ഈജിപ്തിലെ ശ്മശാന ജീവിതങ്ങള്‍

കൈറോയിലെ ഒരു ശ്മശാന ഭൂമി. മരണപ്പെട്ട ഒരു കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു. ദു:ഖാര്‍ത്തരായ കുടുംബങ്ങളും മകന്‍ നഷ്ടപ്പെട്ട വേദന സഹിക്കാതെ കരയുന്ന ബന്ധുക്കളും. സമീപത്തെ വീട്ടിലെ കുടുംബാഗംങ്ങള്‍ ടി.വിയില്‍ ബോളിവുഡ് സിനിമ കാണുന്നു. അതിലെ കോമഡി രംഗങ്ങള്‍ കണ്ടു സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ചിരിക്കുന്നു. തൊട്ടടുത്ത ക്ലബ്ബില്‍ ഒരു കൂട്ടം ആളുകള്‍ ഫുട്‌ബോള്‍ മാച്ച് കാണുന്നു. ഓരോ ഗോളടിക്കുമ്പോഴും അവര്‍ പരസ്പരം ആഹ്ലാദിക്കുന്നു. ഈ സമയമെല്ലാം കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ തൊട്ടടുത്ത് തന്നെ പുരോഗമിക്കുകയാണ്.  

ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെ 'മരിച്ചവരുടെ നഗരം' എന്നറിയപ്പെടുന്ന സ്ഥലത്തെ സാധാരണ സംഭവമാണിത്. ഈജിപ്തിലെ കുടുംബങ്ങള്‍ മരിച്ചവരെ മറമാടാനായി ഖബറുകള്‍ക്ക് സമീപം വീടുകള്‍ കെട്ടിയുണ്ടാക്കുന്ന പതിവുണ്ട്. ഇത്തരം ശവക്കല്ലറകള്‍ക്കിടയില്‍ നിത്യവാസികളായ ഒരു കൂട്ടം ആളുകളുടെ ജീവിത കഥയാണിത്.

fjnytk

ഇവര്‍ക്ക് മറ്റുള്ളവരെ പോലെ ജീവിക്കാന്‍ ഇവിടെ വീടുകളില്ല. അത്തരക്കാരാണ് കാലങ്ങളായി മരിച്ചവരെ ഖബറടക്കുന്ന ശ്മശാന ഭൂമിയില്‍ അധിവസിക്കുന്നത്.
'ആദ്യത്തില്‍ ഞങ്ങള്‍ക്കെല്ലാം ഇവിടെ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് പതിയെ ഞങ്ങള്‍ പ്രദേശത്തോട് ഇണങ്ങി. ഇപ്പോള്‍ പരിചിതമായി' മൂന്നു കുട്ടികളടെ മാതാവായ സബ്രീന്‍ പറയുന്നു. തന്റെ മക്കള്‍ മരിച്ചവര്‍ക്കിടയില്‍ ജീവിക്കുന്നതില്‍ തനിക്ക് ഭയമുണ്ടെന്നും ഇവിടെ ജീവിക്കുന്നത് കഠിനവും ദുരിതപൂര്‍ണവുമാണെന്നും പിതാവ് സയിദ് അല്‍ അറബി പറഞ്ഞു. ഇവരുടെ രണ്ടു പെണ്‍കുട്ടികളും വിവാഹമോചിതരായി ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്.

ഞങ്ങള്‍ തലമുറകളായി ഇവിടെ തന്നെയാണ് ജീവിക്കുന്നത്. ഇവിടെ നിന്നും പുറത്തുകടക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചില്ല. സങ്കടത്തോടെ സയിദ് പറയുന്നു. നിരവധി പേര്‍ തങ്ങളുടെ ചിത്രങ്ങളെടുക്കുകയും ദുരിതകഥങ്ങള്‍ എഴുതുകയും ചെയ്യുന്നു. പക്ഷെ അതുകൊണ്ടൊന്നും ഇവിടെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അദ്ദേഹം തന്റെ ജീവിത കഥ വിവരിക്കുന്നു.

1950ലാണ് സയിദിന്റെ കുടുംബം ജോലി അന്വേഷിച്ച് തന്റെ ഗ്രാമമായ ഗിസയില്‍ നിന്ന് കെയ്‌റോയിലേക്ക് കുടിയേറുന്നത്. എന്നാല്‍ തന്റെ കുടുംബത്തിന് കഴിയാന്‍ പറ്റുന്ന ചെറിയ അപാര്‍ട്‌മെന്റിനായുള്ള വാടക ഇവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അങ്ങനെയാണ് അവര്‍ ഒരു സമ്പന്ന കുടുംബത്തിന്റെ ഖബറിടം നിലനില്‍ക്കുന്ന ശ്മാശന ഭൂമിയിലെത്തുന്നത്. അന്നു മുതല്‍ ഇവര്‍ അല്‍ അസ്ഹര്‍ പള്ളിക്കു സമീപമുള്ള ഈ ശ്മശാന ഭൂമിയിലാണ് താമസം.

gh

ഇവിടെ ജീവിക്കുന്നവരില്‍ പലരും ഖബറുകള്‍ കുഴിച്ചും മറ്റു ചിലര്‍ ഇവിടെ പരിചരണം നടത്തിയും കച്ചവടം ചെയ്തും ഒക്കെയാണ് കുടുംബം പുലര്‍ത്തുന്നത്.
ഖബറുകള്‍ക്ക് സമീപം നിര്‍മിച്ച വീടുകളില്‍ ഒരു റൂമെങ്കിലും ഉണ്ടാകും. മരിച്ചവരെ ബഹുമാനിക്കാന്‍ വേണ്ടിയാണ് ഈജിപ്തുകാര്‍ ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. മാത്രമല്ല, ഖബറിടം സന്ദര്‍ശിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വിശ്രമിക്കാനും താമസിക്കാനും ഒക്കെയാണിത്.

ചെറിയ ഒരു മുറിയില്‍ കുറച്ച് ഫര്‍ണിച്ചറുകള്‍ ഒരു ബെഡ് ചെറിയ ഇരിപ്പിടങ്ങള്‍ വാഷിങ് മെഷീന്‍,ടി.വി എന്നിവയാണ് ഓരോ വീട്ടിലും കാണപ്പെടുക. ഇതിനിടയിലാണ് ഇവരുടെ ജീവിതം. ഉരുളക്കിഴങ്ങും പയറും അരിയും ഉപയോഗിച്ചാണ് ഭക്ഷണമുണ്ടാക്കുക. പസ്ത എന്ന പേരിലുള്ള ഭക്ഷണമാണ് കൂടുതലായും ഉണ്ടാവുക. വളരെ അപൂര്‍വമായേ ഇവിടെ ഇറച്ചിയോ ചിക്കനോ ഉണ്ടാവാറുള്ളൂ.

2008ലെ ഈജിപ്ത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ കണക്കുപ്രകാരം 1.5 മില്യണ്‍ ജനതയാണ് കെയ്‌റോയിലെ വിവിധ ശ്മശാന ഭൂമികളില്‍ ജീവിക്കുന്നത്. എന്നാല്‍ അതിനു ശേഷം കൃത്യമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ല. വളരെ ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കെയ്‌റോയില്‍ മാത്രം 20 മില്യണ്‍ ജനങ്ങളാണുള്ളത്.

ചേരി പ്രദേശത്ത് താമസിക്കുന്നവരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നാണ് കെയ്‌റോയിലെ സര്‍ക്കാര്‍ വക്താവ് ഖാലിദ് മുസ്തഫ പറയുന്നത്. ചേരിപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഇവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും പതിറ്റാണ്ടുകളായി ചേരിപ്രദേശത്ത് കഴിയുന്ന ഇവരെ സര്‍ക്കാര്‍ മറന്നിരിക്കുകയാണെന്നും കെയ്‌റോയിലെ എന്‍.ജി.ഒ പ്രവര്‍ത്തകനായ മേദാത്ത് പറഞ്ഞു. ശ്മാശന ഭൂമികളില്‍ തന്നെ ജനിച്ചു വളര്‍ന്ന് ഇവിടെ നിന്നും വിവാഹം കഴിച്ച് കുട്ടികളുമൊത്ത് കുടുംബം നയിച്ച് അവസാനം തങ്ങള്‍ ജീവിച്ച മണ്ണില്‍ തന്നെ മറമാടപ്പെടുന്ന അപൂര്‍വം ജീവിതങ്ങളില്‍പ്പെട്ടതാണ് കെയ്‌റോയിലെ ഈ ശ്മശാന ജീവിതങ്ങള്‍. ഇവരുടെ ദുരിത ജീവിതം അന്ത്യവിശ്രമം നയിക്കുന്നവര്‍ക്കിടയില്‍  ഇപ്പോഴും വിശ്രമമില്ലാതെ തുടരുകയാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics