തൊഴിലാളി ദിനം ഓര്‍മപ്പെടുത്തുന്നത്

May 01 - 2018

ഈജിപ്തിലെ പിരമിഡുകള്‍ കാഴ്ചക്ക് സുന്ദരമാണ്. ആ കാലവുമായി ചേര്‍ത്ത് വായിച്ചാല്‍ ഒരു മഹാത്ഭുതവും. ഈ മനോഹാരിതയുടെ പിന്നില്‍ ജീവന്‍ പൊലിഞ്ഞ എത്രയോ മനുഷ്യര്‍ കഴിഞ്ഞു പോയിട്ടുണ്ടാകാം. തൊഴിലാളിയുടെ വിയര്‍പ്പിന്റെ മണവും രുചിയുമില്ലാത്ത ഒരു നിര്‍മ്മിതിയും കഴിഞ്ഞു പോയിട്ടില്ല. മനുഷ്യന്‍ മൃഗത്തേക്കാള്‍ മോശമായി ചൂഷണം ചെയ്യപ്പെട്ട കാലം കഴിഞ്ഞു പോയിട്ടുണ്ട്. അടിമ കച്ചവടവും വില്‍പ്പനയും ഒരു കാലത്തു ലോകത്ത് വ്യാപകമായിരുന്നു. അടിമകള്‍ മനുഷ്യരല്ല എന്നതായിരുന്നു ലോകത്തിന്റെ പൊതു വികാരം.

ഒരു പാട് കാലം  വിദേശത്താണ് ജോലി ചെയ്തത്. പതിറ്റാണ്ടുകളായി ഒരേ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ ഒരു സ്ഥിരം കാഴ്ചയാണ്. മെയ് ദിനം വരുന്നതും പോകുന്നതും ആ നാട്ടിലെ തൊഴിലാളികള്‍ അറിയില്ല.

നാമിന്നു ആസ്വദിക്കുന്ന എട്ടു മണിക്കൂര്‍ ജോലി ആരും കയ്യില്‍ കൊണ്ട് വന്നു തന്നതല്ല. ഒരു പാട് മനുഷ്യരുടെ ചോരയുടെ ബാക്കിയാണ് ഈ അനുഗ്രഹം. അമേരിക്കയില്‍ നിന്നാണ് ഈ ആവശ്യം ആരംഭിച്ചത്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക മുന്നേറ്റങ്ങളെ ഓര്‍ക്കാതെ ഈ ദിനത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല.

മനുഷ്യാവകാശങ്ങള്‍ ഈ ആധുനിക ലോകത്തും വലിയ വിഷയമാണ്. എട്ടു മണിക്കൂര്‍ ജോലി എന്നത് ഇനിയും പല മേഖലയിലും ഒരു സ്വപ്നം മാത്രം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഇന്നും കഷ്ടപ്പെടുന്ന ഒരു പാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങുടെ പരിരക്ഷ ലഭിക്കാത്ത കുറെ തൊഴിലാളികള്‍ നമുക്ക് ചുറ്റും ഇന്നും ജീവിക്കുന്നു.

തൊഴിലാളിയും മുതലാളിയും ഒന്നിച്ചു ചേര്‍ന്ന ഒരു സാമൂഹിക ക്രമമാണ് യഥാര്‍ത്ഥ സാമൂഹിക മുന്നേറ്റത്തിന്റെ ചാലക ശക്തി എന്ന തിരിച്ചറിവ് പലപ്പോഴും നഷ്ടമാകുന്നു. ഒന്നില്ലാതെ മറ്റൊന്നില്ല എന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്. തൊഴിലാളിയുടെ മാനുഷിക മൂല്യങ്ങള്‍ പരിഗണിക്കാത്ത മുതലാളിയും മുതലാളിയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ കൂട്ടാക്കാത്ത തൊഴിലാളിയും സമൂഹത്തിനു ബാധ്യതയാണ്.  

പന്ത്രണ്ടു  മുതല്‍ പതിനാറു മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത ഒരു കാലമുണ്ടായിരുന്നു ലോകത്ത്. കുറഞ്ഞ വേതനവും ഭക്ഷണവും ജീവിത സൗകര്യങ്ങളും നല്‍കിയായിരുന്നു മുതലാളിമാര്‍ അവരെ സേവിച്ചു കൊണ്ടിരുന്നത്. അവിടെ നിന്നും ഇന്ന് മുതലാളിക്കൊപ്പം നിവര്‍ന്നു നില്‍ക്കാനുള്ള കരുത്തു തൊഴിലാളി നേടിയിരിക്കുന്നു.

തൊഴിലാളിയുടെ വിയര്‍പ്പു വറ്റുന്നതിനു മുമ്പ് കൂലി നല്‍കാന്‍ പഠിപ്പിച്ച മത ദര്‍ശനങ്ങളും കഴിഞ്ഞു പോയിട്ടുണ്ട്. മണ്ണിന്റെ മക്കളുടെ അവകാശങ്ങളെ കുറിച്ച് വേദ ഗ്രന്ഥം നല്‍കുന്ന ഉത്‌ബോധനവും നമുക്ക് മുന്നിലുണ്ട്.  അടിസ്ഥാന ശമ്പളത്തിന് വേണ്ടി ഇപ്പോഴും നമ്മുടെ നാട്ടില്‍ സമരം നടക്കുന്നു. ജീവിക്കാനുള്ള നഴ്സുമാരുടെ സമരം ഈ തൊഴിലാളി ദിനത്തില്‍ നമ്മുടെ മുന്നിലുണ്ട്.  
ജോലിയുടെ സമയവുമായാണ് തൊഴിലാളി ദിനം ഓര്‍മ്മിക്കപ്പെടുന്നത്. സ്വകാര്യ മേഖലകളില്‍ ഇപ്പോഴും ഈ സമയം ഒരു മരീചിക തന്നെയാണ്. തൊഴിലാളിയും മുതലാളിയും ഒരേ പോലെ സംതൃപ്തരാകുന്ന സാമൂഹിക ക്രമത്തില്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹിക പുരോഗതി സാധ്യമാകുക.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics