ഹമാസ് ഇസ്രായേല്‍ സൃഷ്ടിയോ ? മെഹ്ദി ഹസന് മറുപടി

മെഹ്ദി ഹസന്‍ തന്റെ 'ഇന്റര്‍സെപ്റ്റ്' (https://theintercept.com/2018/02/19/hamas-sirael-palestine-conflict/) എന്ന പരിപാടിയില്‍, ഹമാസിനെ കുറിച്ച് നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായി പറഞ്ഞത്, ഹമാസ് എന്ന ഫലസ്തീനിയന്‍ ഇസ്‌ലാമിക ചെറുത്ത് നില്‍പ്പ് പ്രസ്ഥാനത്തെ കുറിച്ച് നമുക്ക് അറിയാവുന്ന വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളായിരുന്നു. ഹമാസിനെതിരെ ഇസ്രായേല്‍ മൂന്ന് യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, സയണിസ്റ്റ് രാഷ്ട്രമാണ് യഥാര്‍ത്ഥത്തില്‍ ഹമാസിന്റെ 'രൂപീകരണത്തിന്' സഹായങ്ങള്‍ നല്‍കിയത് എന്നാണ് മെഹ്ദി ഹസന്റെ അഭിപ്രായം. ഇസ്രയേലി ആഖ്യാനങ്ങള്‍ അതേപടി സ്വീകരിച്ചാണ് അദ്ദേഹം പ്രസ്തുത അഭിപ്രായത്തില്‍ എത്തിച്ചേരുന്നത്. ഹമാസിന് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പരിപാടിയില്‍ ഒരിടത്തും കേള്‍ക്കാന്‍ കഴിയില്ല.

മതകീയമോ, ഇസ്‌ലാമികമോ അല്ലാത്ത ഒരു സെക്കുലര്‍-നാഷണലിസ്റ്റ് രാഷ്ട്രമാണ് ഫലസ്തീന്‍ എന്നാണ് മെഹ്ദി ഹസന്റെ പക്ഷം. ഇസ്‌ലാമല്ല മറിച്ച് സെകുലര്‍ നാഷണലിസമാണ് ഫലസ്തീനിയന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചാലകശക്തിയും, പ്രചോദനവും എന്ന് അദ്ദേഹം ആണയിടുന്നുണ്ട്. ഫലസ്തീനിയന്‍ ചരിത്രത്തിന്റെ ഒരു വലിയ ഭാഗം അദ്ദേഹം വിട്ടുകളഞ്ഞതായി തോന്നുന്നു. 1919-ല്‍ പ്രഥമ ഫലസ്തീനിയന്‍ സായുധ ചെറുത്ത് പ്രസ്ഥാനമായ 'അല്‍ഫിദായ' സ്ഥാപിച്ചത് ശൈഖ് ഹസ്സന്‍ അബൂസൗദ്, ശൈഖ് മുഹമ്മദ് യൂസുഫ് അല്‍അലമി, ശൈഖ് മുഹമ്മദ് അമീന്‍ അല്‍ഹുസൈനി എന്നീ മുസ്‌ലിം പണ്ഡിതന്‍മാരാണ് എന്ന വസ്തുത മെഹ്ദിക്ക് അറിയില്ലെന്നാണ് തോന്നുന്നത്. മറ്റൊരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ 'അല്‍ജിഹാദിയ്യ'ക്ക് തുടക്കം കുറിച്ചത് 1930-കളില്‍ ശൈഖ് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ആയിരുന്നു. അന്നത്തെ എല്ലാ ഫലസ്തീനിയന്‍ ദേശീയ പ്രസ്ഥാനങ്ങളെയും നയിച്ചത് മറ്റൊരു മുസ്‌ലിം പണ്ഡിതനായ നേരത്തെ സൂചിപ്പിച്ച, ഫലസ്തീന്‍ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അമീന്‍ അല്‍ഹുസൈനിയായിരുന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഓ)-ന്റെ പ്രഥമ ചെയര്‍മാന്‍ അഹമദ് അല്‍ശുഖൈരി, ഉസ്മാനിയ പാര്‍ലമെന്റ് അംഗവും, ഉസ്മാനിയ സൈന്യത്തിലെ മുഫ്തിയുമായിരുന്ന ശൈഖ് അസദ് അല്‍ശുഖൈരിയുടെ മകനാണ്.

മതേതര പ്രസ്ഥാനമെന്ന് മെഹ്ദി ഹസന്‍ വിശേഷിപ്പിക്കുന്ന ഫത്ഹിന്റെ സ്ഥാപകര്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളായിരുന്നു. ഫലസ്തീനിയന്‍ ചാപ്റ്ററിന്റെ യുവജനവിഭാഗം തലവന്‍ ഖലീല്‍ അല്‍വസീര്‍, അബ്ദുല്‍ ഫത്താഹ് അല്‍ഹമൂദ്, സലീം അസ്സനൂണ്‍, മുഹമ്മദ് യൂസുഫ് അല്‍നജ്ജാര്‍, സലാഹ് ഖല്ലാഫ്, റഫീഖ് അല്‍നത്‌ഷെ, ഫാതി അല്‍ബലാവി, യൂസുഫ് ഉമൈറ, കമാല്‍ ഉദ്‌വാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. യാസിര്‍ അറഫാത്ത് പോലും മുസ് ലിം ബ്രദര്‍ഹുഡ്ഡുമായി അടുപ്പം പുലര്‍ത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍, മുസ്‌ലിം ലോകത്തുടനീളം, കോളനിവത്കരണത്തിനെതിരെ ഉയര്‍ന്നുവന്ന ചെറുത്ത് നില്‍പ്പ് പ്രസ്ഥാനങ്ങളുടെ പിറകിലെ പ്രധാന ചാലകശക്തി ഇസ്‌ലാം തന്നെയായിരുന്നു.

കൊളോണിയലിസ്റ്റ് ഗൂഢാലോചനയുടെ ഫലമായി തകര്‍ന്ന ഇസ്‌ലാമിക ഖിലാഫത്തിന് മറുപടിയെന്നോണമായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപിക്കപ്പെട്ടത്. കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്ന്. ബ്രദര്‍ഹുഡ് സ്ഥാപകന്‍ ശൈഖ് ഹസനുല്‍ ബന്ന ഇസ്‌ലാമിക ലോകത്തുടനീളമുള്ള വിമോചന പ്രസ്ഥാനങ്ങളെ പിന്തുണച്ചിരുന്നു, പ്രത്യേകിച്ച് ഫലസ്തീന്‍ വിമോനചന പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്‍കി.

ഫലസ്തീനിയന്‍ ദേശീയ പ്രസ്ഥാനത്തിന് സഹായങ്ങള്‍ നല്‍കുന്നതിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പങ്ക് പ്രസിദ്ധമാണ്. നിരവധി പ്രാദേശിക നേതാക്കള്‍ ബ്രദര്‍ഹുഡില്‍ അംഗമാവുകയും, ബ്രാഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്തു. 1937-ലാണ് ആദ്യത്തെ ഫലസ്തീന്‍ ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടത്. ജറൂസലേം, ഹൈഫ, നാബുലുസ്, ഗസ്സ തുടങ്ങിയ പ്രധാന ഫലസ്തീന്‍ പട്ടണങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, മറിച്ച് രാഷ്ട്രീയ മേഖലയിലും, പ്രത്യേകിച്ച് സയണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും അംഗങ്ങള്‍ സജീവമായി ഏര്‍പ്പെട്ടു.

ഫലസ്തീനിലെ ഭൂരിഭാഗം ചെറുത്തുനില്‍പ്പ് സംഘങ്ങളും ഇസ്‌ലാമികം മാത്രമായിരുന്നില്ല, മറിച്ച് അവ സ്ഥാപിക്കപ്പെട്ടത് ഒന്നുകില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളാലോ, അവരുടെ സഹായം കൊണ്ടോ ആയിരുന്നു.

'പകുതി കണ്ണുപൊട്ടനും, വികലാംഗനുമായ ഫലസ്തീനിയന്‍ പണ്ഡിതന്‍' എന്ന് മെഹ്ദി ഹസന്‍ വിശേഷിപ്പിച്ച ശൈഖ് അഹമദ് യാസീനാണ് 1983-ല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുമായി ചേര്‍ന്ന് ആയുധനിര്‍മാണശാല നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 1984-ല്‍ ഇസ്രായേലി അധിനിവേശകര്‍ അവരെ പിടികൂടുകയും, ജയിലിലടക്കുകയും ചെയ്തു. എന്നാല്‍ ഗസ്സയിലെ പ്രമുഖ പ്രഭാഷകനും, നേതാവുമായിരുന്ന ശൈഖ് യാസീനെ തൊട്ടടുത്ത വര്‍ഷം തന്നെ തടവുപുള്ളി കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ അധികൃതര്‍ക്ക് മോചിപ്പിക്കേണ്ടി വന്നു.

ക്രമേണ, ഒരു സമ്പൂര്‍ണ്ണ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന് സമയമായെന്ന് ഫലസ്തീനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു. പക്ഷെ ശരിയായ സന്ദര്‍ഭത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. അങ്ങനെ 1987-ന്റെ അവസാനം അവര്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഒരു ഇസ്രായേലി ട്രക്ക് ഡ്രൈവര്‍ മൂന്ന് ഫലസ്തീനികളുടെ ദേഹത്ത് കൂടെ ട്രക്ക് കയറ്റിഇറക്കിയതോടെ ഒന്നാം ഇന്‍തിഫാദക്ക് തുടക്കം കുറിക്കപ്പെട്ടു. അത് ഹമാസിന്റെ പിറവിയിലേക്കും നയിച്ചു

ഫലസ്തീന്‍ സംഘങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചുവെന്നത് സത്യമാണെങ്കിലും, അതിലവര്‍ പരാജയപ്പെടുകയാണുണ്ടായത്. മെഹ്ദി ഹസ്സന്‍ പറയുന്നത് പോലെ ഹമാസ് ഇസ്രായേലില്‍ നിന്നും നേരിട്ട് സഹായങ്ങള്‍ സ്വീകരിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖയുമില്ല. എല്ലാ ഇസ്‌ലാമിസ്റ്റുകളും കൊളോണിയല്‍ ശക്തികളുടെ സൃഷ്ടിയാണെന്ന ഞെട്ടിപ്പിക്കുന്ന പ്രസ്താവനയും മെഹ്ദി ഹസ്സന്‍ നടത്തുന്നുണ്ട്. ഇസ്രായേല്‍ അധിനിവേശമോ, അതിന്റെ നയങ്ങളോ അല്ല ഫലസ്തീനിലെ പ്രശ്‌നം, മറിച്ച് ഹമാസ് ആണ് ഫലസ്തീനിലെ യഥാര്‍ത്ഥ പ്രശ്‌നം എന്ന് അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ഹമാസ് ഒരു വിമോചന പ്രസ്ഥാനമല്ല. സമാധാനകാംക്ഷികളായ ഫതഹിനെ എതിര്‍ക്കുന്ന ഒരു സെമിറ്റിക്ക് വിരുദ്ധ, സായുധ സംഘമാണ് ഹമാസ് എന്നാണ് മെഹ്ദി ഹസന്‍ വിശ്വസിക്കുന്നത്.

2006-ല്‍ നടന്ന ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസിനായിരുന്നു വിജയം. സുതാര്യമായും കാര്യക്ഷമമായും നടന്ന ഏക തെരഞ്ഞെടുപ്പായിരുന്നു അത്. ഫലസ്തീന്‍ പാര്‍ലമെന്റിലെ 57 ശതമാനം സീറ്റുകള്‍ നേടാന്‍ ഹമാസിന് സാധിച്ചു. ഇത് ഫലസ്തീനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി ഹമാസിനെ മാറ്റി. ഹമാസും ഐസിസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല, അവ രണ്ടും വിദേശശക്തികളുടെ സൃഷ്ടികളാണ് തുടങ്ങിയ പ്രസ്താവനകളിലൂടെ ഫലസ്തീനിലെ മുഖ്യ രാഷ്ട്രീയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെ കാഴ്ച്ചക്കാര്‍ക്ക് മുന്നില്‍ താറടിച്ച് കാണിക്കുന്നത്, ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങള്‍ക്ക് വലിയ അളവില്‍ ആഘാതമേല്‍പ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ശൂന്യതയില്‍ നിന്നല്ല ഹമാസിന്റെ ആവിര്‍ഭാവം ; ഫലസ്തീനിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചെറുത്തുനില്‍പ്പ് ആവിഷ്‌കാരമാണ് ഹമാസ്. ഇസ്രായേല്‍ അധിനിവേശകരുമായി അടുത്ത് സഹകരിച്ച് ഹമാസിനെ തകര്‍ക്കാന്‍ ഫലസ്തീന്‍ അതോറിറ്റി തന്നെ ശ്രമിച്ചിട്ടുണ്ടെങ്കിലും, മറ്റു ഫലസ്തീന്‍ സംഘങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നതില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞ് നിന്ന ഹമാസിന്റെ പ്രായോഗിക നടപടി പക്ഷെ മെഹ്ദി ഹസന്‍ പറയാന്‍ മറന്നുപോയിട്ടുണ്ട്. ഹമാസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കുടിലതന്ത്രങ്ങളുടെ ഭാഗം തന്നെയാണ് മെഹ്ദി ഹസന്റെ പക്ഷപാതപരമായ ഹമാസ് വിമര്‍ശനമെന്ന് പറയേണ്ടി വരും.

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  middleeastmonitor

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics