യമന്‍ യുദ്ധത്തിന്റെ ബാക്കിപത്രം; ചവറുകൂനയില്‍ നിന്നും ആഹാരം തേടുന്നവര്‍

Jan 25 - 2018

മാലിന്യകൂമ്പാരങ്ങളുമായി വരുന്ന ഓരോ ട്രക്കുകളും ഇവരുടെ പ്രതീക്ഷകളാണ്, വെറും പ്രതീക്ഷകളല്ല, ഒരു നേരം വയറു നിറക്കാനാവുമെന്നതിന്റെ സന്തോഷം. ചീഞ്ഞുനാറുന്ന മാലിന്യകൂമ്പാരങ്ങളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ച് വിശപ്പടക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

യമനിലെ റെഡ് സീ തുറമുഖത്തിനു സമീപമുള്ള ഹുദൈബയില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് മാലിന്യകൂമ്പാരങ്ങളെ തങ്ങള്‍ക്കുള്ള ഭക്ഷണത്തിന്റെ ഉറവിടമാക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഇവിടങ്ങളിലെ ദയനീയ കാഴ്ചകള്‍. സൗദിയുടെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായ വ്യോമാക്രമണങ്ങളാണ് യമനിനെ യുദ്ധക്കളമാക്കിയത്. വടക്കുപടിഞ്ഞാറന്‍ യമനില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിനിടെയാണ് യുദ്ധം ഇവരെ ചവറുകൂനയിലേക്ക് പറിച്ചു നടുന്നത്.

hgjl

യുദ്ധം രൂക്ഷമായതോടെയാണ് റുസൈഖും തന്റെ ഭാര്യയെയും മക്കളെയും അടുത്ത ബന്ധുക്കളെയും കൂട്ടി ഹുദൈദയിലേക്ക് കുടിയേറുകയായിരുന്നു. കൈയില്‍ പണമില്ലാതെ ഭക്ഷണത്തിനും അന്തിയുറങ്ങാനും അലഞ്ഞുതിരിയുന്നതിനിടെയാണ് ഇവര്‍ ഹുദൈദ നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെത്തുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് ഹുദൈദ. തന്റെ 18 അംഗ കുടുംബവുമായി റുസൈഖ് ചവറുകൂനകള്‍ക്കിടയില്‍ കുടില്‍കെട്ടി താമസമാരംഭിക്കുകയായിരുന്നു.

kjuil;

താമസിയാതെ നൂറുകണക്കിന് കുടുംബങ്ങളുടെ ഭക്ഷണത്തിനുള്ള ഉറവിടമായി മാറുകയായിരുന്നു ഹുദൈദ. മാരക രോഗങ്ങളുടെ ഭീഷണി നിലനില്‍ക്കെ തന്നെ ചവറുകൂനയില്‍ നിന്നും ലഭിക്കുന്ന ആക്രി വസ്തുക്കളും മറ്റും വില്‍പന നടത്തി ഇവര്‍ ഉപജീവനം നടത്തി. 'മറ്റുള്ളവര്‍ കളയുന്ന ഭക്ഷണങ്ങളാണ് ഞങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. അതില്‍ നിന്നും ഞങ്ങള്‍ക്ക് മത്സ്യവും ഇറച്ചിയും കിഴങ്ങുകളും സവാളയും ധ്യാനങ്ങളുമെല്ലാം ലഭിക്കാറുണ്ട്. ഇവയൊക്കെയാണ് ഞങ്ങളുടെ ഭക്ഷണം' മുഹമ്മദ് റുസൈഖ് പറയുന്നു.

uo'

ഏതാണ്ട് 20 ലക്ഷം ആളുകളാണ് യമനിലെ യുദ്ധത്തില്‍ പലായനം ചെയ്തതെന്നാണ് യു.എന്നിന്റെ കണക്കുകള്‍ പറയുന്നത്. 2015ല്‍ സൗദി അറേബ്യ കൂടി പങ്കാളികളായതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. യമനിലെ പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ വേണ്ടി ഹൂതി വിമതര്‍ക്കെതിരേയാണ് സൗദി യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. മന്‍സൂര്‍ ഹാദിയെ നാടുകടത്തി ഹൂതി വിമതര്‍ മേഖല കൈയടക്കിയതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് പൗരന്മാര്‍ നാടുകടത്തപ്പെട്ടു.

;0p[-]=

പതിനായിരത്തിലധികം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞു. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ആയിരക്കണക്കിന് പേര്‍ മരിച്ചുവീണു. പട്ടിണിയും ക്ഷാമവും മൂലം നിരവധി പേര്‍ സ്വന്തം നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ തങ്ങള്‍ സാധാരണക്കാരെ ഉദ്ദേശിച്ചല്ല യുദ്ധം ചെയ്തതെന്നു പറഞ്ഞ് സൗദി കൈകഴുകി. ഇറാനുമായി ബന്ധമുള്ള ഹൂതി സൈന്യവുമായിട്ടായിരുന്നു തങ്ങളുടെ പോരാട്ടമെന്നാണ് സൗദി പറയുന്നത്. ഇറാനും ഹൂതികളും തമ്മിലുണ്ടായിരുന്ന സൈനിക സഹകരണം ഇരു രാജ്യങ്ങളും നിഷേധിച്ചിട്ടുമില്ല.

VFDH

'യുദ്ധം അവസാനിപ്പിക്കാന്‍ യമന്‍ സൈന്യത്തിന് ആഗ്രഹമുണ്ടായിരുന്നെന്നും അവര്‍ പുറത്തു നിന്നുള്ള ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും റുസൈഖ് പറഞ്ഞു.
ഈ യുദ്ധവും ദുരിതവും അവസാനിപ്പിക്കാനാണ് ഞങ്ങളെല്ലാവരും ആവശ്യപ്പെടുന്നത്. സര്‍വ്വശക്തനായ ദൈവം ഞങ്ങളുടെ കൂടെയുണ്ടാകുമെന്നും' നിറകണ്ണുകളോടെ റുസൈഖ് പറയുന്നു.


വിവര്‍ത്തനം: പി.കെ സഹീര്‍ അഹമ്മദ്

കടപ്പാട്: അല്‍ ജസീറ

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus