എ.കെ.ജി.യിലെ വിപ്ലവകാരിയും, പച്ച മനുഷ്യനും, പിന്നെ ആവിഷ്‌കാര സ്വാതന്ത്ര്യവും

പാവങ്ങള്‍ക്കു വേണ്ടി വിങ്ങിപ്പൊട്ടുന്ന ഹൃദയം സൂക്ഷിച്ച വിപ്ലവകാരിയാണ് എ.കെ.ഗോപാലന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമരാഗ്‌നികളില്‍ ചുട്ടെടുത്ത ജീവിതമായിരുന്നു എ.കെ.ജി.യുടെത് എന്നും കേരള ചരിത്രം പഠിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഉപ്പുസത്യഗ്രഹം, ക്ഷേത്രപ്രവേശന സമരം, കണ്ണൂര്‍ മുതല്‍ മദിരാശി  വരെ കാല്‍നടയായി സഞ്ചരിച്ച പ്രസിദ്ധമായ പട്ടിണി ജാഥ, അമരാവതി സമരം, നിരന്തര മര്‍ദ്ദനപീഢനങ്ങള്‍, ഒളിവു ജീവിതം, ദീര്‍ഘകാല ജയില്‍വാസം...

അതിനിടയില്‍ നെഹറുവിന്റെയൊക്കെ പ്രശംസ നേടിയ മികച്ച പാര്‍ലമെന്ററിയന്‍... ഇങ്ങനെയെല്ലാം ആയിരിക്കേ തന്നെ എ.കെ.ജി. അമാനുഷികനായിരുന്നില്ല. നമ്മെയെല്ലാം പോലെ  സുഖദുഃഖങ്ങളും പ്രണയവും വിവാഹവുമെല്ലാം എ.കെ.ജി.യെന്ന പച്ച മനുഷ്യന്റെ ജീവിതത്തില്‍ കടന്നു പോയിട്ടുണ്ട്. അച്ഛന്റെ പെങ്ങളുടെ മകളെയായിരുന്നു ആദ്യം എ.കെ.ജി കല്യാണം കഴിച്ചത്. 'ജീവിതത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായം ' എന്നത്രെ അതെ കുറിച്ച് എ.കെ.ജി.എഴുതിയത്.... എന്നാല്‍ എ.കെ.ജി.യുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു പെണ്ണുണ്ടായിരുന്നു. പിന്നീട് ഭാര്യയായിത്തീര്‍ന്ന സുശീല.. അതിനിടയില്‍ കെ.ആര്‍.ഗൗരിയെന്ന സഹയാത്രികയോട് എ.കെ.ജി.വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. (ഇത്രയും വിവരങ്ങള്‍ക്കാധാരം: എ.കെ. ഗോപാലന്‍ പി.കൃഷ്ണപിള്ള കെ.ദാമോദരന്‍ എന്ന ഡി.സി.ബി. പുസ്തകവും, മലബാറിലെ മണ്‍മറഞ്ഞ സ്വാതന്ത്ര്യസമര നേതാക്കള്‍ എന്ന കോഴിക്കോട് നവകേരള കോഓപ്പറേറ്റീവ് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരണവും )

ഇനി വി.ടി.ബല്‍റാമിലേക്ക് വരാം.അദ്ദേഹത്തിന് എ.കെ.ജി.യെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. പക്ഷെ നിന്ദിക്കാന്‍ അവകാശമില്ല. ചരിത്രത്തില്‍ വെളിച്ചം വിതറിയ ദീപസ്തംഭങ്ങളിലെ ഇരുണ്ട കുത്തുകള്‍ മാത്രം ചികഞ്ഞെടുക്കുന്നത് ക്ഷന്തവ്യമല്ല. അതേയവസരം ബല്‍റാമിന് മാന്യമായ മറുപടി കൊടുക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഓഫീസും കാറും അടിച്ചു തകര്‍ത്തവിദ്വേഷ പ്രതിഷേധം തികഞ്ഞ ഫാഷിസം തന്നെയായി.

'ജനാധിപത്യം' 'ആവിഷ്‌കാരസ്വാതന്ത്ര്യം ' എന്നൊക്കെ പേര്‍ത്തും പേര്‍ത്തും വിളിച്ചു പറയുന്നവര്‍, മുഹമ്മദ് നബിയെ അതിനീചമായ ഭാഷയില്‍ നിന്ദിച്ചവര്‍ക്ക് പച്ചപ്പരവതാനി വിരിച്ചവര്‍... സ്വന്തം നേതാവിനെതിരെ വന്ന ഒരു കൊച്ചു നിരീക്ഷണത്തിനു മുന്നില്‍ പോലുംപിടിച്ചു നില്‍ക്കാനാവാതെ സര്‍വ്വ മൂല്യങ്ങളും മറന്ന് തികഞ്ഞ അസഹിഷ്ണുതയോടെ പ്രതികരിച്ചതിന് ഒരു ന്യായവുമില്ല.

യഥാര്‍ത്ഥത്തില്‍ സി.പി.എം.നേരിടുന്ന ആശയ ദാരിദ്ര്യത്തെയാണ് ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്നത്. മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളോട് സംഘ് പരിവാര്‍ ഭാഷയിലും, 'വയല്‍ക്കിളികള്‍ ' പോലുള്ള സ്വന്തം പാര്‍ട്ടി സമരക്കാരോട് റിയല്‍ എസ്‌റ്റേറ്റ് ഭാഷയിലും സംസാരിച്ചുകൊണ്ട് ചില നേതാക്കള്‍ നേരത്തേ തന്നെ ഇത് തെളിയിച്ചതാണ്.

ഒരു കാര്യംകൂടി ചോദിക്കട്ടെ: ഇത്തരം പ്രതികരണങ്ങളാണ് ശരിയെങ്കില്‍ റുഷ്ദിക്കെതിരെ ഖുമൈനിയും കല്‍ ബുര്‍ഗിക്കെതിരെ ഫാഷിസ്റ്റുകളും അനുവര്‍ത്തിച്ചതുമാത്രം എങ്ങനെ തെറ്റാകും?

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics