മധു - ശുഹൈബ് ഒരേ നീതി ബോധത്തിന്റെ രണ്ട് ബലിദാനികള്‍

'ഞാന്‍ രാഷ്ട്രീയത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവനല്ല, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പ്രതിയോഗിയുടെ മരണത്തെ ആഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നില്ല. '' (അല്‍ബര്‍ട്ട് കമ്യു)

കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന് മോഷ്ടാവെന്ന് പറഞ്ഞ് തല്ലിക്കൊല ചെയ്യപ്പെട്ട മധു എന്ന ആദിവാസി യുവാവും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റെ പ്രദേശത്തെ നിറസാന്നിദ്ധ്യമായി മാറുകയും തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാണെന്ന് ബോധ്യം വന്നപ്പോള്‍ അറുകൊല ചെയ്യപ്പെടുകയും ചെയ്ത ശുഹൈബ് എന്ന ചെറുപ്പക്കാരനും ഒരേ നീതിബോധത്തിന്റെ രണ്ട് ഇരകളാണ്. പാര്‍ട്ടി വംശീയയുടെ അഥവാ വര്‍ഗ്ഗ ബോധത്തിന്റെ ഇരയായി ശുഹൈബ് മാറിയപ്പോള്‍ ഗോത്ര വംശീയതയുടെ അഥവാ ആള്‍ക്കൂട്ട പൊതുബോധത്തിന്റെ ഇരയായി മധു അവതരിക്കുകയാണ്. മധു ആദിവാസിയും കറുത്തവനും പരിഷ്‌കൃത ലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവനും സംസ്‌കാരമില്ലാത്തവനുമാണ്. മാത്രമല്ല വിശന്നപ്പോള്‍ കുറച്ച് അരിയും മുളക് പൊടിയും മോഷ്ടിച്ച മഹാ അപരാധിയാണ്. അതിനാല്‍ മധുവിനെ പോലുള്ള ഒരു അപരിഷ്‌കൃതനെ തല്ലിക്കെല്ലേണ്ടതാണെന്ന ആള്‍ക്കൂട്ട പൊതുബോധവും ഒരു തരത്തിലുള്ള വംശീയ നീതിബോധവും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ ആഢ്യ വംശീയ ബോധം പേറുന്ന ഈ ആള്‍കൂട്ടം അവരുടെ നീതിയുടെ പൂര്‍ത്തീകരണമാണ് നടത്തിയത്. ദൈന്യതയുടെ അഗ്‌നിപര്‍വതം നിഴലിക്കുന്ന മധുവിന്റെ ആ മുഖത്ത് നോക്കി തന്നെയാണൊ ഈ കപട സദാചാരം പേറുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ? ഒരു നിമിഷം ആ മുഖത്തൊന്ന് നോക്കിയിരുന്നുവെങ്കില്‍ നിസ്സഹായതയുടെ ആ നോട്ടം മാത്രം കണ്ടിരുന്നുവെങ്കില്‍ മനുഷ്യത്വത്തിന്റെ ഒരു കണിക അവരില്‍ ഉണ്ടെങ്കില്‍ ഈ ഹീനകൃത്യം അവര്‍ ചെയ്യില്ലായിരുന്നു. പക്ഷെ മനുഷ്യത്വം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം മാനവികതയെ ചവിട്ടിമെതിച്ച് ആ യുവാവിനെ കൊല ചെയ്യുകയായിരുന്നു. അപ്പുറത്ത് പാര്‍ട്ടി വംശീയതയില്‍ പാര്‍ട്ടിയുടെ ആധിപത്യത്തെയും നിലനില്‍പിനെയും ചോദ്യം ചെയ്യുന്നവരെല്ലാം വര്‍ഗ്ഗ ശത്രുക്കളാണ്. വര്‍ഗ്ഗ ശത്രുവിനെ ഇല്ലായ്മ ചെയ്യേണ്ടത് പാര്‍ട്ടിയുടെ വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

ആ അര്‍ഥത്തിലുള്ള ഒരു വിപ്ലവ പ്രവര്‍ത്തനം പാര്‍ട്ടി നടത്തി എന്നതിനപ്പുറം ഇതില്‍ പ്രയാസമോ ദു:ഖമോ അവര്‍ അനുഭവിക്കുന്നില്ല. മാത്രമല്ല ഞങ്ങള്‍ എത്ര ബലിദാനികളെയാണ് പാര്‍ട്ടി എന്ന ദൈവത്തിന് വേണ്ടി കുരുതി കൊടുത്തത് എന്നവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അഥവാ കൊല്ലപ്പെടുന്നതിലും കൊല ചെയ്യുന്നതിലും അഭിമാനം ഏറ്റ് വാങ്ങുന്ന ഒരു പ്രത്യയശാസത്ര ബോധം പേറുന്നവര്‍ അവരുടെ നീതിയും ശുഹൈബിന്റ കാര്യത്തില്‍ നടപ്പിലാക്കി എന്ന് ചുരുക്കം. പിന്നെ എന്തുകൊണ്ട് സമൂഹത്തിന് മുന്നില്‍ വന്ന് ഇതിനെ നിഷേധിക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള നരഹത്യയെ ന്യായീകരിക്കാന്‍ കൃത്യമായ ടൂളുകളും പരികല്‍പകനകളും ലഭ്യമല്ല എന്ന കാരണത്താല്‍ മാത്രമാണ്. നാളെ ആ ടൂള്‍ ലഭ്യമായാല്‍ നരഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊല നടത്തിയവരെ ധീര യോദ്ധാക്കളായി പ്രഖ്യാപിക്കും. പക്ഷെ ഇതെല്ലാം ഇപ്പോള്‍ കര്‍ട്ടന്റെ പിറകില്‍ നിന്നാണ് നടക്കുന്നത് എന്ന വിത്യാസം മാത്രമെ ഉള്ളൂ. നരഹത്യ എങ്ങിനെയാണ് ഉയര്‍ന്ന സാംസ്‌കാരിക ബോധം പേറുന്ന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ജനതക്ക് ന്യായീകരിക്കാന്‍ കഴിയുക. മാനവികതയുടെ ഉയര്‍ന്ന വിതാനത്തിലേക്ക് വികസിക്കേണ്ട നമ്മുടെ പൊതുബോധം എങ്ങിനെയാണ് ഇത്ര നിറംകെട്ട് പോയത്.

മധുവിനെ തല്ലിക്കൊല്ലുമ്പോഴും ശുഹൈബിനെ വെട്ടി കീറുമ്പോഴും ഒരു മഹാവീര കൃത്യം ചെയ്ത പ്രതീതിയായിരിക്കും കൊല ചെയ്തവര്‍ക്ക് ലഭിച്ചത് എന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. ഒരു മോഷ്ടാവിനെ കെട്ടിയിട്ട് അടിച്ച് കൊന്ന ചാരിതാര്‍ത്യത്തില്‍ സായുജ്യം കൊള്ളുന്ന ഒരു കൂട്ടം, വര്‍ഗ്ഗ ശത്രുവിനെ വെട്ടി കീറിയതില്‍ ആനന്ദം കണ്ടെത്തുന്ന മറ്റൊരു കൂട്ടം. ഈ രണ്ട് കൂട്ടവും അഥവാ ഈ രണ്ട് വര്‍ഗ്ഗവും ഒരേ നീതി ബോധത്തിന്റെ ആശയലോകം പേറുന്നവരാണ്. അഥവാ നരഹത്യയെ നീതീകരിക്കുന്ന പ്രത്യയശാസ്ത്ര ബോധത്താല്‍ നയിക്കപ്പെടുന്ന ആള്‍ക്കൂട്ടങ്ങളും പാര്‍ട്ടി കൂട്ടങ്ങളും. ഈ രണ്ട് കൂട്ടവും നീതി നടപ്പിലാക്കുമ്പോള്‍ ഇത്തരത്തിലുള്ള ബലികള്‍ ധാരാളം നടക്കും അല്ല നടക്കണം അതാണ് ആള്‍കൂട്ട കോടതിയും പാര്‍ട്ടി കോടതിയും നമ്മോട് പറയുന്നത്. ഇവിടെ ജനാധിപത്യത്തിനും മാനവികതക്കും ഒരു വിലയും കല്‍വിക്കപ്പെടാറില്ല. നിരന്തരം വിഢികളാക്കപ്പെടുന്ന ഒരു ജനതക്ക് തമ്പ്രാക്കന്‍മാര്‍ വിളിച്ചു പറയുന്നത് ഏറ്റ് പറയുകയല്ലാതെ ഗത്യന്തരമില്ല. പഴയ നാടുവാഴിത്ത ജന്മിത്ത ആഢ്യ ബോധം പേറുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജീര്‍ണ്ണതയുടെ പടുകുഴിയില്‍ വീണ് അക്രമണോല്‍സുകതയെ നെഞ്ചോട് ചേര്‍ത്തി നിര്‍ത്തിയവരാണ്.

ശുഹൈബിനെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഞങ്ങളില്‍ എത്ര പേര്‍ കൊല ചെയ്യപ്പെട്ടു എന്ന് നിങ്ങള്‍ എന്ത് കൊണ്ട് ചോദിക്കുന്നില്ല എന്ന മറു ചോദ്യം കൊണ്ടാണ് ഉത്തരം നല്‍കുന്നത്. ഇത്തരത്തില്‍ ഉത്തരം നല്‍കുന്നവര്‍ അറിഞ്ഞോ അറിയാതെയൊ ഈ കൊലപാതകത്തെ ന്യായീകരിക്കുന്ന ഹീന കൃത്യമാണ് ചെയ്തുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല.  ഇത്തരത്തിലുള്ള ഉത്തരം നല്‍കുന്ന രാഷ്ട്രീയ നേതൃത്വം ഒരു ജനതയുടെ രാഷ്ട്രീയവബോധത്തെ കൊഞനം കുത്തുന്നതോടൊപ്പം അക്രമവും കൊലയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നവര്‍ പഠിപ്പിക്കുകയാണ്. അഥവാ രാഷ്ട്രീയം സാമൂഹ്യ പുരോഗതിയുടെ ഒരു പ്രവര്‍ത്തന സംസ്‌കാരമായി വികസിക്കാതിരിക്കുകയും മനുഷ്യ ജീവന് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യത്വ വിരുദ്ധമായ ഒരേര്‍പ്പാടായി തീരുന്നു. പരസ്പരം അങ്കം വെട്ടി ബലിദാനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനം നാം എവിടെ നിന്നാണ് കടം കൊണ്ടത്. ഏത് സാംസ്‌കാരിക പരിസരത്ത് നിന്നാണ് നാം ഇതിനെ സ്വാംശീകരിച്ചത്. പ്രത്യയശാസത്രത്തിന്റെ വികൃത വേഷം പേറി കെട്ട പൊതുബോധത്തിന്റെ ഉടയാടകളുമായി നടക്കുന്ന നമ്മള്‍ മനുഷ്യത്വത്തിലേക്കും മാനവികതയിലേക്കും എത്തിച്ചേരാന്‍ എത്ര കാതം ഇനിയും സഞ്ചരിക്കണം.

 കൊലപാതകങ്ങള്‍ക്ക് കൂട്ട് നിന്ന് അണികളെ മനുഷ്യത്വം നഷ്ടപ്പെട്ടവരായി വളര്‍ത്താന്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളെ ആരാണ് ചുമതലപ്പെടുത്തിയത്. രാഷ്ട്രീയത്തിന്റെ മാനുഷിക അടിത്തറ നഷ്ടപ്പെടുകയും കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വന്തം നാടിനെ സ്‌നേഹിക്കുവാനുള്ള അനുവാദം അണികള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു മുകളില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയിരിക്കുകയാണ്. അതിനാല്‍ രാഷ്ട്രീയത്തിന്റെ മൃഗീയ കാമനയില്‍ വിശ്വസിക്കാത്ത ഒരു ജനതക്ക് മാത്രമെ സ്വാതന്ത്ര്യത്തിന്റെ ഒരു ലോകത്തിലേക്ക് കാലെടുത്ത് വെക്കാന്‍ കഴിയുകയുള്ളൂ. ഭ്രാന്തമായ സംഘടനാ ബോധവും ഉന്മാദാവസ്ഥയിലായ ആള്‍ക്കൂട്ട പൊതുബോധവും സാംസ്‌കാരിക ഔന്നത്യത്തില്‍ നിന്നുള്ള പിന്‍മടക്കമാണ്. അഥവാ നിറംകെട്ട് പോയ ഒരു ലോകത്തെ സ്വപ്നം കാണുന്നവര്‍ക്ക് അതില്‍ സായൂജ്യമടയാം.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics