സ്ത്രീ ,ഇടതുപക്ഷം, ആവിഷ്‌കാര സ്വാതന്ത്ര്യം

''രാജ്യത്തെ പല കാമ്പസുകളും സര്‍ഗാത്മകമായി ഉണര്‍ന്നിരിക്കുമ്പോഴും കേരളത്തിലെ കാമ്പസുകളുടെ നിര്‍ജീവത എന്നെ ഭയപ്പെടുത്തുന്നു. നമ്മുടെ യുവജനത എന്നാണ് സമകാലീന യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നെണീക്കുക ' ( സച്ചിദാനന്ദന്‍ )

സര്‍ഗാത്മകതയും ധിഷണയും വഴിയിലുപേക്ഷിച്ച് ആരൊക്കെയോ വിളിച്ച് കൊടുത്ത മുദ്രാവാക്യം മാത്രം ഭക്ഷിച്ച് അജീര്‍ണം ബാധിച്ച കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന രാഷ്ട്രീയത്തെ പൈങ്കിളി വല്‍കരിച്ച് ആരാഷ്ട്രീയമാക്കുന്നതില്‍ മല്‍സരിക്കുകയാണ്. ഇന്ത്യാ മഹാരാജ്യം നാളിത് വരെ അഭിമുഖീകരിക്കാത്ത ദുരന്തങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ ഈ സംഘടന പെണ്‍കുട്ടികളെ ഫ്‌ളാഷ് മോബ് കളിപ്പിച്ച് മലപ്പുറത്തെ മുസ്ലിം സമുദായത്തെ പുരോഗമനം പഠിപ്പിക്കുകയാണ്. മഹാ വിപ്ലവമെന്നും മുസ്ലിം സ്ത്രീയുടെ സ്വത്വ പ്രകാശനത്തിന്റെയും പുരോഗമനത്തിന്റെയും മഹാഗീഥികള്‍ രചിക്കാന്‍ പോവുന്ന ഒരു പ്രതിരോധമാണെന്നും പറഞ്ഞ് തുടങ്ങിയ ഫ്‌ലാഷ് മോബ് പാളിപ്പോവുകയും ഇവരെ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. ഫൈസ് ബുക്കില്‍ ആരോ എന്തോ പറഞ്ഞതിന് ഒരു സമുദായത്തിന്റെ സത്രീകളുടെ  ആങ്ങളമാരാവാന്‍ ഇറങ്ങി പുറപ്പെട്ട മതേതര താലിബാനികള്‍ സ്വയം അപഹാസ്യരായി മാറി എന്നുള്ളത് മറ്റൊരു വസ്തുത. പട്ടാപകല്‍ ഒരു മനുഷ്യനെ വിറക് കൊള്ളി വെട്ടുന്നത് പോലെ കീറി മുറിച്ച് പച്ചക്ക് തീ കൊളുത്തി അത് വീഡിയോയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ കാണിക്കുന്ന പൈശാചികതയിലൂടെ രാജ്യം കടന്ന് പോവുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് തീര്‍ത്തും പ്രതിലോമപരവും അല്‍പത്തരവും നിറഞ്ഞ ഒരു പ്രതിഷേധ പരിപാടി നടത്തി പുരോഗമനത്തിന്റെ മൊത്ത കച്ചവടക്കാരാവാനുള്ള ശ്രമം പരാജയപ്പെട്ടു എന്നുള്ളതാണ് ഫ്‌ലാഷ് മോബ് പ്രതിരോധം കേരളത്തിന് സമ്മാനിച്ചത്.

 അക്രമത്തിന്റെയും ഹിംസയുടെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കി ഇത്തരത്തിലുള്ള ശവം തീനികളെ സൃഷ്ടിക്കുന്ന സംഘ് പരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതിന് പകരം അന്തക്കേടുകള്‍ എഴുന്നള്ളിച്ച് ഞങ്ങള്‍ മഹാ വിപ്ലവ പ്രവര്‍ത്തനം നടത്തി എന്ന് വീമ്പ് പറയുകല്ല വേണ്ടത്. അങ്ങേയറ്റത്തെ ഭ്രാന്തമായ ദേശീയതയുടെ വക്താക്കള്‍ വര്‍ഗീയ വിഷം ചീറ്റി മനുഷ്യത്വത്തെ മലിനമാക്കി ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞു പിടിച്ച് അക്രമം അഴിച്ച് വിടുമ്പോള്‍ ആ സമുദായത്തെ പുരോഗമനം പഠിപ്പിക്കാന്‍ മഫ്ത കടം വാങ്ങി ഫ്‌ലാഷ് മോബ് കളിപ്പിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. അല്ലെങ്കിലും ചുംബന സമരം നടന്ന് കൊണ്ടിരിക്കുമ്പോള്‍ അഥവാ യുവജനങ്ങള്‍ തെരുവില്‍ നിന്ന് ഉമ്മ വെച്ച് കളിക്കുമ്പോള്‍ പാര്‍ട്ടിയുടെ അന്നത്തെ സെക്രട്ടറി സാക്ഷാല്‍ പിണറായി സഖാവ് വീട്ടില്‍ കയറി പോവാന്‍ ഉത്തരവിട്ടിരുന്നു. അന്ന് വീട്ടില്‍ കയറി ഒളിച്ചതാണ് ഈ യുവജന വിദ്യാര്‍ഥി സംഘടന . പിന്നീട് പുറത്ത് കാണുന്നത് ഇപ്പോഴാണ്. അതിനിടയില്‍ ഭാരതപ്പുഴ പിന്നെയുമൊഴുകി എന്നുള്ളത് ഇവരറിഞ്ഞൊ ആവോ? മാത്രമല്ല ഹാദിയ എന്ന പെണ്‍കുട്ടി ആറ് മാസം സംഘ് പരിവാറിന്റെ ഘര്‍വാപ്പസി തടവറയില്‍ കഴിയുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു വര്‍ത്തമാനവും ഇവരുടെ വായില്‍ നിന്ന് വന്നില്ല. മുസ്ലിം സമുദായത്തെ പ്രത്യേകിച്ച് അവരിലെ സ്ത്രീ സമൂഹത്തെ പുരോഗമനത്തിന്റെ ഉടയാട അണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ സംഘടനകളെല്ലാം യൂറോ കേന്ദ്രീകൃത ആധുനിക യുക്തിയും സവര്‍ണ യാഥാസ്തിതിക ബോധവും ഒന്നിച്ച് പേറി നടക്കുന്നവരാണ് . അതിനാല്‍ ഇത്തരത്തിലുള്ള വൈരുധ്യാത്മക ഉപകരണങ്ങളും ആശയാവലികളും മുസ്ലിം സ്ത്രീ സ്വത്വത്തെ വിമോചിപ്പിക്കാന്‍ സാധ്യമല്ല. ആണധികാരത്തിന്റെ എല്ലാ യാഥാസ്തിതിക ബോധവും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്ന ഈ സംഘടനകളെല്ലാം എന്ത് സ്ത്രീ സമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.  രക്ഷാകര്‍തൃത്വത്തിന്റെ ഭാരം പേറുന്ന ആണധികാര സങ്കല്‍പങ്ങളില്‍ നിന്ന് വിടുതി നേടി അവള്‍ തന്നെ അഥവാ ഈ മുസ്ലിം സ്ത്രീ തന്നെ തെരുവില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നതും പാട്ട് പാടുന്നതും ഇവര്‍ കാണുന്നില്ല എന്ന് മാത്രമല്ല ഇത്തരത്തില്‍ നീതി നിഷേധത്തിനെതിരെ അവര്‍ തന്നെ സ്വയം തെരുവില്‍ വരുന്നത് തീവൃവാദവും ഭീകരവാദവുമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇടതുപക്ഷം മുസ്ലിം സ്ത്രീ സമൂഹത്തെ അടഞ്ഞ ഒരു സമൂഹമായി കാണുന്നതില്‍ അവരുടെ സഹവാസം ഒരു കാരണമായിട്ടുണ്ട്.  

ഇന്ത്യയില്‍ ഇപ്പോഴത്തെ സംഘ് പരിവാര്‍ ഫാസിസത്തെ ഫാസിസം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയും ഒരു തീര്‍പ്പിലെത്താന്‍ നേതാക്കള്‍ വല്ലാതെ വിയര്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥി  യുവജനങ്ങള്‍ ജിമിക്കി കമ്മല്‍ കളിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക. അജണ്ടകള്‍ നഷ്ടപ്പെട്ട് ആശയം ചോര്‍ന്ന് പോയ ഒരു ആള്‍ക്കൂട്ടമായി കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന നിലംപതിക്കുകയാണ്. ഇവിടെയാണ് മുകളില്‍ ഉദ്ദരിച്ച സച്ചിദാനന്തന്റെ കുറിപ്പ് നാം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. അഥവാ വിപ്ലവത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് കേരളീയ കാമ്പസുകളെ ഇത്രമാത്രം അരാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഇടയായത് ഈ വിദ്യാര്‍ഥി സംഘടനയുടെ നയ സമീപനങ്ങളാണ്. കേരളത്തിലെ ഒരു വിദ്യാര്‍ഥിക്ക് അഥവാ ഒരു പെണ്‍കുട്ടിക്ക് കോളേജ് കാമ്പസിലേക്ക് കടന്ന് വരാന്‍ പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്താന്‍ വിധം ഭീഷണിയായി തീര്‍ന്നിരിക്കുന്നു ഈ വിദ്യാര്‍ഥി സംഘടന.  സോഫിയ എന്ന വിദ്യാര്‍ഥിനി എസ്.എഫ്.ഐ യുടെ കൊടി പിടിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ അല്ലെങ്കില്‍ അവര്‍ മറ്റൊരു കൊടി കയ്യിലേന്തി എന്ന കാരണത്താല്‍ ഭീഷണിപ്പെടുത്തി തെറി വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ധീരയായ ആ പെണ്‍കുട്ടി ഗവര്‍ണറെയും ഹൈക്കോടതിയെയും സമീപിച്ച് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറീച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി രണ്ട് പോലീസുകാരെ ഏര്‍പ്പാട് ചെയ്ത് കൊടുത്തു. ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലീമസമായ നമ്മുടെ കാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരണത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇവിടെ സോഫിയ എന്ന പെണ്‍കുട്ടി ധീരയായി എഴുന്നേറ്റ് നിന്ന് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഇത് സംഭവിച്ചതാണ്. മറിച്ച് നിരവധി സോഫിയമാര്‍ നിശ്ശബ്ദരാക്കപ്പെട്ട അപമാനിക്കപ്പെട്ട കഥയാണ് പല കാമ്പസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പറയുവാനുള്ളത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics