ഹലാല്‍ ഭക്ഷണത്തിന്റെ പ്രാധാന്യം

ഭക്ഷണത്തിലായാലും നിത്യജീവിതത്തിലെ പ്രവൃത്തികളിലായാലും മുസ്‌ലിംകള്‍ക്ക് ഹറാമായതും ഹലാലായതും എന്നിങ്ങനെ രണ്ടു തരമുണ്ട്. അഥവാ ഇസ്‌ലാമില്‍ അനുവദനീയമാക്കപ്പെട്ട കാര്യങ്ങളാണ് ഹലാല്‍. ഇസ്‌ലാമില്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളാണ് ഹറാം. ഹറാമില്‍ നിന്നും വിട്ടു നില്‍ക്കല്‍ മുസ്‌ലിമിനെ സംബന്ധിച്ച് നിര്‍ബന്ധമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിലെ ഹറാമും ഹലാലും. നാം ദിനേന കഴിക്കുന്ന ഭക്ഷണങ്ങള്‍ ഹലാല്‍ ആണോ എന്ന് നാം ഉറപ്പുവരുത്താറുണ്ടോ?

ഹലാല്‍ ആയ ഭക്ഷണം എന്നാല്‍ ആരോഗ്യമുള്ള ഭക്ഷണമാണ്. ഇത് ലോകസമൂഹം മനസ്സിലാക്കി അവരും ഇന്ന് ഇസ്‌ലാമിന്റെ ഭക്ഷണക്രമം പിന്തുടരുന്നതായി കാണാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം ഹലാല്‍ സൂക്ഷിക്കുകയും പ്രവൃത്തികളുടെ കാര്യത്തില്‍ ഹറാം ചെയ്യുന്നവരെയും മുസ്‌ലിംകളുടെ ഇടയില്‍ ഇന്ന് നമുക്ക് ധാരാളം കാണാന്‍ സാധിക്കും.

ഇസ്‌ലാം അനുവദിച്ച മാംസ,മത്സ്യ ഭക്ഷണങ്ങളെല്ലാം എല്ലാവരെയും ഉദ്ദേശിച്ചാണ്. ഞാന്‍ സാഹിത്യങ്ങള്‍ വായിച്ചു വളര്‍ന്നിരുന്ന സമയത്ത് എല്ലാ ഭക്ഷണവും കഴിച്ച് മികച്ച ആരോഗ്യം നിലനില്‍ത്താനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതോടെയാണ് ഇസ്‌ലാമിലെ ഹറാമായ ഭക്ഷണത്തെക്കുറിച്ചും ഹലാലായ ഭക്ഷണത്തെക്കുറിച്ചും എന്നില്‍ അത്ഭുതമുളവാക്കിയത്. അതിനാല്‍ തന്നെ ഞാന്‍ ഭാഗ്യവാനാണ്. മുന്‍പ് കഴിച്ചിരുന്ന ഭക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യ ബോധമുള്ള ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എന്നെ സഹായിച്ചത് ഇസ്‌ലാമാണ്.

പാചക എഴുത്തുകാരനും ബ്ലോഗറും എന്ന നിലക്ക് യു.എസിലെയും അന്താരാഷ്ട്ര സമൂഹത്തിലെയും ഏറ്റവും പുതിയ ഭക്ഷണങ്ങളെക്കുറിച്ചും ട്രെന്റുകളെക്കുറിച്ചും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരം ഭക്ഷണങ്ങള്‍ മൂലം മനുഷ്യര്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപെടുന്ന കാഴ്ചയാണ് കാണുന്നത്.  മലിനമായ ഭക്ഷണങ്ങളും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലുള്ള വീഴ്ചയും വൃത്തിയുമായി ബന്ധപ്പെട്ടും എത്രയോ ഉദാഹരണങ്ങള്‍ ഇവിടങ്ങളില്‍ കാണാനാകും. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപഭോഗം മൂലം വിവിധ അസുഖങ്ങള്‍ പിടിപെടുന്നതായും കാണും.

അല്ലാഹുവിന്റെ കൃപയാല്‍ യു.എസിലെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും പ്രമുഖ ഷെഫുമാരടങ്ങിയ ഒരു സംഘവം ഭക്ഷണ-ആരോഗ്യ ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. നാം എന്തിനു വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്,എന്താണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് അവര്‍ ബോധവല്‍ക്കരണം നടത്തുന്നത്. പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയുമാണ് അവരുടെ ബോധവല്‍ക്കരണം. തങ്ങള്‍ കഴിക്കുന്ന ഭക്ഷണം എത്രത്തോളം മാരകമാണെന്നും മലിനമാണെന്നും അവര്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എന്താണ് നമ്മള്‍ കഴിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്.

ഇസ്‌ലാമിലെ ഹലാല്‍ ഭക്ഷണം എന്നാല്‍ എന്തു ഭക്ഷണമാണ് നാം കഴിക്കുന്നത് എന്നു മാത്രമല്ല നോക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെ ഉണ്ടാവുന്നു അല്ലെങ്കില്‍ അവര്‍ എന്ത് കഴിക്കുന്നു എന്നതു കൂടി നോക്കിയാണ്. അതായത്, ആടു മാടുകള്‍ എന്തു കഴിക്കുന്നു എന്നു നോക്കിയാണ് ആ ഭക്ഷണങ്ങള്‍ ഹലാലാക്കുന്നതും ഹറാമാക്കുന്നതും. പന്നി സ്വന്തം വിസര്‍ജ്യവും മാലിന്യവും ഭക്ഷിക്കുന്നതു കൊണ്ടാണ് പന്നി മാംസം നിഷിദ്ധമാക്കിയത്. അതുപോലെ കൃത്രിമങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം,കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറികള്‍ പഴങ്ങള്‍,വിഷവസ്തുക്കള്‍ കലര്‍ത്തിയവ,മാലിന്യം കലര്‍ന്നവ,വൃത്തിരഹിതമായ സ്ഥലത്ത് പാകം ചെയ്തവ,വൃത്തിയില്ലാത്ത അവസ്ഥയില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയ ഭക്ഷണങ്ങളാണ്. നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണത്തില്‍ ഇവ കടന്നുവരില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമ്മുടേതാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus