സത്യത്തില്‍ ഇറാന്‍ ഒരു ആണവ ഭീഷണിയാണോ?

'ഇറാന്‍ ഉടന്‍ തന്നെ ആണവ ബോംബ് ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കും',  'ഇറാനു വേണ്ടി ആയത്തുള്ള ബോംബ് നിര്‍മിക്കുന്നു'. യുനൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍ 1948ല്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. എന്നാല്‍ ഇന്നും ഇങ്ങനെ തന്നെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മൂന്നു പതിറ്റാണ്ടുകളായി പടിഞ്ഞാറന്‍ രാഷ്ട്രീയവും മാധ്യമങ്ങളും പറഞ്ഞു വരുന്ന ഒന്നാണ് ഇറാന്‍ ഒരു ആണവ ഭീഷണിയാണെന്നത്.
1990ഉകളില്‍ ഇസ്രായേല്‍ നേതാക്കളായ ബെഞ്ചമിന്‍ നെതന്യാഹുവും ഷിമോണ്‍ പെരസും നിരവധി തവണ ഇക്കാര്യം ആരോപിച്ചിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇറാന്‍ ആറ്റം ബോംബ് നിര്‍മിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2012 അവസാനത്തോടെ യു.എന്നിന്റെ ജനറല്‍ അസംബ്ലി യോഗത്തില്‍ വീണ്ടും നെതന്യാഹു ആവര്‍ത്തിച്ചു 2013 ജൂണോടെ ഇറാന്‍ ആണവായുധം സജ്ജമാക്കുമെന്ന്. അത് വ്യക്തമാക്കുന്ന കാര്‍ട്ടൂണോടു കൂടിയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ അദ്ദേഹത്തിന്റെ അവതരണം. ഈ മാസം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദിന്റെ തലവന്‍ പറഞ്ഞത് ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പോകുകയാണെന്നത് നൂറു ശതമാനം ഉറപ്പാണെന്നായിരുന്നു.

അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി ഇതിനിടെ എട്ടു പ്രസ്താവനകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയത്.
2015 ജൂലൈയില്‍ ലോകത്തെ ആറു വന്‍കിട രാജ്യങ്ങളുമായുണ്ടാക്കിയ ആണവ കരാര്‍ ഒരു നാഴികക്കല്ലായിരുന്നു. ചൈന,ഫ്രാന്‍സ്,റഷ്യ,ബ്രിട്ടന്‍,അമേരിക്ക,ജര്‍മനി എന്നിവരുമായുണ്ടാക്കിയ കരാറില്‍ യുറേനിയത്തിന്റെ സമ്പുഷ്ടീകരണം കുറക്കാമെന്ന് ഇറാന്‍ ധാരണയിലെത്തിയിരുന്നു.

കരാര്‍ ഉണ്ടാക്കുന്നതിലൂടെ ദശാബ്ദങ്ങളായി ഇറാനു മേലുള്ള ഉപരോധം അവസാനിപ്പിക്കാനും രാജ്യത്തിന്റെ ആണവ പദ്ധതി നിയന്ത്രിക്കാനും കഴിയുമെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. ഇറാന്‍ ഇതുമായി മുന്നോട്ടു പോവുന്നതിനിടെ ഭീഷണിയുമായി അമേരിക്ക രംഗത്തു വന്നത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ചേര്‍ന്നുണ്ടാക്കിയ കരാറിനെ തുടക്കം മുതലേ ട്രംപ് ശക്തമായി വിമര്‍ശിച്ചിരുന്നു. അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും മേശമായ കരാറാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ പ്രസിഡന്റായാല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് ഭീഷണിയുയര്‍ത്തി.

ഇറാന്റെ ആണവ കരാര്‍ എത്രത്തോളം ഭീഷണിയാണ്?

പ്രമുഖ അന്വോഷണാത്മക മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഗാരെത് പോര്‍ട്ടറുമായി അല്‍ ജസീറ ലേഖകന്‍ മെര്‍സിഹ ഗാഡ്‌സോ നടത്തിയ അഭിമുഖത്തില്‍ ഇറാനും ആണവ കരാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മിഥ്യകളും പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ ഒരു ദശാബ്ദത്തിലേറെയായി ഗവേഷണം നടത്തിയ അദ്ദേഹം ഇതുവരെ ആരും വെളിപ്പെടുത്താത്ത വിവരങ്ങളാണ് പുറത്തുവിട്ടത്.

ഗാരെത് പോര്‍ട്ടര്‍ പറയുന്നു: 2000ത്തിന്റെ തുടക്കത്തില്‍ ഇറാന്റെ ആണവായുധ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു രഹസ്യ രേഖ പുറത്തുവന്നിരുന്നു. ഈ രേഖകള്‍ ഇറാന്റെ എതിരാളികള്‍ ആയിരുന്ന മുജാഹിദീനെ ഹല്‍ഖക്ക് കൈമാറിയെന്നും പിന്നീട് പുറത്തുവന്നിരുന്നു.
മുജാഹിദീനെ ഹല്‍ഖയെ തീവ്രവാദ സംഘടനയായാണ് പരിഗണിച്ചിരുന്നത്. ഈ സംഘടന ഇസ്രായേലിന്റെ ചാര സംഘടനയായ മൊസാദുമായി ബന്ധമുള്ളവരാണ്. എന്റെ പുസ്തകത്തില്‍ ഞാന്‍ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് വ്യോമസേന ഇല്ലാത്തതിനാല്‍ അവര്‍ക്ക് യുദ്ധ വിമാനങ്ങളോ മറ്റോ ഇല്ല. എന്നാല്‍ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങള്‍ ഇറാനെതിരെ ബാലിസ്റ്റിക് മിസൈലുള്‍പ്പെടെയുള്ള യുദ്ധക്കോപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവരെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇറാന്‍ ഇടക്കിടെ ആണവായുധ ഭീഷണി ഉപയോഗിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

ഇസ്രായേലിനെ തകര്‍ക്കാനാണ് ഇറാന്റെ ശ്രമം എന്നത് വിശ്വസനീയമല്ല. ഇതുവരെയായി ഇറാന്‍ ഇസ്രായേലിനെതിരെ കാര്യമായ ആക്രമണമൊന്നും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇറാന്‍ ഇസ്രായേലിനു ഇതുവരെ ഭീഷണിയുയര്‍ത്തിയിട്ടില്ല. ജൂതന്മാര്‍ക്ക് പൂര്‍ണ അവകാശമുള്ള ഒരു രാഷ്ട്രം എന്ന നിലയില്‍ ഇസ്രായേല്‍ നിലനില്‍ക്കണമെന്നാണ് അവര്‍ പറയുന്നത്.

അവലംബം: അല്‍ജസീറ

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics