ബദറുല്‍മുനീര്‍ ഹുസുനുല്‍ജമാല്‍ ഇബ്രാഹിം വെങ്ങര ചിട്ടപ്പെടുത്തിയ പ്രണയശില്‍പം

കേരളീയ ഗ്രാമസീമകളോട് വിശുദ്ധ പ്രണയത്തിന്റെ സംഗീത ഭാഷയില്‍ സംവദിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ അനശ്വര സംഭാവനയാണ് ലോകപ്രശസ്തമായ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്ന പ്രണയശോക കാവ്യം. പേര്‍ഷ്യന്‍ കഥാകാരന്‍ മുഈനുദ്ദീന്‍ഷായുടെ മൂലകൃതിയെ അവലംബിച്ചാണ് മോയിന്‍കുട്ടി വൈദ്യര്‍ ഈ മുഗ്ദ ഗീതം രചിച്ചത്.

പുരാതനപേര്‍ഷ്യയിലെ അസ്മീര്‍ പ്രവിശ്യാ രാജാവായിരുന്ന മഹാസിന്റെ അതീവ സുന്ദരിയായ മകള്‍ ഹുസുനുല്‍ ജമാലും, മന്ത്രി പുത്രനായ ബദറുല്‍ മുനീറും തമ്മിലുള്ള ദൃഢാനുരാഗത്തിന്റെ ചടുലവും നാടകീയവുമായ ഗതിവിഗതികളാണ് ഈ കഥയുടെ ഉള്ളടക്കം. ജിന്നുകളും ഭൂതങ്ങളുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ഉള്ളുണര്‍ത്തുന്ന ഫാന്റസി.

'ലൈലാവമജ്‌നു ' പോലെ, 'അലിഫ് ലൈലാ വ ലൈലാ' (ആയിരത്തിയൊന്ന് രാവുകള്‍)പോലെ വിശ്വസാഹിത്യത്തിലേക്ക് അറബ്  പേര്‍ഷ്യന്‍ സര്‍ഗപ്രതിഭകള്‍ ഒഴുക്കിവിട്ട അനുരാഗത്തിന്റെ അമൃത വാഹിയാണ് ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍.

ഇസ്‌ലാമിക സംസ്‌കാര സംസത്തില്‍ വിരിഞ്ഞ കലാരൂപം എന്ന നിലയില്‍ ഈ ചരിത്ര കഥക്ക് അതീവ പ്രസക്തിയുണ്ട്. ഒരിക്കലും പരസ്പരം സ്പര്‍ശിക്കാത്ത, ഇരു ഹൃദയങ്ങളില്‍ നിലാമഴയായി പെയ്തിറങ്ങുന്ന വിശുദ്ധ പ്രണയം. നായകനേക്കാള്‍ തന്റേടിയായ നായികയാണ് കഥയുടെ കേന്ദ്ര ബിന്ദു. അനുരാഗ ഗാനം പോലെ. അഴകിന്റെ അല പോലെ ഹുസുനുല്‍ ജമാല്‍ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു.

നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മൈലാഞ്ചി ക്കൈകള്‍ വീശി സുറുമക്കണ്ണുകളിളക്കി പതിനാലാം രാവിന്റെ പൂഞ്ചിറ കേറിവരുന്ന ഹുസുനല്‍ ജമാലിനെ കേരളീയ മുസ്‌ലിം ഗൃഹങ്ങള്‍ മധുര ഗീതമായി നെഞ്ചേറ്റിയിരുന്നു.

'പൂമകളാണെഹുസുനുല്‍ ജമാലും' 'നാമക്കരുത്തന്‍ ബദറുല്‍ മുനീറും '  'കണ്ടാറക്കട്ടുമ്മലും ' മൂളാത്ത ഉമ്മ പെങ്ങന്മാര്‍ വിശിഷ്യ മലബാര്‍ മേഖലയില്‍ അപൂര്‍വ്വം.

വിയോജനങ്ങള്‍  ഉണ്ടെങ്കിലും ഖല്‍ബില്‍ ഇശല്‍ വിരിയിക്കുന്ന, പ്രണയ വര്‍ണങ്ങളുടെ പുതിയ പൂക്കള്‍ അംഗരാഗമണിഞ്ഞു നില്‍ക്കുന്ന ഈ പേര്‍ഷ്യന്‍ കഥയെ, ഇടവേളയില്ലാത്ത ഒരൊറ്റ സ്‌റ്റേജില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് നാടകം എന്ന ഫ്രെയിമിനുള്ളില്‍ ഒതുക്കിയ മഹാപ്രതിഭ ഇബ്രാഹിം വെങ്ങരയുടെ അതിസാഹസത്തിന് ഒരു ബിഗ് സലൂട്ട് നല്‍കട്ടെ!

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics