സിക്കിമിനെക്കുറിച്ച് ലോകം അറിയണം: എ.ആര്‍ റഹ്മാന്‍

ഇന്ത്യന്‍ സംഗീത മേഖലയിലെ കുലപതിയും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍ റഹ്മാന്‍ ആണ് സിക്കിം സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസിഡര്‍. വശ്യമനോഹരമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിം കൂടി ഉള്‍പ്പെടുന്ന ഇന്ത്യ ഒരു അമൂല്യ നിധിയാണെന്നാണ് അംബാസിഡര്‍ സ്ഥാനമേറ്റെടുത്ത ശേഷം എ.ആര്‍ റഹ്മാന്‍ പ്രതികരിച്ചത്. എ.ആര്‍ റഹ്മാനുമായി 'ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വീസ്' (ഐ.എ.എന്‍.എസ്) പ്രതിനിധി സുഗന്ധ റാവല്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച്

വടക്കു കിഴക്കന്‍ മേഖല എന്നത് എന്നെ എന്നും മോഹിപ്പിക്കുന്ന ഒന്നായിരുന്നു. നമ്മളാരും അധികം തുറന്നു കാണിക്കാത്ത ഇന്ത്യയുടെ ഒരു ഭാഗം തന്നെയാണത്. വടക്കുകിഴക്കന്‍ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് ഇപ്പോള്‍ എനിക്ക് കൈവന്നിരിക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷമായി നിരവധി കഴിവുള്ള സംഗീതജ്ഞരെ ഞാന്‍ വടക്കു-കിഴക്കന്‍ മേഖലകളില്‍ കണ്ടിട്ടുണ്ട്. ഷില്ലോങിലെ ചേംബര്‍ ക്വയറിനെ എനിക്കറിയാം. അതിപ്പോള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇവരും നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് പറയാന്‍ നമുക്കാകേണ്ടതുണ്ട്.

അംബാസിഡര്‍ പദവി ഏറ്റെടുത്തതിനെക്കുറിച്ച്....

ഈ തീരുമാനം മൊത്തം രാജ്യത്തിനും പ്രചോദനം നല്‍കുന്നതാണ്. ഇവിടുത്തെ മണ്ണില്‍ നിന്നും ജനങ്ങളില്‍ നിന്നും നമ്മള്‍ക്ക് പലതും പഠിക്കാനുണ്ട്. ഇവിടെയുള്ളവര്‍ ഇവരുടെ ജീവിതം എങ്ങനെയാണ് സ്വയംപര്യാപ്തമാക്കുന്നതെന്നും ദൈവം അവര്‍ക്ക് നല്‍കിയ പ്രകൃതിയെക്കുറിച്ച് അവര്‍ എത്രത്തോളം ബോധവാന്മാരാണെന്നും അതെങ്ങെനെയാണ് അവര്‍ പരിപാലിക്കുന്നതെന്നും ഇവരില്‍ നിന്നും നാം പഠിക്കണം. ഇതെല്ലാം വളരെ മനോഹരമായി തന്നെയാണ് അവര്‍ നിര്‍വഹിക്കുന്നത്.

സംസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച്...

വലിയ പ്രചോദനപരമായ പങ്കാണ് ഇക്കാര്യത്തില്‍ എനിക്ക് നിര്‍വഹിക്കാനുള്ളത്. പ്രതീക്ഷ കുറച്ചുവേണം ഇടപെടാനെന്നാണ് അവിടുത്തെ അധികൃതര്‍ എന്നെ അറിയിച്ചത്. സിക്കിമിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇതൊരു മനോഹരമായ സ്ഥലമാണ്. ലോകം സിക്കിമിനെ അറിയേണ്ടതുണ്ട്.

എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍?

സിക്കിം സര്‍ക്കാറുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയതിനു ശേഷമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോള്‍ ഞങ്ങളുള്ളത്.

താങ്കളുടെ അടുത്ത അന്താരാഷ്ട്ര സിനിമ പ്രൊജക്ടുകള്‍?

അതിന്റെ പണിപ്പുരയിലാണിപ്പോള്‍. എന്നാല്‍ ഏതാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ചിലതെല്ലാം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. ബാക്കി വഴിയെ മനസ്സിലാക്കാം.

(കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ ഗ്രാമി ജേതാവു കൂടിയായ റഹ്മാനെ സിക്കിമിന്റെ ആദ്യത്തെ അംബാസിഡറായി നിയമിക്കുന്നത്. സിക്കിമിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'റെഡ് പാണ്ട വിന്റര്‍ കാര്‍ണിവല്‍ -2018' ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം.)

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics