താരിഖ് റമദാന്‍ അന്യായ തടങ്കലിലാണ്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ ഡോ. താരിഖ് റമദാന്റെ അന്യായ തടങ്കല്‍ ഫ്രഞ്ച് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തികച്ചും അപമാനകരമാണ്.

2018 ഫെബ്രുവരി രണ്ടാം തിയ്യതി മുതല്‍ പാരിസിലെ ഫഌവറി-മെറോഗിസ് ജയിലിലെ അതീവസുരക്ഷാ വിഭാഗത്തില്‍ ഏകാന്ത തടവറയില്‍ അടക്കപ്പെട്ടിരിക്കുകയാണ് താരിഖ് റമദാന്‍. 2009, 2012 വര്‍ഷങ്ങളില്‍ യഥാക്രമം ലിയോണ്‍, പാരീസ് എന്നിവിടങ്ങളില്‍ വെച്ച് രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റാരോപണം. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബാംഗങ്ങളെ കാണാന്‍ അദ്ദേഹത്തിന് അനുവാദമില്ല. അവരുമായി ഫോണ്‍ മുഖാന്തരം ബന്ധപ്പെടാനുള്ള അനുമതി പോലും അധികൃതര്‍ അദ്ദേഹത്തിന് നിഷേധിച്ചിരിക്കുകയാണ്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ജനുവരി 31-ന് അദ്ദേഹം സ്വമേധയാ പാരിസ് പോലിസിന് മുമ്പാകെ ഹാജറാവുകയായിരുന്നു എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അന്വേഷണോദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും അദ്ദേഹം സഹകരിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ വളരെ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയത്.

ലിയോണ്‍ സംഭവത്തില്‍, 2009 ഒക്ടോബര്‍ 9-ന് ഉച്ചതിരിഞ്ഞ സമയത്ത് ഒരു ഹോട്ടലില്‍ വെച്ച് തന്നെ മാനഭംഗപ്പെടുത്തി എന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ അന്നേ ദിവസം വൈകുന്നേരം 6.35 മണിക്ക് ശേഷമാണ് ലണ്ടനില്‍ നിന്നും താരിഖ് പുറപ്പെട്ട വിമാനം ലിയോണില്‍ ഇറങ്ങുന്നത് എന്നും, രാത്രി 8.30-ന് താരിഖ് നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എന്നും തെളിയിക്കുന്ന രേഖകള്‍ താരിഖിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ മുമ്പാകെ ഹാജറാക്കിയിരുന്നു. ഈ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ആദ്യം സ്ഥിരീകരിച്ചിരുന്ന ഫ്രഞ്ച് പോലിസ്, പിന്നീട് 'പ്രസ്തുത തെളിവുകള്‍ നഷ്ടപ്പെട്ട കാരണത്താല്‍ അവ കേസ് ഫയലില്‍ നിന്നും 'കാണാതായി' എന്ന വാദവുമായി രംഗത്തുവരുന്ന കാഴ്ച്ചയാണ് കണ്ടത്'. അത്യന്തം ഗുരുതരമായ നീതിനിഷേധമാണിത്.

കുപ്രസിദ്ധ ഇസ്‌ലാമോഫോബിയ വക്താക്കളായ കരോലിന്‍ ഫൗറസ്റ്റ്, അന്റോണി സ്‌ഫേര്‍ എന്നിവരുടെ സഹായത്തോടെ പ്രൊഫ. താരിഖ് റമദാനെതിരെ ഒരു കേസ് ഉണ്ടാക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ 2009-ല്‍ പരാതിക്കാരിയും ഉന്നതതല ഫ്രഞ്ച് മജിസ്‌ട്രേറ്റ് മിഷേല്‍ ദിബാക്കും തമ്മില്‍ നടന്ന കൂടികാഴ്ച്ച ഒരുപാട് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൊഫ. താരിഖ് റമദാനെതിരെ ഫൗറസ്റ്റ്, ക്രിസ്റ്റെല്ലെ (പരാതിക്കാരി) എന്നിവരുമായി ദിബാക് ഗൂഢാലോചന നടത്തിയതായി സംശയിക്കപ്പെടുന്നു. നിലവില്‍ ഫ്രാന്‍സിന്റെ പരമോന്നത കോടതിയില്‍ സേവനമനുഷ്ടിക്കുന്ന ദിബാക് 'ക്രിസ്റ്റെല്ലെ'യുമായും, നിലവിലെ കേസുമായും തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയിട്ടില്ല, ഫ്രഞ്ച് നിയമപ്രകാരം അത് നിയമവിരുദ്ധമാണ്.

2012 ഏപ്രില്‍ മാസം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പാരിസ് സംഭവവും പരാതിക്കാരുടെ വാദങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുണ്ട്. ഈ സംഭവത്തില്‍, പരാതിക്കാരിയായ, ഹേന്ദ്രാ അയാരി, '2014 ജൂണ്‍ മാസത്തിനും, ആഗസ്റ്റിനും ഇടയില്‍ ഫേസ്ബുക്ക് വഴി താരിഖ് റമദാന് 280-ഓളം സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്,' പരാതിയില്‍ പറയുന്ന സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്. 'താരിഖ് റമദാനെ കെണിയില്‍ വീഴ്ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിര്‍മിച്ച തന്റെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് (നിരന്തര ശല്ല്യപ്പെടുത്തല്‍ മൂലം അവരുടെ ആദ്യത്തെ അക്കൗണ്ട് താരിഖ് റമദാന്‍ ബ്ലോക്ക് ചെയ്തിരുന്നു) പ്രസ്തുത സന്ദേശങ്ങള്‍ അയച്ചതെന്ന് അടുത്തിടെ അയാരി ഫ്രഞ്ച് മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാകാം ഫ്രഞ്ച് പോലിസ് സമന്‍സ് അയച്ചിട്ടും അയാരി ഹാജറാവാതിരുന്നത്.'

പരാതിക്കാരുടെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലാതിരുന്നിട്ടും, താരിഖിനെ ഏതുവിധേനയും കോടതിയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രോസിക്യൂഷന്‍ അദ്ദേഹത്തെ തടങ്കലില്‍ തന്നെ വെച്ചിരിക്കുകയാണ്. മുഖ്യധാര ഫ്രഞ്ച് മാധ്യമങ്ങളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ്. അസംബന്ധം നിറഞ്ഞ ആരോപണങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുക മാത്രമല്ല ഫ്രഞ്ച് മാധ്യമങ്ങള്‍ ചെയ്തത്, താരിഖിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നുണകള്‍ അവര്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉദാഹരണമായി, 'പ്രൊഫ. താരിഖ് റമദാന് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ടുണ്ട്, ഈജിപ്തിലേക്ക് രക്ഷപ്പെടാന്‍ അദ്ദേഹം ഒരുപക്ഷേ അത് ഉപയോഗപ്പെടുത്തിയേക്കാം' എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരിഖ് റമദാന് ഈജിപ്ഷ്യന്‍ പാസ്‌പോര്‍ട്ട് ഇല്ല എന്നതാണ് വസ്തുത. അദ്ദേഹത്തിന് സ്വിസ് പൗരത്വം മാത്രമാണുള്ളത്.

താരിഖ് റമദാനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫ്രഞ്ച് മാധ്യമങ്ങളും, നിയമ വ്യവസ്ഥയുടെ കെടുകാര്യസ്ഥതയും ഒരു വലിയ പ്രശ്‌നത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള മുന്‍വിധികളെ ചോദ്യംചെയ്യാനും, വിമര്‍ശിക്കാനും ധൈര്യം കാണിക്കുന്നവരോട് ഭൂരിപക്ഷ ഫ്രഞ്ച് സമൂഹം താല്‍പര്യം കാണിക്കാറില്ല. ഇതുതന്നെയാണ് താരിഖ് റമദാന്‍ ഒരുപാട് കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ഭരണകൂടവും, സമൂഹവും മുസ്‌ലിംകള്‍ക്കെതിരെ നടപ്പാക്കുന്ന വിവേചന നയങ്ങളെ കുറിച്ച് അദ്ദേഹം തുറന്നടിച്ച് സംസാരിച്ചിരുന്നു. യൂറോപ്പിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഇസ്‌ലാമോഫോബിയയും, വര്‍ദ്ധിച്ചു വരുന്ന ദരിദ്രരുടെയും, അശരണരുടെയും പാര്‍ശ്വവത്കരണവും ആ മനുഷ്യനെ ഉത്കണ്ഠാകുലനാക്കി. തീവ്രയാഥാസ്ഥിക മുസ്‌ലിംകള്‍, മുസ്‌ലിം രാജ്യങ്ങളിലെ ഏകാധിപത്യം തുടങ്ങിയവയെ കുറിച്ചും താരിഖ് നിരന്തരം സംസാരിച്ചു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, താരിഖിനെ കുരിശില്‍ തറക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സംഘങ്ങളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന് ഫ്രാന്‍സില്‍ നേരിടേണ്ടി വരുന്ന പീഢനം കേവലം ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കുമെതിരെയുള്ള ശുത്രുതയില്‍ നിന്ന് മാത്രം ഉണ്ടാവുന്നതല്ല. വിയോജിക്കാനുള്ള അവകാശം എന്ന യൂറോപ്യന്‍-ഫ്രഞ്ച് മാതൃകയെ മൊത്തത്തില്‍ ചൂഴ്ന്ന് നില്‍ക്കുന്ന കാപട്യത്തെയും ഇത് തുറന്ന് കാട്ടുന്നുണ്ട്. പ്രത്യേകിച്ച് ചില അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാകുമ്പോള്‍. അല്ലെങ്കില്‍, താരിഖിന്റെ നിലവിലെ അവസ്ഥക്ക് മുസ്‌ലിം ഏകാധിപത്യവുമായി ഏതെങ്കിലും വിധത്തില്‍ പരോക്ഷമായ ബന്ധമുണ്ടോ?

ഈ ശക്തികളെല്ലാം കാര്യമായി തന്നെ പണിയെടുക്കുമ്പോള്‍, പ്രൊഫ. താരിഖ് റദമാന് നീതിപൂര്‍വ്വവും, കാര്യക്ഷമവുമായ വിചാരണ നമുക്കെങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും?

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  globalresearch.ca

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics