ഇളവുകള്‍ സ്വീകരിക്കലാണ് ഇസ്‌ലാം

തിരൂരില്‍ വണ്ടിയിറങ്ങിയപ്പോള്‍ സമയം ആറരയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ വല്ലാത്ത അസ്വസ്ഥനായി കാണപ്പെട്ടു. അയാള്‍ അസ്ര്‍ നമസ്‌കരിച്ചിട്ടില്ല. ' എന്ത് കൊണ്ട് നിങ്ങള്‍ നമസ്‌കാരം ജംഉം ഖസറും ചെയ്യാനുള്ള ഇളവ് സ്വീകരിച്ചില്ല' എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയൊന്നും കണ്ടില്ല. ഒരു കാര്യം ഉറപ്പാണ്. അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെട്ടു. ഞങ്ങള്‍ വരുന്നതിനിടയില്‍ തന്നെ മഗ്‌രിബി ബാങ്ക് കേട്ടിരുന്നു.

ഇളവുകള്‍ സ്വീകരിക്കുക എന്നത് ഇന്നും പലരും മോശമായാണ് കാണുന്നത്. യാത്രക്കാരനും മറ്റു ബുദ്ധിമുട്ടുകള്‍ നേരിടുന്ന രോഗികള്‍ ജോലിക്കാര്‍ എന്നിവര്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന ഇളവുകള്‍ പലപ്പോഴും അജ്ഞതയുടെയോ അലസതയുടെയോ പേരില്‍ സ്വീകരിക്കാതെ പോകുന്നു.  പ്രവാചക കാലത്തെ യാത്ര പോലെയല്ല ഇന്നത്തെ യാത്രകള്‍. അന്നൊരാള്‍ യാത്ര പോകുക ഒന്നുകില്‍ നടന്നിട്ടാവും അല്ലെങ്കില്‍ സ്വന്തം  ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമാകും. എന്നിട്ടും പ്രവാചകന്‍ യാത്രകളില്‍ ഈ ഇളവുകള്‍ സ്വീകരിച്ചിരുന്നു എന്നാണു ചരിത്രം. പ്രവാചകന്‍ യാത്രകളില്‍ ഓരോ നമസ്‌കാരവും അതിന്റെ സമയത്തു ചുരുക്കി നമസ്‌കരിക്കലായിരുന്നു പതിവ് എന്നാണു വായിക്കാന്‍ കഴിയുന്നത്. ഹജ്ജിനു മക്കയില്‍ കഴിച്ചു കൂട്ടിയ സമയത്തും പ്രവാചകന്‍ ഹറം ഒഴികെ മറ്റുള്ള സ്ഥലങ്ങളില്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിച്ചിരുന്നു എന്നാണു പ്രമാണം.

നമസ്‌കാരം ഒരിക്കലൂം നഷ്ടപ്പെടാന്‍ ഇസ്‌ലാം ആഗ്രഹിക്കുന്നില്ല. സമയം നിര്‍ണയിക്കപ്പെട്ട കാര്യം എന്നാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചത്. നമസ്‌കാരം കൃത്യ സമയത്തു നിര്‍വഹിക്കണം എന്നത് പോലെ തന്നെ അത് ജമാഅത്തായി നിര്‍വഹിക്കണമെന്നതും ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. നമസ്‌കാരം ചുരുക്കുക രണ്ടും കൂടി ചേര്‍ത്ത് നമസ്‌കരിക്കുക എന്നത് ഇന്നും സമുദായത്തിന് മനസ്സിലായിട്ടില്ല എന്ന് വേണം കരുതാന്‍. ' ഖദാ' വീട്ടുക എന്നതിലാണ് പലര്‍ക്കും താല്പര്യം.  യാത്ര ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. യാത്രക്കാരന് ഇസ്ലാം നല്‍കുന്ന ഇളവുകള്‍ ആവോളം അനുഭവിച്ചവരാന് പ്രവാചകനും അനുചരന്മാരും. പക്ഷെ അത്തരം ഇളവുകളുടെ ഒരു രണ്ടാം താരമായി കാണാനാണ് നമ്മില്‍ പലര്‍ക്കും താല്പര്യം.

യാത്രയുടെ ദൂരം നിശ്ചയിക്കപ്പെട്ട ഒരു പ്രമാണവും കാണുക വയ്യ. കര്‍മ്മ ശാസ്ത്രത്തില്‍ അതിനു പരിധി കാണുന്നു. ഏകദേശം തൊണ്ണൂറു മൈല്‍ എന്നതിന് ഉപോല്ബലകമായ ഒരു തെളിവും കാണുക സാധ്യമല്ല എന്നാണു ശൈഖുല്‍ ഇസ്‌ലാമിനെ പോലുള്ളവര്‍ പറയുന്നത്. പ്രവാചകന്‍ യാത്രകളില്‍ സ്വതവേ നമസ്‌കാരം ചുരുക്കുക എന്ന രീതി സ്വീകരിച്ചിരുന്നു എന്നാണു മനസ്സിലാക്കാന്‍ കഴിയുക. കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍ പിന്നീട് ക്രോഡീകരിച്ചതാണ്. ആ കാലത്തെ യാത്രയുടെ സ്വഭാവം വെച്ച് കൊണ്ടാകാം ആ പരിധി നിശ്ചയിക്കപ്പെട്ടതു. ഈ ദൂരം അന്നത്തെ അവസ്ഥയില്‍ താണ്ടി കടക്കാന്‍ ഒരു പാട് സമയം വേണം. ഇന്ന് ഈ ദൂരം മിനിറ്റുകളുടെ മാത്രം വിഷയമാണ്. പലപ്പോഴും ഒരു നമസ്‌കാരത്തിനിടയില്‍ പോയി തിരിച്ചു വരാന്‍ കഴിയുന്ന ദൂരം മാത്രം. ഖുര്‍ആനോ ഹദീസോ ഖണ്ഡിതമായി പറയാത്തതിനാല്‍ ആധുനിക യാത്രയുമായി ഈ ദൂരത്തെ ചേര്‍ത്ത് വെക്കേണ്ടതുണ്ടോ എന്ന് പണ്ഡിത ലോകം ചര്‍ച്ച ചെയ്യട്ടെ.

യാത്രയുടെ കാര്യത്തില്‍ അന്നില്ലാത്ത പലതും ഇന്നുണ്ട്. വേഗത മറ്റു സൗകര്യങ്ങള്‍ എന്നത് പോലെ യാത്രയിലെ തടസ്സങ്ങള്‍ അപകടങ്ങള്‍ എന്നിവ കൂടി പരിഗണിക്കണം. വാഹനങ്ങള്‍ പലപ്പോഴും വൈകിയാണ് ഓടുക. യാത്രക്കിടയില്‍ നാമുദ്ദേശിക്കാത്ത മറ്റു തടസ്സങ്ങള്‍ സാധാരണം.  പണ്ട് കാലത്തു ഒരാള്‍ക്ക് ഒരു വാഹനം എന്നതും ഇന്ന് മാറിയിട്ടുണ്ട്. ആയിരങ്ങള്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നു. ഈ സാഹചര്യങ്ങളില്‍ ദൂരത്തേക്കാള്‍ വിഷയം സമയവും സൗകര്യവുമാണ്. ആറു മണിക്ക് തിരൂരില്‍ എത്തേണ്ട തീവണ്ടി അര മണിക്കൂര്‍ താമസിച്ചു വന്നത് എന്റെ കൂടെയുള്ളയാളുടെ നമസ്‌കാരം നഷ്ടപ്പെടുത്തിയ സംഭവം ആദ്യം പറഞ്ഞിരുന്നു.

ചുരുക്കത്തില്‍ യാത്രക്കാരാണ് യാത്രയുടെ സ്വഭാവം നോക്കി നമസ്‌കാരം ചുരുക്കുകയും ഒന്നിച്ചും നമസ്‌കരിക്കാനുള്ള അവസരം ഉപയോഗിക്കുക എന്നത് നിര്‍ബന്ധമായി വരും. നാം ജീവിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍മ്മ ശാസ്ത്രം രൂപപ്പെടുക. യാതൊരു സാഹചര്യത്തിലും നമസ്‌കാരം നഷ്ടപ്പെടുത്തരുത് എന്നതാണ് പ്രമാണം. യാത്രയിലും മറ്റു വിഷമതകളും സ്വീകരിക്കേണ്ട നിലപാടും ഇസ്ലാമി പഠിപ്പിക്കുന്നു. മാറിയ കാലത്തു വിഷയങ്ങളെ പുതിയ രീതിയില്‍ സമീപിക്കുക എന്നത് അനിവാര്യമാണ്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus