'ഹിന്ദുത്വത്തെ' തള്ളിക്കളയുക, അതാണ് കലാപത്തിന് കാരണം: നയന്‍താര സൈഗാള്‍

Jan 22 - 2018

'നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയം എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകും അത് ആര്‍ക്കും സ്വീകാര്യമല്ലെന്ന്. ഹിന്ദുത്വ എന്നത് കലാപങ്ങളും ലഹളകളും സൃഷ്ടിക്കുന്ന ഒന്നാണ്. ഇതിന് ഹിന്ദുവിസവുമായി യാതൊരു ബന്ധവുമില്ല. അതിനാല്‍ തന്നെ അര്‍ഹിക്കുന്ന പരിഗണനയോടെ അതു തള്ളിക്കളയുക.' ഇന്ത്യയിലെ മുതിര്‍ന്ന എഴുത്തുകാരി നയന്‍താര സൈഗാളിന്റെ പ്രതികരണമാണിത്. ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസിന് അവര്‍ നല്‍കിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം.


നമുക്കറിയാം നിലവില്‍ വളരെ വ്യത്യസ്തമായ സ്ഥിതി വിശേഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും അടിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവരെ കൊന്നുകളയുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷ്.

എഴുത്തുകാര്‍ മാത്രമല്ല കൊല്ലപ്പെടുന്നത്. പശുവിനെ കൊണ്ടുപോകുന്നവരും മാട്ടിറച്ചി സൂക്ഷിക്കുന്നവരും മനുഷ്യന്മാരാല്‍ കൊല്ലപ്പെടുകയാണ്. ഇതിനെല്ലാം പരിഹാരം എന്നത് ഹിന്ദുത്വയെ തള്ളിക്കളയുക എന്നതാണ്. ഇതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. വളരെ അപകടംപിടിച്ച ഒരു പ്രത്യയശാസ്ത്രമാണത്. ഹിന്ദുവിസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. നിരവധി എഴുത്തുകാരാണ് ഇതിനെതിരെ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്.

ഹിന്ദുവിസം എന്നത് ഭീകരവാദമല്ല, അത് അക്രമത്തിനു വേണ്ടി വാദിക്കുന്നുമില്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥ എഴുത്തുകാര്‍ക്ക് മാത്രമല്ല ഉചിതമല്ലാത്തത്. അത് എല്ലാവര്‍ക്കും ഭീഷണിയാണ്. അവര്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം അവര്‍ കേസെടുത്ത് അറസ്റ്റു ചെയ്യുന്നു. പീഡനങ്ങളും കൊലപാതകങ്ങളും വളരെ മോശം രാഷ്ട്രീയത്തെയാണ് മുന്നോട്ടു വെക്കുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ എന്ന രാഷ്ട്രം തീരുമാനിച്ചത് ഇത് മതേതര രാഷ്ട്രമാണെന്നാണ്. ജനാധിപത്യം നിലനിര്‍ത്തുന്നതിനും വികസനം കൊണ്ടുവരുന്നതിനും മുമ്പെടുത്ത തീരുമാനമാണത്. അത് നമുക്ക് അഭിമാനമായിരുന്നു.

ആണ്‍-പെണ്‍ എന്നുള്ള വിവേചനത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. എന്റെ കുടുംബത്തില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ചവരായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഒരു എഴുത്തുകാരന് അല്ലെങ്കില്‍ എഴുത്തുകാരിക്ക് ഇങ്ങനെ വിവേചനങ്ങള്‍ നാം കാണിക്കാറില്ല.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics