ഭിന്നശേഷിക്കാരോടുള്ള ഇസ്‌ലാമിന്റെ സമീപനം

'വൈകല്യവുമായി ബന്ധപ്പെട്ട ഏറ്റവും മോശം അവസ്ഥ എന്നത്, നിങ്ങളെ കാണുന്നതിനു മുന്‍പ് ജനങ്ങള്‍ അതു കാണുന്നു എന്നതാണ്' -ഈസ്റ്റര്‍ സീല്‍സ്

നമ്മുടെ സമൂഹത്തില്‍ ഇന്ന് ധാരാളം ഭിന്നശേഷിക്കാരായ സഹോദരി സഹോദരന്മാരെ നാം കാണാറുണ്ട്. അവരോടെല്ലാം പൊതുവായി സമൂഹം വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതാണ് നാം കണ്ടുവരാറുള്ളത്. അല്ലെങ്കില്‍ സഹതാപത്തോടെയും സങ്കടത്തോടെയുമുള്ള നോട്ടം. അതിലപ്പുറം അവരെക്കൂടി നമ്മുടെ ലോകത്തിന്റെ ഭാഗമാക്കാനോ നമ്മുടെ കൂടെക്കൂട്ടാനോ പലരും തയാറാവുന്നില്ല.

ഭൂരിപക്ഷം പേരും മറ്റൊരാളുടെ വൈകല്യത്തിലേക്കാണ് എപ്പോഴും നോക്കുക. അതിനാല്‍ തന്നെ മറ്റുള്ളവര്‍ കാണാതിരിക്കാനും വൈകല്യങ്ങള്‍ മറച്ചുപിടിക്കാനുമാണ് എല്ലാവരും ശ്രമിക്കാറുള്ളത്. ഇതുകൊണ്ടൊക്കെയാണ് ഭിന്നശേഷിക്കാരായവര്‍ സമൂഹത്തിന്റെ നടുക്കളത്തിലേക്കിറങ്ങാന്‍ മടിക്കുന്നതും.

ഭിന്നശേഷിക്കാരെക്കുറിച്ച് പലവിധ തെറ്റിദ്ധാരണകളാണ് മുസ്ലിംകള്‍ക്കിടയിലുള്ളത്. വൈകല്യങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയാണെന്നും അല്ലെങ്കില്‍ കൂടോത്രത്തിന്റെയും മന്ത്രവാദത്തിന്റെയും ഭാഗമാണെന്നും വിശ്വസിക്കുന്നവരാണ് ഒരു കൂട്ടര്‍. അതിനാല്‍ തന്നെ ഇത്തരക്കാര്‍ ചികിത്സയും പ്രത്യേക സഹായങ്ങളും നിഷേധിക്കുന്നു. ചിലര്‍ ഇതില്‍ നിന്നും മോചനം നേടാന്‍ മന്ത്രവാദികളെ സമീപിച്ച് ശിര്‍ക്ക് ചെയ്യുന്നു. ഇവയൊന്നും ഇസ്ലാമിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങളെയല്ല പ്രതിനിധാനം ചെയ്യുന്നത്.

മനുഷ്യരെ ഓരോരുത്തരെയും വ്യത്യസ്തരായിട്ടാണ് സൃഷ്ടിച്ചതെന്നാണ് അല്ലാഹു പറയുന്നത്. നിറത്തിലും മാനസികാവസ്ഥയിലും കഴിവുകളിലുമെല്ലാം ഇത്തരം വ്യത്യാസങ്ങള്‍ കാണാം. ഇതെല്ലാം പരസ്പരം പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ളതാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:  
 'മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'. (49-18)

മറ്റൊരു അധ്യായത്തില്‍ അല്ലാഹു പറയുന്നു:
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.(5-48).

അല്ലാഹുവിന്റെ കണ്ണില്‍ മനുഷ്യന്മാരെല്ലാം തുല്യരാണ്. ഒരാളെ മറ്റൊരാളില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഒരേയൊരു ഘടകം അല്ലാഹുവുമായുള്ള അവന്റെ തഖ്‌വയാണ്. നമ്മുടെ ദൈവഭയം വികസിപ്പിക്കുന്നതിനും അല്ലാഹു നമ്മെ നിരന്തരം പരീക്ഷിക്കും. ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അല്ലാഹുവിന്റെ ശിക്ഷയല്ലെന്നാണ് മുകളിലത്തെ ഖുര്‍ആന്‍ സൂക്തങ്ങള്‍ നമ്മോട് പറയുന്നത്.

അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ വ്യത്യസ്ത രൂപത്തിലാണുണ്ടാവുക. ചിലരെ അവരുടെ സമ്പത്തിലും മറ്റു ചിലരെ അസുഖങ്ങള്‍ കൊണ്ടും വേദനാജനകമായ അനുഭവങ്ങള്‍ കൊണ്ടും മാരക അസുഖങ്ങള്‍ കൊണ്ടുമാകും പരീക്ഷിക്കുക. മറ്റു ചിലരെ ശാരീരിക വൈകല്യങ്ങള്‍ മൂലവുമാകും അവന്‍ പരീക്ഷിക്കുന്നത്.

വൈകല്യം മനുഷ്യന്റെ സ്വാഭാവിക ഗുണമാണെന്നാണ് ഇസ്ലാം വിശ്വസിക്കുന്നത്. അതൊരിക്കലും അല്ലാഹുവിന്റെ അനുഗ്രഹമോ ശാപമോ അല്ല. വൈകല്യങ്ങള്‍ ഒരു വ്യക്തിയുടെ ശക്തിയും കരുത്തും അവരുടെ ശാക്തീകരണത്തിനുമുള്ള ഘടകമാണ്. അവരുടെ വൈകല്യങ്ങള്‍ അംഗീകരിക്കാനും അവര്‍ക്ക് ആവശ്യമുളള സഹായസഹകരണങ്ങള്‍ നല്‍കാനും മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics