ദുഷ്പ്രചരണങ്ങളെ കരുതിയിരിക്കണം

സാമൂഹിക മൂല്യങ്ങളെക്കുറിച്ച് ധാരാളമായി സംസാരിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ആരാധനാകര്‍മങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍, മനുഷ്യരുടെ പരസ്പര ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങള്‍ വരെ വിശദീകരിക്കുന്നുണ്ട്. കേവല യാദൃശ്ചികതകള്‍ക്കപ്പുറം ആരോഗ്യകരമായ ഒരു സാമൂഹിക ചുറ്റുപാടില്‍ മാത്രമേ സമ്പൂര്‍ണ്ണ ഇസ്‌ലാം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന  വ്യക്തമായ സന്ദേശം ഇതിനു പിന്നിലുണ്ട്.

വിശുദ്ധ ഖുര്‍ആനിലെ 'അല്‍ ഹുജ്‌റാത്ത്' എന്ന അധ്യായം മനുഷ്യരുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് വല്ലാതെ വാചാലമാവുന്നുണ്ട്. സാമൂഹിക ജീവിതം സുഖകരമാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് അതിന്റെ പ്രതിപാദ്യവിഷയം. ഇതില്‍ രണ്ട് കാര്യങ്ങള്‍ അവയുടെ ആഘാതശേഷി കൊണ്ടും, പരസ്പരബന്ധിത സ്വഭാവം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. ഏതുകാര്യം കേള്‍ക്കുമ്പോഴും അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നതാണ് അതിലൊന്ന് (6:49). കേട്ടതപ്പടി വിശ്വസിക്കുന്ന സ്വഭാവം നാശഹേതുവായിത്തീരുമെന്നും ചെയ്തുപോയതിനെക്കുറിച്ച വിലാപമാണതിന്റെ പരിണതിയെന്നും ഇതോടൊപ്പം ചേര്‍ത്തുപറയുന്നുണ്ട്. അനുയായികളില്‍ ഒരാളുടെ വാക്കുകേട്ട് പ്രവാചകന്‍ (സ)  ഒരു വിഭാഗത്തിനെതിരെ സൈനികനീക്കത്തിനൊരുങ്ങിയ സംഭവമാണ് ഈ സൂക്തത്തിന്റെ അവതരണ കാരണമെന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന വസ്തുതയാണ്. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന ഉപരിസൂചിത ദു:സ്വഭാവത്തിന്റെ സ്വാഭാവിക ഫലങ്ങളിെല്‍ ഒന്നിനെ കുറിച്ചാണ് രണ്ടാമത്തെ നിര്‍ദേശം. വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ച അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണയാണത് (12:49). എല്ലാവരും അടിസ്ഥാനപരമായി നല്ലവരാണെന്ന ബോധ്യമാണ് ഇസ്ലാമിന്റെ സംസ്‌കാരം. അഭംഗുരം  ആവര്‍ത്തിക്കപ്പെടുന്ന കുപ്രചരണങ്ങള്‍ മനുഷ്യമനസ്സുകളില്‍  സംശയം ജനിപ്പിക്കുകയും തെറ്റിദ്ധാരണകള്‍ രൂപപ്പെടുന്നതിന്  നിദാനമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഇത്തരം പ്രവണതകളെ വിശുദ്ധഖുര്‍ആന്‍ ശക്തമായ ഭാഷയില്‍  കൈകാര്യം ചെയ്യുന്നത്.
സത്യം അതിജയിക്കപ്പെട്ടുവെന്നവകാശപ്പെടപന്ന സത്യാനന്തര കാലത്ത് ( Post-Truth),   ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. അടുത്തിടെ നമ്മുടെ നാട്ടില്‍ നടന്ന  ചില സംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ജോലിതേടി കേരളത്തിലെത്തുന്ന  തൊഴിലാളികളെ കുറിച്ച നിറംപിടിപ്പിച്ച കഥകള്‍ നമ്മുടെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ വ്യാപകമാണ്. നിമിഷനേരംകൊണ്ട് നിരവധി പേരിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന ഇത്തരമൊരുപാട് കഥകളുടെ ബാക്കിപത്രമാണ്  നിരോധിത മേഖലകള്‍ പ്രഖ്യാപിക്കുന്നത് വരെ എത്തി നില്‍ക്കുന്ന യാചക നിരോധന യജ്ഞങ്ങള്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട സംഭവ കഥകളില്‍ അധികവും പലരുടെയും  ഭാവനാശേഷിയുടെ  ബഹിര്‍സ്ഫുരണം മാത്രമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത്  ബീഹാര്‍ സ്വദേശി അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വിട്ടയക്കപ്പെട്ട സംഭവം,  വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങള്‍ അപരനെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെങ്ങനെയാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെയും നാടോടികള്‍ക്കെതിരെയും നടക്കുന്ന ആള്‍ക്കൂട്ടനിയമപാലക അക്രമങ്ങളുടെ കാരണവും  മറ്റൊന്നല്ല. അങ്ങനെ ദുഷ്പ്രചരണങ്ങള്‍ തെറ്റിധാരണകളാവുകയും അവ വിദ്വേഷമാവുകയും ചെയ്യുന്ന സാമൂഹിക  വിപത്തിലേക്കാണ് ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ മനുഷ്യരെ കൊണ്ടെത്തിക്കുന്നത്. ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ഇത്തരം പ്രവണതകള്‍ ജീവഹാനിക്ക് വരെ കാരണമായിത്തീരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ നടന്ന മധുവിന്റെ കൊലപാതകമടക്കമുള്ള  സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. സമൂഹത്തിലെ കുറ്റവാളികളെ യഥാവിധി കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കുന്നതോടൊപ്പം യാഥാര്‍ഥ്യമറിയാതെയുള്ള പ്രതികരണങ്ങള്‍ തിരുത്തപ്പെടേണ്ടതുണ്ട്.കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കപ്പെടുകയും പക്വമായ പ്രതികരണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നേടത്താണ് പ്രബുദ്ധ സമൂഹത്തിന്റെ പിറവി സാധ്യമാവുന്നത്. അവിടെയാണ് സാമൂഹികബന്ധങ്ങള്‍ ഊഷ്മളമായിത്തീരുന്നത്..

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics