ഇ.സി സൈമണ്‍ മാസ്റ്റര്‍

നല്ലൊരു ബൈബിള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ ഇ.സി സൈമണ്‍ മാസ്റ്റര്‍ (മുഹമ്മദ്) വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ 86ാം വയസ്സില്‍ മരണപ്പെട്ടപ്പോള്‍ ജനുവരി 28ന്റെ മാധ്യമത്തില്‍ മാത്രമാണ് വാര്‍ത്ത വന്നത്. മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത കണ്ടില്ല.

നിശിതവും നിഷ്പക്ഷവുമായ ബൈബിള്‍ പഠനത്തിലൂടെയാണ് സൈമണ്‍ മാസ്റ്റര്‍ (മുഹമ്മദ്) ഇസ്‌ലാമിലെത്തുന്നത്. ഖുര്‍ആനിനെയും ബൈബിളിനെയും ചിന്താപൂര്‍വം വിലയിരുത്തുന്നതാണ് അദ്ദേഹത്തിന്റെ കൃതികള്‍. അങ്ങിനെ സത്യാന്വേഷണ തൃഷ്ണയോടെ ഇസ്ലാമിനെ ശരിയായ രീതിയില്‍ പഠിച്ചറിഞ്ഞ് ഇഷ്ടപ്പെട്ട് അതിനെ ഞെഞ്ചിലേറ്റിയ ബഹുമാന വ്യക്തിത്വമാണ് സൈമണ്‍ മാസ്റ്റര്‍.

എന്റെ ഇസ്ലാം അനുഭവങ്ങള്‍,യേശുവിന്റെ പിന്‍ഗാമി,യേശുവും മര്‍യമും ബൈബിളിലും ഖുര്‍ആനിലും,ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും,ബലിപുത്രന്‍ ഇസ്മാഈലോ ഇസ്ഹാഖോ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ് സൈമണ്‍ മാസ്റ്റര്‍. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഇവ പ്രസിദ്ധീകരിച്ചത്. കൂടാതെ പ്രബോധനം ഉള്‍പ്പെടെ പല പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ദീര്‍ഘകാലം ഉറച്ച ഇസ്ലാം മതവിശ്വാസിയായി സാത്വിക ജീവിതം നയിച്ച സൈമണ്‍ മാസ്റ്റര്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിട്ടുമുണ്ട്.

താന്‍ മരണപ്പെട്ടാല്‍ ഇസ്ലാം മതാചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കണമെന്ന് അദ്ദേഹം പലരോടും പറഞ്ഞേല്‍പ്പിക്കുകയും എഴുതിനല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൃതദേഹം വളരെ ധൃതിപ്പെട്ട് മെഡിക്കല്‍ കോളജിന് കൈമാറിയത് ദുരൂഹമാണെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ മരണം സ്വാഭാവികമായിരുന്നോ എന്നു സംശയിക്കാന്‍ ഇട വരും വിധം അനാവശ്യ ധൃതി ഇക്കാര്യത്തിലുണ്ടായത് വളരെ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. അറിയപ്പെട്ട ഒരെഴുത്തുകാരനും പണ്ഡിതനുമായ മാന്യദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കുക എന്ന സാമാന്യ മര്യാദ പാലിക്കാതിരുന്നതെന്തിന്? നാടിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന പതിനായിരങ്ങളുണ്ട്, അവര്‍ക്കൊക്കെ ആ പണ്ഡിതന്റെ ഭൗതിക ശരീരം ഒന്നു കാണാനും ആദരസൂചകമായുള്ള ഉപചാരങ്ങള്‍ അര്‍പ്പിക്കാനുമുള്ള അവകാശത്തെ ഇവ്വിധം ധ്വംസിച്ചത് ഒരര്‍ത്ഥത്തില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനം തന്നെയാണ്.

ആരോഗ്യമുള്ളപ്പോഴൊക്കെ സമീപത്തെ മസ്ജിദില്‍ പോയി നമസ്‌കാരാദി കര്‍മങ്ങള്‍ നിഷ്ഠാപൂര്‍വം അനുഷ്ടിച്ച പരേതന്റെ അഭിലാഷം മാനിച്ച് മൃതദേഹം ഇസ്ലാം മതാചാരമനുസരിച്ച് സംസ്‌കരിക്കേണ്ടതായിരുന്നു. അതു ചെയ്യാത്തവര്‍ പരേതനോട് കടുത്ത അനീതിയാണ് കാണിച്ചത്. അതില്‍ വലിയ മനുഷ്യാവകാശ ലംഘനവുമുണ്ട്. തീര്‍ത്തും അമാന്ന്യമായ ഇത്തരം ദുഷ്പ്രവണതകളെ കണ്ടറിഞ്ഞ് ചികിത്സിച്ച് ഇല്ലാതാക്കാന്‍ ജാതി മത ഭേദമന്യേ എല്ലാവരും ശ്രദ്ധിക്കുകയും ശ്രമിക്കുകയും വേണം. അല്ലാത്തപക്ഷം ഇത്തരം വിക്രിയകള്‍ ഒരു കീഴ്‌വഴക്കമായി മാറും. ഈ തെറ്റായ മാതൃക ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താത്ത പക്ഷം നാം പിന്നീട് കനത്ത വില നല്‍കേണ്ടി വരും. ബഹുമാന്യയായ കമല സുരയ്യ മരണപ്പെട്ടപ്പോള്‍ എം.ഡി നാലപ്പാട് അടക്കമുള്ള അവരുടെ മക്കള്‍ പുലര്‍ത്തിയ വളരെ ഉയര്‍ന്ന നിലപാട് ഇത്തരുണത്തില്‍ അഭിമാനപൂര്‍വം സ്മരിക്കേണ്ടതാണ്.

ഏതായാലും സൈമണ്‍ മാസ്റ്റര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ മഹല്ലിലും മറ്റും മയ്യിത്ത് നമസ്‌കാരം നടന്നു. അദ്ദേഹത്തിന് വേണ്ടി വിവിധ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആദര്‍ശ സഹോദരങ്ങള്‍ ഉള്ളഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യും.
സത്യാന്വേഷണ പാതയില്‍ അദ്ദേഹം കാഴ്ചവച്ച ആര്‍ജ്ജവവും ഉജ്ജ്വല മാതൃകയും ഭാവിതലമുറക്ക് വിശിഷ്യാ സത്യാന്വേഷികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും നല്ലൊരു പ്രചോദനം തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും സമ്പൂര്‍ണ്ണ കൃതികള്‍ എന്ന നിലയില്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയും ഫലപ്രദമായ രീതിയില്‍ പ്രചരിപ്പിക്കുകയും വേണം.

ഇസ്ലാമോഫോബിയയുടെ ഈ കാലത്ത് സൈമണ്‍ മാസ്റ്ററുടെ സത്യാന്വേഷണ തൃഷ്ണയും ആര്‍ജ്ജവവും പലര്‍ക്കും അരോചകമായിരിക്കാം. അതായിരിക്കാം മരണാനന്തരം ഇങ്ങിനെ ഒരു 'പ്രതികാരം' അരങ്ങേറിയത്.

അനാവശ്യ വിവാദങ്ങള്‍ തീര്‍ത്തും അനഭിലഷണീയമാണ്. എന്നാല്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മണ്‍മറഞ്ഞവരോടുള്ള അനാദരവ് ഹീനമായ രീതിയല്‍ ഇനിയും അരങ്ങേറാതിരിക്കാന്‍, പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സ്വാഭാവികമായ പ്രകടനത്തിനുള്ള ന്യായമായ അവകാശം നിഷേധിക്കപ്പെടാതിരിക്കാന്‍ ഇത്തിരി ജാഗ്രതയും തദടിസ്ഥാനത്തിലുള്ള നിരൂപണവും ഉണ്ടാവുക തന്നെ വേണം. മാന്യന്മാരെ വിഢിയാക്കുന്നതും കബളിപ്പിക്കുന്നതും ഒരു മിടുക്കും സാമര്‍ത്ഥ്യവുമായി തെറ്റിദ്ധരിക്കപ്പെടുമെങ്കില്‍ മൗനം ഭൂഷണമല്ല തന്നെ.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus