേം കൈക്കലാക്കിയിരുന്ന ഇസ്രായേല്‍,കിഴക്കന്‍ ജറുസലേം പിടിച്ചടക്കിയ ദിവസത്തെ തങ്ങളുടെ തലസ്ഥാനത്തിന്റെ കിഴക്കു, പടിഞ്ഞാറ് ഭാഗങ്ങളുടെ 'ഏകീകരണ ദിന'മായാണ് കാണുന്നത്.
കിഴക്കന്‍ ജറുസലേമിലേക്കുള്ള അധിനിവേശത്തോടു കൂടി നഗരം മുഴവനും യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലേക്കു വന്നു.എന്നാല്‍ അന്തര്‍ദേശീയ സമൂഹം അമേരിക്കയുള്‍പ്പെടെ ഒരിക്കലും ജറുസലേമിന് മേലുള്ള ഇസ്രായേല്‍ അവകാശ വാദം ഇതുവരെ അംഗീകരിച്ചിരുന്നില്ല*. അറബ് ഇസ്രായേല്‍ തര്‍ക്കപരിഹാരത്തിന്റെ  മുഖ്യ പ്രതിബന്ധമായി നില്‍ക്കുന്നതും ജറുസലേമിന്റെ  പദവി സംബന്ധിച്ചുള്ള  അഭിപ്രായ വ്യത്യാസമാണ്.

അന്തര്‍ദേശീയ സമൂഹത്തിന്റെ നിലപാട്

1947 ലെ ഐക്യ രാഷ്ട്ര സഭയുടെ വിഭജന പദ്ധതിയനുസരിച്ചു ജറുസലേമിന് പ്രത്യേക പദവി നല്‍കപ്പെട്ടു.മൂന്നു അബ്രഹാമിക മതങ്ങളെ സംബന്ധിച്ചും നഗരത്തിനുള്ള പ്രാധാന്യം പരിഗണിച്ച്  അതിനെ അന്തര്‍ദേശീയ പരമാധികാരത്തിനും നിയന്ത്രണത്തിനും കീഴില്‍ നിലനിര്‍ത്താനാണ് വിഭാവന ചെയ്തിരുന്നത്.ഫലസ്റ്റീന്‍ വിഭജനത്തിനുള്ള യു.എന്‍ തീരുമാനത്തെ തുടര്‍ന്ന് 1948 ലുണ്ടായ യുദ്ധത്തില്‍ സയണിസ്റ്റ് ശക്തികള്‍ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗം കൈയേറുകയും,അത് തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിയായി  പ്രഖ്യാപിക്കുകയും ചെയ്തു.പിന്നീട്
1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍,ജോര്‍ദാന്‍ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ ജറൂസലേമും  കൈയേറി. , അന്തര്‍ദേശീയ നിലപാടിന് വിരുദ്ധമായി നഗരത്തെ തങ്ങളുടെ അധികാര പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
1980 ല്‍ ഇസ്രായേല്‍ 'ജറുസലേം നിയമം' പാസാക്കി.അതില്‍ ഇങ്ങനെ പറയുന്നു 'ഏകീകൃത ജറുസലേം പൂര്‍ണമായും ഇസ്രയേലിന്റെ തലസ്ഥാനമാണ്..'' തുടര്‍ന്ന് ഈ നിയമം അസാധുവാണെന്നു പ്രഖ്യാപിച്ചു കൊണ്ട് 1980 ല്‍ തന്നെ  ഐക്യ രാഷ്ട്ര രക്ഷാ സമിതി 478 ആം പ്രമേയം പാസാക്കി.
റഷ്യ ഒഴികെ ഒരു രാജ്യവും ജറുസലേമിന്റെ ഒരു ഭാഗവും ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.എന്നാല്‍ ഈ വര്ഷം തുടക്കത്തില്‍ പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് റഷ്യ  പ്രഖ്യാപനം നടത്തി.

കിഴക്കന്‍ ജറുസലേമിനെ ഇസ്രയേലിനോട് ചേര്‍ക്കുന്നത് ഇത് സംബന്ധമായ അന്തര്‍ദേശീയ നിയമത്തിലെ പല തത്വങ്ങളുടെയും ലംഘനമാണ്. ഒരു അധിനിവേശ രാജ്യത്തിനും അധിനിവിഷ്ട പ്രദേശത്തിനുമേല്‍ പരമാധികാരമില്ല എന്നതാണ് അന്തര്‍ദേശീയ കാഴ്ചപ്പാട്.

ജറുസലേമിലെ ഫലസ്റ്റീനികള്‍

കിഴക്കന്‍ ജറുസലേമിലെ സമ്പൂര്‍ണ നിയന്ത്രണം കരസ്ഥമാക്കിയതിനു ശേഷവും അവിടെ താമസിക്കുന്ന ഫലസ്റ്റീനികള്‍ക്കു ഇസ്രായേല്‍ പൗരത്വം നല്‍കിയിട്ടില്ല.ഇന്ന് അവിടെ '' സ്ഥിര താമസ രേഖ'' യുമായി ജീവിക്കുന്ന 420000 ലേറെ ഫലസ്റ്റീനികളുണ്ട്.തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത താത്കാലിക ജോര്‍ദാനിയന് പാസ്സ്‌പോര്ട്ടാണ് അവരുടെ പക്കലുള്ളത്.അവര്‍ പൂര്‍ണാര്‍ത്ഥത്തില്‍ ജോര്‍ദാന്‍ പൗരന്മാരല്ല എന്നല്ല എന്നാണതിന്റെ അര്‍ഥം.അവര്‍ക്കു ജോര്‍ദാനില്‍ തൊഴിലെടുക്കണമെങ്കില്‍ പ്രത്യേക തൊഴില്‍ പെര്‍മിറ്റെടുക്കണം.വിദ്യാഭാസ ഫീസിളവ് പോലെ യാതൊരു സര്‍ക്കാരാനുകൂല്യത്തിനും അവര്‍ക്കര്‍ഹതയില്ല.
ചുരുക്കത്തില്‍ 'നിയമാനുസൃത അനിശ്ചിതത്വത്തില്‍' ജീവിക്കുന്ന സ്വന്തമായി രാജ്യമില്ലാത്ത ഒരു ജനതയാണ് ഫലസ്റ്റീന്‍ ജറുസലേമുകാര്‍. അവര്‍ ഇസ്രയേലിന്റെയോ,ജോര്‍ദാന്റെയോ,ഫലസ്റ്റീന്റെയോ പൗരന്മാരല്ല. അവിടെ പിറന്നവരാണെങ്കിലും,ഇസ്രായില്‍ അവരെ പരിഗണിക്കുന്നത് യാതൊരവകാശവുമില്ലാത്ത,തങ്ങളുടെ ഔദാര്യം കൊണ്ട് മാത്രം ജീവിക്കുന്ന വിദേശ കുടിയേറ്റക്കാര്‍ എന്ന നിലക്കാണ്.
തങ്ങളുടെ താമസാവകാശം തന്നെ നിലനിര്‍ത്തണമെങ്കില്‍ ജറുസലേം നിവാസികള്‍ പല നിബന്ധനകളും പാലിക്കേണ്ടതുണ്ട്.അല്ലാത്ത പക്ഷം അവരുടെ അത്  റദ്ദു ചെയ്യപ്പെടും.
ജറുസലേമിന് പുറത്തു ഒരു വിദേശ രാജ്യത്തോ, വെസ്റ്റ് ബാങ്കില്‍ പോലുമോ ഒരു നിശ്ചിത കാലം താമസിച്ചാല്‍ പിന്നെ ജറുസലേം നിവാസി എന്ന നിലക്കുള്ള ഒരാളുടെ അവകാശം നഷ്ടപ്പെടും. തങ്ങള്‍ ജറുസലേമില്‍ സ്ഥിരമായി താമസിക്കുന്നവരാണെന്നും, തങ്ങളുടെ ജീവിത കേന്ദ്രം ജറുസലേം തന്നെയാണെന്നും തെളിയിക്കാന്‍ വേണ്ടി തൊഴില്‍ രേഖ,വാടക കരാര്‍,ശമ്പള വിവരങ്ങള്‍ തുടങ്ങി ഡസന്‍ കണക്കിന് രേഖകള്‍ അവര്‍ ഹാജരാക്കണം.മറ്റൊരു രാജ്യത്തെ പൗരത്തം കിട്ടിയാല്‍ സ്വാഭാവികമായും അത് താമസാവകാശം റദ്ദാവുന്നതിലേക്കു നയിക്കും.
അതേ സമയം 'മടങ്ങി വരല്‍' നിയമമനുസരിച് ലോകത്തെ ഏതു യഹൂദനും ഇസ്രായേലില്‍ ജീവിക്കാനും ഇസ്രായേല്‍ പൗരത്വം കരസ്ഥമാക്കുവാനുമുള്ള അവകാശമുണ്ട്.
ഇസ്രായേലിലെ തന്നെ മനുഷ്യാവകാശ സംഘടനയായ 'ബി സലേമി'ന്റെ റിപ്പോര്‍ട്ടനുസരിച്ചു 1967 മുതല്‍ 14000 പാലസ്റ്റീനികളുടെ താമസാവകാശം റദ്ധാക്കപ്പെട്ടിട്ടുണ്ട്.

കുടിയേറ്റ കേന്ദ്രങ്ങള്‍

കിഴക്കന്‍ ജറുസലേമിന് മേലുള്ള ഇസ്രായേല്‍ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവും അന്തര്‍ദേശീയ നിയമത്തിന്റെ ലംഘനമാണ്.'' ഒരു അധിനിവേശ രാജ്യം പൗരന്മാരെ തങ്ങളുടെ കോളനിയിലേക്ക് മാറ്റി താമസിപ്പിക്കാന്‍ പാടില്ല ' എന്ന് വ്യക്തമാക്കുന്ന നാലാം ജനീവ  ഉടമ്പടിയുടെ വ്യക്തമായ ലംഘനമാണിതെന്നു നിരവധി പ്രമേയങ്ങളിലൂടെ യു.എന്‍ വ്യക്തമാക്കിയതാണ്.

ജനീവ ഉടമ്പടിയിലെ പ്രസ്തുത തത്വത്തിനു പല ലക്ഷ്യങ്ങളുമുണ്ട്. അധിനിവേശം താത്കാലികമാണെന്നു ഉറപ്പു വരുത്തുകയും, സൈനിക ആധിപത്യത്തിലൂടെ തങ്ങളുടെ സാന്നിധ്യം അനന്ത കാലത്തേക്ക് നീട്ടി കൊണ്ട് പോവുന്നത് തടയുകയും ചെയ്യുക, തങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ചോരണം ചെയ്യപ്പെടുന്നതിനെതിരെ അധിനിഷ്ഠ ജനതയ്ക്ക് സംരക്ഷണം നല്‍കുക,വര്‍ണ്ണ വിവേചനവും,പ്രദേശത്തിന്റെ ജന സംഖ്യാ ഘടനയില്‍ മാറ്റം വരുന്നതും തടയുക. ഇതൊക്കെയാണെങ്കിലും 1967 മുതല്‍ ഒരു ഡസനിലധികം പാര്‍പ്പിട സമുച്ഛയങ്ങള്‍ ഇസ്രായേല്‍ ജൂത സമൂഹത്തിനു വേണ്ടി അവിടെ പണി കഴിക്കപ്പെട്ടു.' സെറ്റില്‍ മെന്റ്' കള്‍ എന്ന് വിളിക്കപ്പെടുന്ന അവയില്‍ ചിലതു കിഴക്കന്‍ ജറുസലേമിലെ പലസ്റ്റീന്‍ താമസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ്.
സൈനികപോലീസ് സുരക്ഷയില്‍ രണ്ടു ലക്ഷം ഇസ്രായേല്‍പൗരന്മാര്‍ അവിടെ താമസിക്കുന്നു.അതില്‍ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയത്തില്‍ 44000 പേരാണുള്ളത്.ഫലസ്റ്റീന്‍ പാര്‍പ്പിടങ്ങള്‍ക്കിടയില്‍, ശക്തമായ മതില് കെട്ടി സുരക്ഷിതമാക്കിയ ഈ കേന്ദ്രങ്ങള്‍ പാലസ്റ്റീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും, സ്വകാര്യതക്കും, സുരക്ഷക്കും ഒക്കെ ഭംഗം വരുത്തുന്നതാണ്.
ജറുസലേം തങ്ങളുടെ 'അവിഭാജ്യ തലസ്ഥാന' മാണെന്ന്  ഇസ്രായേല്‍ വാദിക്കുമ്പോഴും അവിടെ വസിക്കുന്ന ജനങ്ങളുടെ
യാഥാര്‍ത്ഥ്യം വളരെയൊന്നും വ്യത്യസ്തമല്ല.ഫലസ്റ്റീനികള്‍ വര്‍ണ വിവചനത്തിനു സമാനമായ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍  ഇസ്രയേലികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ സുരക്ഷയില്‍ ഏതാണ്ട് സാധാരണ ജീവിതം നയിക്കുന്നു.

-----

പരിഭാഷ : ഷാനവാസ് കൊല്ലം


* 2017 ഡിസംബര്‍ 6 ലെ, അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെ ഈ നിലപാടിന് മാറ്റം വന്നു ( പരിഭാഷകന്‍)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus