സൈമണ്‍ മാസ്റ്റര്‍: വിവാദങ്ങളുണ്ടാക്കുന്നവരോട് കാതിയാളം മഹല്ലിന് പറയാനുള്ളത്

സൈമണ്‍ മാഷിന്റെ വിയോഗത്തോടനുബന്ധിച്ച് കാതിയാളം മഹല്ല് കമ്മിറ്റിയും മഹല്ല് പ്രവര്‍ത്തകരും ഇതുവരെ സ്വീകരിച്ച നടപടികള്‍.

1. സൈമണ്‍ മാഷ് ഇസ്ലാം സ്വീകരിച്ചതു മുതല്‍ കാതിയാളം മഹല്ലുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. നടക്കാനാവുന്ന കാലത്തോളം പള്ളിയില്‍ വന്നു കൊണ്ടിരുന്നു. അസുഖമായതിനു ശേഷം മഹല്ല് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുകയും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എല്ലാവരെയും സ്‌നേഹത്തോടെ സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തു പോന്നിട്ടുണ്ട്.
2. അദ്ദേഹം ഇസ് ലാം സ്വീകരിച്ചു എന്നും കാതിയാളം മഹല്ല് ഖബറിസ്ഥാനില്‍ മറമാടുക എന്നതാണ് ആഗ്രഹമെന്നും അറിയിക്കുന്ന ഒരു കത്ത് 2000 സെപ്റ്റം 8 ന് ഒരു മഹല്ല് കമ്മിറ്റി അംഗത്തിന് കൈമാറി. ആ കത്തില്‍ സൈമണ്‍ മാസ്റ്ററും 3 മക്കളും ഒപ്പു വെച്ചിരുന്നു .
3. 2018 ജനുവരി 27 ന് പുലര്‍ച്ചെ സൈമണ്‍ മാഷ്‌ക്ക് അസുഖം കൂടുതലായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോഴും മഹല്ലിലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹോസ്പിറ്റലില്‍ എത്തുന്നതിനു മുന്നേ രാവിലെ ഏകദേശം 6 മണിക്ക് അദ്ദേഹം അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി.
4. ജനാസ ആംബുലന്‍സിലാണ് കൊണ്ടുപോയത്. ആംബുലന്‍സിലെ സ്ഥല പരിമിതി പരിഗണിച്ച് മഹല്ല് പ്രവര്‍ത്തകന്‍ മറ്റൊരു വാഹനത്തിലാണ് ജനാസയെ അനുഗമിച്ചത്.
5. ആംബുലന്‍സ് വീട്ടിലേക്ക് പോകുന്നതിനു പകരം മെഡിക്കല്‍ കോളേജിലേക്കാണ് പോയത്. അവസാന നിമിഷം വരെ മാഷിന്റെ ആഗ്രഹപ്രകാരം അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാമെന്നേറ്റ കുടുംബം പെട്ടെന്ന് അവിശ്വസനീയവും ആസൂത്രിതവുമായ രീതിയില്‍ നിലപാട് മാറ്റി.
6. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തുകയും 2000 ല്‍ മാഷ് കൈമാറിയ ഒസ്യത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ക്ക് കൈമാറി മയ്യിത്ത് ആവശ്യപ്പെടുകയും ചെയ്തു.
7. Conflict ഉള്ള മയ്യിത്ത് ആയതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അത് സ്വീകരിക്കില്ലെന്ന സൂചനയാണ് നേരത്തേ ലഭിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കളില്‍ നിന്നും മയ്യിത്ത് അധികൃതര്‍ സ്വീകരിക്കുകയാണുണ്ടായത്.
8.  ഈ സന്ദര്‍ഭത്തിലാണ് മാഷിന്റെ കുടുംബാംഗങ്ങള്‍ ഒരു രേഖ നേരത്തേ സമര്‍പിച്ചിരുന്നു എന്ന അവിശ്വസനീയമായ വിവരം കിട്ടുന്നത്. ആ രേഖയില്‍ സൈമണ്‍ മാഷിന്റെ വിരലടയാളവും കൂടെ ഒപ്പും ഉണ്ടായിരുന്നു. എല്ലാ മക്കളും ഭാര്യയും അതില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു രേഖയില്ല എന്ന വാദം തെറ്റാണ്. ബന്ധുക്കള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 13/12/2017ല്‍ നല്‍കിയ ബോണ്ടിന്റെ കോപ്പി, മഹല്ല് അധികൃതര്‍ക്ക് വിവരാവകാശം വഴി ലഭിക്കുകയുണ്ടായി.

Saimon Master Docu

9.മാഷിന്റെ ഒസ്യത്ത് മെഡിക്കല്‍ കോളേജില്‍ സമര്‍പിച്ചുവെങ്കിലും അവസാനം മാഷുള്‍പ്പെടെ ഭാര്യയും മക്കളും ഒപ്പിട്ട രേഖയാണ് അധികൃതര്‍ പരിഗണിച്ചത്.
10.  മയ്യിത്ത് വിട്ടുകിട്ടാത്ത സാഹചര്യത്തില്‍  പിന്നീട് നിയമപരമായ വഴികള്‍ ആരായാന്‍ നാം തീരുമാനിച്ചു. അതോടൊപ്പം പള്ളികളില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്തു.
11. തുടര്‍ന്ന് ഈ വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍, കലക്ടര്‍, RDO , പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു . മെഡിക്കല്‍ കോളേജ് അധികൃതരുടെ കൈകളില്‍ ആദ്യമെത്തുന്ന പരാതി മഹല്ലിന്റെതു തന്നെയാണ്.
12. ഇപ്പോള്‍ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

ഇതാണ് വസ്തുത എന്നിരിക്കെ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കലര്‍ത്തി മഹല്ലിനെ അപഹസിക്കുന്ന വിധത്തില്‍  കുപ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി അറിയുന്നു. മാഷിന്റെ ജനാസയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ നേരിടുന്നതിനു പകരം അദ്ദേഹത്തിന്റെ മയ്യിത്ത് വിട്ടുകിട്ടുന്നതിനും അന്തിമ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിലുമാണ് മഹല്ല് ശ്രദ്ധിച്ചിരുന്നത്. തുടര്‍ന്നും അത് തന്നെയായിരിക്കും മഹല്ലിന്റെ സമീപനം .

സി.കെ.ഷാജഹാന്‍
കാതിയാളം മഹല്ല് കമ്മിറ്റി മെമ്പര്‍

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics