അഹദ് തമീമി ; അഹിംസയെ അപനിര്‍മിച്ച ഫലസ്തീന്‍ ഗാന്ധി

എന്തുകൊണ്ട് നിങ്ങളൊരു മഹാത്മ ഗാന്ധിയെ അല്ലെങ്കില്‍ നെല്‍സണ്‍ മണ്ടേലയെ സംഭാവന ചെയ്യുന്നില്ല എന്ന് വര്‍ഷങ്ങളോളം ഫലസ്തീനികളെ വിമര്‍ശിക്കുന്ന സമയത്ത് 16 വയസ്സുകാരി അഹദ് തമീമിയെ ഇസ്രായേലികള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അവസാനം, തങ്ങളെ അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ദുഷിച്ച വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ തികച്ചും അനുയോജ്യമായ ഒരു വ്യക്തിത്വത്തെ കോളനിവത്കരിക്കപ്പെട്ട ജനത സംഭാവന ചെയ്തിരിക്കുന്നു.

റാമല്ലക്കടുത്ത് വെസ്റ്റ്ബാങ്കിലെ നബി സാലിഹിലെ തന്റെ കുടുംബവീടിന്റെ അങ്കണത്തില്‍ നിന്നും പുറത്തുപോകാന്‍ വിസ്സമതിച്ച സര്‍വ്വായുധവിഭൂഷിതരായ രണ്ട് ഇസ്രായേല്‍ സൈനികരുടെ കരണത്തടിച്ചതിന് കഴിഞ്ഞാഴ്ച്ച അവള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത സംഭവം വീഡിയോയില്‍ പകര്‍ത്തിയ അവളുടെ മാതാവ് നരിമാനും അറസ്റ്റ് ചെയ്യപ്പെട്ടു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.

തന്റെ ബന്ധുവായ 15 വയസ്സുകാരന്റെ മുഖത്ത് ഇസ്രായേല്‍ സൈനികര്‍ വെടിവെച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തിന് ശേഷമാണ് അഹദ് സൈനികരെ പ്രഹരിച്ചത്.

ചൈനയിലേയും ഇറാനിലേയും ജനാധിപത്യ പ്രതിഷേധകര്‍ക്ക് നല്‍കിയ പിന്തുണയുടെ ചെറിയൊരംശം പോലും അഹദിന് നല്‍കാന്‍ പാശ്ചാത്യ നിരീക്ഷകര്‍ വിസമ്മതിച്ചു. എന്നിരുന്നാലും, തന്റെ ജനതയെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍വാസമനുഷ്ടിക്കാന്‍ സാധ്യതയുള്ള ഈ ഫലസ്തീന്‍ വിദ്യാര്‍ത്ഥിനി വളരെ പെട്ടെന്ന് തന്നെ ഒരു സോഷ്യല്‍ മീഡിയ ഐക്കണമായി മാറുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

ഇസ്രോയേലികളില്‍ ബഹുഭൂരിഭാഗത്തിനും അഹദിനെ മുമ്പ് കണ്ടുപരിചയമില്ലായിരിക്കാമെങ്കിലും, ഫലസ്തീനികള്‍ക്കും, ലോകത്തുടനീളമുള്ള ഫലസ്തീന്‍ അനുകൂലികള്‍ക്കും അഹദ് സുപരിചിതയാണ്. തന്റെ ഗ്രാമമായ നബി സാലിഹില്‍ ജൂതകുടിയേറ്റക്കാരുടെ കിരാതവാഴ്ച്ചക്ക് താങ്ങുംതണലും നല്‍കുന്ന ഇസ്രായേല്‍ സൈന്യത്തിനെതിരെ വര്‍ഷങ്ങളായി ഗ്രാമത്തില്‍ ആഴ്ച്ചതോറും നടത്തുന്ന പ്രതിഷേധപരിപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവളും മറ്റു ഗ്രാമവാസികളുമായിരുന്നു. ജൂതകുടിയേറ്റക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് ഗ്രാമവാസികളുടെ ഭൂമി തട്ടിയെടുത്തത്. കാര്‍ഷികാവശ്യത്തിനും മറ്റും ഗ്രാമവാസികള്‍ പുരാതന കാലം മുതലേ ഉപയോഗിച്ചു വന്നിരുന്ന അരുവിയും ജൂതകുടിയേറ്റക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു.

ചെറുപ്പം മുതലേ ശരീരം കൊണ്ട് തന്നേക്കാള്‍ വലിയ സൈനികരോട് കയര്‍ക്കുകയും എതിരിടുകയും ചെയ്യുമായിരുന്നു അഹദ്. ഈ രംഗങ്ങള്‍ നിരന്തരം വീഡിയോയില്‍ പകര്‍ത്തപ്പെടുകയും ചെയ്യുമായിരുന്നു. ഇത്തരമൊരു രംഗം കാണാന്‍ ഇടയായ ഒരു മുതിര്‍ന്ന ഇസ്രായേലി സമാധാന പ്രവര്‍ത്തകന്‍ അഹദിനെ ജോവാന്‍ ഓഫ് ആര്‍ക്ക് എന്നാണ് വിശേഷിപ്പിച്ചത്. വിരലിലെണ്ണാവുന്ന ഇസ്രായേലികളുടെ കണ്ണിലുണ്ണിയാണ് അഹദ്.

ഒരു ഫലസ്തീനിയെ കുറിച്ചുള്ള ഇസ്രായേലി വാര്‍പ്പുമാതൃകളെ വെല്ലുവിളിക്കുക മാത്രമല്ല അവള്‍ ചെയ്തത്, മറിച്ച് വലിയ അളവില്‍ സൈനികവത്കരിക്കപ്പെട്ടതും, പുരുഷകേന്ദ്രീകൃതവുമായ ഒരു സംസ്‌കാരത്തിനാണ് അവള്‍ പ്രഹരമേല്‍പ്പിച്ചത്. കല്ലേറുകാരെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന ഇന്നുവരെ അജ്ഞാതരായിരുന്ന ഫലസ്തീന്‍ കുട്ടികളുടെ പ്രതിരൂപമാണ് അവള്‍.

നബി സാലിഹ് പോലെയുള്ള ഫലസ്തീന്‍ ഗ്രാമങ്ങള്‍ ഇസ്രായേല്‍ സൈനികര്‍ നിരന്തരം അതിക്രമങ്ങള്‍ നടത്തുന്ന പ്രദേശങ്ങളാണ്. അര്‍ദ്ധരാത്രികളില്‍ ചെറിയ കുട്ടികളെ അവരുടെ കിടക്കപ്പായയില്‍ നിന്നും ഇസ്രായേല്‍ സൈനികര്‍ വലിച്ചിഴച്ച് കൊണ്ടുപോകും. സൈനികരെ പ്രഹരിച്ചതിന് പ്രതികാരമായി അഹദിനെയും അങ്ങനെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. എവ്വിധമാണ് ഇസ്രായേല്‍ തടവറകളില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ പീഢിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നത് എന്നതിന്റെ തെളിവുകള്‍ മനുഷ്യാവകാശ സംഘങ്ങളുടെ പക്കലുണ്ട്.

ഇസ്രായേല്‍ സൈനികരെ കല്ലെറിഞ്ഞെന്നാരോപിച്ച് ഓരോ വര്‍ഷവും നൂറുകണക്കിന് ഫലസ്തീന്‍ കുട്ടികളാണ് ജയിലിലടക്കപ്പെടുന്നത്. ആ കുട്ടികളെല്ലാം നിരവധി വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നതാണ് 99 ശതമാനം വരുന്ന ഇസ്രായേലി സൈനിക കോടതി വിധികളും നമ്മോട് പറയുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ ഈ കുട്ടികള്‍ ഭാഗ്യവാന്‍മാരാണ്. കഴിഞ്ഞ 16 വര്‍ഷത്തെ കണക്കെടുത്താല്‍, ഒരു മാസം ശരാശരി 11 കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം കൊന്നുതള്ളിയിട്ടുള്ളത്. അറബ് ഗോലിയാത്തിനോട് പടവെട്ടുന്ന ദാവീദ് എന്ന ഇസ്രായേലിന്റെ സ്വയംപ്രഖ്യാപിത പ്രതിച്ഛായയെ കീഴ്‌മേല്‍ മറിക്കുമെന്ന മുന്നറിയിപ്പാണ് ഇസ്രായേലി ടി.വിയില്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ട അഹദിന്റെ വീഡിയോ. ഇസ്രായേലിനെ ഗ്രസിച്ച അങ്ങേയറ്റം വിഷലിപ്തമായ ക്രോധാവേശത്തെ ഇത് വ്യക്തമാക്കുന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ ഇസ്രായേലി രാഷ്ട്രീയ പ്രമുഖര്‍ കോപാന്ധരായി മാറി. അഹദിനെ 'ജയിലില്‍ വെച്ച് അവസാനിപ്പിക്കാന്‍' വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് ആഹ്വാനം ചെയ്തു. മുന്‍ സൈനിക വക്താവും, നിലവിലെ സംസ്‌കാരിക മന്ത്രിയുമായ മിരി റെഗേവ്, അഹദിന്റെ ചെയ്തിയില്‍ വ്യക്തിപരമായി താന്‍ നാണംകെടുത്തപ്പെട്ടതായും, മനസ്സ് തകര്‍ന്നതായും അഭിപ്രായപ്പെട്ടു. പക്ഷെ മാധ്യമ ചര്‍ച്ചയാണ് അതിനേക്കാള്‍ കഷ്ടം. അഹദിനെ തിരിച്ചടിക്കുന്നതില്‍ പരാജയപ്പെട്ട സൈനികരെ 'ദേശീയ നാണക്കേട്' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 'ഭീരുക്കളായത് കൊണ്ടാണോ ആയുധമുപയോഗിക്കാന്‍ സൈനികര്‍ മടിച്ചു നിന്നത്' എന്ന് ജനപ്രിയ ടെലിവിഷന്‍ അവതാരകന്‍ യാരോണ്‍ ലണ്ടന്‍ ആശ്ചര്യപ്പെട്ടു.

പ്രമുഖ ഇസ്രായേലി മാധ്യമനിരീക്ഷകന്‍ ബെന്‍ കാസ്പിറ്റിന്റെ ഭീഷണികളാണ് ഇവയേക്കാളൊക്കെ ഭീകരം. അഹദിന്റെ പ്രവര്‍ത്തിയില്‍ 'ഓരോ ഇസ്രായേലിയുടെയും ചോര തിളക്കുന്നതായി' അദ്ദേഹം തന്റെ കോളത്തില്‍ എഴുതി. 'ഇരുട്ടില്‍, കാമറകണ്ണുകളും, സാക്ഷികളും ഇല്ലാത്തിടത്ത് വെച്ചാണ് അവളോട് പ്രതികാരം ചെയ്യണമെന്നാണ്' അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. തന്റേതായ രീതിയിലുള്ള പ്രതികാരം തനിക്ക് ജയില്‍ ശിക്ഷ വാങ്ങിച്ചു തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസ്പിറ്റ് ഇപ്പോഴും തന്റെ ജോലിയില്‍ സുരക്ഷിതമായി തുടരുക തന്നെയാണ്.

കുട്ടികള്‍ അടക്കമുള്ള ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നതില്‍ ലഹരി കണ്ടെത്തുന്ന ഒരു സമൂഹത്തിന്റെ രോഗാവസ്ഥ തുറന്ന് കാണിക്കുന്നതിനൊപ്പം തന്നെ, ഇസ്രായേലികളുടെ കാഴ്ച്ചപ്പാടില്‍ ഫലസ്തീനികള്‍ പിന്നെ എങ്ങനെയാണ് തങ്ങളുടെ ചെറുത്തുനില്‍പ്പ് പോരാട്ടം നടത്തേണ്ടത് എന്ന് ചോദ്യവും അഹദിന്റെ കേസ് ഉയര്‍ത്തുന്നുണ്ട്.

കുറഞ്ഞപക്ഷം, അന്താരാഷ്ട്ര നിയമത്തിനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വാതന്ത്ര്യലബ്ദിക്ക് വേണ്ടി സായുധ പോരാട്ടം അടക്കം 'സാധ്യമായ എല്ലാ മര്‍ഗങ്ങളും ഉപയോഗിക്കാന്‍' അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ജനതക്ക് അനുവാദമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

പക്ഷെ, അഹദും, നബി സാലിഹ് ഗ്രാമവാസികളും, അവരെപോലുള്ള മറ്റു ഫലസ്തീനികളും വ്യത്യസ്തമായ തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് നേരിട്ട് ഏറ്റുമുട്ടുന്ന, സായുധമായ നിയമലംഘനത്തിന്റെ വഴി. ഫലസ്തീനികളെ അടക്കി ഭരിക്കാമെന്ന അധിനിവേശകരുടെ ധാരണയെയാണ് അവരുടെ ചെറുത്തുനില്‍പ്പ് പോരാട്ടം തകര്‍ത്തുകളയുന്നത്. മഹമൂദ് അബ്ബാസിന്റെ ഫലസ്തീന്‍ അതോറിറ്റി ഇസ്രായേലുമായി ഏര്‍പ്പെട്ട 'സുരക്ഷാ സഹകരണ' ഉടമ്പടിയോടും, അധിനിവേശകരോടുള്ള വിധേയപ്പെടലിനോടും ശക്തമായി വിയോജിക്കുന്നതാണ് അഹദിന്റെ കൂട്ടരുടെയും ചെറുത്തുനില്‍പ്പ് പോരാട്ടവഴി.

ഇസ്രായേലി അധിനിവേശകര്‍ക്കെതിരെ റോക്കറ്റും, തോക്കും, കത്തിയും, കല്ലും ഉപയോഗിക്കാന്‍ മാത്രമല്ല മുഖത്തടിക്കാന്‍ പോലും ഫലസ്തീനികള്‍ക്ക് അവകാശമില്ലെന്നാണ് അഹദിന്റെ സംഭവം തുറന്നുകാട്ടുന്നതെന്ന് ഇസ്രായേലി നിരീക്ഷകന്‍ ഗിദിയോണ്‍ ലെവി അഭിപ്രായപ്പെട്ടു.

ജനകീയ നിരായുധ ചെറുത്തുനില്‍പ്പിന് അധിനിവേശകരുടെ മുന്നില്‍ വിധേയപ്പെട്ട് മര്യാദരാമന്‍ ചമഞ്ഞ് നില്‍ക്കാന്‍ കഴിയില്ലെന്നാണ് അഹദും നബി സാലിഹ് ഗ്രാമവും നമുക്ക് കാണിച്ചു തരുന്നത്. ചെറുത്തുനില്‍പ്പ് പോരാട്ടം ശത്രുസംഹാരാത്മകവും, നിര്‍ഭയത്വപൂര്‍ണ്ണവും ആയിരിക്കല്‍ നിര്‍ബന്ധമാണ്. എല്ലാറ്റിനുമുപരി, അധിനിവേശകര്‍ക്ക് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയായിരിക്കണം പ്രസ്തുത ചെറുത്തുനില്‍പ്പ് പോരാട്ടം. ബഹുഭൂരിഭാഗം വരുന്ന ഇസ്രായേലികളുടെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന തോക്കുധാരിയെ വലിച്ചുപുറത്തിടാന്‍ അഹദിന് സാധിച്ചു. അതുതന്നെയായിരുന്നല്ലോ ഗാന്ധിയുടെയും മണ്ടേലയുടെയും പോരാട്ടവഴി.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  counterpunch.org

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics