ദീനും ദുനിയാവും എങ്ങനെ ശ്രേഷ്ടമാക്കാം?

നിരവധി ആളുകളുടെ ജീവിത വിജയ കഥകളും പ്രചോദനമേകുന്ന പ്രസംഗങ്ങളുമെല്ലാം കേള്‍ക്കുന്നവരാണ് നമ്മള്‍. നമ്മുടെ ജീവിതം അവരുടെതുമായി നാം താരതമ്യപ്പെടുത്തിനോക്കാറുണ്ട്. അവരുടെ വിജയ രഹസ്യം എന്താണ്? അവര്‍ക്കെങ്ങനെയാണ് ഇങ്ങനെ പ്രചോദനം ലഭിക്കുന്നത്. ഇതിനെല്ലാം ഉത്തരം ലഭിക്കും ഡോ. മുഹമ്മദ് അബൂത്വാലിബുമായുള്ള ഈ അഭിമുഖത്തില്‍ നിന്ന്.

അറിയപ്പെടുന്ന മോട്ടിവേഷനല്‍ ട്രെയിനറും നിരവധി പ്രചോദനപരമായ ചര്‍ച്ചകളും പ്രഭാഷണങ്ങളും നയിച്ച് ലോക ശ്രദ്ധ നേടിയയാളാണ് മുഹമ്മദ് അബൂത്വാലിബ്.

മുപ്പതുകാരനായ അബൂത്വാലിബ് ഖുര്‍ആന്‍ മന:പാഠമാക്കുകയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയി്ട്ടുമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ്,ഫിസിക്സ്,മാതമാറ്റിക്സ് എന്നിവയില്‍ ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ഇസ്ലാമിക് അസോസിയേഷന്‍ ഓഫ് റാലിയുടെ ഇമാം കൂടിയാണ്.

മുഹമ്മദ് അബൂത്വാലിബുമായി മനര്‍ ഇഹ്മൂദ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

1. ഖുര്‍ആന്‍ മന:പാഠമാക്കുക എന്നത് എല്ലാ മുസ്ലിംകളുടെയും ഒരു സ്വപ്നമാണ്. നിങ്ങളുടെ ജീവിത യാത്രയില്‍ എപ്പോഴെങ്കിലും ഖുര്‍ആന്‍ മന:പാഠമാക്കുന്നത് നിര്‍ത്തുകയോ താല്‍ക്കാലികമായി ഉപേക്ഷിക്കുകയോ ചെയ്തിരുന്നോ?

ഇല്ല, എനിക്ക് ഒരിക്കലും ഖുര്‍ആന്‍ മന:പാഠമാക്കുന്നത് നിര്‍ത്തേണ്ടി വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഒരു സ്ഥിരത വേണമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്റെ കൗമാര വയസ്സില്‍ ഞാന്‍ ഒരു ഷൈഖിനെ പരിചയപ്പെട്ടു. അയാള്‍ എന്നോട് ചോദിച്ചു അവധിക്കാലത്ത് ഖുര്‍ആന്‍ പാഠിക്കാന്‍ പോരുന്നോ എന്ന്. ആ ചോദ്യം എന്നെ വല്ലാതെ സ്വാധീനിച്ചു. അതു വരെ ഞാന്‍ എന്നെതന്നെ വളരെ താഴ്ന്ന ഒരാളായാണ് കണ്ടിരുന്നത്. ഇവിടെയാണ് നാം എല്ലാവരും സ്വന്തത്തോട് ചോദിക്കേണ്ടതും സ്വയം തീരുമാനമെടുക്കേണ്ടതും. ഖുര്‍ആന്‍ പഠിക്കണോ വേണ്ടയോ എന്ന്.

2. ഖുര്‍ആന്‍ മന:പാഠമാക്കുന്നതിലേക്കുള്ള നിങ്ങളുടെ യാത്ര എങ്ങനെയായിരുന്നു?

അതൊരു മനോഹര യാത്രയായിരുന്നു. എന്നാല്‍ ഞാന്‍ അതില്‍ ഒരു കുറ്റമറ്റവനോ എല്ലാം തികഞ്ഞവനോ അല്ല. ജീവിതത്തിലെ യാഥാര്‍ത്ഥ്യവും അത് പ്രായോഗ വല്‍ക്കരിക്കാനും നാം പ്രാധാന്യം നല്‍കണം. മറ്റുള്ളവരേക്കാള്‍ നമുക്ക് സമയമുണ്ടെന്ന് നാം മനസ്സിലാക്കണം. 7 മുതല്‍ 8 വയസ്സു വരെയുള്ള കാലഘട്ടത്തിലാണ് ഞാന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയത്.

3. വേറെ മാര്‍ഗത്തിലേക്ക് പോകാന്‍ നിങ്ങളെ ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ?

ഷൈഖിന്റെ സാമീപ്യമാണ് എന്നെ ഖുര്‍ആന്‍ പഠിക്കുന്നതിലേക്ക് നയിച്ചത്. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ചിലവഴിച്ചാണ് ഖുര്‍ആന്‍ പഠിക്കുന്നത്. പിന്നീട് സ്‌കൂള്‍ പഠനവുമായി ഞാന്‍ തിരക്കിലായി. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലേ എന്ന ഭയമുണ്ടായിരുന്നു. ഞാന്‍ വളരെ കുറച്ചേ അപ്പോള്‍ പഠിച്ചിരുന്നുള്ളൂ. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു.

4. ഖുര്‍ആന്‍ മന:പാഠമാക്കിയ ശേഷം താങ്കളുടെ ജീവിതത്തില്‍ എന്തു മാറ്റമാണുണ്ടായത്?

ആദ്യം തന്നെ അറബിക് ഭാഷയില്‍ എനിക്ക് പ്രാവീണ്യം നേടാനായത് തന്നെയാണ് വലിയ നേട്ടമായത്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലായിരുന്നു. അതിനാല്‍ തന്നെ അറബിക് ഭാഷ എനിക്ക് വിദേശ ഭാഷയായിരുന്നു. രണ്ടാമതായി, ഖുര്‍ആന്‍ പഠിച്ചതോടെ ജീവിതത്തിലെ തെറ്റുകള്‍ സൂക്ഷ്മപരിശോധന നടത്താനും അച്ചടക്കം പാലിക്കാനും ആരംഭിച്ചു. തെറ്റായ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും ജീവിതത്തില്‍ എല്ലായ്പ്പോഴും പഠിച്ച പാഠങ്ങള്‍ പാലിക്കാനും സഹായകരമായി. നിങ്ങളുടെ ജീവിതത്തിലുടനീളം ഖുര്‍ആന്‍ നിങ്ങള്‍ മുറുകെപ്പിടിച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. അതാണ് വലിയ സമ്പത്ത്.

5. അല്ലാഹുമായുള്ള ബന്ധത്തില്‍ എന്ത് മാറ്റമാണുണ്ടായത്?

ഖുര്‍ആന്‍ പഠിച്ചതോടെ ജീവിക്കുന്നത് എന്തിനു വേണ്ടിയാണെന്നും ഖുര്‍ആനിലെ പാഠങ്ങള്‍ എങ്ങനെ ജീവിതത്തില്‍ പകര്‍ത്തണമെന്നും മനസ്സിലാക്കി. ഖുര്‍ആനിന്റെ അനുഗ്രഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കില്ല. അത് അനന്തമാണ്. ഖുര്‍ആന്‍ പഠിച്ചാല്‍ പിന്നെ അത് എപ്പോഴും നിങ്ങളുടെ സുഹൃത്തായി കൂടെയുണ്ടാകും.

6. താങ്കള്‍ക്ക് കോളജ് പഠനകാലത്തുണ്ടായ പ്രചോദനം എന്തായിരുന്നു?

എന്റെ യൗവ്വന കാലത്തു തന്നെ മാതാപിതാക്കള്‍ എന്നോട് വിദ്യാഭ്യാസത്തെ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. സത്യത്തില്‍ വിദ്യാഭ്യാസത്തോടുള്ള മതപരമായ കാഴ്ചപ്പാടാണ് ഇതിന്റെ പ്രധാന കാരണം. നിങ്ങള്‍ സ്‌കൂളില്‍ തിളങ്ങി നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ആളുകള്‍ നിങ്ങളുടെ മതത്തിലെ നല്ല കുട്ടിയെന്നും വിലയിരുത്തും. പ്രത്യേകിച്ചും നിങ്ങളുടെ പേര് മുഹമ്മദ് എന്നാണെങ്കില്‍. ഞാന്‍ മനസ്സിലാക്കുന്നത് വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷനലുകള്‍ക്കുമാണ് ഒരു ഇമാമിനേക്കാള്‍ കൂടുതല്‍ പേരുമായി ബന്ധമുണ്ടാക്കാന്‍ സാധിക്കുക.

7.താങ്കള്‍ കോളജില്‍ എങ്ങനെയായിരുന്നു?

ഞാന്‍ കോളജില്‍ ഒരു മാതൃക വിദ്യാര്‍ഥിയായിരുന്നില്ല. എനിക്കതിന് കഴിഞ്ഞിരുന്നില്ല. ഞാന്‍ പഠനത്തില്‍ ഏറെ മുന്‍പന്തിയിലോ പരീക്ഷയില്‍ ഉന്നത വിജയം നേടുകയോ ചെയ്തിരുന്നില്ല. ഞാന്‍ എന്നെത്തന്നെ പൊടി തട്ടിയെടുത്ത് ഇഹ്‌സാന്റെ മാര്‍ഗത്തിലേക്ക് പോകാന്‍ ശ്രമിക്കുമായിരുന്നു. ചില വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പ്രശംസ ലഭിക്കാനും എ ഗ്രേഡ് ലഭിക്കാനും വേണ്ടിയാണ് പഠിക്കുന്നത്. എന്നാല്‍ എല്ലാം തന്നെ അല്ലാഹുവില്‍ നിന്നുള്ള നന്മ പ്രതീക്ഷിച്ചായിരിക്കണം നാം ചെയ്യേണ്ടത്.

8. പഠനകാലത്ത് നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

സ്‌കൂള്‍ ആരംഭ കാലം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. മുഴുവന്‍ സമയവും എനിക്ക് പഠനത്തിന്റെ ഭാരമായിരുന്നു. ഇതിന്റെ കൂടെ തന്നെ ഞാന്‍ ഖുര്‍ആന്‍ പഠനവും നിലനിര്‍ത്തി. എന്നാല്‍ ഖുര്‍ആന്‍ പഠനത്തോടെ എന്റെ സമയവും ജീവിതവും മുന്‍പെങ്ങുമില്ലാത്ത വിധം ഒരു പുതിയ തലത്തിലേക്ക് എത്തുകയായിരുന്നു. നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെങ്കില്‍ നിങ്ങള്‍ ആ ലക്ഷ്യം നേടിയെടുക്കാനായിരിക്കണം പരിശ്രമിക്കേണ്ടത്. ആ സമയത്ത് എനിക്ക് സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അന്ന് എനിക്ക് വലിയ ആത്മവിശ്വാസം ഇല്ലായിരുന്നു. അതിനു ശേഷമാണ് എനിക്ക് ആത്മവിശ്വാസം വര്‍ധിച്ചതും വലിയ പ്രചോദനം ലഭിച്ചതും.

9. മുസ്‌ലിം ചെറുപ്പക്കാരുടെ ഉന്നത വിദ്യാഭ്യാസവും ഇസ്‌ലാമിന്റെ പ്രചാരണവും തമ്മിലുള്ള ബന്ധം നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്?

നാം ഇപ്പോഴുള്ളത് 21ാം നൂറ്റാണ്ടിലാണ്. സര്‍വേ പ്രകാരം 60 ശതമാനം ആളുകളും ഇതുവരെയായി ഒരു മുസ്‌ലിമിനെയും പരിചയപ്പെട്ടിട്ടില്ല എന്നാണ്. അതിനാല്‍ തന്നെ ഇതിനര്‍ത്ഥം ജനങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റുമാണ് ഇസ്ലാമിനെ മനസ്സിലാക്കിയത്. ആയിരം പ്രഭാഷണങ്ങളേക്കാള്‍ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ നിന്ന് ഇസ്ലാമിന്റെ വെളിച്ചം മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കാനാവും. മീഡിയകള്‍ വഴി ഇസ്‌ലാമിന്റെ നെഗറ്റീവ് ചിത്രമാണ് ആളുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതിന് മാറ്റം വരുത്താന്‍ നമുക്ക് ആളുകളുമായുള്ള ബന്ധത്തിലൂടെയേ സാധിക്കൂ.
 

 

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics