സിറിയയിലെ പ്രഥമ വനിതക്ക് ഒരു തുറന്ന കത്ത്

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദിന് പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയും റെസ്‌പെക്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ യിവോണ്‍ റിഡ്‌ലി എഴുതിയ തുറന്ന കത്ത്.

പ്രിയപ്പെട്ട അസ്മ,   കഴിഞ്ഞ ദിവസം ഞാന്‍ ഒരു പഴയ ഫോട്ടോഗ്രാഫ് കണ്ടിരുന്നു. ബ്രിട്ടനിലെ ഒരു ഗ്രാമത്തിലെ വീടിനു സമീപം പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. 1980ലെ ഒരു വേനല്‍ക്കാലത്ത് 2 കുട്ടികള്‍ മാതാപിതാക്കളോടൊത്ത് പൂളില്‍ കളിച്ചുകൊണ്ടിരിക്കുന്നതാണ് ചിത്രം. ഈ ചിത്രം എന്നെ സന്തോഷിപ്പിച്ചു. ഏതൊരു കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്നതായിരുന്നു ആ ചിത്രം. കൊച്ചു കുട്ടികളിലെ നിഷ്‌കളങ്കതയും സന്തോഷവും എല്ലാം ആ ചിത്രത്തില്‍ കാണാമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഞാനും ആ ചിത്രം കണ്ടപ്പോള്‍ സന്തോഷവതിയായി. എന്നാല്‍ പിന്നീട് ഞാന്‍ കരയാന്‍ തുടങ്ങി,കാരണം ആ ചിത്രത്തില്‍ കളിക്കുന്ന കുട്ടി താങ്കളായിരുന്നു അസ്മ. ഇപ്പോള്‍ കിഴക്കന്‍ ഗൂതയില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാം. അവിടെ നൂറുകണക്കിന് കുഞ്ഞുങ്ങളാണ് നിങ്ങളുടെ ഭര്‍ത്താവിന്റെ കടുത്ത പീഡനം മൂലം ദുരിതമനുഭവിക്കുന്നത്. നിങ്ങള്‍ കുട്ടിയായ സമയത്ത് നിങ്ങള്‍ക്കൊരു കുട്ടിക്കാലമുണ്ടായിരുന്നു. മധുരമുള്ള,നിഷ്‌കളങ്കമായ ബാല്യകാലം. ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും നിങ്ങള്‍ക്ക് ഭയപ്പാടില്ലാതെയും നിയന്ത്രണങ്ങളില്ലാതെയും ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നു.

നിങ്ങള്‍ നരകമാണോ പിന്തുടരുന്നത്. അന്നു ആ പൂന്തോട്ടത്തില്‍ നിങ്ങള്‍ അനുഭവിച്ച സന്തോഷങ്ങള്‍ ഓര്‍ക്കുന്നില്ലേ. 2011ലെ വോഗ് ഫാഷന്‍ മാഗസിനില്‍ നിങ്ങളുടെ തിളങ്ങുന്ന പ്രൊഫൈല്‍ വന്നതോടെ നിങ്ങളുടെ നിഷ്‌കളങ്കമായ കുട്ടിക്കാലം പൂര്‍ണമായും മറന്നു പോയോ?

സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍ അസദിന്റെ ഭാര്യ എന്ന നിലക്ക് നിങ്ങള്‍ എങ്ങിനെയാണ് അതിനെ നോക്കിക്കാണുക എന്ന കാര്യത്തില്‍ എനിക്ക് ആകാംക്ഷയുണ്ട്. നിരവധി കുട്ടികളുടെ മധുരമുള്ള ബാല്യകാലം അല്ലേ ഗൂതയില്‍ തകര്‍ത്തുകളഞ്ഞത്. കൈയില്‍ രക്തം പുരണ്ട ആളുകളാണ് നിങ്ങളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഉപരോധം മൂലം പതിനായിരക്കണക്കിന് സിറിയന്‍ ജനതയാണ് മരിച്ചുവീണത്. ഇതില്‍ കൂടുതലും നിഷ്‌കളങ്കരും നിരപരാധികളുമായ കുട്ടികളും സ്ത്രീകളുമാണ്. അവരുടെ കുട്ടിക്കാലം നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ് അസ്മ.

ലണ്ടനിലെ പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദനായ താങ്കളുടെ പിതാവ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. അതിനായിട്ട് ജീവിതം മാറ്റിവച്ചയാളായിരുന്നില്ലേ അദ്ദേഹം. അസദ് താങ്കളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് തികച്ചും വ്യത്യസ്തമാണ്. ദശലക്ഷക്കണക്കിന് ആളുടെ ജീവന്‍ എടുത്തയാളാണ് അദ്ദേഹം. ഭരണകൂടത്തിന്റെ ആക്രമണങ്ങളില്‍ സന്തോഷിക്കുന്നയാളാണ് നിങ്ങളെന്ന് അറിയുന്നതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. സിറിയയില്‍ നാശം വിതക്കുകയും കൂട്ട കശാപ്പുമാണ് അരങ്ങേറുന്നത്. നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ചും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സഹായകരമായ ഇ-മെയില്‍ വിവരങ്ങള്‍ നല്‍കിയവരോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്. മരുഭൂമിയിലെ റോസാപൂ എന്ന പേരില്‍ വോഗ് മാഗസിന്‍ പ്രസിദ്ധീകരിച്ച ചിത്രം മോര്‍ഫ് ചെയ്തതാണെന്നേ വിശ്വസിക്കാനാവൂ.

2016ല്‍ ചാനല്‍ 24ല്‍ നടന്ന അഭിമുഖത്തില്‍ സിറിയയിലെ യുദ്ധത്തില്‍ നിങ്ങള്‍ക്ക് വേദനയും ദു:ഖവും ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ.  സ്വന്തം ജനതക്കെതിരേയാണ് നിങ്ങളുടെ ഭര്‍ത്താവ് യുദ്ധം ചെയ്യുന്നതെന്നും അന്നു നിങ്ങള്‍ പറഞ്ഞിരുന്നല്ലോ?. എന്നാല്‍, പിന്നീട് അതെല്ലാം ന്യായീകരിക്കുകയായിരുന്നല്ലോ. ആ അഭിമുഖത്തിനു ശേഷവും നിങ്ങളുടെ ഭര്‍ത്താവ് സിറിയന്‍ ജനതക്കു മേല്‍ ബാരല്‍ കണക്കിന് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. ഇന്ന് കിഴക്കന്‍ ഗൂതയിലെ മുഴുവന്‍ വീടുകളും ബോംബുകളും അവര്‍ ബോംബിട്ട് തകര്‍ത്തു. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടുത്തെ കുട്ടികള്‍ വെടിയൊച്ചയല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. മിസൈലുകള്‍ അവരുടെ വീടുകള്‍ തകര്‍ത്തു. രാസായുധ ആക്രമണങ്ങള്‍ മൂലം അവര്‍ പരിഭ്രാന്തരാണ്. നിരന്തരമായി മാരകമായ ബോംബുകളാണ് അവര്‍ക്കുമേല്‍ വര്‍ഷിക്കുന്നത്.

സിറിയയില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് യു.എന്‍ പ്രമേയം പാസാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും നിങ്ങളുടെ ഭര്‍ത്താവിന്റെ സൈന്യം കര-വ്യോമ ആക്രമണങ്ങളാണ് കിഴക്കന്‍ ഗൂതയില്‍ നടത്തിയത്. ഞാന്‍ നിങ്ങള്‍ക്ക് ഈ കത്ത് എഴുതുമ്പോഴും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളും ഇതിന്റെ ഭാഗമാണ്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇവിടെ നിങ്ങളുടെ ഭര്‍ത്താവ് വിമതര്‍ക്കെതിരെ എന്ന പേരില്‍ യുദ്ധം ചെയ്യുന്നത്.

കിഴക്കന്‍ ഗൂതയില്‍ കുടുങ്ങിയ കുട്ടികളെക്കുറിച്ച് ദയവായി ചിന്തിക്കൂ അസ്മ. അവര്‍ ഒരിക്കലും നിങ്ങളെപോലെയുള്ള ഒരു ബാല്യകാലം ആസ്വദിച്ചിട്ടില്ല. നിങ്ങള്‍ മാതാപിതാക്കളോടൊപ്പം ആസ്വദിച്ച ആ കുട്ടിക്കാലമുണ്ടല്ലോ അത് ഇവര്‍ക്കും ഇവരുടെ മാതാപിതാക്കളോടൊത്ത് ആസ്വദിക്കേണ്ടതാണ്. എന്നാല്‍, അത് കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. ലണ്ടനിലെ കിംങ്‌സ് കോളജില്‍ പഠിച്ചതും ന്യൂയോര്‍ക്കില്‍ ജോലി ചെയ്തതും നിങ്ങള്‍ ആസ്വദിച്ചതല്ലേ?.

ലണ്ടനില്‍ ബശ്ശാര്‍ അല്‍ അസദ് ഒഫ്താല്‍മോളജിസ്റ്റായി സേവനം ചെയ്യുമ്പോഴല്ലേ നിങ്ങള്‍ അവരെ പരിചയപ്പെടുന്നതും പിന്നീട് 2000ത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യുന്നതും. അസദിന്റെ പിതാവിന്റെ മരണശേഷം അദ്ദേഹം പ്രസിഡന്റാകുമെന്ന് മനസിലാക്കിയല്ലേ നിങ്ങള്‍ അദ്ദേഹത്തെ വിവാഹം ചെയ്തത്. ഇന്ന് നിങ്ങളുടെ ഭര്‍ത്താവിന്റെ ഉപരോധത്തിനു കീഴില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്ന് ചിലര്‍ പറയുന്നു. ദമസ്‌കസിലെ വിവിധ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കറുത്ത പുക ഉയരുന്നത് നിങ്ങള്‍ കാണുന്നില്ലേ,ബോംബിങ്ങുകളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ, ഇല്ല എങ്കില്‍ നിങ്ങള്‍ അന്ധയും ബധിരയും മൂകയും ആയിരിക്കണം.
നിരവധി പേര്‍ ഇവിടെ പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ ദമസ്‌കസില്‍ ആര്‍ഭാടപൂര്‍ണമായി ജീവിതം നയിക്കുകയാണ്. അവര്‍ക്ക് ഹറാം ആയ പലതും കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നിങ്ങളുടെ മനസ്സില്‍ ഒരു തരി മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കില്‍, അസ്മ നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെയും കുട്ടികളെയും കശാപ്പു ചെയ്യുന്നതിനെതിരെ പ്രതികരിക്കണം. വീണ്ടും നിങ്ങളുടെ ആ പഴയ കുട്ടിക്കാലത്തെ ഓര്‍മപ്പെടുത്തുകയാണ്. എന്നിട്ട് നിങ്ങള്‍ കണ്ണാടിക്കു മുന്നില്‍ നിന്നു നോക്കണം. നിങ്ങള്‍ വൃത്തിയായി ചീകിവെച്ച മുടിയും നിങ്ങളുടെ ശരീര ഭംഗിയും നോക്കണം. ആരെയാണ് അല്ലെങ്കില്‍ എന്താണ് നിങ്ങള്‍ കാണുന്നത്?.

വിവര്‍ത്തനം: പി.കെ സഹീര്‍ അഹ്മദ്

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics