പരമ്പരയാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍

കഴിഞ്ഞയാഴ്ച കണ്ണൂരിലെ മട്ടന്നൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെ ദാരുണമായ മരണമാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാവിഷയം. കൊലക്കത്തിക്കിരയായ ഷുഹൈബിന്റെ പാര്‍ട്ടിക്കാരും കൊലചെയ്തവരെന്ന് ആരോപണം നേരിടുന്നവരും തമ്മിലുള്ള വാഗ്വാദങ്ങളും ന്യായീകരണങ്ങളും പതിവുപോലെ ഭേഷായി തന്നെ നടക്കുന്നുണ്ട്.

ഇതിനായി സോഷ്യല്‍ മീഡിയ മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ വരെ പങ്കെടുത്ത് തങ്ങളുടെ ഭാഗം വൃത്തിയായി ന്യായീകരിക്കാനും വാചകകസര്‍ത്തുകളാല്‍ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാനും എല്ലാ പാര്‍ട്ടികളും കൂലിക്ക് ആളെ നിര്‍ത്തിയിട്ടുമുണ്ട്. കൊല ചെയ്തതുപോലെ തന്നെ പ്രധാനമാണ് കൊല ചെയ്തതിന്റെ ന്യായീകരണങ്ങള്‍ പൊതുജനത്തെ ബോധ്യപ്പെടുത്തേണ്ടതും എന്ന രീതിയിലേക്കു വരെയെത്തിയിട്ടുണ്ട് മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും.

നേതാക്കന്മാരുടെ വാചകമടിയും രോമാഞ്ചം കൊള്ളിക്കുന്ന വാക്പയറ്റും കൊലപാതകങ്ങളുടെ ചരിത്രവും കണക്കുകളും അവതരിപ്പിക്കുന്നതോടെ ഇരുവിഭാഗം അണികള്‍ക്കും സംതൃപ്തിയാകുന്നു. പിന്നെ സോഷ്യല്‍ മീഡിയകളിലേക്ക് സ്ഥാനത്തും അസ്ഥാനത്തും ഇതെല്ലാമെടുത്ത് നിക്ഷേപിക്കുക എന്ന ജോലിയാണ് അവര്‍ക്കുള്ളത്. എല്ലാ പോസ്റ്റിന്റെയും മുന്നിലോ പിന്നിലോ ആപ്തവാക്യം പോലെ ഒന്നുണ്ടാകും.'മനുഷ്യ ജീവനുകള്‍ കൊത്തിനുറുക്കന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ലെന്നും എല്ലാവിധ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും താനും തന്റെ പാര്‍ട്ടിയും എതിരാണെന്നുമുള്ള ഒട്ടിച്ചുവെച്ച ഒരു ഡയലോഗ്.  

ഇതെല്ലാം കണ്ടും കേട്ടും കണ്ണീര്‍ വാര്‍ക്കുന്നത് ഇരകാളയവരുടെ കുടുംബം മാത്രം. ചെറുപ്രായത്തില്‍ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍,പിതാവിനെ നഷ്ടപ്പെട്ട് ബാല്യത്തിലേ അനാഥരാകാന്‍ വിധിക്കപ്പെട്ട പിഞ്ചോമനകള്‍,ദാമ്പത്യ ജീവിതത്തിലെ മധുരം നുണയും മുമ്പ് വിധവയാകാന്‍ വിധിക്കപ്പെട്ടവര്‍,കുടുംബത്തിലെ ഏക അത്താണിയെ നഷ്ടപ്പെട്ട് ശ്മശാന മൂകമായ വീടുകള്‍ ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തീരാ ദുരിതങ്ങളുടെയും കയ്പുനീരിന്റെയും അനുഭവങ്ങള്‍ മാത്രമാകും ഇവര്‍ക്ക് പറയാനുണ്ടാവുക.

മരണപ്പെട്ടതിന്റെ അന്നു മുതല്‍ ഏറിയാല്‍ ഒരാഴ്ച വരെ നേതാക്കന്മാരും പാര്‍ട്ടി അണികളും 'രക്തസാക്ഷി'യുടെ വീട്ടിലെത്തി മുതലക്കണ്ണീരൊഴുക്കും. കൊല്ലപ്പെട്ടത് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ ആളാണെങ്കില്‍ സര്‍ക്കാര്‍ വക ധനസഹായവും നഷ്ടപരിഹാരവും. ഇതര പാര്‍ട്ടിക്കാരനാണെങ്കില്‍ പാര്‍ട്ടിവക രക്തസാക്ഷി പെന്‍ഷനും. ഇതു തന്നെ കൃത്യമായി നല്‍കുന്നുണ്ടോ എന്നത് മറ്റൊരു കാര്യം. ഇതുകൊണ്ട് പകരം നല്‍കാനാവുമോ ആ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം. അവര്‍ക്ക് നഷ്ടപ്പെട്ട അത്താണിയെ,ഗൃഹനാഥനെ,മക്കളെ തിരിച്ചു നല്‍കാന്‍ ഇതിനാലാവുമോ. കൊലപ്പെടുത്തിയവരെ തിരിച്ചു കൊല്ലുന്നത് ഇതിനു പകരമാവുമോ?

തങ്ങളുടെ മക്കള്‍ പാര്‍ട്ടിയില്‍ സജീവമാകുന്നതിനെ ഭയപ്പാടോടെ മാത്രം കാണുന്ന കുടുംബങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. തങ്ങളുടെ ഏക ആശ്രയമായ അവന്‍ ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളെയും നമുക്ക് കാണാം. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാമൂഹ്യ സേവനത്തില്‍ നിന്നും മാറി പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാവാനും തയാറാകുന്ന ഒരു കൂട്ടം ചാവേര്‍ പടയാളികളെ സൃഷ്ടിച്ചെടുക്കുമ്പോള്‍ സ്വന്തം ശരീരവും തലച്ചോറും പാര്‍ട്ടിക്കു വേണ്ടി പണയപ്പെടുത്തിയവരാണ് ഇത്തരം രാഷ്ട്രീയക്കാര്‍.

പട്ടിണിപ്പാവങ്ങളില്‍ മുതല്‍ വന്‍കിട മുതലാളിമാരില്‍ നിന്നും പിരിച്ചെടുക്കുന്ന പാര്‍ട്ടി ഫണ്ടുകള്‍ കൊണ്ട് ക്വട്ടേഷന്‍ ഗുണ്ടകളെ തീറ്റിപ്പോറ്റാന്‍ മത്സരിക്കുകയാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. താന്‍ കൊല്ലപ്പെട്ടാലോ പ്രതിചേര്‍ക്കപ്പെട്ടാലോ കേസ് നടത്താനും കുടുംബത്തെ നോക്കാനും പാര്‍ട്ടിയുണ്ടാവുമെന്ന വിശ്വാസത്തില്‍ സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ചവര്‍.

ഇത്തരം ചിന്താഗതികള്‍ മാറുന്ന ഒരു കാലം വളരെ വിദൂരമാണെന്നാണ് കൊലപാതക പരമ്പരകള്‍ നമ്മോടു വിളിച്ചു പറയുന്നത്. ഇതു തന്നെയാണ് പുതുതലമുറ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ മടി കാണിക്കുന്നതും ഭയപ്പെടുന്നതും. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഇത്തരക്കാര്‍ അവമതിപ്പുണ്ടാക്കുന്നു. എങ്കിലും പുതുതലമുറയിലെ യുവാക്കള്‍ ചിന്തിക്കുന്നവരും പഠിക്കുന്നവരുമായതുകൊണ്ടെല്ലാം ഇത്തരം രീതികളോട് കലഹിക്കുന്നതും എതിര്‍ക്കുന്നത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം കണ്ടും കേട്ടും സോഷ്യല്‍ മീഡിയകളില്‍ അന്തിയുറങ്ങുന്ന മറ്റൊരു കൂട്ടര്‍ അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയത്തെ വെറുക്കുകയും അരാഷ്ട്രീയവാദികളായി മാറുകയും ചെയ്യുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നാലെ ചോരത്തിളപ്പുള്ള അണികള്‍ അന്നു തന്നെ പ്രഖ്യാപിക്കും ഇതിനു തങ്ങള്‍ പകരം വീട്ടിയിരിക്കും. ഇങ്ങനെ പകരത്തിനു പകരം എന്ന പ്രതികാര ബുദ്ധിയോടെയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറിയത്. കൊലപാതകത്തിനു ശേഷം സര്‍വകക്ഷി യോഗങ്ങളില്‍ പങ്കെടുക്കാനും കെട്ടിപ്പിടിച്ച് പരസ്പരം ആശ്ലേഷിക്കനും നേതാക്കന്മാര്‍ യാതൊരു മടിയും കാണിക്കാറില്ല.

അതുകൊണ്ടു തന്നെയാണ് രക്തസാക്ഷികള്‍ അണികളുടെ വീട്ടില്‍ മാത്രമേയുള്ളൂ നേതാക്കന്മാരുടെ വീട്ടില്‍ ഉണ്ടാകില്ലെന്ന് പണ്ടാരോ പറഞ്ഞത്. തങ്ങളുടെ കൂടപ്പിറപ്പിനെ വെട്ടിവീഴ്ത്തിയവനെ ജീവിക്കാന്‍ വിടില്ലെന്ന മനുഷ്യസഹജമായ വികാരത്തിന് അടിമപ്പെടാതെ അണികള്‍ ക്ഷമിക്കാന്‍ തയാറാവാത്തിടത്തോളം കാലം കേരള മണ്ണില്‍ ഒരു പരമ്പര പോലെ മനുഷ്യജീവനുകള്‍ നടുറോഡില്‍ പിടഞ്ഞു മരിക്കുക തന്നെ ചെയ്യും.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics