പശ്ചിമാഫ്രിക്കയില്‍ ഖത്തര്‍ എന്താണ് ചെയ്യുന്നത്?

ഏറെ നാള്‍ ഫ്രഞ്ചിന്റെ കോളനിയായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങള്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും ആഫ്രിക്ക മുക്തമായിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും മറ്റു ലോകരാഷ്ട്രങ്ങള്‍ ആഫ്രിക്കയെ മുതലെടുക്കുകയാണ്. 1990കളുടെ മധ്യേ അമേരിക്കയും ചൈനയും ആഫ്രിക്കന്‍ മേഖലയില്‍ പിടിമുറുക്കിയതോടെയാണ് മേഖല വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയത്. ചില സന്ദര്‍ഭങ്ങളില്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളുമായി ഫ്രാന്‍സും രാഷ്ട്രീയമായും സൈനികമായും മുന്നണി ഉണ്ടാക്കിയും മുതലെടുത്തു.

എന്നാല്‍, അറബ് ലോകം ആഫ്രിക്കയെ ചെറിയ മൂല്യമുള്ള ഒരു ഭൂഖണ്ഡമായാണ് കണ്ടിരുന്നത്. സൗദിയും,മൊറോകോയും ലിബിയയും മാത്രമായിരുന്നു ആഫ്രിക്കയുമായി മികച്ച ബന്ധം സ്ഥാപിച്ചിരുന്നത്. ഇത് മേഖലയില്‍ അവര്‍ക്കുള്ള സ്വാധീനം വര്‍ധിപ്പിക്കാനും നയതന്ത്രപരമായും പ്രത്യയശാസ്ത്രപരമായും ബന്ധം സ്ഥാപിക്കാനും അവസരമൊരുക്കി.

പിന്നീട്, മുന്‍ ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് അദ്ദേഹത്തിന്റെ ഭരണ കാലയളവില്‍ ആഫ്രിക്ക ഇന്നു കാണുന്ന അവസ്ഥയിലേക്ക് മാറുന്നതിന് വലിയ സ്വാധീനം ചെലുത്തി.

ഇപ്പോള്‍ ഖത്തര്‍ അമീറായ ശൈഖ് തമീം ബിന്‍ ഹമദിന്റെ ആഫിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവും അത്തരത്തിലുള്ള ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നതാണ്. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ദോഹ നടത്തിയ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്.
2000ത്തില്‍ വിവിധ സമാധാന ചര്‍ച്ചകള്‍ക്ക് ഖത്തര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ഡാര്‍ഫര്‍ സമാധാന ഉടമ്പടി ലംഘിക്കപ്പെട്ട് സുഡാനിലെ ഭീകരമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനും ഖത്തര്‍ നടത്തിയ ഇടപെടല്‍ ഫലപ്രദമായിരുന്നു.

2005 വരെ ഖത്തര്‍ ഈ നയതന്ത്ര ബന്ധം തുടര്‍ന്നു. മേഖലയിലെ വികസനത്തിനും അവസരങ്ങള്‍ ഒരുക്കുന്നതിനും അതിനായി വിപുലമായ ഒരു ഫണ്ടനുവദിക്കാനും ഇപ്പോള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഒരുക്കത്തിലാണ്.
ഇതിനായി 300 ബില്യണ്‍ ഡോളറാണ് ഖത്തര്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ കൂടുതലും കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സമ്പന്നമായ ഭൂമിയായാണ് ദോഹ ആഫ്രിക്കയെ കാണുന്നത്. മാത്രമല്ല, ആഫ്രിക്കയിലെ ചില മേഖലകളെ ടൂറിസം വിപണി ആക്കാനും ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള കരാറെല്ലാം നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. കെനിയ,എത്യോപ്യ എന്നീ രാജ്യങ്ങളുമായാണ് കരാര്‍ ഒപ്പിട്ടിരുക്കുന്നത്.

ഈ മേഖലകളിലേക്ക് ഖത്തര്‍ എയര്‍വേസ് പുതിയ സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ്. ഇതു മുഖേന കടല്‍ത്തീര,കായിക വിനോദ കേന്ദ്രങ്ങളുടെ മികച്ച മേഖലയാക്കുക എന്നതാണ് ഖത്തര്‍ ഉദ്ദേശിക്കുന്നത്. തന്റെ പിതാവ് നടപ്പാക്കിയ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ദീര്‍ഘവീക്ഷണത്തോടെയാണ് അമീര്‍ തമീം പുതിയ നയം പ്രഖ്യാപിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ ചില രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കുക എന്നതു കൂടിയാണ് ഖത്തറിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആറു രാജ്യങ്ങള്‍ ഇപ്പോള്‍ അമീര്‍ തമീം സന്ദര്‍ശിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പ്രധാന നയതന്ത്ര പോരാട്ടം കൂടിയാണ്. സെപ്റ്റംബറില്‍ തുര്‍ക്കി,ജര്‍മനി,ഫ്രാന്‍സ് എന്നിവയും ഏഷ്യയിലെ ചില രാഷ്ട്രങ്ങളും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ആഫ്രിക്കന്‍ പര്യടനം.

കഴിഞ്ഞ ആറു മാസത്തിലേറെയായി ഖത്തറിനെതിരായ ഉപരോധം മൂലം തങ്ങള്‍ സാമ്പത്തികമായി തകര്‍ന്നിട്ടില്ലെന്ന് തെളിയിക്കാനും ഉപരോധത്തെ മറികടക്കാനുള്ള പദ്ധതികള്‍ തയാറാക്കുക എന്നതുമാണ് അമീര്‍ തമീം ബിന്‍ ഹമദിന്റെ ലക്ഷ്യം. എതിരാളികളെ നേരിടാനുള്ള ഖത്തറിന്റെ കഴിവ് തങ്ങളുടെ സ്വാധീനത്തെ ചെറുതാക്കി കാണിക്കുന്നവരെ ബോധ്യപ്പെടുത്തുക എന്നതു കൂടിയാണ് ഖത്തറിന്റെ ഇതിലൂടെയുള്ള ഉദ്ദേശം.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics