'ഇസ്‌ലാം വിജയിക്കട്ടെ എന്ന് എന്തിനാണ് പറയുന്നത്'

കേശവേട്ടന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ മുതലാളി ഒരു അറബ് ക്രിസ്ത്യനായിരുന്നു. ഓഫീസിലേക്ക് വരുമ്പോള്‍ അദ്ദേഹം 'അസ്സലാമു അലൈകും' എന്ന് പറഞ്ഞു കൈകൊടുക്കും. ഒരിക്കല്‍ കേശവേട്ടന്‍ നേരിട്ട് ചോദിച്ചു: ' ഇസ്‌ലാം വിജയിക്കട്ടെ എന്ന് എന്തിനാണ് ഇദ്ദേഹം പറയുന്നത്'


വീടിന്റെ സ്ഥാനവുമായി ചര്‍ച്ച നടന്നപ്പോള്‍ ' പടിഞ്ഞാറ് മുസ്‌ലിംകള്‍ക്ക് പ്രാധാന്യമല്ലേ' എന്നാണ് മറ്റൊരു ഹിന്ദു സഹോദരന്‍ ചോദിച്ചത്.

ചുരുക്കത്തില്‍ ഇസ്‌ലാമിനെ കുറിച്ച് പലര്‍ക്കും അറിയുന്നത് കേവല ധാരണ മാത്രമാണ്. സാധാരണക്കാര്‍ മുതല്‍ പ്രഗത്ഭരെന്നു നാം കരുതുന്നവര്‍ക്ക് വരെ. ഇസ്‌ലാമിനെ കൃത്യമായി പ്രധിനിധാനം ചെയ്തില്ല എന്ന കുറ്റം വിശ്വാസികളുടേതാണ്. അതെ സമയം ഒന്നിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തെറ്റായ ഉറവിടത്തെ സമീപിച്ചു എന്നത് അവര്‍ ചെയ്ത തെറ്റും. അറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകര്‍ പോലും കാര്യങ്ങളെ മനസ്സിലാക്കിയിട്ടുള്ളത് ശരിയായ ശ്രോതസ്സുകളില്‍ നിന്നല്ല. അവരുമായി കൂടുതല്‍ അടുത്താല്‍ അത് മനസ്സിലാവും.  കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായി ഒരിക്കല്‍ ദുബായില്‍ നിന്നും അബുദാബിയിലേക്ക് യാത്ര ചെയ്തു. യാത്രാ മദ്ധ്യേ പല വിഷയങ്ങളും കയറി വന്നു. കൂട്ടത്തില്‍ ഇസ്‌ലാമും. എത്രമാത്രം അബദ്ധമായിരുന്നു അദ്ദേഹം മതത്തെ കുറിച്ച് മനസ്സിലാക്കിയത് എന്ന് മനസ്സിലായി. ' താങ്കള്‍ ഇസ്‌ലാം മനസ്സിലാക്കിയത് എവിടെ നിന്നാണ്' എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇസ്‌ലാം വിമര്‍ശകരുടെ പുസ്തകങ്ങളാണ്.

മതം കൃത്യമായി അന്നത്തെ പോലെ സുരക്ഷിതമാണ് എന്നതാണ് ഇസ്‌ലാമിന്റെ പ്രത്യേകത. അവസാന ദൈവിക ഗ്രന്‍ഥം യാതൊരു മാറ്റവുമില്ലാതെ പ്രവാചന്റെ കാലത്തേത് പോലെ ഇന്നും ലഭ്യമാണ്. അതായത് പ്രവാചകന്‍ അന്ന് പറഞ്ഞത് തന്നെയാണ് മുസ്‌ലിംകള്‍ ഇന്നും പറയുന്നത്. വിമര്‍ശിക്കാനെങ്കിലും ഒരാവര്‍ത്തി വായിക്കുക എന്ന ചെറിയ മര്യാദ പോലും  പലപ്പോഴും മറന്നു പോകുന്നു.  ശത്രുവിലൂടെയാണ് പലപ്പോഴും കാര്യങ്ങള്‍ മനസ്സിലാക്കപ്പെടുക. അതിനു സത്യവുമായി യാതൊരു ബന്ധവും കണ്ടെന്നു വരില്ല.

ചോദിക്കാതെ പോയിരുന്നെങ്കില്‍ ഇസ്‌ലാം വിജയിക്കട്ടെ എന്ന് മുസ്‌ലിംകള്‍ കണ്ടു മുട്ടുമ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു എന്ന തെറ്റായ ധാരണകൊണ്ട് കേശവേട്ടന്‍ തിരിച്ചു പോയേനെ. അത് പോലെ പടിഞ്ഞാറ് മുസ്‌ലിംകള്‍ക്കു പുണ്യമാണ് എന്ന ബോധവും.  പല ധാരണകളും പ്രവര്‍ത്തനത്തില്‍ നിന്നും മനസ്സിലാവും. മറ്റു ചിലതു വിശദീകരണത്തില്‍ നിന്നു മാത്രമേ മനസ്സിലാവൂ. അറിയാത്ത കാര്യം ചോദിക്കുക എന്നത് മോശമായ കാര്യമായാണ് അധികമാളുകളും മനസ്സിലാക്കുന്നത്. പ്രമാണിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഈ ബോധത്തിന്റെ അടിമകളാണ് എന്നതാണ് നമ്മുടെ പ്രായോഗിക അനുഭവം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics