'ഇത് നമ്മുടെ ഭൂമി, ഞങ്ങള്‍ കീഴടങ്ങില്ല'; ഫല്‌സ്തീന്‍ മണ്ണിലെ ജ്വലിക്കുന്ന ഓര്‍മയായി ഇബ്രാഹിം ഥുറയ്യ

'ഇത് നമ്മുടെ ഭൂമിയാണ്, ഞങ്ങള്‍ ഒരിക്കലും കീഴടങ്ങുകയില്ല' ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും ഫലസ്തീനും ഖുദ്‌സിനുമായുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പിന്‍വലിയാതെ സമരം ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഇബ്രാഹിം അബു തുറയ്യയുടെ വാക്കുകളാണിത്.

2008ല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 29ഉകാരനായ ഇബ്രാഹിമിന് ഇരു കാലുകളും നഷ്ടമാകുന്നത്. ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ സജീവമായി പ്രക്ഷോഭം നയിക്കുന്നതിനിടെയായിരുന്നു അത്. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സര്‍വായുധങ്ങള്‍ക്ക് മുന്‍പില്‍ കീഴടങ്ങാതെ വീല്‍ചെയറില്‍ കൂടുതല്‍ ഊര്‍ജ്വസ്വലനായി അദ്ദേഹം സമരഭൂമിയില്‍ തിരിച്ചെത്തി. അടിപതറാതെ അവസാന ശ്വാസം വരെ പോരാട്ടം തുടര്‍ന്നു.
 
വീല്‍ചെയറില്‍ ഇരുന്നും ഇസ്രായേല്‍ സൈന്യത്തിനെതിരെ പോരാടുന്ന ഇബ്രാഹിം നേരത്തെ തന്നെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ തലയിലേക്ക് തുളച്ചു കയറുമ്പോഴും ഇബ്രാഹിം അബു തുറയ്യയുടെ മനസ്സില്‍ മുഴുവന്‍ ഖുദ്‌സിന്റെ വിമോചനവും ഫലസ്തീനെ ഇസ്രായേലിന്റെ കൈയില്‍ നിന്ന് മോചിപ്പിക്കുക എന്ന സ്വപ്‌നവും മാത്രമായിരുന്നു.

'ട്രംപിന്റെ പ്രഖ്യാപനം കൊണ്ടൊന്നും ഞങ്ങളുടെ ഭൂമി ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഞങ്ങള്‍ ഒരിക്കലും കീഴടങ്ങുകയില്ല. സമരം തുടരുക തന്നെ ചെയ്യും. ഫലസ്തീന്‍ ജനത ധീരരാണ്. ഇസ്രായേല്‍ സൈന്യത്തെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്' കഴിഞ്ഞ ദിവസത്തെ സമരത്തിനിടെ ഇബ്രാഹിം പറഞ്ഞു.

ഗസ്സ മുനമ്പിലെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇബ്രാഹിമും കൂട്ടരും പ്രക്ഷോഭം നയിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഇസ്രായേല്‍ സൈന്യം ഇബ്രാഹിമിനു നേരെ വെടിയുതിര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിനും ജറൂസലേമിനും ഇടയില്‍ വച്ചായിരുന്നു വെടിവയ്പ്പുണ്ടായത്. തലക്കു വെടിയേറ്റ് വീല്‍ചെയറില്‍ നിന്നും തെറിച്ചു വീണ ഇബ്രാഹിം അബു തുറയ്യ തല്‍ക്ഷണം മരിച്ചു.

ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീനില്‍ നടന്ന പ്രക്ഷോഭ സമരങ്ങളില്‍ ഇബ്രാഹിം സജീവമായി പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഇരു കാലുകള്‍ ഇല്ലെങ്കിലും കവണ ഉപയോഗിച്ചും കല്ലെറിഞ്ഞുമാണ് അമേരിക്കന്‍ നിര്‍മിത യന്ത്രത്തോക്കുകളും പടക്കോപ്പുകളും കൈയിലേന്തി സര്‍വസന്നാഹരായ ഇസ്രായേല്‍ സൈന്യത്തെ ഇബ്രാഹിമും കൂട്ടരും നേരിട്ടിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വീല്‍ചെയറില്‍ നിന്നിറങ്ങി പോസ്റ്റിന്റെ മുകളില്‍ കയറി ഫലസ്തീന്റെ പതാക കെട്ടാനും സൈന്യത്തിനു മുന്നില്‍ കൊടിവീശിയും പുഞ്ചിരിക്കുന്ന മുഖത്തോടെയായിരുന്നു ഇബ്രാഹിം അവസാന ശ്വാസം വരെ പോരാടിയത്. ആയിരക്കണക്കിനു പേരാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. 11 അംഗങ്ങളുള്ള ഇബ്രാഹിമിന്റെ കുടുംബത്തിന് കനത്ത ദു:ഖമായി അദ്ദേഹത്തിന്റെ മരണം.

വെള്ളിയാഴ്ച കിഴക്കന്‍ ജറൂസലേമിലെ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ച ഇബ്രാഹിം അടക്കം നാലു പേരെയാണ് സൈന്യം വെടിവച്ചു കൊന്നത്. സൈന്യവും സമരക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നെഞ്ചുറപ്പോടെ, അടിപതറാതെ അവസാന ശ്വാസം വരെ ഖുദ്‌സിന്റെ മണ്ണ് വീണ്ടെടുക്കാനായി പോരാടി രക്തസാക്ഷിയായ ഇബ്രാഹിം അബു തുറയ്യയെ ജ്വലിക്കുന്ന നക്ഷത്രമായി തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തും.

മൊഴിമാറ്റം: പി.കെ സഹീര്‍ അഹ്മദ്

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics