കോടതികളുടെ വിശ്വാസ്യത തകര്‍ന്നാല്‍

ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യണം എന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചു. അതിനുള്ള സാങ്കേതികതയെല്ലാം അവര്‍ പൂര്‍ത്തിയാക്കി. ഇല്ലാത്ത കാരണം പറഞ്ഞു ഉപരാഷ്ട്രപതി അത് തള്ളിക്കളഞ്ഞു. അതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ തന്നെ കേസ് ഫയല്‍ ചെയ്തു. ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് കേസ് കൈമാറി. അവസാനം കോണ്‍ഗ്രസ് തന്നെ പരാതി പിന്‍വലിച്ചു.

ഹര്‍ജി പിന്‍വലിച്ച ഉടന്‍ ഒരു വാര്‍ത്തസമ്മേളനത്തില്‍ ഹര്‍ജി പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ സിബല്‍ വിശദീകരിച്ചു. ഹര്‍ജി കേള്‍ക്കാന്‍ അഞ്ച് ജഡ്ജിമാരെ നിയമിക്കാന്‍ സുപ്രീം കോടതി പാസാക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതാണ് ഹരജി പിന്‍വലിക്കാന്‍ ഒരു കാരണം. മൊത്തത്തില്‍ ഒരു സുതാര്യത ഇല്ലായ്മ ഈ കാര്യങ്ങളില്‍ അനുഭവപ്പെടുന്നു.

ഇന്നുവരെ മറ്റെല്ലാം വഴിമാറി പോയാലും നമ്മുടെ നീതിന്യായ വ്യവസ്ഥയയെ കുറിച്ച് നമുക്ക് സമാധാനിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ അതും ഇല്ലാതെ പോകുന്ന അവസ്ഥയാണ്. ആരോപണ വിധേയനായ ഒരാള്‍ സുപ്രീം കോടതിയുടെ തലപ്പത്തു വരുന്നു എന്നതില്‍ നിന്നും തുടങ്ങും കാര്യങ്ങള്‍. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ എന്തെല്ലാമോ അരുതാത്തതു നടക്കുന്നു എന്നൊരു ചിന്ത പൊതുജനത്തില്‍ വരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ തന്നെ വിചാരണ ചെയ്യണം എന്നു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു.

ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ ഉണ്ടായ ഭിന്നത,നിയമിക്കണം എന്ന് പറയപ്പെടുന്ന ജഡ്ജിയുടെ ചരിത്രം എന്നിവ കൂടി വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കോടതികള്‍ സംശയത്തിന്റെ നിഴലില്‍ വരുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ എന്നും മോശമായ പ്രതിച്ഛായ സൃഷ്ടിക്കാന്‍ മാത്രമാണ് കാരണമാകുക.  കോടതി നടപടികളിലെ സുതാര്യത കുറവാണ് നല്‍കിയ ഹരജി പിന്‍വലിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറയുന്നത്. ഈ അഞ്ചംഗ ബെഞ്ചിനെ ആര് നിശ്ചയിച്ചു, അത് പോലെ ബെഞ്ചിന് മുന്നില്‍ നല്‍കിയ ഏഴു ചോദ്യങ്ങള്‍ ആരാണ് നല്‍കിയത് തുടങ്ങിയ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

നാട്ടില്‍ മാറുന്നതും മാറാത്തതുമുണ്ട്. നിയമനിര്‍മ്മാണസഭ അഞ്ചു കൊല്ലം കൂടുമ്പോള്‍ മാറണം. അതിനു അനുഗുണമായി ജുഡീഷ്യറിയും മാറുക എന്നത് മോശം പ്രവണതയാണ്. ബ്യൂറോക്രസി പണ്ട് മുതലേ ഭരണത്തിന്റെ കൂടെയാണ്. അതിനു സാധ്യമായ നിയമനങ്ങള്‍ എന്നത് സാധാരണ വിഷയമാണ്. എല്ലായിടത്തു നിന്നും നീതി നഷ്ടമായാല്‍ ജനത്തിന്റെ അവസാന പ്രതീക്ഷയാണ് കോടതികള്‍, അതിന്റെ സുതാര്യത കൂടി തകര്‍ന്നാല്‍ അത് ഒരു രാജ്യത്തിന്റെ മൊത്തം തകര്‍ച്ച എന്നെ പറയാന്‍ കഴിയൂ.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics