ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍

Jan 26 - 2018

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാലിക്കേണ്ട മര്യാദകളും ചിട്ടകളും സസൂക്ഷ്മം വിവരിച്ചു തന്ന മതമാണ് ഇസ്ലാം. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ നാം ഇടപെടുന്ന മേഖലകളിലെല്ലാം തന്നെ ഇത്തരം ഇസ്ലാമിക ചിട്ടവട്ടങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം കഴികുമ്പോഴുള്ള മര്യാദകള്‍. അമിതമായി ഭക്ഷം കഴിക്കുന്നതിനെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നത് അപക്വവും അപകടവുമാണ്. ആരെങ്കിലും ഇങ്ങനെ ഒരു സദസ്സില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ജനങ്ങള്‍ അവനെ മോശമായ രീതിയിലാണ് നോക്കുക.

പ്രവാചകന്‍ ഭക്ഷണം കഴിക്കാന്‍ മൂന്ന് വിരലുകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് ഹഥീസുകളില്‍ കാണാം. ഭക്ഷണ ശേഷം കൈകഴുകുന്നതിന് മുന്‍പ് വിരലുകള്‍ അദ്ദേഹം നക്കിത്തുടക്കാറുണ്ടായിരുന്നു. ഭക്ഷണം നല്ല ചൂടുണ്ടെങ്കില്‍ അത് മൂടിവെക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചൂട് നീരാവിയായി പുറത്തേക്ക് പോകും.

ഒരിക്കല്‍ പ്രവാചകന്‍ ചമ്രംപടഞ്ഞിരുന്നു ഈന്തപ്പഴം കഴിക്കുകയായിരുന്നു. അപ്പോള്‍ ആ സദസ്സിലേക്ക് കൂടുതല്‍ അനുചരന്മാരെത്തി തുടര്‍ന്ന് അവിടെ എല്ലാവര്‍ക്കും ഇരിക്കാന്‍ സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോള്‍ പ്രവാചകന്‍ അത്തഹിയാത്തില്‍ ഇരിക്കുന്ന പോലെ പരമാവധി ഇടുങ്ങിയിരുന്ന് മറ്റുള്ളവര്‍ക്കും സ്ഥലം ഒരുക്കുകയായിരുന്നു.

രണ്ടു പേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മറ്റെയാള്‍ ഭക്ഷണം കഴിച്ചു തീരുന്നതിനു മുന്‍പ് നിങ്ങള്‍ എഴുന്നേറ്റ് പോകരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ വയര്‍ നിറഞ്ഞെന്നു കരുതി എഴുന്നേറ്റു പോകാതെ രണ്ടാമത്തെയാള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് വേണ്ടത്.

വെള്ളത്തിന്റെ പാത്രത്തില്‍ നിന്നും അപ്പാടെ കുടിക്കരുത്. ഗ്ലാസിലൊഴിച്ചു വേണം കുടിക്കാന്‍. ജഗ്ഗില്‍ നിന്നാണെങ്കിലും വലിയ കുപ്പിയില്‍ നിന്നാണെങ്കിലും ഇത്തരത്തില്‍ കുടിക്കാന്‍ പാടില്ല.

ഭക്ഷണ പാത്രത്തിലേക്ക് ഊതുകയോ ശ്വാസംവിടുകയോ ചെയ്യരുത്. പൊട്ടിയതോ പാതിമുറിഞ്ഞതോ ആയ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കരുത്. നിന്നു കൊണ്ട് വെള്ളം കുടിക്കരുത്. പലര്‍ക്കുമുള്ള ശീലമാണിത്. ഇരുന്നുകൊണ്ട് വെള്ളം കുടിക്കലാണ് പ്രവാചക ചര്യ.

ഭക്ഷണത്തെക്കുറിച്ച് കുറ്റം പറയരുത്. പ്രവാചകന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഒരുക്കലും കുറ്റം പറയാറില്ല. പ്രവാചകനിഷ്ടപ്പെട്ടതാണെങ്കില്‍ കഴിക്കും. ഇല്ലങ്കില്‍ കുറ്റം പറയാതെ അതു നിരസിക്കുകയാണ് ചെയ്യാറുള്ളത്.

സ്വര്‍ണം കൊണ്ടോ വെള്ളി കൊണ്ടുള്ളതോ ആയ പാത്രത്തില്‍ നിന്നും തിന്നുന്നതും കുടിക്കുന്നതും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പ്രവാചകന്റെ ചര്യകളും ചിട്ടകളും പാലിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus