'ദൈവം എവിടെയായിരുന്നു'...?

Apr 13 - 2018

നായകനെ ഗുണ്ടകള്‍ പിടിച്ചു വെച്ച് മര്‍ദ്ധിക്കുന്നു. എവിടെയോ നിന്ന് നായിക വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു. വിഗ്രഹത്തില്‍ നിന്നും ദൈവം പറന്നു പോയി നായകനെ രക്ഷിക്കുന്നു. അല്ലെങ്കില്‍ നായികയെ ഗുണ്ടകള്‍ പിടിച്ചു വെക്കുന്നു. അവിടെ നിന്നും നായിക ദൈവത്തെ വിളിക്കുന്നു . ദൈവം പറന്നു വന്നു ആളെ രക്ഷിക്കുന്നു.

 അമ്പലത്തില്‍ വെച്ച്  പിഞ്ചു കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നപ്പോള്‍ ദൈവം എവിടെയായിരുന്നു എന്ന ചോദ്യം പലരും ചോദിക്കുന്നു. ദൈവം ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണ് എന്ന് കൂടി അവര്‍ പറഞ്ഞു വെക്കുന്നു. നമുക്ക് പരിചിതമായ ഒരു സിനിമ മോഡല്‍ ദൈവത്തെയാണ്  പലരും പ്രതീക്ഷിക്കുന്നത്. നായികയും നായകനും വിളിച്ചാല്‍ ചാടി വീഴുന്ന ദൈവമാണ് പലരുടെയും മനസ്സില്‍.  

തിന്മ ചെയ്യരുത് എന്ന് പറഞ്ഞ ദൈവം പിന്നെ പറഞ്ഞത് അവിടെ ഞാന്‍ രക്ഷകനായി ചാടിവീഴും എന്നല്ല. പകരം തിന്മ ചെയ്തവന് ഈ ലോകത്തു മതിയായ ശിക്ഷ നല്‍കണമെന്നാണ്. മനുഷ്യന്‍ തിന്മ ചെയ്യാതിരിക്കാനുള്ള എല്ലാ വിദ്യാഭ്യാസവും മതം നല്‍കുന്നു.  ക്യാമറ വര്‍ക്ക് ചെയ്യില്ല എന്നുറപ്പാണ് ചുവപ്പു സിഗ്‌നല്‍ മുറിച്ചു കടക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. തന്റെ ചെയ്തികളെല്ലാം കാണുന്ന ഒരു ദൈവത്തെയാണ് മതം പരിചയപ്പെടുത്തുന്നത്. തെറ്റുകള്‍ക്ക് ഈ ലോകത്തു മാത്രമല്ല ശേഷം മറ്റൊരു ലോകത്തും ശിക്ഷയുണ്ട് എന്ന ബോധമാണ് മതം നല്‍കുന്നതും.  നിങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഞാനവിടെ പ്രത്യക്ഷപ്പെടും എന്ന് ദൈവം പറഞ്ഞില്ല. കളവിനും കൊലക്കും അതിന്റെ ശിക്ഷയും മത ഗ്രന്‍ഥം എടുത്തു പറയുന്നു.

ആവശ്യപ്പെടുന്ന ദൈവം ഇവിടെ മാത്രമല്ല എല്ലായിടത്തും പ്രത്യക്ഷമാകണം. പാര്‍ട്ടികള്‍ പ്രതികളെ സ്വയം വിചാരണ നടത്തി കൊണ്ടുക്കുമ്പോഴും ദൈവം പ്രത്യക്ഷപ്പെടണം. കാരണം ഓരോ ജീവനും ദൈവത്തിന്റെ കണക്കില്‍ വിലപ്പെട്ടതാണ്. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശക്തമായ നിയമമാണ് ദൈവിക ഗ്രന്‍ഥം മുന്നോട്ടു വെക്കുന്നത്. പക്ഷെ കൊലയാളിക്ക് വധ ശിക്ഷ പാടില്ല എന്ന വിഷയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പുരോഗമനക്കാര്‍. നമ്മുടെ നാട്ടില്‍ ജീവപര്യന്തം എന്നത് ഒരു തമാശയാണ്. അത് പാര്‍ട്ടിക്കാരായാല്‍ വിവാഹം പോലും പാര്‍ട്ടി ചിലവില്‍ നടത്തും. പതിനാലു കൊല്ലം കഴിഞ്ഞാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാം എന്നത് പതിനാലു കൊല്ലം എന്ന് നാം തിരുത്തി വായിച്ചു. ആരുടേയും സഹായമില്ലാത്തവര്‍ അങ്ങിനെ പതിനാലു കൊല്ലം കഴിച്ചു കൂട്ടിയേക്കാം. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലും കൊന്നവരെ വെറുതെ വിടണം എന്നതാണ് നമ്മുടെ നിലപാട്. അത് തമിഴന്‍ എന്ന പിന്‍ബലത്തില്‍ എന്നതാണ് മറ്റൊരു തമാശ.

പ്രതിക്രിയ എന്നത് മതം നിര്‍ബന്ധമായി  പറയുന്നു. ശേഷം പറഞ്ഞത്  ' പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ടെന്നും'. ഒരു കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോള്‍ അവിടെ സമൂഹത്തിനു ജീവതമുണ്ട്. അതെ സമയം കുറ്റവാളികളെ പേടിച്ചു കൊണ്ട് ജീവിക്കേണ്ട അവസ്ഥ എങ്ങിനെ സംജാതമായി എന്ന് കൂടി നാം ഓര്‍ക്കണം. ഇന്ത്യന്‍ സമൂഹത്തില്‍ കുറ്റവാളികള്‍ വിലസി നടക്കാന്‍  കാരണം മതമോ രാഷ്ട്രീയമോ എന്ന് കൂടി ചിന്തിക്കണം. രാഷ്ട്രീയക്കാര്‍ അവിഹിതമായി നല്‍കുന്ന സംരക്ഷണമാണ് മതത്തില്‍ പോലുള കുറ്റവാളികളെ ഉണ്ടാക്കുന്നത്.

അമ്പലത്തില്‍ വെച്ച് പീഡിപ്പിച്ചു കൊല്ലപ്പെട്ട മകളുടെ കാര്യത്തില്‍ മാത്രമല്ല അമ്പതും മുപ്പതും വെട്ടും കുത്തും നടക്കുമ്പോഴും ദൈവം ചാടി വീഴണം. കാരണം ഒരാളും കൊല്ലപ്പെടാന്‍ ദൈവം ആഗ്രഹിച്ചില്ല എന്നത് തന്നെ.

ദൈവിക നിയമങ്ങള്‍ പാലിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതായത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും സമൂഹത്തില്‍ നന്മയുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്യുന്ന സമൂഹത്തില്‍. സംഘ പരിവാറിനു  മതവുമായി എന്ത് ബന്ധം എന്നതിനേക്കാള്‍ അവരുടെ ബന്ധം പിശാചിനോടും തിന്മയോടുമാണ്.

സിനിമയിലെ ദൈവത്തെ യഥാര്‍ത്ഥ ദൈവമായി തെറ്റിദ്ധരിച്ചാലുണ്ടാവുന്ന  ചോദ്യമാണ് 'ദൈവം എവിടെയായിരുന്നു' എന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics