2002 ഗുജറാത്ത് കലാപം ; ഭയമൊഴിയാത്ത 16 വര്‍ഷങ്ങള്‍

2002 മാര്‍ച്ച് 16-നാണ് റഹീം ഭായിയും അദ്ദേഹത്തിന്റെ ഏഴംഗ കുടുംബവും ബറൂച്ചിലെ തങ്കാരിയയില്‍ സ്ഥിതിചെയ്യുന്ന റിലീഫ് കോളനിയില്‍ അഭയം തേടിയെത്തിയത്. പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് റിലീഫ് ക്യാമ്പില്‍ താത്കാലികമായി ലഭിച്ച ഇടുങ്ങിയ മുറി ഇന്നവരുടെ സ്ഥിരം വീടായി മാറികഴിഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) എന്ന എന്‍.ജി.ഓ തങ്കാരിയയില്‍ നിര്‍മിച്ച പുനരധിവാസ കോളനി, 2002-ലെ കലാപത്തെ തുടര്‍ന്ന് നാടും വീടും ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടേണ്ടി വന്ന എട്ട് കുടുംബങ്ങളുടെ വീടാണിന്ന്.

'ഞാനൊരു പ്രൈവറ്റ് ബസ് ഓടിക്കുകയും, ഇറച്ചിക്കട നടത്തുകയും ചെയ്തിരുന്നു. വഡോദരയിലെ മക്ദര്‍പുരയിലായിരുന്നു ഞങ്ങളുടെ വീട്. ഒരു ഐ.ആര്‍.സി പ്രതിനിധിയാണ് ഞങ്ങളെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഓടിരക്ഷപ്പെടുന്നതിനിടയില്‍ കൈയ്യില്‍ കരുതിയിരുന്ന പണത്തില്‍ നിന്നും 2000 രൂപ ഒരു ഇലക്ട്രിസിറ്റി മീറ്ററിന് വേണ്ടി 2002-ല്‍ ഞങ്ങള്‍ അടച്ചിരുന്നു. പക്ഷെ 2005-ലാണ് വൈദ്യുതി ലഭിച്ചത്. ആദ്യം താമസിച്ചിരുന്നിടത്തേക്ക് മടങ്ങിപ്പോകാന്‍ ഒരു വഴിയുമില്ല. വീട് അഗ്നിക്കിരയാക്കപ്പെട്ടു. ഇറച്ചിക്കട ഇപ്പോള്‍ മറ്റാരുടേയോ ഉടമസ്ഥതയിലാണ്.' റഹീം ഭായി പറഞ്ഞു. ഫാന്‍സി ആഭരണങ്ങള്‍ വിറ്റാണ് അദ്ദേഹമിപ്പോള്‍ കുടുംബം പോറ്റുന്നത്.

'ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം ഞങ്ങള്‍ ലഭിക്കണം. കുട്ടികള്‍ വളര്‍ന്ന് കല്ല്യാണ പ്രായമെത്തി. ഇനിയും ഒറ്റമുറിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഒരു ലോണ്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകളൊന്നും തന്നെ ഞങ്ങളുടെ പക്കലില്ല. ഇവിടെ ജീവിക്കുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുന്നിലില്ല. ഐ.ആര്‍.സി അധികൃതരോട് ഈ വിഷയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും, 16 വര്‍ഷത്തിലൊരിക്കല്‍ പോലും ഉടമസ്ഥാവകാശം കൈമാറുന്നതിനെ കുറിച്ച് അവര്‍ ഞങ്ങളോട് സംസാരിച്ചിട്ടില്ല.'

നിലവില്‍ ഗുജറാത്തിലുടനീളമുള്ള 83 റിലീഫ് കോളനികളിലായി 3000 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അഹ്മദാബാദില്‍ 15 കോളനികള്‍, ആനന്ദില്‍ 17, സബര്‍കന്ദില്‍ 13, പഞ്ച്മഹലില്‍ 11, മെഹ്‌സാനയില്‍ 8, വഡോദരയില്‍ 6, അരവല്ലിയില്‍ 5, ബറൂച്ചിലും ഖേദയിലും നാലെണ്ണം വീതം എന്നിങ്ങനെയാണ് കണക്ക്. ചുരുക്കം ചില ചെറിയ ട്രസ്റ്റുകള്‍, പ്രാദേശിക എന്‍.ജി.ഓ-കള്‍ എന്നിവ കൂടാതെ നാല് സംഘടനകളാണ് കോളനികളില്‍ ഭൂരിഭാഗവും നിര്‍മിച്ചത് - ജംഇയ്യത്തെ ഉലമാ ഹിന്ദ്, ഗുജറാത്ത് സാര്‍വജനിക് റിലീഫ് കമ്മിറ്റി, ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി, യുണൈറ്റഡ് എക്കണോമിക് ഫോറം എന്നിവയാണ് അവ.

'അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണ് ഭൂരിഭാഗം കോളനികളും. 55 കോളനികളിലേക്ക് റോഡ് സൗകര്യമില്ല. 18 കോളനികളില്‍ തെരുവ് വിളക്കുകള്‍ ഇല്ല. 16 വര്‍ഷമായി ജീവിക്കുന്ന ഇടത്തിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തവരാണ് 62 കോളനികളില്‍ ജീവിക്കുന്നവര്‍.' കലാപബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജന്‍വികാസ് എന്ന എന്‍.ജി.ഓ-യുടെ പ്രതിനിധി ഹൊസെഫ ഉജൈനി പറഞ്ഞു.

'പട്ടണങ്ങളുടെ പുറമ്പോക്കുഭൂമികളിലാണ് ഈ കോളനികളില്‍ ഭൂരിഭാഗവും നിര്‍മിച്ചിട്ടുള്ളത്. ചില കോളനികളില്‍ പ്രൈമറി സ്‌കൂള്‍ പോയിട്ട് കുടിവെള്ളസൗകര്യം പോലുമില്ല. താത്കാലികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടവയാണ് ഈ കോളനികള്‍. സംഘര്‍ഷാവസ്ഥ ശമിക്കാത്തതിനാല്‍ ഇതുവരെ തിരിച്ചുപോകാന്‍ സാധിക്കാത്തവരാണ് ഇവിടെ താമസിക്കുന്നവര്‍. 2002 മുതല്‍ക്ക് ഇവിടെയാണ് അവര്‍ താമസിക്കുന്നത്. ചുരുക്കം ചിലര്‍ക്ക് മാത്രമേ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളു. ഇവിടെ നിന്നും പുറത്താക്കപ്പെടുമോ എന്ന ഭയത്തിലാണ് അവര്‍ ജീവിക്കുന്നത്,' അഹ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ശംസാദ് പത്താന്‍ പറഞ്ഞു.

'കലാപത്തെ തുടര്‍ന്ന് വീടും നാടും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നവര്‍ റിലീഫ് കോളനി നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി വാങ്ങാന്‍ പണം പിരിച്ചെടുത്ത് ഒരു സ്വകാര്യ വ്യക്തിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒട്ടുമിക്ക കലാപബാധിതരുടെ പക്കലും നിയമപരമായ രേഖകള്‍ ഉണ്ടായിരുന്നില്ല. കലാപത്തിനിടെ അവ നഷ്ടപ്പെട്ടു പോയിരുന്നു. പ്രസ്തുത സ്ഥലത്തിന് ഇന്ന് വിപണിമൂല്യം വളരെ ഉയര്‍ന്നതിനാല്‍ സ്ഥലമുടമ കോളനിവാസികളെ ഒഴിഞ്ഞുപോകാന്‍ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.' ഉജൈനി പറഞ്ഞു.

അത്തരമൊന്നാണ് ആനന്ദിലെ പിപ്പ്‌ലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മുര്‍തസനഗര്‍ കോളനി. തകരഷീറ്റുകള്‍ കൊണ്ടുള്ള മേല്‍ക്കൂരയുള്ള, തേക്കാത്ത ചുവരുകളുള്ള 19 വീടുകളാണ് ഈ കോളനിയിലുള്ളത്. റോഡും വൈദ്യുതിയുമില്ല. 24 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകരും, തൊഴിലാളികളുമാണ് ഇവര്‍. ദിവസക്കൂലിക്കാരാണ് ഭൂരിഭാഗവും.

'2002-ല്‍ 1,10,000 രൂപ കൊടുത്താണ് ഞങ്ങള്‍ (19 കുടുംബങ്ങള്‍) ഈ ഭൂമി വാങ്ങിയത്. ഓരോ കുടുംബവും അന്ന് അവരാല്‍ കഴിയുന്ന സംഖ്യ ഈ ആവശ്യത്തിന് വേണ്ടി എടുത്തിരുന്നു. വീടുകള്‍ നിര്‍മിക്കുന്നതിന് ചില എന്‍.ജി.ഓ-കള്‍ ഞങ്ങളെ സഹായിച്ചു. എന്നാല്‍ ഇതുവരെ നിയമപരമായ രേഖകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ന് ഈ ഭൂമിക്ക് കോടികളാണ് വില. ഞങ്ങള്‍ക്ക് ഇത് വിറ്റ ആദ്യത്തെ ഭൂവുടമ ഇന്ന് ഞങ്ങളോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞിരിക്കുകയാണ്. പുരുഷന്‍മാര്‍ സമീപപട്ടണങ്ങളിലേക്ക് ജോലിക്ക് പോകുന്ന സമയത്ത് വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും മുന്‍ ഭൂവുടമ വന്ന് ഭീഷണിപ്പെടുത്തുകയാണ്.' 42 വയസ്സുകാരനായ യാകു ഭായി പറയുന്നു.

'ചില സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ മുന്‍ഭൂവുടമക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഭൂമിക്ക് ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്നതെല്ലാം ചെലവഴിച്ചു കഴിഞ്ഞു. ഏഴംഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഞാന്‍. ദിവസം 100-150 രൂപയാണ് എന്റെ കൂലി. എന്റെ മൂത്ത മകന് 17 വയസ്സാണ് പ്രായം. ആനന്ദിന് സമീപത്തുള്ള ഫാക്ടറികളില്‍ നല്ല ഒരു ജോലി ലഭിക്കാന്‍ വേണ്ടി അവന്‍ ഒരുപാട് തവണ ശ്രമിച്ചിരുന്നുവെങ്കിലും, മുസ്‌ലിം ആയതിന്റെ പേരില്‍ എല്ലായിടത്തുനിന്നും തഴയപ്പെട്ടു.' യാകു ഭായി പറഞ്ഞു.

'റിലീഫ് കോളനികളിലെ അവസ്ഥ വളരെ പരിതാപകരമാണെങ്കിലും, 16 വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ പഴയ വീടുകളിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് കലാപബാധിതര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. തിരിച്ചു പോകാന്‍ അവര്‍ക്ക് ഭയമാണ് എന്നത് തന്നെയാണ് കാരണം. പലരും പഴയ അയല്‍ക്കാരുമായി ബന്ധം സ്ഥാപിക്കുകയും, തങ്ങളുടെ പഴയ വീടുകള്‍ പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം കലാപബാധിത പ്രദേശങ്ങളിലും വളരെ ചെറിയ തുകക്കാണ് വീടുകള്‍ കൈമാറ്റം ചെയ്യപ്പെട്ടത്' ജന്‍വികാസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമീര്‍ സോഡാവാല പറഞ്ഞു.

'പഞ്ച്മഹലിലെ ഇറല്‍ ഗ്രാമത്തിലേക്ക് മാത്രമാണ് കലാപബാധിതര്‍ തിരിച്ചു പോവുകയും, തങ്ങളുടെ ജീവിതം വീണ്ടും തുടങ്ങുകയും ചെയ്തത്. എന്നിരുന്നാലും, ഗ്രാമത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കലാപബാധിരുമായി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഒരു സ്ഥിരം സംഭവമാണ്. കലാപബാധിത കുടുംബങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവങ്ങള്‍ നിരവധിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ബാങ്കുവിളി തടസ്സപ്പെടുത്തുകയും നിര്‍ത്തിവെപ്പിക്കുകയും ചെയ്തത്,' സമീര്‍ സോഡാവാല കൂട്ടിച്ചേര്‍ത്തു.

ജംഇയത്തെ ഉമല ഹിന്ദ് സ്ഥാപിച്ച, മുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന മദനിനഗര്‍ കോളനിയാണ് അഹ്മദാബാദിലെ ഏറ്റവും വലിയ കോളനി.

'ഞങ്ങള്‍ ഇവിടെ താമസിക്കാന്‍ വന്നതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നെങ്കിലും, 2016-ലാണ് കുടിവെള്ള കണക്ഷന്‍ ലഭിച്ചത്. സ്ത്രീകള്‍ ഒരു കിലോമീറ്ററിലധികം ദൂരം നടന്നുപോയാണ് കുടിവെള്ളം കൊണ്ടുവന്നിരുന്നത്. പിന്നീട് ജംഇയത്തെ ഉലമ ഹിന്ദിന്റെ പ്രവര്‍ത്തകര്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിച്ചു തരാന്‍ തുടങ്ങി. ഓരോ കുടുംബവും 150 രൂപ കൊടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ സ്ത്രീകള്‍ വെള്ളം ചുമന്നുതന്നെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. മതിയായ വെള്ളം ലഭിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നു,' 53 വയസ്സുകാരി സുബൈദാബാനു പറഞ്ഞു.

'വെള്ളം ചുമന്നു കൊണ്ടുവരുന്നതിന്റെ ഫലമായി കോളനിയിലെ ഒരുപാട് സ്ത്രീകളുടെ ഗര്‍ഭം അലസിപോയിട്ടുണ്ട്,' സുബൈദാബാനുവിന്റെ മകന്‍ ശരീഫ് മാലിക് പറഞ്ഞു.

2015-നും 2017-നും ഇടക്ക് അഞ്ച് അപേക്ഷകളും, 15 മെമ്മോറാണ്ടങ്ങളും ഗുജറാത്ത് മുഖ്യമന്ത്രിക്ക് അയച്ചിരുന്നുവെങ്കിലും ഇന്നുവരെ ഒരുതരത്തിലുള്ള സഹായവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അവര്‍ക്ക് ലഭിച്ചിട്ടില്ല.

'ഓരോ തെരഞ്ഞെടുപ്പിന് മുമ്പും അധികൃതരും, രാഷ്ട്രീയക്കാരും കോളനികളില്‍ വരും. വോട്ട് ചെയ്തില്ലെങ്കില്‍ കോളനികളില്‍ നിന്നും ആട്ടിപ്പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തും. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും ഞങ്ങള്‍ക്കിന്നും ഒരു വീടില്ല, ഞങ്ങളുടേതെന്ന് പറയാന്‍ ഒന്നുമില്ല,' ഹുസൈനാബാദ് റിലീഫ് കോളനിയിലെ മിര്‍ഖാന്‍ പറഞ്ഞുനിര്‍ത്തി.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  thewire.in

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics