പരദൂഷണങ്ങളുടെ ഭാഗമാവുന്നതിനെ സൂക്ഷിക്കുക

Apr 13 - 2018

രണ്ടു പേര്‍ കൂടുന്നിടത്തെല്ലാം മറ്റുള്ളവരെ കളിയാക്കുന്നതും പരദൂഷണം പറയുന്നതും മിക്കയാളുകളുടെയും ശീലമാണ്. അന്യന്റെ കുറ്റവും കുറച്ചിലും പറഞ്ഞുനടക്കുന്നതും അതു മറ്റുള്ളവരെ അറിയിക്കുന്നതിനെയുമെല്ലാം ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ആധുനിക സമൂഹത്തില്‍ ഗോസിപ്പുകള്‍ എന്നത് വളരെ വ്യാപകമായി കാണപ്പെടുന്നുണ്ട്.

മനുഷ്യര്‍ പരസ്പരം വിദ്വേഷം വിതക്കാനും മറ്റുള്ളവര്‍ക്ക് ആനന്ദം കണ്ടെത്താനും മാത്രമേ ഇതുകൊണ്ടെല്ലാം ഉപകരിക്കൂ. ഓഫിസില്‍ ബോറടി മാറ്റാന്‍ വേണ്ടിയും വെള്ളം കുടിക്കുന്ന ഇടങ്ങളിലും ഭക്ഷണം കഴിക്കുന്നിടത്തുമെല്ലാം ഗോസിപ്പുകള്‍ പറഞ്ഞു രസിക്കല്‍ മിക്കവരുടെയും ശീലമാണ്.

ഇന്റര്‍നെറ്റിലും,ടി.വി,റേഡിയോ,ന്യൂസ് പേപ്പര്‍,മാഗസിനുകള്‍,സോഷ്യല്‍ മീഡിയ എന്നിങ്ങനെയെല്ലായിടത്തും ഗോസിപ്പ് കോളങ്ങള്‍ നമുക്ക് കാണാനാകും. ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വിശദമായി വിവരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നതും ഇതിനു പിന്നാലെ സഞ്ചരിക്കുന്നതും യുവതീ യുവാക്കളും സ്ത്രീകളും കൗമാരപ്രായക്കാരുമാണ്.

അതിനാല്‍ തന്നെ മുസ്‌ലിംകളെന്ന രീതിയില്‍ നാം എങ്ങിനെയാണ് ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും സമീപിക്കുന്നതും എന്നതില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. മറ്റുള്ളവരെ പോലെ നാം അതിന്റെ ഭാഗമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 'ഒരാളുടെ മാംസം മറ്റൊരാള്‍ക്ക് വിഷമാണ്' എന്ന പ്രയോഗത്തില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. പരദൂഷണങ്ങള്‍ക്കുള്ള ഇസ്ലാമിക കാഴ്ചപ്പാടിന് ഈ ആപ്തവാക്യം എന്തുകൊണ്ടും യോജിച്ചതാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ'. (അല്‍ഹുജറാത്ത്-12). എന്നാല്‍ ഇവയെല്ലാം നാം പലപ്രാവശ്യം കേട്ടതാണെങ്കിലും ഇതിന് എത്രത്തോളം വില കല്‍പിക്കുന്നുണ്ടെന്നത് നാം ആത്മപരിശോധന നടത്തേണ്ടതാണ്. സമൂഹത്തില്‍ ഇപ്പോഴും നിര്‍ബാധം തുടരുന്ന ഒന്നാണ്. ഇതില്‍ അറിഞ്ഞോ അറിയാതെയോ നാം ഭാഗവാക്കാവുന്നുണ്ടോ എന്നത് ഓരോരുത്തരും ആത്മ പരിശോധന നടത്തേണ്ടതാണ്.

അവലംബം: muslimvillage.com

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics