ആരാണ് വ്യാജ വാര്‍ത്തകളുടെ കൂട്ടുകാര്‍?

നാമെല്ലാവരും വാട്‌സപ്പടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ദിവസവും നിരവധി വ്യാജ വാര്‍ത്തകളാണ് കാണാറുള്ളത്. യഥാര്‍ത്ഥ വാര്‍ത്തകളേക്കാല്‍ ഇരട്ടി വേഗത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുള്ളത്. സത്യമായ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെ ഇത്തരം വാര്‍ത്തകള്‍ക്കും ലഭിക്കുന്നുണ്ടെന്നാണ് മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) അടുത്തിടെ നടത്തിയ പഠനത്തില്‍ നിന്നും ബോധ്യപ്പെട്ടത്. മാത്രമല്ല, ആളുകള്‍ക്ക് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വായിക്കാനുമാണ് ഏറെ താല്‍പര്യമെന്നും പഠനത്തില്‍ നിന്നും മനസ്സിലായി.  

വ്യാജ വാര്‍ത്തകള്‍ എന്താണ് ചെയ്യുന്നത്?

ഇതിന്റെ ഫലം എന്നത്, ആക്രമണങ്ങളും പകയും മരണങ്ങളും സ്വത്ത് നശിപ്പിക്കലും ബന്ധങ്ങള്‍ മുറിക്കലുമൊക്കെയാണ്. ഒരുപക്ഷേ, ഒരു ദിവസം അതു നിങ്ങളെ തേടിയുമെത്തും. ഇന്ന് എല്ലാവരും സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകിയിരിക്കുകയാണ്. സമൂഹത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്വമോ അനുകമ്പയോ ഒന്നും ഇല്ല. അതു തന്നെയാണ് വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിനു കാരണവും. നിങ്ങള്‍ സ്വയം തന്നെ തീരുമാനിച്ചാല്‍ മാത്രമേ ഇതിന് അന്ത്യം വരുത്താന്‍ സാധിക്കൂ. ഇതു പ്രചരിപ്പിക്കുക എന്നത് ഒരു ക്ലിക്കില്‍ ചെയ്യാന്‍ കഴിയുന്നതാണ്. എന്നാല്‍, ഇത് തടയുക എന്നത് ഒരു ക്ലിക്കില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും?

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ആദ്യം തന്നെ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. നേരത്തെ ഇന്ത്യയില്‍ നിന്നും സ്വിസ് ബാങ്കില്‍ പണമുള്ളവരുടേതെന്ന പേരില്‍ 30 പേരുടെ ഒരു ലിസ്റ്റ് ഇതുപോലെ പ്രചരിച്ചിരുന്നു. ഇതില്‍ ആകെയുള്ള പണം 1.3 ട്രില്യണ്‍ ഡോളര്‍ ആണെന്നാണ് പറയുന്നത്. യു.എസിലെ ആകെയുള്ള സമ്പത്ത് 13 ട്രില്യണ്‍ ഡോളര്‍ ആണ്. സ്വിസ് ബാങ്കില്‍ നിന്നും ഈ പറയുന്ന പണം ഇന്ത്യയില്‍ തിരിച്ചെത്തിച്ചാല്‍ അമേരിക്കയുടെ പത്തിരട്ടി സമ്പന്നമാകും ഇന്ത്യ. അതിനാല്‍ തന്നെ ഏതോ ഒരാള്‍ ഷെയര്‍ ചെയ്ത ഈ വിഡ്ഢിത്തം എല്ലാവരും കിട്ടിയ പാടെ അതിലെ കണക്കുകള്‍ പോലും വായിക്കാതെ ഫോര്‍വേഡ് ചെയ്യുകയായിരുന്നു.

ഇതുപോലുള്ള മറ്റൊരു വാര്‍ത്തയാണ് ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പള്ളി നിര്‍മാണം. ജര്‍മനിയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക് അവരുടെ സ്‌റ്റേഡിയത്തിനു സമീപം പള്ളി നിര്‍മിക്കുന്നു, ഇത് ലോകത്തിലെ തന്നെ സ്‌റ്റേഡിയത്തിനകത്തുള്ള ആദ്യത്തെ പള്ളിയാണെന്നും ക്ലബ് അവരുടെ വെബ്‌സൈറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. അലയന്‍സ് അറീനയിലാണ് പള്ളി നിര്‍മിക്കുന്നതെന്നും ഇതാണ് പള്ളിയുടെ ചിത്രമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവിടെ മുസ്‌ലിം ഫുട്‌ബോള്‍ കളിക്കാര്‍ക്കും കാണികള്‍ക്കും നമസ്‌കരിക്കാന്‍ സൗകര്യമുണ്ടെന്നും ഇതിനായി ഇമാമിനെ നിശ്ചിയിച്ചിട്ടുണ്ടെന്നും ബയേണ്‍ മ്യൂണിക്കിന്റെ ഫ്രാന്‍സ് താരം ഫ്രാങ്ക് റിബറിക്കു നമസ്‌കരിക്കാനാണ് അധികൃതര്‍ പള്ളി നിര്‍മിക്കുന്നതെന്നുമുള്ള തരത്തില്‍ പോകുന്നു വ്യാജ പോസ്റ്റ്.

എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ. ജര്‍മനിയില്‍ തന്നെ മറ്റൊരു സ്ഥലത്ത് നിര്‍മിക്കുന്ന തുര്‍ക്കിഷ് പള്ളിയുടെ ചിത്രവും വീഡിയോവുമാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ ഒരു പള്ളിയെക്കുറിച്ചും ബയേണ്‍ മ്യൂണിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നുമില്ല. അവര്‍ സ്ഥിരീകരിച്ചിട്ടുമില്ല.

വ്യാജ വാര്‍ത്തകള്‍ വെരിഫൈ ചെയ്യാന്‍ വളരെ എളുപ്പമാണ്. അതിനായി ഗൂഗിളില്‍  https://www.snopes.com/ ഈ വെബ്‌സൈറ്റില്‍ കയറി നിങ്ങള്‍ക്ക് ലഭിച്ച വാര്‍ത്ത ടൈപ്പ് ചെയ്താല്‍ മതി. ഇത്തരം വാര്‍ത്തകള്‍ ലഭിച്ചാല്‍ ഒന്നും നോക്കാതെ ഉടന്‍ ഡിലീറ്റ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഒരാള്‍ തന്നെ നിരന്തരം ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെങ്കില്‍ അയാളെ ബ്ലോക്ക് ചെയ്യുകയോ അയാളുടെ കോണ്‍ടാക്റ്റ് ഡിലീറ്റ് ചെയ്യുകയോ ചെയ്യുക.

ഇപ്പോഴും തുടര്‍ച്ചയായി 'ആസ് റസീവ്ഡ്' എന്ന തലക്കെട്ടില്‍ നിങ്ങള്‍ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണം. അല്ലെങ്കില്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നിങ്ങള്‍ ഉത്തരവാദിയാകും. നിങ്ങള്‍ ഒരു സന്ദേശം വായിച്ചതിനു ശേഷം അതു ഫോര്‍വേഡ് ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ ആ പോസ്റ്റിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്. ഇത് എപ്പോഴും ഓര്‍ക്കുക.

അവലംബം: countercurrents.org

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics